Crime News

മുഖത്ത് സ്‌പ്രേ അടിച്ച് പ്ലസ്ടു വിദ്യാര്‍ഥിയുടെ മാലകവര്‍ന്നു

Posted on: 16 Mar 2015


പാമ്പാടി: സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തിയ യുവതി പ്ലസ്ടു വിദ്യാര്‍ഥിയുടെ മുഖത്ത് സ്‌പ്രേയടിച്ച് ബോധംകെടുത്തി മാലകവര്‍ന്നു. മണര്‍കാട് മാലം ഒളൂര്‍ അശോകന്റെ മകന്‍ അനന്തുവിന്റെ മുക്കാല്‍പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ബാഗുമായി വീട്ടിലെത്തിയ യുവതി സാധനങ്ങള്‍ വില്‍ക്കാന്‍ വന്നതാണെന്ന് പറഞ്ഞു. വിദ്യാര്‍ഥിമാത്രമാണ് ഈസമയം വീട്ടില്‍ ഉണ്ടായിരുന്നത്.
മറ്റാരുമില്ലെന്നും സാധനങ്ങള്‍ വേണ്ടെന്നും കുട്ടി പറഞ്ഞെങ്കിലും യുവതി സാധനങ്ങള്‍ ഓരോന്നായി എടുത്തുകാണിച്ചു. തുടര്‍ന്ന് പെര്‍ഫ്യൂം പരിചയപ്പെടുത്താമെന്നുപറഞ്ഞ് ഓരോന്നായി എടുത്ത് സ്‌പ്രേചെയ്യുകയായിരുന്നു. മൂന്നാമത്തെ പെര്‍ഫ്യൂം അടിച്ചതോടെ കുട്ടി ബോധംകെട്ടുവീണു. ഒന്നരമണിക്കൂര്‍ കഴിഞ്ഞ് ബോധംവീണപ്പോള്‍ കഴുത്തില്‍ക്കിടന്ന മാല കാണാനില്ലായിരുന്നു.
വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും കിട്ടിയില്ല.

 

 




MathrubhumiMatrimonial