goodnews head

സഹപാഠികള്‍ പണിയുന്നു, പ്രിയമോള്‍ക്കൊരു സ്‌നേഹവീട്‌

Posted on: 14 Mar 2015



അമ്പലവയല്‍: പച്ചക്കട്ടയില്‍ തീര്‍ത്ത, ഒറ്റമുറിയുള്ള ഒരു കൊച്ചു കൂരയിലാണ് പ്രിയമോളും അമ്മയും ഇളയ രണ്ടു സഹോദരങ്ങളും താമസിച്ചിരുന്നത്. കൂലിപ്പണിക്കാരിയായ അമ്മ ദൈനംദിന ചെലവുകളും മക്കളുടെ വിദ്യാഭ്യാസവും മുന്നോട്ടു കൊണ്ടുപോകാന്‍ നന്നേ പാടുപെട്ടു. ചോര്‍ന്നൊലിക്കാത്ത ഒരുവീട് ഇവര്‍ക്ക് സ്വപ്‌നം മാത്രമായിരുന്നു.

പ്രിയമോളുടെയും കുടുംബത്തിന്റെയും സങ്കടം സ്‌നേഹനിധികളായ സഹപാഠികള്‍ ഏറ്റെടുത്തതോടെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകുകയാണ്. പഠിക്കാന്‍ മിടുക്കിയായ കൂട്ടുകാരിക്ക് സ്‌നേഹംകൊണ്ടൊരു വീടൊരുക്കാന്‍ വേനല്‍ച്ചൂടിനെയും പരീക്ഷാച്ചൂടിനെയും അവഗണിച്ച് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് വിദ്യാര്‍ഥിക്കൂട്ടം.

അമ്പലവയല്‍ ഗവ. വി. എച്ച്. എസ്. ഇ. യിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ പോത്തുകെട്ടി കതിര്‍ക്കോട്ടില്‍ പ്രിയമോള്‍ക്ക് വീടൊരുക്കാനാണ് സ്‌കൂളിലെ നൂറോളം എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഒത്തുചേര്‍ന്നത്. വിദഗ്ധ തൊഴില്‍ ഒഴികെയുള്ള പ്രവൃത്തികളെല്ലാം വിദ്യാര്‍ഥികള്‍ തന്നെ ചെയ്യും. ഒഴിവു ദിനങ്ങളില്‍ പണിക്കായി മാറ്റിവെക്കും. മഴക്കാലത്തിനു മുന്‍പ് പണി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

വാര്‍ഷിക പരീക്ഷയ്ക്കു ശേഷമുള്ള അവധിക്കാലം സഹപാഠിയുടെ വീടു പണിക്കായി മാറ്റിവെക്കുമെന്ന് എന്‍.എസ്.എസ്. വളണ്ടിയറായ ഹരികൃഷ്ണ്‍, അല്‍ന സിബി എന്നിവര്‍ പറഞ്ഞു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച രണ്ടു ലക്ഷം രൂപയ്ക്കു പുറമെ, സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ സമാഹരിക്കുന്ന തുകയും ചേര്‍ത്താണ് വീടുപണി പുരോഗമിക്കുന്നത്. 660 ചതുരശ്ര അടിയില്‍ തയ്യാറാകുന്ന വീടിന് രണ്ടു കിടപ്പുമുറി, അടുക്കള, ഹാള്‍, വരാന്ത എന്നിവയുണ്ടാകും. പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി അധ്യാപകരും രക്ഷകര്‍ത്താക്കളുമുണ്ട്.

വെള്ളിയാഴ്ച ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ വിനയന്‍ കട്ടിളവെപ്പു നിര്‍വഹിച്ചു. പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.ആര്‍. വിനേഷ്, പി.ടി.എ. പ്രസിഡന്റ് എം.ടി. അനില്‍, പഞ്ചായത്തംഗം ലയ ഐസക്, അധ്യപാകരായ നാസര്‍, പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial