
ജില്ലകള്‍ തോറും വിവാഹ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍
Posted on: 06 Mar 2015
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പലയിടങ്ങളിലായി വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ചങ്ങനാശേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. കൊല്ലം കിളികൊല്ലൂര്‍ കമലവിലാസം ബാലചന്ദ്രന്‍ പിള്ളയുടെ മകന്‍ ബി. അരുണ്‍ (29) ആണ് പിടിയിലായത്. പാലാരിവട്ടം എസ്‌ഐ പി.പി. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മറ്റൊരു വിവാഹ തട്ടിപ്പ് കേസില്‍ കഴിഞ്ഞ മാസം 25 ന് അറസ്റ്റിലായ അരുണ്‍ തിരുവനന്തപുരം പൂജപ്പുര ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് പാലാരിവട്ടം പോലീസ് ഇയാളെ അവിടെയെത്തി അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി എറണാകുളം നോര്‍ത്തിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച അരുണ്‍ അവരില്‍ നിന്ന് 5,000 രൂപ വാങ്ങി കടന്നുകളഞ്ഞു. തുടര്‍ന്ന് യുവതി നോര്‍ത്ത് സിഐ ക്ക് പരാതി നല്‍കി. ഈ കേസിലാണ് അറസ്റ്റ് നടത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എല്ലാ ജില്ലയിലും അരുണ്‍ നിരവധി വിവാഹ തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു. നിര്‍ധന കുടുംബത്തില്‍പ്പെട്ടവരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ചിലര്‍ മാനഹാനി ഭയന്ന് പുറത്തു പറയാനും പരാതിപ്പെടാനും വന്നിട്ടില്ല. പത്രങ്ങളില്‍ വരുന്ന വിവാഹ പരസ്യത്തിലെ വിലാസത്തില്‍ ബന്ധപ്പെട്ട ശേഷം വധുവിന്റെ വീട്ടുകാരുമായി ഇയാള്‍ വിവാഹം ഉറപ്പിക്കും. വിവാഹ ശേഷം യുവതികളെ ലോഡ്ജിലും മറ്റും താമസിപ്പിച്ച് സ്വര്‍ണവും പണവും അപഹരിച്ച് കടന്നുകളയുകയാണ് പതിവ്. കൊല്ലത്തെ ഇടത്തരം കുടുംബത്തില്‍പ്പെട്ട അരുണ്‍ കടകളില്‍ സെയില്‍സ്മാനായും ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
