
വിസ്മൃതിയിലാണ്ടൊരു ചരമവാര്‍ഷികം
Posted on: 13 Sep 2014
അഡ്വ. ടി.ബി. സെലുരാജ്

മലബാറുകാരന്റെ നന്മയ്ക്കായി ഒരായിരം സംഭാവനകള്‍ ചെയ്‌തൊരു മനുഷ്യന്‍. 159 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാര്‍ കളക്ടര്‍ കനോലി കൊലചെയ്യപ്പെട്ടത് ഈ ദിവസമായിരുന്നു
ഇന്ന് സപ്തംബര്‍ 11. നാം മറന്നു പോയൊരു ചരമ വാര്‍ഷികമാണിന്ന്. മലബാര്‍ കളക്ടറായിരുന്ന എച്ച്. വി. കനോലിയുടെ 159ാം ചരമവാര്‍ഷികം. മലബാറുകാര്‍ ഒരിക്കലും മറന്നുകൂടാത്ത ഒരു ദിവസം 1855 സപ്തംബര്‍ 11നാണ് ഈ നല്ല മനുഷ്യനെ അദ്ദേഹത്തിന്റെ വസതിയായ വെസ്റ്റ്ഹില്‍ ബാരക്‌സില്‍ വെച്ച് ചില മതഭ്രാന്തന്മാര്‍ ഇല്ലാതാക്കിയത്. എന്തായിരുന്നു മലബാറിനായി ഈ വലിയ മനുഷ്യന്റെ സംഭാവനകള്‍ എന്ന വിഷയത്തിലൂടെ നാം കടന്ന് പോവുകയാണ് ഇവിടെ.
എച്ച്. വി. കനോലി അഥവാ ഹെന്‍ട്രി വാലന്റെയിന്‍ കനോലി മലബാറിന്റെ കളക്ടറായിരുന്നു. മലബാറുകാരന്റെ നന്മയ്ക്കായി ഒരായിരം സംഭാവനകള്‍ ചെയ്‌തൊരു മനുഷ്യന്‍. 159 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാര്‍ കളക്ടര്‍ കനോലി കൊലചെയ്യപ്പെട്ടത് ഈ ദിവസമായിരുന്നു. ഇന്നത്തെ വെസ്റ്റ്ഹില്‍ ബാരക്‌സ് ആയിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി. ഇവിടെ വെച്ചായിരുന്നു ഏറനാടിലെ ചില മതഭ്രാന്തന്മാര്‍ അദ്ദേഹത്തെ ഇല്ലാതാക്കിയത്. അദ്ദേഹത്തിന്റെ നന്മകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
കനോലി മലബാര്‍ ജില്ലയുടെ അധിപനായിരുന്നു. കോഴിക്കോട്ടുകാര്‍ക്ക് കനോലികനാലും നിലമ്പൂര്‍ തേക്കിന്‍തോട്ടവും സമ്മാനിച്ച് കൊണ്ടാണ് അദ്ദേഹം കടന്നുപോയത്. 30ന്റെയും 40ന്റെ മധ്യേ പ്രായമാവുമ്പോഴാണല്ലോ മലയാളികള്‍ വീട് വെക്കണമെന്ന സ്വപ്നം പേറുന്നത്. വീടിന് മരത്തിന്റെ ചാര്‍ത്തുമായി എത്തുന്ന ആശാരി പറയും ''മരം തേക്കായിരിക്കണം നിലമ്പൂര്‍ തേക്കായാല്‍ വളരെ നല്ലത്. ടെക്ടോണ ഗ്രാന്റീസ് എന്നാണ് തേക്കിന്റെ ശാസ്ത്രീയനാമം. ലാറ്റിന്‍ ഭാഷയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. ടെക്ടോണ എന്നവാക്കിന്റെ അര്‍ഥം 'ആശാരിയുടെ സന്തോഷം' എന്നാണ്. ഇതില്‍ നിന്ന് തന്നെ ലോകത്ത് എവിടെയുമുള്ള ആശാരികള്‍ക്ക് തേക്ക് സന്തോഷം പ്രദാനം ചെയ്യുന്നു എന്ന് മനസ്സിലായല്ലോ. തേക്കിന് ഈ പ്രസക്തി കിട്ടാന്‍ ഒരു കാരണം അത് ചിതലരിക്കില്ല എന്ന ശ്രേഷ്ഠതയാണ്. തേക്കിനും തെമ്മാടിക്കും എവിടെയും കിടക്കാമെന്നാണല്ലോ പഴമൊഴി. തേക്കും കനോലിയും തമ്മില്‍ എന്താണ് ബന്ധം എന്നായിരിക്കുമെന്നല്ലേ നിങ്ങളുടെ ചോദ്യം. അതൊരു ചരിത്രമാണ് 1840കളില്‍ ബോംബെ കപ്പല്‍ നിര്‍മാണശാലയില്‍ തേക്ക് ലഭ്യമാവാത്ത ഒരു ദുരവസ്ഥ വന്നു. കപ്പല്‍ നിര്‍മാണത്തിനാകട്ടെ തേക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു മരമാണ്. ബോംബെ ഡോക്കില്‍ നിന്നും ബോംബെ ഗവര്‍ണറില്‍ നിന്നും അനവധി കത്തുകള്‍ മലബാര്‍ കളക്ടറായിരുന്ന കനോലിയെ തേടി എത്തി. കാട്ടിലെ തേക്കാണെങ്കിലും അതിനുമൊരു അവസാനം ഉണ്ടല്ലോ. പുതുതായി തേക്കുകള്‍ നട്ട് വളര്‍ത്തിയില്ലെങ്കില്‍ ക്ഷാമം ആവര്‍ത്തിച്ച് കൊണ്ടിരിക്കും എന്ന സത്യം കനോലി മനസ്സിലാക്കി. ഈ തീരുമാനത്തില്‍ നിന്നാണ് നിലമ്പൂര്‍ ടീക്ക് പ്ലാന്റേഷന്‍ എന്ന തേക്കിന്‍തോട്ടം ജന്മം എടുക്കുന്നത്. തേക്കിന് പറ്റിയ ഒന്നാംതരം വളക്കൂറുള്ള മണ്ണാണ് നിലമ്പൂരില്‍ ഉള്ളത് എന്ന് അദ്ദേഹം മനസ്സിലാക്കി. കരിപ്പുഴ, പൊന്‍പ്പുഴ, ചാലിയാര്‍ എന്നീ മുന്ന് നന്ദികള്‍ ചേരുന്ന ത്രിവേണീസംഗമത്തില്‍ തന്നെ അദ്ദേഹം സ്ഥലം കണ്ടെത്തി. അക്കാലത്ത് തൃക്കാളൂര്‍ ദേവസ്വത്തിന്റെ കൈവശമായിരുന്നു ഇവിടത്തെ ഭൂമിയുടെ സിംഹഭാഗവും ദേവസ്വത്തിനാകട്ടെ എടുത്താല്‍ പൊന്താത്ത കടബാധ്യതകളും. കടംവീട്ടാന്‍ കളക്ടര്‍ കനോലി തയ്യാറായി. ഇവിടെയാണ് കനോലിയുടെ ബുദ്ധി ഉണര്‍ന്നത്. താഴ്വര തേക്ക് നടാനായി തൃക്കാളൂര്‍ ദേവസ്വത്തില്‍ നിന്ന് പാട്ടത്തിന് ഏറ്റുവാങ്ങി. ഭൂമി കിട്ടിയപ്പോള്‍ കനോലി കൂടുതലൊന്നും ചിന്തിച്ചില്ല. 1500 ഏക്കറിലാണ് അദ്ദേഹം തേക്ക് വെച്ച് പിടിപ്പിച്ചത്. കൂട്ടിനായി നാട്ടുകാരനായ ചാത്തുമേനോന്‍ എന്ന സബ് കണ്‍സര്‍വേറ്ററെയും കൂട്ടി. ആദ്യം നട്ട വിത്തുകള്‍ മുളയ്ക്കാതെ പോയി അദ്ദേഹം നിരാശനായില്ല. ഇംഗ്ലണ്ടില്‍ നിന്ന് അദ്ദേഹം വിദഗ്ധരെത്തന്നെ ഇറക്കുമതി ചെയ്തു. ഈ കൂട്ടത്തില്‍ ഡോക്ടര്‍ റെഗ്‌സ് ബര്‍ഗ് എന്ന പ്രതിഭയുമുണ്ടായിരുന്നു. ഇദ്ദേഹമാണ് മണ്ണും വൈക്കോലും ചേര്‍ന്ന മിശ്രിതത്തില്‍ വെയില്‍ ഏല്ക്കാത്ത സ്ഥലത്ത് മഴയുടെ ആരംഭത്തോടുകൂടി വിത്തുകള്‍ നട്ടാല്‍ ആരോഗ്യമുള്ള തൈകള്‍ ഉണ്ടാക്കാമെന്ന് കണ്ടെത്തിയത്. വൈക്കോല്‍ ചിതലുകളെ ആകര്‍ഷിക്കാനാണ്. ഇവ വിത്തിന്റെ പുറത്തെ കട്ടിയുള്ള ആവരണം തിന്നുതീര്‍ക്കും. 1844ല്‍ തുടങ്ങിയ പണി 1854ല്‍ ആണ് അവസാനിച്ചത്. കനോലിയും ചാത്തുമേനോനും നട്ട 1500 ഏക്കറില്‍ 5 ഏക്കര്‍ കനോലി പ്ലോട്ട് എന്ന പേരില്‍ 1943ല്‍ സര്‍ക്കാര്‍ മാറ്റി വെച്ചിട്ടുണ്ട്. ഇതില്‍ 117 തേക്കുകള്‍ മുറിക്കാതെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു. ഇവയ്ക്ക് ഇപ്പോള്‍ പ്രായം 159 വര്‍ഷം. 21 ാം നൂറ്റാണ്ടില്‍ ഈ തേക്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ വിതുമ്പിയേക്കാം. അകക്കണ്ണില്‍ ചാത്തുമേനോനും കനോലിയും തൈകളുമായി നീങ്ങുന്നത്. നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ പറ്റുമെങ്കില്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നല്ല തേക്കിനായി ഈ മനുഷ്യന്റെ ഭാവനയില്‍ നിന്ന് ഉടലെടുത്ത തേക്കിന്‍ തോട്ടത്തിലേക്കാണ് നാം എത്തിച്ചേരുക എന്നറിയമ്പോഴാണ് നാം ഈ സല്‍പ്രവൃത്തിയെ ഉദാത്തം എന്ന് വിളിച്ചുപോവുന്നത്.
കനോലിയുടെ മറ്റൊരു സംഭാവനയാണ് കനോലികനാല്‍ ഇന്നത്തെ പോലെ റോഡുകളും തീവണ്ടികളും ഇല്ലാതിരുന്നൊരു കാലത്ത് ഈ കനാലായിരുന്നു. കോഴിക്കോട്ടുകാരന്റെ പ്രധാന സഞ്ചാരമാര്‍ഗം. നൂറ് കണക്കിന് തോണികളും ആയിരക്കണക്കിന് ചങ്ങാടങ്ങളുമായിരുന്നുത്രെ കനോലികനാലില്‍ കൂടി ഒഴുകിയിരുന്നത്. 1,679 രൂപയായിരുന്നു സര്‍ക്കാര്‍ ഇതിനായി ചെലവാക്കിയിരുന്നത്. ഇന്ന് കനോലികനാല്‍ നഷ്ടസൗഭാഗ്യങ്ങളുടെ കഥകള്‍ അയവിറക്കുന്ന ഒരു തറവാട്ട് കാരണവരെ അനുസ്മരിപ്പിക്കുന്നു. മലബാര്‍ കളക്ടറായിരുന്ന കനോലി മലബാറിലെ നദികളെ അനോന്യം ബന്ധിപ്പിച്ച് ഒരു ജലഗതാഗതമാര്‍ഗം തുറക്കാന്‍ 1845ല്‍ തീര്‍ച്ചപ്പെടുത്തി. ഇതിന്റെ ആദ്യപടിയായി എലത്തൂര്‍ പുഴയെ കല്ലായിപ്പുഴയോടും കല്ലായിപ്പുഴയെ ബേപ്പൂര്‍ പുഴയോടും സന്ധിപ്പിച്ചു. പിന്നീട് പൊന്നാനി മുതല്‍ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും നിര്‍മിച്ചു. എന്നാല്‍, ഇതിന്റെയൊക്കെ തുടക്കം കല്ലായിപ്പുപുഴയെ എലത്തൂര്‍ പുഴയുമായി ബന്ധിപ്പിക്കുന്ന കനാല്‍ നിര്‍മാണമായിരുന്നു. അതായത് കോഴിക്കോട്ടുകാരന്റെ കനോലികനാല്‍. വിചാരിക്കുന്നതുപോലെ സുഗമമായിരുന്നില്ല ഈ ദൗത്യം ഭൂമി ഏറ്റെടുക്കുന്ന നിയമം നിലവില്‍ ഇല്ലാതിരുന്ന അക്കാലത്ത് സ്ഥലത്തിന്റെ ലഭ്യത ഒരു പ്രശ്‌നം തന്നെയായിരുന്നു. സാമൂതിരിയുടെ അകമഴിഞ്ഞ സഹായം ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ലഭിച്ചു. സാമൂതിരിയും മറ്റ് ഭൂവുടമകളും സ്ഥലം സൗജന്യമായി കൊടുക്കാന്‍ തയ്യാറായി. സുഭിക്ഷമായിരുന്ന സദ്യയായിരുന്നു പ്രവൃത്തിക്ക് കൂലി. ഉപ്പുവെള്ളം കയറുന്നത് തടയാനായി വേണ്ടത്ര മുന്‍കരുതല്‍ എടുക്കണമെന്നും കനാലിനോട് ചേര്‍ന്ന ഭാഗങ്ങളിലെ വയലുകളിലേക്ക് വെള്ളം എത്തിക്കണമെന്നും ഒരു കരാര്‍ ഭൂവുടമകള്‍ കനോലിയുമായി ഉണ്ടാക്കിയിരുന്നു. ഉപ്പുവെള്ളം തടയാനായി കെട്ടിയ ഒരു ചിറയാണ് പിന്നീട് പുതിയറ എന്ന പേരില്‍ കോഴിക്കോട്ട് ഒരു സ്ഥലമായി മാറിയത്. റോഡ് ഗതാഗതവും റെയില്‍ ഗതാഗതവും മലബാറില്‍ ആരംഭിച്ചതോടുകൂടി കോഴിക്കോട്ടുകാര്‍ കനോലി കനാലിനെ മറന്നു. എങ്കിലും കനോലിയുടെ ഓര്‍മകളുമായി കനോലികനാല്‍ ഇപ്പോഴും ഒഴുകുന്നു, ശാന്തമായി.
പണ്ടുകാലത്ത് മലബാറിലെ വീടുകള്‍ ഓലവീടുകളായിരുന്നു. അതിനാല്‍ വീടുകള്‍ക്ക് തീ പിടിക്കുക എന്നത് ഒരു നിത്യസംഭവമായിരുന്നു. പ്രത്യേകിച്ച് അടുത്തടുത്ത് വീടുകളുള്ള അഗ്രഹാരങ്ങളിലും ബസാറുകളിലും. കനോലിയുടെ ശ്രദ്ധ ഈ വിഷയങ്ങളിലും കടന്നുചെന്നു. ബസാറുകളിലെയും അഗ്രഹാരങ്ങളിലെയും വീടുകള്‍ എത്രയും പെട്ടെന്ന് ഓടിടണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. പാലക്കാട്ടെ അഗ്രഹാരങ്ങളായിരുന്നു ആദ്യമായി ഇതിലേക്കായി അദ്ദേഹം തെരഞ്ഞെടുത്തത്. അതുപോലെ തന്നെ കോഴിക്കോട് വലിയങ്ങാടിയിലെ ഓലക്കെട്ടിടങ്ങളിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. 1847ല്‍ അദ്ദേഹം ഇതിനായി തുനിഞ്ഞിറങ്ങി പാലക്കാട്ടെ അഗ്രഹാരക്കാര്‍ക്കും കോഴിക്കോട് വലിയങ്ങാടിയിലെ കച്ചവടക്കാര്‍ക്കും 2,000 രൂപ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന വ്യവസ്ഥയില്‍ അഡ്വാന്‍സായി കൊടുക്കാനും അദ്ദേഹം വ്യവസ്ഥ ചെയ്തു. ഉദാത്തത എന്നല്ലാതെ മറ്റ് എന്താണ് നാം പറയേണ്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നാം കാണുന്ന ഒരു പ്രവണതയുണ്ട്. തിരഞ്ഞെടുപ്പായാല്‍ രാഷ്ട്രീയക്കാര്‍ക്ക് ദളിത് സ്‌നേഹം അല്പം കൂടും. വോട്ട് ബാങ്ക് എന്ന ലക്ഷ്യം തന്നെ ഇതിന് കാരണം എന്നാല്‍, ഈ വോട്ട് ബാങ്ക് ഒന്നും ഇല്ലാത്തിരുന്ന കാലത്ത് കൃത്യമായി പറഞ്ഞാല്‍ 1847ല്‍ അദ്ദേഹം പുറപ്പെടുവിച്ച ഒരു കല്പന നോക്കുക. ''നമ്മുടെ സര്‍ക്കാറിന്റെ റോഡുകളില്‍ ഇനിമുതല്‍ ചെറുമര്‍, പുലയര്‍ തുടങ്ങിയ അടിയാളര്‍ക്ക് നിര്‍ഭയം സഞ്ചരിക്കാവുന്നതാണ്'' ഈ വിഷയത്തില്‍ രണ്ട് കല്പനകളാണ് അദ്ദേഹം പുറപ്പെടുവിച്ച് കാണുന്നത്. മൂന്നാമതായി ഇങ്ങനെയൊരു കല്പനയും കൂടി അദ്ദേഹം പുറപ്പെടുവിച്ചതായി കാണാം. ''ഇതിന് മുമ്പ് പുലയര്‍ക്കും ചെറുമര്‍ക്കും സര്‍ക്കാര്‍ റോഡുകളില്‍ കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് കൊണ്ട് രണ്ട് കല്പനകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പുലയരും ചെറുമരും സര്‍ക്കാര്‍റോഡുകളില്‍ കൂടി നടക്കുവാന്‍ വിസമ്മതിക്കുന്നു. ഇത് അവരുടെ പേടി കൊണ്ട് മാത്രമാണ്. അതിനാല്‍ മലബാര്‍ ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാരും ശ്രദ്ധിക്കേണ്ടത് ഈ കൂട്ടരെ സര്‍ക്കാര്‍ റോഡുകളില്‍ കൂടി നടക്കുവാന്‍ പ്രേരിപ്പിക്കുക എന്നതാണ്. എല്ലാ തഹസില്‍ദാര്‍മാരും അവരുടെ കീഴ് ഉദ്യോഗസ്ഥന്മാരോട് ഈ വിഷയത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുക. പുലയര്‍ക്കും ചെറുമര്‍ക്കുംവേണ്ട സംരക്ഷണം നാം കൊടുത്തേ മതിയാകൂ'' ഇത് അജ്ഞതകൊണ്ടാണെന്ന് മനസ്സിലാക്കി നമുക്ക് ഇവര്‍ക്ക് മാപ്പ് കൊടുക്കാം. മലബാറില്‍ ആദ്യമായി തൊഴിലില്‍ ചെറുമപുലയര്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയതും കനോലിയാണ്. സ്വകാര്യതോട്ടങ്ങളിലും ഈ കൂട്ടര്‍ക്കായി സംവരണം വേണമെന്ന് അദ്ദേഹം ശഠിച്ചു. പ്രാംരഭനടപടിയായി ബൗണിന്റെ തോട്ടത്തിലാണ് അദ്ദേഹം ഇക്കൂട്ടര്‍ക്കായി തൊഴില്‍ സംവരണം ചെയ്തത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഒരു ദളിത് സംഘടനകളും തങ്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും സംവരണവും അനുവദിച്ച കനോലി എന്ന വലിയ മനസ്സിനെ ഓര്‍ക്കാറില്ല.
1855 സപ്തംബര്‍ 11ന് അദ്ദേഹത്തെ ചില മതഭ്രാന്തന്മാര്‍ ഇല്ലാതാക്കി. എങ്കിലും ആ വലിയ മനുഷ്യന്‍ കനോലി പ്ലോട്ടിലൂടെയും കനോലി കനാലുകളിലൂടെയും ഇന്നും കോഴിക്കോട്ടുകാരന്റെ മനസ്സില്‍ ജീവിക്കുന്നു. ഫ്ലക്‌സ് ബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചുകൊണ്ടല്ല. മറിച്ച് ജനസമൂഹത്തിന് എന്തെങ്കിലും നന്മകള്‍ ചെയ്തുകൊണ്ടാണ് മനുഷ്യമനസ്സില്‍ ഇടം പടിക്കേണ്ടത് എന്ന് 21 ാം നൂറ്റാണ്ടില്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കനോലി എന്ന പ്രതിഭയ്ക്ക് കോഴിക്കോട്ടുകാര്‍ ഒരു സ്മാരകം പണിയേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് കൂടി ഇവിടെ ഓര്‍മിപ്പിക്കട്ടെ.
seluraj@yahoo.com
