NagaraPazhama

ഗാന്ധിജിയുടെ ആദ്യ സന്ദര്‍ശനവും അനന്തപുരിയിലെ ഇന്നത്തെ മാറ്റങ്ങളും

Posted on: 11 Aug 2014


തൊണ്ണൂറുവര്‍ഷംകൊണ്ട് അനന്തപുരിയുടെ രൂപവും ഭാവവും ആകെ മാറി. മഹാത്മാഗാന്ധി ഈ നഗരത്തില്‍ ആദ്യമായി എത്തിയിട്ട് അടുത്ത മാര്‍ച്ചില്‍ തൊണ്ണൂറ് വര്‍ഷമാകും. 1925 മാര്‍ച്ച് 13 നാണ് ഗാന്ധിജി ആദ്യമായി തിരുവനന്തപുരം സന്ദര്‍ശിച്ചത്.
ശിവഗിരി മഠത്തിലെത്തി ശ്രീനാരായണഗുരുവുമായി സംഭാഷണം നടത്തി. അവിടെ ഒരു രാത്രി തങ്ങിയശേഷമായിരുന്നു തലസ്ഥാനത്ത് എത്തിയത്. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചായിരുന്നു ഈ സന്ദര്‍ശനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനുഗ്രഹാശംസകളോടെ നടന്ന വൈക്കം സത്യാഗ്രഹം ഇന്ത്യയില്‍ നിലനിന്ന അയിത്തക്കോട്ടയ്ക്കും തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെനടന്ന ആദ്യത്തെ ദേശീയ സമരമായിരുന്നു. 1924 മാര്‍ച്ച് 30ന് ആയിരുന്നു സമരത്തിന്റെ തുടക്കം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കല്പിച്ച് ഹിന്ദുസമുദായം അകറ്റി നിര്‍ത്തിയിരുന്ന ഒരുവിഭാഗം ആളുകള്‍ക്ക് ക്ഷേത്രവഴിയില്‍ കൂടിയെങ്കിലും സഞ്ചരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി ആയിരുന്നു അന്ന് നാടുഭരിച്ചിരുന്നത്. ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന് പ്രായംതികയാത്തതിനാലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വലിയമ്മയെ പകരം ഭരണാധികാരി (റീജന്റ്) ആക്കിയത്.

വര്‍ക്കല കൊട്ടാരത്തില്‍െവച്ച് ഗാന്ധിജി റീജന്റുമായി വൈക്കം സത്യാഗ്രഹത്തെപ്പറ്റി ചര്‍ച്ചചെയ്തു. ഹിന്ദുക്കളിലെ സമസ്ത വിഭാഗങ്ങള്‍ക്കും ക്ഷേത്രവഴിയില്‍ക്കൂടി സഞ്ചരിക്കാനുള്ള അനുവാദം മാത്രമല്ല ക്ഷേത്രത്തില്‍ പ്രവേശിക്കാനും അനുവാദം വേണമെന്നായിരുന്നു ഗാന്ധിജി ആവശ്യപ്പെട്ടത്. പക്ഷേ, പകരക്കാരിയായി ഭരിക്കുന്നതിന്റെ നിസ്സഹായത റാണി ഗാന്ധിജിയെ അറിയിച്ചു.
1925 മാര്‍ച്ച് 13ന് തിരുവനന്തപുരത്തെത്തിയ ഗാന്ധിജി സ്‌റ്റേറ്റ് ഗസ്റ്റ്ഹൗസിലാണ് തങ്ങിയത്. അദ്ദേഹത്തിന് രണ്ടുദിവസം കന്യാകുമാരിവരെ തിരക്കിട്ട പരിപാടികളായിരുന്നു. ഇതിനിടയില്‍ അദ്ദേഹം പരേഡ് ഗ്രൗണ്ട്, എസ്.എം.വി. സ്‌കൂള്‍, വി.ജെ.ടി. ഹാള്‍, ലോ കോളേജ്, സയന്‍സ് കോളേജ്, ഗേള്‍സ് സ്‌കൂള്‍, മടവൂര്‍ പാറയിലെ സ്വരാജ് വിദ്യാലയം, നെയ്യാറ്റിന്‍കര ജൂബിലി ടൗണ്‍ഹാള്‍, കുഴിത്തുറ, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രസംഗിച്ചു.
അയിത്തത്തിനും തൊട്ടുകൂടായ്മക്കും എതിരെ കുരിശുയുദ്ധം പ്രഖാപിച്ചാണ് ഗാന്ധിജി ആദ്യം എത്തിയത്. അയിത്തം നാട്ടില്‍നിന്നും വിടപറഞ്ഞു. അമ്പലങ്ങളില്‍ ഇന്ന് സമസ്തഹിന്ദുക്കള്‍ക്കും പ്രവേശനം ഉണ്ട്.
ഗാന്ധിജി എത്തുമ്പോള്‍ കാളവണ്ടികളും കുതിരവണ്ടികളുമാണ് പ്രധാന വാഹനങ്ങള്‍. മോട്ടാര്‍ കാര്‍ അന്ന് അപൂര്‍വമായിരുന്നു. പൊട്ടിയും പൊളിഞ്ഞും ദുര്‍ഘടം പിടിച്ച റോഡായിരുന്നു തിരുവനന്തപുരംകന്യാകുാമാരി. എന്നാല്‍ ഗാന്ധിജിയുടെ വരവിന് എത്രയോ കഴിഞ്ഞാണ് അത് സിമന്റ് റോഡായത്. അന്ന് ഉണ്ടായിരുന്ന കാളവണ്ടികള്‍ ഇന്ന് കൗതുകകാഴ്ചയായി. വില്ലുവണ്ടികള്‍ കാണാനില്ല. അന്ന് ഉണ്ടായിരുന്നത് ചുരുക്കം ചില ബസ്സര്‍വീസുകള്‍ മാത്രം. ഇന്ന് വേഗതകൂടിയ ബസ്സുകളും കാറുകളും മാത്രമല്ല, കന്യാകുമാരിക്കും തലസ്ഥാനത്തുനിന്ന് തീവണ്ടിയുമുണ്ട്.
ആദ്യസന്ദര്‍ശനത്തില്‍ ഗാന്ധിജി നെയ്യാറ്റിന്‍കര ടൗണ്‍ഹാളില്‍ പ്രസംഗിച്ചു. ഇത് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഭരണജൂബിലിയോട് അനുബന്ധിച്ച് ദിവാന്‍ സി. രാജഗോപാലാചാരി നിര്‍മിച്ചതാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാനാണ് രാജഗോപാലാചാരി. ആ ജനരോഷം ശമിപ്പിക്കാനാണ് അവിടെ മഹാരാജാവിന്റെ പേരില്‍ സ്മാരകം നിര്‍മിച്ചത്. എന്നാല്‍ ഇന്ത്യയിലെതന്നെ തന്റെ ആദ്യ ജീവചരിത്രകാരനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടാണതെന്ന് ഗാന്ധിജി അറിഞ്ഞുകാണില്ല. ഇന്നത് സ്വദേശാഭിമാനി ടൗണ്‍ഹാളാണ്.
ഗാന്ധിജി വരുമ്പോള്‍ അനന്തപുരിയിലെ പ്രധാന ഗതാഗതമാര്‍ഗം ചാക്കവരെയുള്ള തീവണ്ടിയും പാര്‍വതി പുത്തനാറിലൂടെയുള്ള ജലമാര്‍ഗവും ആയിരുന്നു. കല്പാലക്കടവ് (വള്ളക്കടവ്) മുതല്‍ ആരംഭിക്കുന്ന ജലപാത ഷൊര്‍ണൂരിനുസമീപംവരെ നീണ്ടിരുന്നു. അതിനാല്‍ ഇതിനെ ടി.എസ്. കനാല്‍ (തിരുവനന്തപുരംഷൊര്‍ണൂര്‍) എന്നാണ് വിളിച്ചിരുന്നത്. യാത്രക്കാര്‍ക്കും ചരക്കുകള്‍ കൊണ്ടുവരുന്നതിനുമുള്ള പ്രധാനമാര്‍ഗം ഇതായിരുന്നു.
1918 ജനവരിയില്‍ അതായത് ഗാന്ധിജി വരുന്നതിന് ഏഴുവര്‍ഷം മുമ്പാണ് കൊല്ലത്തുനിന്നും തീവണ്ടി ചാക്കവരെ നീട്ടിയത്. അത് 1931ല്‍ മാത്രമേ തമ്പാനൂരിലേക്ക് നീട്ടിയുള്ളൂ. ഗാന്ധിജി പ്രസംഗിച്ച പുത്തന്‍ചന്തയിലെ പോലീസ് പരേഡ് ഗ്രൗണ്ട് ഇന്ന് സെക്രട്ടേറിയറ്റിന് പുറകിലുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയമാണ്. എസ്.എം.വി. സ്‌കൂളിലും അദ്ദേഹം പ്രസംഗിച്ചു. അന്നത്തെ എസ്.എം.വി. ഇന്ന് വഞ്ചിയൂരിലെ കോടതി സമുച്ചയം ആണ്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച ഈ സ്‌കൂള്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ 1943ല്‍ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി. ഇന്നത്തെ എസ്.എം.വി. സ്‌കൂള്‍ കെട്ടിടങ്ങളും സ്ഥലവും മുമ്പ് പോലീസ് കമ്മീഷണര്‍ ഓഫീസായിരുന്നു.
ഗാന്ധിജി പ്രസംഗിച്ച പെണ്‍പള്ളിക്കൂടം യൂണിവേഴ്‌സിറ്റി കോളേജിന് എതിര്‍വശത്തായിരുന്നു. അത് വിഭജിച്ചാണ് സര്‍ സി.പി. കോട്ടണ്‍ഹില്‍, ബാര്‍ട്ടണ്‍ഹില്‍, മണക്കാട് എന്നിവിടങ്ങളില്‍ പെണ്‍പള്ളിക്കൂടം തുടങ്ങിയത്. അന്നത്തെ സയന്‍സ് കോളേജ് ഇന്ന് യൂണിവേഴ്‌സിറ്റി കോളേജാണ്. അദ്ദേഹം പ്രസംഗിച്ച േലാ കോളേജാണ് ഏജീസ് ഓഫീസിനുള്ളില്‍ കാണുന്ന മനോഹരമായ ഓടിട്ട കെട്ടിടം. ഗാന്ധിജിക്ക് മുനിസിപ്പാലിറ്റി സ്വീകരണം നല്‍കിയത് വി.ജെ.ടി. ഹാളിലായിരുന്നു. അന്ന് മുനിസിപ്പാലിറ്റി ഓഫീസ് ഇന്നത്തെ എസ്.എം.വി. സ്‌കൂളിന്റെ എതിര്‍വശത്തായിരുന്നു. ഗാന്ധിജിക്ക് സ്വീകരണം നല്‍കിയ മുനിസിപ്പാലിറ്റി 1940ല്‍ കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി. ഗാന്ധിജി വരുമ്പോള്‍ പ്രകാശം നല്‍കിയിരുന്ന മണ്ണെണ്ണ വിളക്കുകളും ഗ്യാസ് വിളക്കുകളും ഇന്ന് ഓര്‍മയില്‍മാത്രം.



MathrubhumiMatrimonial