കരിദിനം ഹര്‍ത്താലായി; വ്യാപകമായ അക്രമം രണ്ടിടത്ത് വാഹനം കത്തിച്ചു

Posted on: 09 Jun 2009


തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ അഴിമതിക്കേസില്‍
സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം. നടത്തിയ കരിദിനാചരണം ചില ജില്ലകളില്‍ ഹര്‍ത്താലായി. പലേടത്തും വ്യാപകമായ അക്രമവും വഴിതടയലും ഉണ്ടായി. തിരുവനന്തപുരത്ത് വി.എസ്.എസ്.സി.യുടെയും കോഴിക്കോട്ട് സെന്‍ട്രല്‍ എകൈ്‌സസ് ആന്റ് കസ്റ്റംസിന്റെയും കാറുകള്‍ കത്തിച്ചു.

തലശ്ശേരിയില്‍ 'മാതൃഭൂമി' ഓഫീസിന് കല്ലെറിഞ്ഞു. 'മാതൃഭൂമി'യുടെയും 'മലയാള മനോരമ'യുടെയും പത്രക്കെട്ടുകള്‍ തട്ടിക്കൊണ്ടുപോവുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ആലപ്പുഴയില്‍ സെന്റ്‌ജോസഫ്‌സ് വനിതാകോളേജ് ആക്രമിച്ചു. കണ്ണൂരില്‍ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി കെ.കമല്‍ജിത്ത്, ജില്ലാപ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് കരിദിനം ഹര്‍ത്താലായി മാറിയത്. മറ്റ് ജില്ലകളില്‍ തണുത്ത പ്രതികരണമായിരുന്നു.

കണ്ണൂരില്‍ ജനജീവിതം പാടേ തടസ്സപ്പെട്ടു. കെ.എസ്.ആര്‍.ടി.സി.യുടെ ചില സര്‍വീസുകളും അപൂര്‍വം സ്വകാര്യ വാഹനങ്ങളുമല്ലാതെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി മാതൃഭൂമി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കാവലുണ്ടായിരുന്ന പോലീസ് ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ പിന്‍വാങ്ങി. തലശ്ശേരി മഞ്ഞോടിയില്‍ ഇറക്കിയ മാതൃഭൂമി പത്രക്കെട്ടുകള്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയി.തലശ്ശേരി പുതിയ ബസ്സ്റ്റാന്റില്‍ ജീപ്പ് തടഞ്ഞ് മലയാള മനോരമ പത്രക്കെട്ട് കത്തിച്ചു. കൂത്തുപറമ്പിലും കീഴത്തൂരിലും കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചു. കൊട്ടിയൂര്‍ തീര്‍ഥാടനത്തിനെത്തിയവരുടെ വാഹനങ്ങളും തടഞ്ഞിട്ടു.

കെ.എസ്.യു. സംസ്ഥാന സെക്രട്ടറി കെ.കമല്‍ജിത്ത്, ജില്ലാപ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവരെ കണ്ണൂരിലെ വാടക വീട് കയറിയാണ് ഞായറാഴ്ച പുലര്‍ച്ചെ ആക്രമിച്ചത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഇവരുടെ വാഹനങ്ങളും അടിച്ചുതകര്‍ത്തു. പരിക്കേറ്റ ഇവര്‍ ഇന്ദിരാഗാന്ധി ആസ്​പത്രിയില്‍ ചികിത്സയിലാണ്.

സി.പി.എം നിയന്ത്രണത്തിലുള്ള ചാലാട് ഭാനു സ്മാരകവും പന്നയന്‍പാറ വിജ്ഞാന വിലാസിനി ഗ്രന്ഥശാലയും ആക്രമിക്കപ്പെട്ടു.

കോഴിക്കോട് മാനാഞ്ചിറയിലാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എകൈ്‌സസ് ഓഫീസിലെ കാര്‍ അടിച്ച് തകര്‍ത്ത് തീവെച്ചത്. അഞ്ചംഗ സംഘമായിരുന്നു അക്രമത്തിന് പിന്നില്‍.

പാലക്കാട്ടും കരിദിനാചരണം ഹര്‍ത്താലായി. നാല് കെ.എസ്.ആര്‍.ടി.സി.ബസ്സുകളും ഒരു സ്വകാര്യ ബസ്സും കല്ലെറിഞ്ഞ് തകര്‍ത്തു. സ്വകാര്യ ബസ്സുകള്‍തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. രാവിലെ ഒമ്പതരയോടെ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തി. ഷൊര്‍ണൂരില്‍ കൊച്ചിന്‍ പാലത്തിനു സമീപത്തെ ടോള്‍ഗേറ്റ് സമരക്കാര്‍ അടച്ചിട്ടു. ആസ്​പത്രിയിലേക്കുള്ള വാഹനങ്ങള്‍പോലും കടത്തിവിടാത്തതിനാല്‍ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി.

കൊച്ചിയില്‍ സി.ബി.ഐ. ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. രാവിലെ സി.പി.എം.ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനിലേക്ക് മാര്‍ച്ചും നടത്തി.

ആലപ്പുഴയിലും ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. കരിദിനത്തിലും പ്രവര്‍ത്തിച്ചതിനാണ് ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളേജ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കോളേജിനുള്ളിലെ ചാപ്പലിന്റെ ചില്ലുകള്‍ തകര്‍ന്നു. ബസ്, ബോട്ട് സര്‍വീസുകള്‍ തടസ്സപ്പെടുത്തി.

തുറന്ന കടകള്‍ കല്ലെറിഞ്ഞ് അടപ്പിച്ചു. ഹൗസ്‌ബോട്ടുകള്‍ ഓടിക്കാന്‍ അനുവദിച്ചില്ല. ഇതോടെ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളും വലഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഭവന് കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് പോലീസുകാരുള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.

ഇടുക്കി ജില്ലയില്‍ കരിദിനം ഹര്‍ത്താലായി മാറ്റാന്‍ ശ്രമിച്ചെങ്കിലും സി.പി.എമ്മിലെ വിഭാഗീയത പ്രകടമാക്കിക്കൊണ്ട് ഒരുവിഭാഗം സഹകരിക്കാതിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. അടിമാലിയിലും മൂന്നാറിലുമൊക്കെ രാവിലെ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ സാധാരണസ്ഥിതിയിലായി.

തിരുവനന്തപുരത്ത് സി.പി.എം. പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി.ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. പ്രവര്‍ത്തകരും രാജ്ഭവനില്‍ മാര്‍ച്ച് നടത്തി. വൈകുന്നേരം മൂന്നരയോടെയാണ് വഴയിലയില്‍ വി.എസ്.എസ്.സി.യുടെ വാഹനം കത്തിച്ചത്. രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്ന നാലുപേരാണ് വാഹനം തടഞ്ഞ് തീവെച്ചത്. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.





MathrubhumiMatrimonial