ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹം: ജനതാദള്‍

Posted on: 08 Jun 2009


തിരുവനന്തപുരം: സി.പി.എം.പൊളിറ്റ്ബ്യൂറോ മെമ്പറായ വ്യക്തിയെ അഴിമതിക്കേസില്‍ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി.ഹാരീസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചാരുപാറ രവി, ജില്ലാ സെക്രട്ടറിമാരായ മഞ്ചവിളാകം ശശി, പ്രദീപ് ദിവാകരന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കുന്നതുവരെ പാര്‍ട്ടിസെക്രട്ടറി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ മാറി നില്‍ക്കണം. ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ വിവേചനം കാട്ടിയ എ.ജിയെ മുഖ്യമന്ത്രി പുറത്താക്കണം- ജനതാദള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

യുവജനതാദള്‍ പ്രകടനം നടത്തി


തിരുവനന്തപുരം: പിണറായി വിജയനെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുവജനതാദള്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് ദിവാകരന്‍ അധ്യക്ഷനായി. സുനില്‍കുമാര്‍, എല്‍.ആര്‍.സുദര്‍ശനകുമാര്‍, മച്ചേല്‍ ഹരി, മനാര്‍ഷാന്‍, മഞ്ചവിളാകം ശശി, മേപ്പൂക്കട മധു, പ്രാവച്ചമ്പലം മഹേഷ്, എം.എം.ഖാദര്‍, എം.എ.ഹസ്സന്‍, കൈമനം ജയകുമാര്‍, പയറ്റുകുപ്പം റഹീം, സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


പിണറായി നിയമനടപടിക്ക് വിധേയനാവണം -ജനതാദള്‍


കോഴിക്കോട്: പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐയ്ക്ക് നല്കിയ അനുമതിക്ക് അദ്ദേഹം സ്വയം വിധേയനാവുന്നതാണ് ഉചിതമെന്ന് ജനതാദള്‍ (സെക്യുലര്‍) ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വറുഗീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

സമാനമായ കേസുകളില്‍ അത്തരം സമീപനമാണ് സി.പി.എം. മുമ്പ് നിര്‍ദേശിച്ചിട്ടുള്ളത്. രാഷ്ട്രീയത്തില്‍ സദാചാരവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരം പരിശോധനകള്‍ ആവശ്യമാണ്. ജനതാദള്‍ (എസ്) പ്രസിഡന്റായിരുന്ന ലാലു പ്രസാദ് യാദവിനെ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ചേര്‍ത്തപ്പോള്‍ തല്‍സ്ഥാനത്ത് നിന്ന് മാറിനില്ക്കാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ലാലുപ്രസാദ് പാര്‍ട്ടി പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞ കീഴ്‌വഴക്കവും ഉണ്ട് -ഡോ. വറുഗീസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.








MathrubhumiMatrimonial