എന്തുകൊണ്ട് സിബിഐ അന്വേഷണം സര്‍ക്കാര്‍ എതിര്‍ത്തു?

Posted on: 08 Jun 2009


കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണത്തെ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ശക്തിയായി എതിര്‍ത്തു? സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിച്ച ഘട്ടത്തില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. വിജിലന്‍സിന്റെ അന്വേഷണം ഫലപ്രദമാണ്. മികച്ച ഉദ്യോഗസ്ഥസംഘം വിജിലന്‍സിന് ഉണ്ട്.

സിബിഐയുടെ അന്വേഷണത്തിന്റെ ആവശ്യമേയില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പക്ഷെ ഹൈക്കോടതിക്ക് അത് ബോധ്യപ്പെട്ടില്ല. സിബിഐ അന്വേഷണത്തിന് 2007 ജനവരിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനു ശേഷം എന്തുകൊണ്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയില്ല? സിബിഐ അന്വേഷണത്തെ അതിശക്തിയായി എതിര്‍ത്ത സര്‍ക്കാര്‍ തുടര്‍ന്ന് ശബ്ദിച്ചില്ല.

ലോട്ടറി കേസ് അന്വേഷിക്കാന്‍ സിബിഐ വരട്ടെ. സ്വാഗതമാണ്. പക്ഷെ ലാവലിന്‍ അന്വേഷിക്കാന്‍ സിബിഐ വേണ്ട. ഈ നിലപാട് യുക്തിക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം സിബിഐയെ ഏല്പിച്ചത്. എന്തുകൊണ്ട് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു.

വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിച്ചശേഷം പിണറായിയെ രക്ഷപ്പെടുത്തുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടു. സിബിഐ രംഗത്ത് വന്നപ്പോള്‍ ചിത്രമാകെ മാറി. പിണറായി വിജയന്‍ ഒന്‍പതാം പ്രതിയായി. പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുക വഴി പിണറായിയെ സംരക്ഷിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ക്ക് ബോധ്യമായി. ഈ അട്ടിമറിക്ക് ശക്തിയായ താക്കീതാണ് ഗവര്‍ണര്‍ നല്‍കിയിട്ടുള്ളത്.

2007 ജനവരിയിലെ ഹൈക്കോടതി വിധിയും 2009 ഫിബ്രവരിയിലെ വിധിയും അതീവ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് ഗവര്‍ണര്‍ തന്റെ ഉത്തരവുകള്‍ ആധാരമാക്കിയിട്ടുള്ളത്. മന്ത്രിസഭയോട് പിണറായിയുടെ പ്രോസിക്യൂഷന്‍ കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനിക്കാനാണ് 2009 ഫിബ്രവരിയിലെ വിധി നിര്‍ദ്ദേശിച്ചത്.

പൊതുതാല്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് പ്രസ്തുത രണ്ട് വിധികളും ഹൈക്കോടതി എഴുതിയിട്ടുള്ളത്. ഇതില്‍ പ്രതിഫലിപ്പിച്ചിട്ടുള്ള പൊതുതാല്പര്യം ഉള്‍ക്കൊണ്ടുള്ളതാണ് ഗവര്‍ണറുടെ തീരുമാനം.





MathrubhumiMatrimonial