
യു.ഡി.എഫ്. കാത്തിരുന്ന വഴിത്തിരിവ്
Posted on: 08 Jun 2009
ആര്‍.കെ. കുമാര്‍

ലാവലിന്‍ കേസ്സില്‍ പിണറായി വിജയന്‍ പ്രതിയാകണമെന്ന ആവശ്യം 'സാമാന്യ നീതിയുടെ ശബ്ദ'മായി കോണ്‍ഗ്രസ് നേതാക്കന്മാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉന്നയിച്ചിരുന്നു. മറുപക്ഷമാകട്ടെ, ഇതൊരു രാഷ്ട്രീയപ്രശ്‌നമാണെന്നും വാദിച്ചു.
കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് ജി. കാര്‍ത്തികേയനെ മുന്നില്‍ പിടിച്ചുനിര്‍ത്തിയാണ് സി.പി.എം. വെടിയുതിര്‍ക്കാന്‍ ശ്രമിച്ചത്.
എ.കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാനുള്ള കരാര്‍ ഒപ്പുവെച്ചു എന്ന വസ്തുതയാണ് സി.പി.എം. ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, കണ്‍സള്‍ട്ടന്‍സി കരാറിനെ പിണറായി വിജയന്‍ സപ്ലൈ കരാറായി മാറ്റിയതിലൂടെയാണ് അഴിമതിയുടെ ഭൂതം പുറത്തുചാടിയതെന്ന് കോണ്‍ഗ്രസ്സും വാദിച്ചു.
തിരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസ്സിന്റെ വാദം ഏറെക്കുറെ ശരിവെയ്ക്കുന്നതായിരുന്നു. സി.വി. പദ്മരാജന്‍, കടവൂര്‍ ശിവദാസന്‍, ജി. കാര്‍ത്തികേയന്‍ തുടങ്ങിയ മുന്‍ വൈദ്യുതി മന്ത്രിമാരെ തിരഞ്ഞെടുപ്പുഫലം അഗ്‌നിശുദ്ധി വരുത്തിയെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.
അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം രാഷ്ട്രീയപ്രേരിതമാണോ, അല്ലയോ എന്ന തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ല. ഗവര്‍ണറുടെ നടപടി എ.ജി. യുടെ ഉപദേശത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
യു.ഡി.എഫിന്റെ ഓരോ നീക്കവും ഇനി കരുതലോടെയാകണമെന്ന് നേതൃത്വം മനസ്സിലാക്കുന്നുണ്ട്.
ഇടതുമുന്നണിയില്‍ സി.പി.എമ്മിന്റെ നിലപാടുമായി യോജിക്കാത്തവരെ അനുനയിപ്പിക്കുന്ന തന്ത്രമായിരിക്കും ഇതില്‍ പ്രധാനം. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞിരുന്നു. വിഷയം ഗവര്‍ണറുടെ മുന്നിലായതിനാല്‍ അത് കഴിയട്ടെ എന്ന നിലപാടായിരുന്നു സി.പി.ഐ. നേതൃത്വം ഇതുവരെ സ്വീകരിച്ചിരുന്നത്. ഗവര്‍ണറുടെ തീരുമാനം പുറത്തുവന്ന ഞായറാഴ്ച സി.പി.എം. നടത്തിയ പ്രകടനങ്ങളില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളെ കണ്ടില്ലെന്ന വസ്തുത കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഹ്ലാദം പകര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ഓരോ വീഴ്ചയും യു.ഡി.എഫിന്റെ നേട്ടമാകാനുള്ള അദ്ധ്വാനമാണ് കോണ്‍ഗ്രസ്സിന്റെ മനസ്സിലുള്ളത്.
അടുത്ത വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുണ്ടാവും. അത് കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളമാകും. യു.ഡി.എഫ്. വളരെ ശ്രദ്ധയോടെ ചുവടുവെയേ്ക്കണ്ട കാലഘട്ടമാണ് മുന്നിലെന്ന് വ്യക്തം.
ഗവര്‍ണറുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. പ്രതിഷേധവുമായി സി.പി.എം. തെരുവിലറങ്ങിക്കഴിഞ്ഞു. ഈ രാഷ്ട്രീയനീക്കത്തെ തുടക്കത്തില്‍ തന്നെ ചെറുക്കേണ്ട ബാദ്ധ്യതയും യു.ഡി.എഫിന്റെ കരങ്ങളിലാണെത്തിച്ചേര്‍ന്നിരിക്കുന്നത്.
