ആറന്‍മുള വിമാനത്താവള പദ്ധതിപ്രദേശത്ത് അപൂര്‍വയിനം ചിലന്തികളെ കണ്ടെത്തി

Posted on: 18 Feb 2014


പത്തനംതിട്ട: നിര്‍ദ്ദിഷ്ട ആറന്‍മുള പദ്ധതിപ്രദേശത്തുനിന്ന് മൂന്നിനം പുതിയ ചിലന്തികളെയും 8 ഇനം അപൂര്‍വ ചിലന്തികളെയും ഗവേഷകര്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ പഠനകേന്ദ്രം നടത്തിയ പഠനത്തിലാണിത്. ഒരു മാസമായി ഇവരുടെ നിരീക്ഷണം തുടരുകയാണ്.

നാല്‍പ്പത്തഞ്ചിനം ചിലന്തി വര്‍ഗ്ഗങ്ങളെയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍നിന്ന് ആദ്യമായി കണ്ടെടുത്ത സൈബിയസ് എന്ന ചിലന്തിയാണ് ഇതില്‍ പ്രധാനി. ചെടിയിലെ ഉണക്കഇലയിലാണ് ഇവയെ കാണുന്നത്. രാത്രി മാത്രമേ ഇവ പുറത്തുവരൂ.

സ്പരാസ്സിഡേ വിഭാഗത്തില്‍പ്പെടുന്ന മൈക്രോമേറ്റ എന്ന ചിലന്തി പച്ചിലയിലാണ് കഴിയുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട ചിലന്തികളെ ഇതേവരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. കൊറിനിഡേ വിഭാഗത്തില്‍പ്പെട്ട ഓര്‍ത്തോബൂല എന്ന ചിലന്തിയെ നിലത്തു വീണുകിടക്കുന്ന ചപ്പിനിടയിലാണ് കാണുക. രാത്രി മാത്രം ഇരപിടിക്കും. ഉറുമ്പാണ് ആഹാരം.

ഒരു മാസത്തിനകം ഇത്രയേറെ ജീവികളെ ഇവിടെനിന്ന് കണ്ടെത്തിയത് പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കുന്നതായി ഗവേഷണ വിഭാഗം മേധാവി ഡോ. സുധികുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളായ സുധിന്‍, നഫിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഇറ്റലിയിലെ ടൂറിനില്‍ നടക്കുന്ന അന്താരാഷ്ട്ര ചിലന്തി ഗവേഷണ സെമിനാറില്‍ ഈ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. ആറന്‍മുള പദ്ധതിപ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ചിലര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇവിടം പഠനത്തിന് തിരഞ്ഞെടുത്തതെന്ന് സുധികുമാര്‍ പറഞ്ഞു.





MathrubhumiMatrimonial