NagaraPazhama

തമ്പുരാട്ടിമാര്‍ക്ക് 'കൂട്ടിരിപ്പ്' അവസാനിപ്പിച്ച ആദ്യ വിവാഹം

Posted on: 14 Feb 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



നഗരപ്പഴമ

ഇന്ന് വിവാഹച്ചടങ്ങുകള്‍ എത്ര ലളിതമാണ്. വന്‍ പന്തലുകള്‍ കെട്ടലിന്റെയും ആഴ്ചകളോളം നിലനില്‍ക്കുന്ന സല്‍ക്കാരങ്ങളുടെയും ആനപ്പുറത്ത് വരന്റെ പട്ടണ പ്രദക്ഷണത്തിന്റെയും ദിവസങ്ങളോളം നടക്കുന്ന നാദസ്വരക്കച്ചേരികളുടെയും കാലം കഴിഞ്ഞു. ഒരു കാലത്ത് വിവാഹങ്ങളോടനുബന്ധിച്ച് അനന്തപുരിയില്‍ നടന്നിരുന്ന മത്സര നാദസ്വരക്കച്ചേരികളെപ്പറ്റി പഴമക്കാര്‍ക്ക് ഓര്‍മയുണ്ട്. അക്കാലത്ത് നാദസ്വരക്കാര്‍ കച്ചേരിയുമായി നഗരം ചുറ്റുമായിരുന്നു. സദ്യയെക്കാള്‍ ഈ കച്ചേരിയുടെ നിലവാരമനുസരിച്ചാണ് വിവാഹത്തെ ആളുകള്‍ വിലയിരുത്തിയിരുന്നത്. നഗരം മറക്കാത്ത വിവാഹങ്ങള്‍ രാജകീയ കുടുംബങ്ങളിലേതാണ്. 'പള്ളിക്കെട്ട്' എന്നാണ് രാജകീയ വിവാഹങ്ങളെ വിളിച്ചിരുന്നത്. നഗരവാസികള്‍ കണ്ടിട്ടുള്ള പ്രധാന പള്ളിക്കെട്ട് കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടേതാണ്. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ സഹോദരി കാര്‍ത്തിക തിരുനാളിനെ വിവാഹം ചെയ്തത് കേരളത്തില്‍െറ 'സ്‌പോര്‍ട്‌സ് ശില്പി' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട കേണല്‍ ഗോദവര്‍മ രാജയായിരുന്നു. ഇപ്പോള്‍ തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ പുതിയ സ്ഥാനീയനായ ശ്രീമൂലം തിരുനാളിന്റെ അമ്മയാണ് കാര്‍ത്തികതിരുനാള്‍. അവരുടെ പള്ളിക്കെട്ട് അനന്തപുരിയെ മാത്രമല്ല, തിരുവിതാംകൂറിനെ മുഴുവന്‍ ഇളക്കിമറിച്ച ഉത്സവമായിരുന്നു. കോട്ടയ്ക്കകത്ത് സുന്ദരവിലാസം കൊട്ടാരം മുഴുവന്‍ പടിഞ്ഞാറേക്കോട്ടവരെ വിസ്തൃതമായ സ്ഥലങ്ങളിലെല്ലാം വിവാഹത്തോടനുബന്ധിച്ച് പന്തലും മറ്റ് വേദികളും ഉയര്‍ന്നിരുന്നു. ആ പന്തല്‍ കാണാന്‍ തന്നെ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. ആനപ്പുറത്താണ് വരന്‍ ഗോദവര്‍മ്മ രാജ എത്തിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും കേരളത്തിലേയും തെക്കേ ഇന്ത്യയിലേയും രാജകുടുംബാംഗങ്ങളും പള്ളിക്കെട്ടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രാജഭരണം അവസാനിച്ചതിനാല്‍ അത്തരം പള്ളിക്കെട്ടുകള്‍ ഇപ്പോള്‍ ഓര്‍മ മാത്രമായി.

ഇന്ന് ഹിന്ദുവിവാഹങ്ങള്‍ക്ക് ആദ്യം നോക്കുന്നത് ജാതകപ്പൊരുത്തമാണ്. മഹേന്ദ്രപ്പൊരുത്തം, സ്ത്രീദീര്‍ഘപ്പൊരുത്തും, രാശിപ്പൊരുത്തം, രാശ്യാധിപ്പൊരുത്തം, വേധം, വശ്യപ്പൊരുത്തം, രജ്ജു തുടങ്ങിയ പൊരുത്തങ്ങള്‍ ആണ് പ്രധാനമായും നോക്കുക. ആറോ, ഏഴോ പൊരുത്തങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉത്തമം എന്ന് ജ്യോത്സ്യന്മാര്‍ വിധിയെഴുതും. ക്രിസ്ത്യാനികളും മറ്റ് മതവിഭാഗക്കാരും ജാതകം നോക്കാറില്ല. ഹിന്ദുക്കളുടെ വിവാഹത്തിന് പ്രാദേശികമായി പല പേരും ഉണ്ട്. വേളി, പട്ടും പരിവട്ടവും നല്‍കല്‍, പുടമുറി, മുണ്ടുകൊട തുടങ്ങിയവ ഇതില്‍ ചിലതാണ്. രാജാക്കന്മാരുടെ വിവാഹത്തിനെ 'പട്ടും പരിവട്ടവും നല്‍കല്‍' എന്നും ബ്രാഹ്മണ വിവാഹത്തെ 'വേളി' എന്നും പറയുന്നു. കേരളത്തിലെ സാമൂഹ്യചരിത്രം പരിശോധിച്ചാല്‍ ഓരോ കാലഘട്ടത്തിലും ഓരോ സമുദായത്തിലും പ്രത്യേകം പ്രത്യേകം വിവാഹസമ്പ്രദായങ്ങളുണ്ടായിരുന്നുവെന്ന് കാണാം. വിവാഹ സമ്പ്രദായങ്ങളുടെ പരിഷ്‌ക്കരണങ്ങള്‍ക്കുവേണ്ടി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ എത്രയെത്ര പോരാട്ടങ്ങളാണ് നടത്തിയിട്ടുള്ളത്. ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവുമെല്ലാം ഈ രംഗത്ത് നടത്തിയ ശ്രമങ്ങള്‍ കേരളചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. മുമ്പ് കുടുംബങ്ങളെ കുളംകോരുന്ന ചടങ്ങുകളായിരുന്നു വിവാഹം. ഇതില്‍ പ്രധാനമായിരുന്നു കെട്ടുകല്യാണം. ഹിന്ദു സമുദായത്തിലെ പല ജാതിക്കാരും കെട്ടുകല്യാണം നടത്താറുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതിന് മുമ്പാണ് കെട്ടുകല്ല്യാണം നടത്തിയിരുന്നത്. പെണ്‍കുട്ടികളെ ഒരേ പന്തലില്‍ ഒന്നിച്ചിരുത്തിയാണ് ഒരാള്‍ താലികെട്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ഋതുമതിയായശേഷമാണ് മറ്റൊരാള്‍ യഥാര്‍ഥ വിവാഹം നടത്തിയിരുന്നത്. കെട്ടുകല്യാണത്തില്‍ വന്‍ തുകയാണ് ഓരോ കുടുംബവും ചെലവഴിച്ചിരുന്നത്. കെട്ടുകല്യാണം, ഋതുമതി കല്യാണം (തിരണ്ടുകല്ല്യാണം), മരണാനന്തര ചടങ്ങ്, പുലകുളി തുടങ്ങിയ ചെലവ് പലകുടുംബങ്ങളേയും തകര്‍ത്തിട്ടുണ്ട്. കേരള സമൂഹത്തില്‍ വളരെയേറെ വിമര്‍ശന വിഷയമായ വിവാഹ സമ്പ്രദായം ആയിരുന്നു സംബന്ധം. നമ്പൂതിരി സമുദായത്തിലെ മൂത്തയംഗത്തിന് മാത്രമേ അവരുടെ ജാതിയില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ നായര്‍ കുടുംബങ്ങളിലോ മറ്റ് ഉയര്‍ന്ന ജാതിയിലോ സംബന്ധം കൂടുകയായിരുന്നു പതിവ്. എന്നാല്‍ ഇതില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തില്‍ നിന്നും ഒന്നും ലഭിക്കാനോ, അച്ഛന്‍ എന്ന് വിളിക്കാന്‍ കുട്ടികള്‍ക്കോ അവകാശമില്ലായിരുന്നു. ഇത്തരം അയഞ്ഞ വിവാഹ സമ്പ്രദായങ്ങള്‍ക്കെതിരെ പില്‍ക്കാലത്ത് പ്രതിഷേധം ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ദായക്രമം, വിവാഹം എന്നിവ സംബന്ധിച്ച് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളില്‍ പുതിയ നിയമങ്ങളുണ്ടായത്. ഈ നിയമങ്ങള്‍ മരുമക്കത്തായ സമ്പ്രദായങ്ങളെ തകര്‍ക്കുകയും വിവാഹം രജിസ്റ്റര്‍ ചെയ്യാനും കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തില്‍ അവകാശം ലഭിക്കാനും വഴി തെളിച്ചു. അതുപോലെ ബഹുഭാര്യത്വം നിയമവിരുദ്ധമാക്കി. തിരുവിതാംകൂറിലെ 1912 ലെ നായര്‍ ആക്ട്, 1925 ലെ രണ്ടാം നായര്‍ ആക്ട്, ഈഴവ ആക്ട്, 1926 ലെ നാഞ്ചിനാടു വെള്ളാള്ള ആക്ട്, 1920 ലെ കൊച്ചി നായര്‍ റെഗുലേഷന്‍, 1937- 1938 ലെ കൊച്ചി നായര്‍ ആക്ട്, 1933 ലെ മദിരാശി മരുമക്കത്തായം ആക്ട്, 1939 ലെ മാപ്പിള മരുമക്കത്തായം ആക്ട്, 1933 ലെ മദിരാശി നമ്പൂതിരി ആക്ട് തുടങ്ങിയ എത്രയോ നിയമങ്ങള്‍ കേരള സമൂഹത്തിലെ ദായക്രമത്തിനും വിവാഹ രീതികള്‍ക്കും മാറ്റം വരുത്തി.

കൊല്ലവര്‍ഷം 1109 മിഥുന മാസം (ഇംഗ്ലീഷ് വര്‍ഷം 1933) തലസ്ഥാനത്തെ പത്രങ്ങളില്‍ വന്ന കൗതുകരമായ ഒരു വാര്‍ത്ത ഉണ്ട്. അതിന്റെ ശീര്‍ഷകം ഇതാണ്- 'കൊട്ടാരങ്ങളില്‍ കൂട്ടിരിപ്പ് മതിയാക്കുന്നു'. കൊട്ടാരങ്ങളിലെ ക്ഷത്രിയ സ്ത്രീകളുടെ വിവാഹത്തെയാണ് 'കൂട്ടിരിപ്പ്' എന്ന് പറഞ്ഞിരുന്നത്. കോയിത്തമ്പുരാന്‍മാരുടെ കുടുംബങ്ങളില്‍ നമ്പൂതിരിമാര്‍ കൂട്ടിരിക്കുന്ന രീതി അവസാനിപ്പിക്കുന്നതിന് തുടക്കംകുറിച്ചതായിട്ടാണ് പത്രറിപ്പോര്‍ട്ടില്‍ കാണുന്നത്. കിളിമാനൂര്‍ കൊട്ടാരത്തിലെ ശാരദാഭായിയും പരപ്പനാട് വലിയ രാജയുടെ മകന്‍ മാവേലിക്കര എം.വി.ആര്‍. വര്‍മയും തമ്മിലുള്ള വിവാഹമാണ് അന്ന് നടന്നത്. കുടുംബങ്ങളില്‍ നമ്പൂതിരിമാരെ കൂട്ടുന്നരീതി അവസാനിപ്പിച്ച് ആദ്യമായി നടന്ന വിവാഹത്തില്‍ രാജകുടുംബാംഗങ്ങളും ക്ഷത്രിയ, ബ്രാഹ്മണ സമുദായ യോഗക്ഷേമ പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും അടങ്ങുന്ന ധാരാളം ആളുകള്‍ പങ്കെടുത്തിരുന്നു. വധുവരന്മാര്‍ പരസ്പരം പൂമാല അണിയുക, മോതിരം മാറുക തുടങ്ങിയ ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മാമൂലുകളെ എതിര്‍ത്ത് ആദ്യമായി നടന്ന വിവാഹം എന്ന നിലയിലാണ് ഇത് ശ്രദ്ധപിടിച്ചുപറ്റിയത്.





MathrubhumiMatrimonial