
ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പച്ചക്കറിത്തോട്ടം
Posted on: 22 Feb 2008

യാത്രക്കാരെ കാത്തിരിക്കുന്ന ഇടവേളകളിലാണ് വെണ്ടയും കൈപ്പയും ചീരയും പരിചരിക്കുന്നതിന് ഇവര്‍ സമയം കണ്ടെത്തുന്നത്. കരുവന്‍തിരുത്തി വാകേരി സുബ്രഹ്മണ്യനാണ് കൂട്ടായ്മയുടെ നേതാവ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് ഇവരുടെ കൃഷി.
സ്‌റ്റേഷന്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കുമ്പോഴാണ് സ്ഥലത്ത് പച്ചക്കറികൃഷി തുടങ്ങാമെന്ന ആശയമുദിച്ചത്. അധികൃതരില്‍നിന്ന് പ്രോത്സാഹനവും അനുമതിയും ലഭിച്ചതോടെ ഇവര്‍ ഒഴിവുസമയങ്ങള്‍ പൂര്‍ണ്ണമായും കൃഷിക്കുവേണ്ടി മാറ്റിവെക്കുകയായിരുന്നു.
ഇതിനകം 18 കിലോ ചീര, ആറുകിലോ വെണ്ട, നാലുകിലോ പയര്‍ എന്നിവ വിളവെടുത്തു. വിളവ് പങ്കിട്ടെടുക്കുകയാണ് പതിവ്. പച്ചക്കറി വിളവെടുപ്പ് കഴിഞ്ഞാല്‍ ഇവിടെ പൂന്തോട്ടം നിര്‍മ്മിക്കാനാണ് ഇവരുടെ പരിപാടി.
