വടക്കത്തെ അകത്തളത്തിലിന്നും മുഴങ്ങുന്നുണ്ട് ആമിയുടെ ചിരിയൊച്ചകള്‍

Posted on: 01 Jun 2009


ആനക്കര: ആമിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ സങ്കടംകൊണ്ട് വിതുമ്പുന്ന ഹൃദയവുമായി ഒച്ചയനക്കങ്ങളില്ലാതെ നിശ്ശബ്ദമാണ് ആനക്കര വടക്കത്ത് വീട്. ആമിയുടെ ചിരികള്‍വീണുടഞ്ഞ ഇടനാഴികളും ചുവടുകള്‍പതിഞ്ഞ നടുമുറ്റവും ആമി നീന്തിത്തുടിച്ചുരസിച്ച പച്ചക്കുളവുമെല്ലാം ഇവിടത്തെ കാരണവരായ ജി. സുശീലയുടെ ഓര്‍മയിലിപ്പോള്‍ സങ്കട ചിത്രങ്ങളാണ്. തന്നേക്കാള്‍ പ്രായംകൊണ്ട് ഇളയവളായ കമല ബാല്യകാലസ്മരണകളെന്ന സ്വന്തം കൃതിയെ ആസ്​പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണത്തിന് വടക്കത്ത് വീട്ടിലെത്തിയതും മൂന്ന് ദിനരാത്രങ്ങള്‍ ഒത്തുകഴിഞ്ഞതും പിന്നെ പല അവധിക്കാലങ്ങളിലും ഒത്തുചേര്‍ന്നതും ശതാഭിഷേകം കഴിഞ്ഞ അമ്മയുടെ ഉള്ളിലെ ക്ലാവുപിടിക്കാത്ത ഓര്‍മകളാണ്. അടിമുടിപൂത്ത ചെമ്പകംപോലെയായിരുന്നു ആമിയുടെ വടക്കത്തേക്കുള്ള വരവെന്ന് സുശീലാമ്മ ഓര്‍ക്കുന്നു.

ആരും കൊതിക്കുന്ന സൗന്ദര്യവും സംസാരവുമായി ആമി വടക്കത്തുവീടിനെ മണിക്കൂറുകള്‍ക്കകം കീഴടക്കും. ആനക്കരയിലെ പുഞ്ചപ്പച്ചകളിലൂടെ ദാവണിക്കാരിയായ കമല പൂത്തുമ്പിപോലെ പാറിനടന്നതും വീട്ടുപണിക്കായി വന്ന മുത്തശ്ശിമാര്‍ക്ക് വെറ്റിലയും പാക്കും നല്‍കി ആമി അവരുടെ മുറുക്കാന്‍കൂട്ട് മണക്കുന്ന കഥകള്‍ കേട്ടിരിക്കുന്നതും ഇന്നും സുശീലാമ്മയുടെ ഓര്‍മകളില്‍ പച്ചച്ച് നില്‍ക്കുന്നു. എം.ടി.ലോകസാഹിത്യ ഭൂപടത്തില്‍ വരച്ചുചേര്‍ത്ത കൂടല്ലൂരും നിളയും തേടിപ്പോയ ആമി പുറയിമ്പിലും ആറ്റുവഞ്ചിക്കാട്ടിലും തോണിപ്പുരയിലുംവെച്ച് സ്വന്തം കവിതകള്‍ ചൊല്ലി. അവയെല്ലാം എഴുതപ്പെടാതെപോയ കുറെ അമ്മമാരുടെ വേദനകളാണെന്ന് ആമി പറഞ്ഞു. നാട്ടിലെ കുട്ടികള്‍ക്കൊപ്പം കണ്ണാന്തളിപ്പൂതേടി നടന്നും കണ്ണാരംപൊത്തിക്കളിച്ചും ആമി കുട്ടികളെക്കാള്‍ ചെറുതായി. തന്റെ കഥകളാല്‍ അവരെ വിരുന്നൂട്ടി. വര്‍ണവളകളും റിബ്ബണും പൊട്ടും ഒക്കെ നല്‍കി അവരെ പാട്ടിലാക്കി.

ആമിയുടെ ബാല്യകാലം പുന്നയൂര്‍ക്കുളത്തെ തറവാട്ടുവീട്ടില്‍വെച്ച് ചിത്രീകരിക്കാനാണ് സിനിമക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ആ തറവാട് നശിച്ചു പോയതിനാല്‍ അതിനുള്ള ഭാഗ്യം വടക്കത്ത് വീടിന് വന്നുചേരുകയായിരുന്നു. മഴയുടെ വഴികളില്‍ മിഴിനട്ടും മഴയുടെ ശ്രുതികേട്ടും എത്രനേരം വേണമെങ്കിലും മഴയില്‍ ലയിച്ചിരിക്കുന്ന ആമിക്ക് വടക്കത്ത് വീടിന്റെ നടുമുറ്റത്തോടായിരുന്നു ഏറ്റവും പ്രിയം. ജി.സുശീലയുടെ വീട്ടുകാരുമായി കല്‍ക്കത്തയില്‍ പഠിക്കുന്ന കാലത്തുള്ള ബന്ധമാണ് ആമിയെ വടക്കത്ത് വീട്ടിലെത്തിച്ചത്. പിന്നീട് ജി. സുശീല സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ജീവിതത്തിന്റെ പല വഴികളിലൂടെ മാറിനടക്കുകയും ചെയെ്തങ്കിലും ആമി സാഹിത്യരംഗത്ത് ഉറച്ചുനിന്നു. നടുമുറ്റത്തെ ചാരുപടിയിലിരുന്ന് ആമിയെക്കുറിച്ച് പറയുമ്പോള്‍ ജി.സുശീലയ്ക്ക് തൊണ്ടയിടറുകയും മിഴികള്‍ നനയുകയും ചെയ്യുന്നു. 'ഒരു പൂക്കാലം പോയപോലെ'യെന്ന് അവര്‍ പറഞ്ഞുനിര്‍ത്തുന്നു.



MathrubhumiMatrimonial