പന്നിപ്പനിബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു

Posted on: 17 May 2009


പന്നിപ്പനിയെന്നറിയപ്പെടുന്ന എച്ച്1എന്‍1 പനി ഇന്ത്യയിലും എത്തിയതായി സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍നിന്ന് കഴിഞ്ഞ മെയ് 13-ന് ഹൈദരാബാദിലെത്തിയ 23-കാരനെ ഈ വൈറസ് ബാധിച്ചിട്ടുള്ളതായാണ് വ്യക്തമായത്.

ന്യൂഡല്‍ഹിയില്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസി (എന്‍.ഐ.സി.സി) ല്‍ നടത്തിയ പരിശോധനയുടെ ഫലം മെയ് 16-നാണ് പുറത്തുവന്നത്. പൂണെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) യില്‍ നടത്തിയ പരിശോധനയിലും എച്ച്1എന്‍1 വൈറസിന്റെ സാന്നിധ്യം സ്ഥരീകരിച്ചിട്ടുണ്ട്.

ബ്ലൂമിങ്ടണില്‍ ഇന്‍ഡ്യാന സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ യുവാവാണ്, രോഗലക്ഷണങ്ങളോടെ ഹൈദരാബാദിലെത്തിയത്. എറഗഡ്ഡയിലെ ഗവണ്‍മെന്റ് ജനറല്‍ ആന്‍ഡ് ചെസ്റ്റ് ഹോസ്​പിറ്റിലലില്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുയാണ് രോഗിക്ക്. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവര്‍ മുന്‍കരുതലെടുക്കാന്‍, വിമാനക്കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ക്കൂടി എത്തിയതോടെ പന്നിപ്പനിബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ എണ്ണം 36 ആയി. ലോകത്താകമാനം 8451 പേരെ എച്ച്1എന്‍1 വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രോഗംമൂലം മരിച്ചവരുടെ സംഖ്യ 72 ആയി. അമേരിക്കയില്‍ മാത്രം 4714 പേരെ പന്നിപ്പനി ബാധിച്ചിട്ടുണ്ട്.






MathrubhumiMatrimonial