NagaraPazhama

ഉള്ളവനും ഇല്ലാത്തവനും

Posted on: 12 Dec 2013

അഡ്വ. ടി.ബി. സെലുരാജ്‌



ഒഃരല്പം സന്തോഷത്തിലാണ് ഞാന്‍. അങ്ങ് വടക്ക് ഇന്ദ്രപ്രസ്ഥത്തില്‍ അരാഷ്ട്രീയവാദികളെന്ന് മുദ്രകുത്തപ്പെട്ട എ.എ.പി.ക്കാര്‍ 70-ല്‍ 29 സീറ്റ്‌നേടിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റു പോലും ഇക്കൂട്ടര്‍ക്ക് കിട്ടില്ലെന്നായിരുന്നു മുഖ്യാധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വെല്ലുവിളി. എന്നാല്‍, അദ്ഭുതങ്ങള്‍ കാഴ്ചവെച്ചുകൊണ്ടാണ് കെജ്‌രിവാള്‍ എന്ന വിദ്യാസമ്പന്നന്‍ ഈ വെല്ലുവിളിയെ സ്വീകരിച്ചത്. രാഷ്ട്രീയനേതൃത്വം കോടികള്‍ സമ്പാദിച്ചുകൂട്ടുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാമിപ്പോള്‍. 'ലച്ചം ലച്ചം പിന്നാലെ...' എന്ന ധൈര്യത്തിലാണിക്കൂട്ടര്‍ ഈ വൃത്തികേടുകളൊക്കെ ചെയ്തുകൂട്ടുന്നത്.



ഇന്ദ്രപ്രസ്ഥത്തിലെ 'ലച്ച'ങ്ങള്‍ രാഷ്ട്രീയനേതൃത്വത്തിന്റെ ഈ അഴിമതിക്ക് കൂട്ടുനിന്നില്ല. അഴിമതിക്കെതിരെ അവര്‍ വിധിയെഴുതി. ഇത് ഇന്ദ്രപ്രസ്ഥത്തിന്റെ കഥ. നമ്മുടെ ഈ കൊച്ചുകേരളത്തിലും അഴിമതി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മാഫിയ-ഗുണ്ട-രാഷ്ട്രീയ കൂട്ടുകെട്ട് അനുദിനം വര്‍ധിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും അവിശുദ്ധ കൂട്ടുകെട്ടിലും! പാവം പൊതുജനങ്ങള്‍ അന്വേഷിക്കുന്നത് ഇപ്പോള്‍ ഒന്നേയുള്ളൂ-എന്നാണ് അഴിമതിയില്ലാത്ത വിദ്യാസമ്പന്നരായവരുടെ നേതൃത്വം ഞങ്ങളെ നയിക്കുക? ഇന്നത്തെ രാഷ്ട്രീയം നമുക്ക് സമ്മാനിക്കുന്നത് രാഷ്ട്രീയനേതൃത്വത്തിന്റെ സമ്പന്നത മാത്രമാണ്. 'ദേവാസുരം' സിനിമയിലെ ഒരു സംഭാഷണ ശകലം നമുക്കുവേണമെങ്കില്‍ ഇങ്ങനെ മാറ്റിയെഴുതാം: ''മടുത്തെടോ വാര്യരേ, ഈ രാഷ്ട്രീയം...'' അഴിമതിക്കും അവിശുദ്ധ കൂട്ടുകെട്ടിനുമെതിരെ ഈ കൊച്ചുകേരളത്തിലും ഒരന്തിക്രിസ്തുവോ കല്‍ക്കി അവതാരമോ അവതരിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.
ഇന്നത്തെ രാഷ്ട്രീയം നമുക്ക് സമ്മാനിക്കുന്നത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരംതന്നെയാണ്. ബ്രിട്ടീഷ് ഭരണകാലത്തും ഈ അന്തരം ഇവിടെ നിലനിന്നിരുന്നു. മലബാര്‍ പോലീസ് മലബാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു സമ്പന്നന്റെ വീട്ടിലെ കളവുമുതലുകളുടെ പട്ടികയാണിവിടെ കൊടുത്തിരിക്കുന്നത്. അതോടൊപ്പം അവര്‍ പ്രസിദ്ധപ്പെടുത്തിയ പാവപ്പെട്ടവന്റെ മൃതശരീരത്തില്‍നിന്ന് കിട്ടിയ സാധനസാമഗ്രികളുടെ ഒരു പട്ടികയും ചേര്‍ക്കുന്നു. അന്തരം നിങ്ങള്‍തന്നെ ശ്രദ്ധിക്കുക. അക്കാലത്ത് നിലവിലുണ്ടായിരുന്ന ആഭരണങ്ങളുടെ പേരും നമുക്ക് ഇതില്‍നിന്ന് മനസ്സിലാക്കാം.

സുബ്രായ കിണി എന്നയാളുടെ വീട്ടില്‍നിന്നും 1878 ഏപ്രില്‍ 7-ാം തിയ്യതി കളവുപോയ മുതലുകളുടെ പട്ടിക.
1) ഏകദേശം നൂറ് ഹൂണ്‍സ് തൂക്കമുള്ള പൊന്നുകൊണ്ടുള്ള നെവള എന്ന ആഭരണത്തിന്-500 രൂപ, (2) വയിരം വെച്ച സ്വര്‍ണം കൊണ്ടുള്ള മോതിരം - 200 രൂപ, (3) വയിരം വെച്ച സ്വര്‍ണം കൊണ്ടുള്ള മോതിരം-50 രൂപ, (4) വയിരം വെച്ച സ്വര്‍ണം കൊണ്ടുള്ള മോതിരം-100 രൂപ, (5) വയിരം വെച്ച സ്വര്‍ണം കൊണ്ടുള്ള മോതിരം-100 രൂപ, (6) വയിരം വെച്ച സ്വര്‍ണം കൊണ്ടുള്ള മോതിരം - 50 രൂപ, (7) വയിരം വെച്ച സ്വര്‍ണം കൊണ്ടുള്ള മോതിരം-150 രൂപ, (8) ചെറിയ കല്ലുവെച്ച മേപ്പടി ഒരു മോതിരം-60 രൂപ, (9) വയിരം വെച്ച ഒരു ജോഡി കടുക്കന്-60 രൂപ, (10) ചുകന്ന കല്ലുവെച്ച ഒരു ജോഡി മുക്കുത്തിക്ക്-750 രൂപ, (11) സ്ത്രീകള്‍ ധരിക്കുന്നതായ പൊന്നുകൊണ്ടുള്ള അരമുറുക്കി - 100 രൂപ, (12) സ്വര്‍ണംകൊണ്ടുണ്ടാക്കിയതായ കര്‍ഗാട്ട എന്ന ചങ്ങലയ്ക്ക്-170 രൂപ, (13) കഴുത്തില്‍ കെട്ടുന്ന പൊന്നുകൊണ്ടുള്ള മണിക്കൂട്ടത്തിന്-40 രൂപ, (14) വരിയില്‍ പൊന്നുകൊണ്ടുള്ള കടുണി എന്ന കഴുത്തില്‍കെട്ട്-75 രൂപ, (15) മണികള്‍ കൊണ്ടുള്ള ഒരു വലിയ കഴുത്തിലിടുന്നതിന്-60 രൂപ, (16) ഗജറ്റിക്കി എന്നു വിളിക്കുന്ന ഒരു പൊന്‍ കഴുത്തില്‍കെട്ടിന് - 86 രൂപ, (17) ചൊളക്കി എന്നു പറയുന്ന കൈയിലിടുന്ന ആഭരണം-16 രൂപ, (18) ദൊര്‍ എന്നു പറയുന്ന ആഭരണം-28 രൂപ, (19) കുട്ടികള്‍ ഉപയോഗിക്കുന്നതായ വങ്കി എന്നൊരു ജോഡിക്ക്-16 രൂപ, (20) ഹിമ്പള എന്നു പറയുന്ന ഒരു ജോഡി വള പൊന്നുകൊണ്ടുള്ളത്-150 രൂപ, (21) പൊന്നുകൊണ്ടുള്ള പൂക്കളും പൊന്‍മണിയും കൂടിയ തലയില്‍ ഉപയോഗിക്കുന്ന ആഭരണം-40 രൂപ, (22) വങ്കി എന്നു പറയുന്ന ഒരു ജോഡി പൊന്നുകൊണ്ടുള്ള വള-250 രൂപ, (23) ബാജു ബനു എന്നു പറയുന്ന വള-200 രൂപ, (24) ടാറ്റി എന്ന പൊന്നുകൊണ്ടുള്ള കാതിലുള്ള സാധനത്തിന്-70 രൂപ, (25) നസ്രിസ്സ് എന്നു പറയുന്ന ഈജിപ്ഷ്യന്‍ നാണയംകൊണ്ടുള്ള മാല - 200 രൂപ, (26) കരപ്പുല എന്ന ഒരു ജോഡി കാതിലിടുന്ന സാധനത്തിന്-200 രൂപ, (27) കട്ടാനി എന്നു പറയുന്ന ആറുവരിയിലുള്ള പൊന്നുകൊണ്ട് കഴുത്തില്‍ കെട്ടുന്ന മാല-100 രൂപ, (28) വെള്ളികൊണ്ടുള്ള വിഷ്ണുഭാഗം എന്ന സാധനത്തിന്-35 രൂപ, (29) മെസ എന്നു പറയുന്ന ഈജിപ്ഷ്യന്‍ നാണയങ്ങളോടുകൂടിയ പൊന്‍മാല-186 രൂപ, (30) റൊക്കം ഉറുപ്പിക-3500, (31) വെള്ളികൊണ്ടുള്ള കരടിക എന്ന സാധനത്തിന്-10 രൂപ, (32) മേപ്പടി സാധനം അല്പം ചെറിയതിന്-5 രൂപ, (33) വെള്ളികൊണ്ടുള്ള കണ്ണാടിക്ക്-15 രൂപ, (34) ചെറിയ രണ്ട് കരണ്ടി-8 രൂപ, (35) വലിയ കയില്‍-15 രൂപ, (36) വെള്ളികൊണ്ടുള്ള ചെറിയ കിണ്ണം-12 രൂപ, (37) വെള്ളിനൂല്‍ കൊണ്ടുണ്ടാക്കിയ സഞ്ചി-12 രൂപ, (38) വെള്ളി ചങ്ങലയും മണികളോടും കൂടിയ ചൊലക്കി എന്ന സാധനം-60 രൂപ, (39) പൊന്നുകൊണ്ടുള്ള കണ്ടസരം, ചക്രസരം, മദ്രിബെല്‍ എന്നു പറയുന്ന ഒരുകൂട്ടം, പവിഴക്കല്ലുകളും മണികളും കൂടിയ കഴുത്തില്‍ കെട്ടും മാല - 500 രൂപ, (40) കാപ്പ് എന്നു പറയുന്ന ഒരു ജോഡി ആഭരണവും, കാതിലിടുന്ന ആഭരണങ്ങളും കുരജികള്‍ മണികള്‍ ഒരു കാല്‍വ ഇതകള്‍ കോര്‍ത്തതായ ഒരു കഴുത്തുകെട്ടും-400 രൂപ, (41) നെവള എന്നുപറയുന്ന വെള്ളികൊണ്ടുള്ള സാധനത്തിന്-100 രൂപ, (42) കഴുത്തില്‍ കെട്ടുന്ന ഗെജറ്റിക് എന്ന പൊന്നാഭരണത്തിന്-30 രൂപ, (43) പാല എന്നുപറയുന്ന ഒരു ജോഡി പൊന്നാഭരണത്തിന് - 36 രൂപ, (44) കാതിലിടുന്ന പൊന്നുകൊണ്ടുള്ള ഹല്‍ക്കത്തിന് 46 രൂപ, (45) വയിരക്കല്ലുവെച്ച് ഒരു ജോഡി പൊന്‍കടുക്കന് -135 രൂപ, വെള്ളികൊണ്ടുള്ള തളികയ്ക്ക്-36 രൂപ, (46) കവള്‍ഗെ എന്നു പറയുന്ന വെള്ളികൊണ്ടുള്ള പാത്രം-18 രൂപ, (47) നെവള എന്ന ഒരു ജോഡി പൊന്നാഭരണത്തിന്-250 രൂപ. ഈ സമ്പന്നതയുടെ വ്യക്തരൂപം കിട്ടണമെങ്കില്‍ അന്നത്തെ ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ മാസശമ്പളം 10 രൂപയായിരുന്നുവെന്നുകൂടി മനസ്സിലാക്കണം. ഇതേ പോലീസുതന്നെ മറ്റൊരു പരസ്യവും കൊടുത്തുകാണുന്നു. വഴിയില്‍ക്കിടന്ന് മരിച്ച ഒരനാഥന്റെ മൃതശരീരത്തില്‍നിന്ന് കിട്ടിയ വസ്തുവഹകളുടെ പട്ടികയാണിത്.

പൊടി നിറച്ച ഒരളുക്ക്, നടക്കാനുപയോഗിക്കുന്ന ഒരു വടി, ഒരൊറ്റ മുണ്ട്, ഒരു പ്രാര്‍ഥനാപുസ്തകം, ഒരു ജപമാല.
ഈ 21-ാം നൂറ്റാണ്ടിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. ഇവിടെയാണ് ആം ആദ്മി പോലുള്ള പാര്‍ട്ടികളുടെ പ്രസക്തി.



MathrubhumiMatrimonial