ഛിന്നഭിന്നമായ കുഞ്ഞുടുപ്പുകള്‍

Posted on: 13 May 2009

ടി.ഡി.രാമകൃഷ്ണന്‍



വംശീയവെറി മരണം വിതയ്ക്കുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് ശ്രീലങ്കയിലെ ബുദ്ധിജീവികള്‍. സ്വന്തം ജീവനുപോലും യാതൊരു സുരക്ഷയുമില്ലാത്ത ഈ സാഹചര്യത്തില്‍ അവര്‍ പൂര്‍ണ്ണമായി നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങളും എഴുത്തുകാരും കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്യുന്നു. ഈ സാഹചര്യത്തോട് പ്രതികരിക്കുകയാണ് ശ്രീലങ്കന്‍ യുവ തമിഴ് എഴുത്തുകാരികളില്‍ ശ്രദ്ധേയയായ ഫഹീമാ ജഹാന്‍.


ഒരു എഴുത്തുകാരിയെന്ന നിലയില്‍ ശ്രീലങ്കയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ എങ്ങനെയാണ് കാണുന്നത്?

ഇപ്പോഴത്തെ ശ്രീലങ്കന്‍ രാഷ്ട്രിയം വംശീയ വികാരങ്ങള്‍ക്ക് ആധിപത്യമുള്ള ഒന്നായിട്ടാണ് കാണപ്പെടുന്നത്. സിംഹള വംശീയവാദത്തിന്‍േറയും ബുദ്ധപീഠങ്ങളുടേയും അഭിലാഷങ്ങള്‍ നിറവേറ്റുന്ന ഒരു സ്ഥാപനമായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. ഭാവിയിലും അതില്‍ കാര്യമായ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനായി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നതാണ് കാണുന്നത്. പ്രസിഡന്റ് രാജപക്‌സേയുടെ കുടുംബാംഗങ്ങളാണ് പല പ്രധാനപ്പെട്ട അധികാരകേന്ദ്രങ്ങളിലുമുള്ളത്. അവര്‍ അധികാരം മുഴുവന്‍ ആഘോഷിച്ച് തിമര്‍ക്കുകയാണ്. രാജ്യത്തെ സുരക്ഷാസേനയുടെ എല്ലാവിഭാഗങ്ങളേയും അവരാണ് നിയ ന്ത്രിക്കുന്നത്. അവര്‍ എന്തുപറയുന്നോ അത് ചെയ്യുന്ന കാവല്‍പ്പട്ടികളായി പോലീസ് മാറിയിരിക്കുന്നു. തട്ടിപ്പും അഴിമതിയും കുറ്റകൃത്യങ്ങളും ചെയ്യുന്നവരുടെ ഒരു കൂട്ടമായി ഗവണ്‍മെന്റും അവരുടെ പങ്കാളികളും മാറിയിരിക്കുന്നു. 'മനുഷ്യാവകാശ വീണ്ടെടുപ്പ്' എന്നു പറഞ്ഞ് സ്വന്തം രാജ്യത്തെ ജനങ്ങളെ ദിവസേന കൊന്നൊടുക്കുന്ന ഒരു നേതൃത്വവും അതിനെ പിന്താങ്ങുന്ന വംശീയവാദത്തിന്റെ സിദ്ധാന്തങ്ങളുമാണ് ഇന്ന് ഈ ദ്വീപിനെ ഭരിക്കുന്നത്. ഞങ്ങളുടെ സ്വപ്നഭൂമി സര്‍ക്കാര്‍ സൈന്യം കൈവശപ്പെടുത്തി സിംഹളക്കൊടി പറപ്പിക്കുന്ന കാഴ്ച സര്‍ക്കാര്‍ ടെലിവിഷനില്‍ കാണിക്കുമ്പോള്‍ വംശീയവാദികള്‍ തെരുവിലിറങ്ങി പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നു. വടക്ക് വന്നി മണ്ണില്‍ ജനങ്ങളുടെ ഉടലുകള്‍ ചിതറിക്കിടക്കുമ്പോള്‍ തെക്ക് സിംഹളര്‍ പട്ടാളത്തെ പുകഴ്ത്തി തെരുവിലിറങ്ങി ആരവം മുഴക്കുന്നു. പ്രകടനങ്ങള്‍ നടത്തുന്നു. ഇതിനെല്ലാം തുടക്കം കുറിച്ചത് സര്‍ക്കാര്‍ തന്നെയാണ്. കിഴക്ക് കുടുമി മലൈ പ്രദേശത്തെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നപ്പോള്‍ അത് ദേശീയ ഉത്സവമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ സ്വന്തം സ്ഥാപനങ്ങളോടും ജനങ്ങളോടും നിര്‍ദ്ദേശിച്ചു. സിംഹളരുടെ സംസ്‌കാരമനുസരിച്ച് പാച്ചോറ്, അതിരസം മുതലായവ പെട്ടെന്ന് ഉണ്ടാക്കി വിതരണം ചെയ്ത് നാടെങ്ങും അത് ആഘോഷിക്കാന്‍ ദൃശ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ ജനങ്ങളോടഭ്യര്‍ഥിച്ചു.

ഈ രാജ്യം വളരെ മോശമായ സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍. രാജ്യത്തെ ഇന്ധനവില കുറക്കുന്നതിനായി കോടതി സര്‍ക്കാരിനെ നിര്‍ബ്ബന്ധിക്കുന്ന അവസ്ഥയാണിവിടെ. സര്‍ക്കാരിനെതിരായ സമരങ്ങളിലേര്‍പ്പെടുന്നവര്‍ കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ വളരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. രാഷ്ട്രീയക്കാരുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ് എല്ലാം നടക്കുന്നത്. പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കുകയും സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്യിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയം ഭാവിയിലേക്കായി ശാപങ്ങള്‍ മാത്രമാണ് നല്‍കുന്നത്.

'ഇനി പ്രതീക്ഷയ്ക്ക് വക നല്‍കുന്ന യാതൊന്നും ബാക്കിയില്ലേ?

ഇല്ല. യാതൊന്നുമില്ല. വംശീയവാദത്തിന്റെ ഘോഷങ്ങളാണ് ഇവിടെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനെയാണ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത്. മാധ്യമങ്ങളെയെല്ലാം വളരെ ശക്തമായി അടിച്ചമര്‍ത്തിയിരിക്കുന്നു. യുദ്ധത്തിനെതിരായ ഒരഭിപ്രായവും ഊഹങ്ങളിലൂടെയല്ലാതെ പുറത്ത് കേള്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണിവിടെ. മാധ്യമങ്ങളും തങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ നുണകളെ പ്രചരിപ്പിക്കുന്ന ജോലി അവര്‍ വളരെ സമര്‍ഥമായി ചെയ്തുകൊണ്ടിരിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരെ സര്‍ക്കാര്‍ യാതൊരു വിഷമവുമില്ലാതെ കൊന്നൊടുക്കുന്നു. സമാധാന ശ്രമങ്ങളെല്ലാം കൈവിട്ട് പോയിരിക്കുന്നു. സര്‍ക്കാര്‍ ഇനിയൊരിക്കലും സമാധന ചര്‍ച്ചകള്‍ നടത്താന്‍ പോകുന്നില്ല. തമിഴരുടെ അവകാശങ്ങള്‍ക്കായി ആര് സംസാരിച്ചാലും അല്ലെങ്കില്‍ പ്രവര്‍ത്തിച്ചാലും മരണം അവരെ കാത്തിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗം ഇങ്ങനെ കൊല്ലപ്പെടുന്നത് സിംഹള ഭൂരിപക്ഷത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. യുദ്ധം എങ്ങനെയും മുന്നോട്ട് കൊണ്ടുപോകണമെന്ന ചിന്തയാണ് എല്ലാവരുടെ സിരകളിലും ഓടിക്കൊണ്ടിരിക്കുന്നത്. അടുത്ത കാലത്തായി ജനങ്ങളെ രക്ഷാകവചമാക്കി പുലികള്‍ നടത്തുന്ന ആക്രമണങ്ങള്‍ മറിച്ച് ചിന്തിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഈ സ്ഥിതിയില്‍ സമാധാനത്തെക്കുറിച്ചോ ശാന്തിയെ ക്കുറിച്ചോ ഒരു ശബ്ദവും ഉയരാന്‍ പോകുന്നില്ല.

ഇപ്പോള്‍ വടക്ക് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ മനുഷ്യാവകാശ വീണ്ടെടുപ്പ് തന്നെയാണ് സര്‍ക്കാര്‍ കിഴക്കിലും മുന്‍പ് നടത്തി അവസാനിപ്പിച്ചത്. കിഴക്ക് ഭാഗത്തെ ജനങ്ങളെ പുലികളുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് അവര്‍ക്ക് സമാധാനം നല്‍കിയെന്നാണ് തെക്ക് പ്രചരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കിഴക്ക് കൊലയും കുറ്റകൃത്യങ്ങളും ദിവസേ ന വര്‍ദ്ധിച്ച് വരികയാണ്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ വളരെ പ്ലാന്‍ ചെയ്ത് സിംഹള കുടിയേറ്റവും അധിനിവേശവും നടപ്പാക്കുന്നു. പരമ്പരാഗതമായി തമിഴരുടേയും മുസ്‌ലിങ്ങളുടേയുമായിരുന്ന നിലങ്ങള്‍ അപഹരിക്കുകയും ആ ജനങ്ങള്‍ക്കവകാശപ്പെട്ട കടല്‍ വന സമ്പത്തുകളെ ചൂഷണം ചെയ്യുകയും അത്തരം സമ്പത്തുകള്‍ വിദേശ കു ത്തകകള്‍ക്ക് പണയപ്പെടുത്തി പണമുണ്ടാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ കിഴക്ക് നടപ്പാക്കിയ കാര്യങ്ങള്‍ വളരെ മോശമായ ഒരു ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതുപോലെ കിഴക്കില്‍ തമിഴര്‍ക്കും മുസ്‌ലിങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ചുവരുന്ന രണ്ട് സര്‍വ്വകലാശാലകളില്‍ വളരെയധികം സിംഹള വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് വംശീയ വാദികളുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. വംശീയവാദികളുടെ വളരെ തന്ത്രപൂര്‍വ്വമുള്ള പദ്ധതിയനുസരിച്ച് കിഴക്ക് പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളോട് ചേര്‍ന്ന് തമിഴ്, മുസ്‌ലിം സമൂഹങ്ങളുടെ വിദ്യാഭ്യാസ സാംസ്‌കാരിക വളര്‍ച്ചയിലും പലതരം തടസങ്ങളേര്‍പ്പെടുത്തി അവരെ പടിപടിയായി അടിച്ചമര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഇതുപോലെയുള്ള അല്ലെങ്കില്‍ ഇതിലും മോശമായ ഒരു ഭാവികാലമാണ് വടക്കും വരാന്‍ പോകുന്നത്.

ഭാവിയില്‍ വയലന്‍സിനും അശാന്തിക്കും വേണ്ട എല്ലാ പിന്നണി പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് എന്ത് പ്രതീക്ഷയാണ് വെച്ചു പുലര്‍ത്താന്‍ കഴിയുക?

പ്രതിപക്ഷത്തും പ്രതീക്ഷ തരാവുന്ന ഒരു നേതൃത്വമില്ല. യുദ്ധത്തെ തള്ളിപ്പറഞ്ഞ് സമാധാനത്തിന് വേണ്ടി വാദിക്കുന്ന ഒരു നേതൃത്വത്തെ എവിടെയും കാണാനില്ല. ന്യൂനപക്ഷങ്ങളെ അംഗീകരിക്കാനും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും തയ്യാറുള്ള ഒരു നേതാവും പ്രതിപക്ഷത്തില്ല.

ശ്രീലങ്കയുടെ ഭരണഘടനയനുസരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള അവകാശം ഭൂരിപക്ഷ സിംഹള വംശജര്‍ക്ക് മാത്രമാണ്. ശ്രീലങ്കന്‍ ഭരണഘടനയുടെ രണ്ടാമദ്ധ്യായം ബുദ്ധമതത്തിന് മാത്രമായി നീക്കിവെച്ചിരിക്കു കയാണ്. അതില്‍ 'ശ്രീലങ്കന്‍' റിപ്പബ്ലിക്കില്‍ ബുദ്ധമതത്തെ ഒന്നാം മതമായി കണക്കാക്കണം' എന്നതിനോട് ചേര്‍ത്ത് ബുദ്ധശാസനങ്ങളെ സംരക്ഷിക്കലും പ്രചരിപ്പിക്കലും സര്‍ക്കാരിന്റെ നിര്‍ബ്ബന്ധമായ കടമയായിരിക്കും എന്നും പറയുന്നുണ്ട്.

സിംഹളരില്‍ നിന്ന് ആര്‍ പ്രസിഡന്റായി വന്നാലും വംശീയവാദികളാല്‍ നിയന്ത്രിക്കപ്പെടുന്ന ബുദ്ധപീഠങ്ങളെ തൃപ്തിപ്പെടുത്തുന്നവരായിരിക്കും. അദ്ദേഹത്തെ സിംഹള വംശീയവാദവും ബുദ്ധപീഠങ്ങളും നിയന്ത്രിക്കും. ഭരണഘടന തന്നെ വംശീയവാദത്തിന് അനുകൂലമായിട്ടാണ് എഴുതിവെച്ചിരിക്കുന്നത്. രാജ്യത്തിലെ അശാന്തിക്ക് ഇതാണ് യഥാര്‍ഥ കാരണം.

'ഈ പ്രശ്‌നത്തിന്റെ മൂലകാരണമെന്താണ്?

ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതലുണ്ടായിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ ഇത്ര ശക്തമായ പൊട്ടി ത്തെറിയിലേക്കെത്തിയത്. നീണ്ടകാലമായി വംശീയ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമായിട്ടാണ് അതൊരു പോരാട്ടമായി മാറിയത്. 1977 ല്‍ അധികാരത്തില്‍ വന്ന ഡചജ യുടെ കാലം മുതല്‍ക്ക് തന്നെ സായുധ പോരാട്ടങ്ങള്‍ ആരംഭിച്ചിരുന്നു. വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ ഡിമാന്‍ഡുകളേയും അതിനോട് ചേര്‍ന്ന് നടന്ന പോരാട്ടങ്ങളേയും ഭീകരവാദമെന്നും വിഘടനവാദമെന്നും സര്‍ക്കാര്‍ അടയാളപ്പെടുത്തി. ഇത് പരിഹരിക്കുന്നതിനായി പട്ടാളത്തെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. അത് പലപ്പോഴും തമിഴര്‍ക്കെതിരായിട്ടാണ് പ്രയോഗിക്കപ്പെട്ടത്.

1978 മുതല്‍ പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ അധികാരം മുഴുവനും ഒരേ വ്യക്തിയില്‍ കേന്ദ്രീകരിച്ചു. ജനാധിപ ത്യാവകാശങ്ങള്‍ ചവുട്ടിമെതിക്കപ്പെട്ടു. അതോടെ political violence ശക്തി പ്രാപിക്കാന്‍ തുടങ്ങി. ജാഫ്‌ന ലൈബ്രറി കത്തിച്ചതും ജാഫ്‌ന വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വകലാശാല പ്രവേശനത്തിന് ഉയര്‍ന്ന ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനവെച്ചതുമെല്ലാം യുവാക്കളെ ഗവണ്‍മെന്റിനെതിരെ അണിനിരത്തി. അതിന് ശേഷം ചില പട്ടാളക്കാര്‍ വടക്കില്‍ വെച്ച് കൊല ചെയ്യപ്പെട്ടപ്പോള്‍ തമിഴര്‍ക്കെതിരായ വംശീയ കലാപം രാജ്യം മുഴുവന്‍ കെട്ടഴിച്ചു വിടപ്പെട്ടു. 1983 ലെ ആടി കലാപത്തില്‍ രാജ്യത്തെങ്ങുമുള്ള പാവപ്പെട്ട തമിഴരെ മുഴുവനും തേടി തേടി ചെന്ന് കൊന്നൊടുക്കി. തമിഴരുടെ സ്വത്ത് മുഴുവനും കൊള്ളയടിക്കപ്പെട്ടു. ജയിലിലടയ്ക്കപ്പെട്ട തമിഴര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഇതിന് ശേഷം സിംഹള വെറിയന്മാരില്‍ നിന്ന് തങ്ങള്‍ക്ക് രക്ഷ വേണമെങ്കില്‍ സ്വന്തമായി ഒരു സ്വതന്ത്ര രാജ്യം വേണമെന്ന കാര്യത്തില്‍ എല്ലാ തമിഴരും അഭിപ്രായ വ്യത്യാസമി ല്ലാതെ ഒറ്റക്കെട്ടായി. അപ്പോള്‍ അക്കാലത്ത് ഉയര്‍ന്ന് വന്ന സായുധ സംഘങ്ങള്‍ തങ്ങളുടെ പൊതുവായ ലക്ഷ്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ ഐക്യം ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയതിനാല്‍ തങ്ങളുടെ ഇന്റലിജെന്‍സ് ഏജെന്‍സിയുടെ സഹായത്തോടെ ഇന്ത്യ പ്രസ്ഥാനങ്ങളുടെ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടെ പ്രസ്ഥാനങ്ങള്‍ക്കിടയിലുടലെടുത്ത ഐക്യം തകരുകയും അവര്‍ പരസ്​പരം ഏറ്റുമുട്ടാന്‍ തുടങ്ങുകയും ചെയ്തു. ആ സ്ഥിതിയില്‍ തമിഴര്‍ക്കായി ഒരു മാതൃരാജ്യം നേടിയെടുക്കാനുള്ള ശക്തി തങ്ങള്‍ക്ക് മാത്രമേയുള്ളൂ എന്ന അവകാശവാദവുമായി പുലികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മറ്റ് പ്രസ്ഥാനങ്ങള്‍ക്ക് പുലികള്‍ നിരോധനമേര്‍പ്പെടുത്തി. അത് ലംഘിച്ചവര്‍ കൊല ചെയ്യപ്പെട്ടു. ഇവിടെ ഞാന്‍ ചില പ്രധാന വിഷയങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞാന്‍ ജനിക്കുന്നതിന് മുന്‍പേ വളര്‍ന്ന് വലുതായ ഒരു പ്രശ്‌നമാണിത്. എനിക്ക് ഓര്‍മവെച്ച കാലം മുതല്‍ എപ്പോഴും കൊലകള്‍ നടക്കുന്ന ഒരു രാജ്യമാണിത്. ഏതൊരു പ്രശ്‌നവും ഇവിടെ പരിഹരിക്കപ്പെടുന്നത് പടുകൊലകളിലൂടെയാണ്.

'ഒരിക്കലും തിരിച്ചുപോകാന്‍ പറ്റാത്ത ഇന്നത്തെ സ്ഥിതിയിലേക്ക് ഇതെങ്ങിനെയാണ് എത്തിച്ചേര്‍ന്നത്?

ഇതിനുള്ള ഉത്തരം എളുപ്പത്തില്‍ ഒന്നോ രണ്ടോ വാചകത്തില്‍ പറയാന്‍ കഴിയില്ല. നമുക്ക് വംശീയ കലാപത്തിലേക്ക് തന്നെ വരാം. 2002 ല്‍ പ്രസിഡന്റായിരുന്ന റെനില്‍ വിക്രമസിംഗെയും പുലികളുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരനും ചേര്‍ന്ന് നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ തമിഴര്‍ ഒരുവിധം സമാധാനത്തോടെ ജീവിക്കുകയായിരുന്നു. അഭയാര്‍ഥികളായി ജീവിച്ചിരുന്ന ജനങ്ങള്‍ സ്വന്തം വീടുകള്‍ കെട്ടി വൈദ്യുതി, ഇന്ധനം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സംഭരിച്ച് പുതിയൊരു ലോകത്തെ സ്വപ്നം കണ്ടുകൊണ്ട് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ അവര്‍ക്ക് ലഭിച്ച സമാധാനപരമായ ജീവിതം അധികകാലം നീണ്ടുനിന്നില്ല.

ഈ വെടി നിര്‍ത്തല്‍ സാഹചര്യം ഉപയോഗപ്പെടുത്തി സ്ഥിരമായ സമാധാനത്തിന്റെ പാത സൃഷ്ടിക്കുന്നതില്‍ തമിഴ് ജനത പരാജയപ്പെട്ടു. രാജ്യം വിട്ട് അഭയാര്‍ഥികളായി താമസിക്കുന്ന തമിഴര്‍ സമാധാനം സ്ഥാപിക്കുന്നതില്‍ വലിയ താത്പര്യം കാണിച്ചില്ല. അവര്‍ ഈ സമാധാനത്തെ ഭീതിയോടെയാണ് കണ്ടത്. മാതൃരാജ്യത്തില്‍ സമാധാനമു ണ്ടായാല്‍ ശ്രീലങ്കയിലേക്ക് തിരിച്ചയയ്ക്കപ്പെട്ടേക്കുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുപേക്ഷിച്ച് യുദ്ധത്തില്‍ നശിച്ച് പാപ്പരായ നാട്ടിലേക്ക് മടങ്ങി വന്ന് ജീവിക്കുന്നതില്‍ നിന്ന് അവര്‍ പിന്‍വാങ്ങി. എന്നാല്‍ അവര്‍ക്ക് തമിഴീഴം ആവശ്യമായിരുന്നു. അവര്‍ക്ക് ഭാവനയില്‍ ജീവിക്കാനായി അത്തരമൊരു രാജ്യം ആവശ്യമായിരുന്നു.

സമാധാനകാലം കണ്ട് ആയുധവ്യാപാരികളും വളരെ വിഷമിച്ചു. ഇവരെ തൃപ്തിപ്പെടുത്താന്‍ സമാധാനത്തിന് കഴിയില്ല. പാവപ്പെട്ട ജനങ്ങളെ ഉപയോഗിച്ച് യുദ്ധം നടത്തുന്നവര്‍ക്കും ആ യുദ്ധത്തില്‍നിന്ന് ആദായമുണ്ടാക്കുന്നവര്‍ക്കും സമാധാനം തുടരുന്നതില്‍ താത്പര്യമില്ലായിരുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെ ജനാധിപത്യത്തെ മുന്‍നിര്‍ത്തിയും മഹീന്ദ രാജപക്‌സെ തമിഴീഴത്തെ നിരാകരിച്ച് ഏകരാഷ്ട്രത്തെ മുന്‍നിര്‍ത്തിയും പോരാടി. തിരഞ്ഞെടുപ്പ് ദിവസം വടക്ക് ഭാഗത്തെ ജനങ്ങളെ പുലികള്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായും അത് അനുസരിക്കാതെ വോട്ട് ചെയ്ത ഒരാളുടെ കൈ വെട്ടിക്കളഞ്ഞതായുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. വടക്കുള്ള ജനങ്ങള്‍ വോട്ട് ചെയ്തിരുന്നെങ്കില്‍ ഇന്ന് റെനില്‍ വിക്രമസിംഗെ തന്നെയായിരിക്കും പ്രസിഡന്റായി തുടര്‍ന്നിരിക്കുക. എന്നാല്‍ തമിഴ് ജനത ഇത്തരമൊരു വംശീയ ഉന്മൂലനം നേരിടേണ്ടി വരുമായിരുന്നില്ല.
ജനാധിപത്യപരമായ രീതികള്‍ തങ്ങളുടെ അധികാരത്തെ ബലഹീനമാക്കുമെന്ന് കരുതി റെനില്‍ ഭരണത്തില്‍ വരാന്‍ പുലികള്‍ ആഗ്രഹിച്ചില്ല. മറിച്ച് തമിഴീഴമെന്ന ആവശ്യത്തെ നിരാകരിച്ച് പോരാടിയ മഹീന്ദ രാജപക്‌സെ പ്രസിഡന്റായി വരാനാണ് ആഗ്രഹിച്ചത്. വീണ്ടും യുദ്ധം തുടങ്ങുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. തമിഴീഴത്തിനു വേണ്ടിയുള്ള അവസാന യുദ്ധം എന്ന് പറഞ്ഞ് അവര്‍ ആയുധങ്ങളും പണവും ശേഖരിക്കുകയായിരുന്നു. ഒരു പൂര്‍ണ്ണമായ യുദ്ധത്തിന് വേണ്ടി അവര്‍ തയ്യാറെടുക്കുകയായിരുന്നു.

തല്‍ക്കാലത്തേക്ക് ശമിച്ചിരുന്ന സ്റ്റേറ്റ് ടെററിസം മഹീന്ദയുടെ വരവോടെ വീണ്ടും കെട്ടഴിച്ച് വിടപ്പെട്ടു. ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട ഒരു പ്രശ്‌നം തീര്‍ക്കാനായി പുലികളും സര്‍ക്കാരും വീണ്ടും വയലന്‍സിന്റെ വഴി സ്വീകരിച്ച് പരസ്​പരം ഏറ്റുമുട്ടാന്‍ തുടങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ നിരപരാധികളായ ബുദ്ധമതക്കാരെ ലക്ഷ്യമാക്കി പുലികള്‍ ബോംബാക്രമണം നടത്താന്‍ തുടങ്ങിയപ്പോള്‍ അതിനു പകരമായി ആയിരക്കണക്കിന് നിരപരാധികളായ തമിഴരെ കൊല്ലാനുള്ള പദ്ധതികള്‍ സര്‍ക്കാരും നടപ്പാക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് സമാധാനം ഉദിച്ചുയരാന്‍ തുടങ്ങിയല്ലോ എന്നാശ്വസിച്ച സാധാരണ ജനങ്ങളുടെ അവസാനത്തെ വിശ്വാസവും നശിപ്പിച്ചു കൊണ്ട് യുദ്ധമെന്ന പിശാച് വീണ്ടും താണ്ഡവമാടാന്‍ തുടങ്ങിയത്.

'ശ്രീലങ്കയില്‍ ഈ യുദ്ധത്തിനെതിരായ എന്തെങ്കിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടോ?

മഹീന്ദ അധികാരത്തില്‍ വരുന്നതിന് മുമ്പ് അത്തരം ചില കാര്യങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ യുദ്ധത്തെ പിന്തുണച്ച് കൊണ്ടുള്ള ആഹ്ലാദ പ്രകടനങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ. യുദ്ധത്തിനെതിരായി ഒരു പ്രകടനം നടത്തുന്നതിന് ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവര്‍ അടുത്ത ദിവസം ജീവനോടെയിരിക്കുമെന്ന് സ്വപ്നം പോലും കാണാന്‍ പറ്റാത്ത സ്ഥിതിയാണിവിടെ.

'ശ്രീലങ്കയിലെ ഹൃറവാവരറുമാ വാഹറവ ഇതിനോട് പ്രതികരിക്കുന്നതെങ്ങനെയാണ്?

കൃറവാവരറുമാ വാഹറവ ന് യുദ്ധത്തിലൂടെ ഈ രാജ്യത്ത് സമാധാനം വരാന്‍ പോകുന്നില്ലെന്ന് നന്നായിട്ടറിയാം. എന്നാല്‍ ശ്രീലങ്ക വളരെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായതിനാല്‍ അവിടെ യുദ്ധത്തിനെതിരായ അഭിപ്രായങ്ങളും സര്‍ക്കാരിനെതിരായ അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നതിന് ഇടം ലഭിക്കാറില്ല. അത് ലംഘിച്ച് പ്രവര്‍ത്തിച്ചവര്‍ കൊലചെയ്യപ്പെടുകയാണ് പതിവ്. ചിലര്‍ ജീവരക്ഷയ്ക്കായി അന്യരാജ്യങ്ങളിലേക്ക് ര ക്ഷപ്പെടും. ഈ സാഹചര്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ആര്‍ക്കും ഇവിടെ സമാധാനമായി ജീവിക്കാന്‍ കഴിയില്ല. തമിഴ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന രണ്ട് പ്രധാനപ്പെട്ട സര്‍വ്വകലാശാലകളായ കിഴക്കും വടക്കുമുള്ള യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍ പദവി പോലും ഇവിടെ ജീവന് ഭീഷണിയുള്ള സ്ഥിതിയിലാണ്. പുലികളെ പിന്തുണയ്ക്കുന്നവരെ മാത്രമെ ഈ പദവികളില്‍ നിയമിക്കാന്‍ പറ്റൂ. അല്ലാത്തവരെ തട്ടിക്കൊണ്ടുപോവുകയോ ഭീഷണിപ്പെടുത്തി രാജിവെപ്പിക്കുകയോ ചെയ്യും. ഇപ്പോള്‍ കിഴക്ക് സര്‍വ്വകലാശാലയില്‍ സിംഹള വിദ്യാര്‍ഥികളുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനെ തുടര്‍ന്ന് ഏറ്റുമുട്ടലുകളും. ഒരു സിംഹള വിദ്യാര്‍ഥി അവിടെ കൊലചെയ്യപ്പെട്ടു. സര്‍വകലാശാലകളില്‍പ്പോലും വംശീയ ഏറ്റുമുട്ടലുകള്‍ നടക്കുന്ന സാഹചര്യമാണിവിടെ.

ഈ യുദ്ധം കാര്യമായി ബാധിച്ചിരിക്കുന്ന മറ്റൊരു ന്യൂനപക്ഷം മുസ്‌ലിങ്ങളാണ്. പരേതനായ മുസ്‌ലിം കോണ്‍ഗ്രസ് നേതാവ് ങ ഃ ങ അഷറഫ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി തെക്ക് കിഴക്ക് സര്‍വ്വകലാശാല സ്ഥാപിച്ചിരുന്നു. അവിടെ കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് മുസ്‌ലിം ദേശപ്രകടനം എന്ന പരിപാടി പൊതുജനങ്ങളുടെ പിന്തുണയോടെ നടന്നു. അതിന് ശേഷം ആ സര്‍വ്വകലാശാലയ്ക്കും ഗ്രഹണമാരംഭിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളരെയധികം സിംഹള വിദ്യാര്‍ഥികള്‍ അവിടെ പ്രവേശിപ്പിക്കപ്പെട്ടു. അവര്‍ വന്ന ഉടന്‍തന്നെ ഒരു ബുദ്ധവിഹാരം നിര്‍മിക്കാനുള്ള അനുവാദമാണ് വാങ്ങിയത്. അതിനെ തുടര്‍ന്ന് അവിടെ വമ്പിച്ച പട്ടാള സാന്നിദ്ധ്യമുണ്ടായി. സര്‍വകലാശാലയുടെ അതിര്‍ത്തിക്കുള്ളില്‍തന്നെ മിലിട്ടറി ഔട്ട് പോസ്റ്റ് സ്ഥാപിക്കപ്പെട്ടു.

ഇതൊരു സാധാരണ പ്രവൃത്തിയല്ല. ഇതിന് പിന്നില്‍ എന്തോ ചതി ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് കിഴക്കുള്ള മുസ്‌ലിങ്ങള്‍ ഭയപ്പെടുന്നു. സര്‍ക്കാരിന്റെ ീഹൗസമാമഹീമറഹ്ൃ, കിഴക്ക് സിംഹള കുടിയേറ്റം നടപ്പാക്കുക മുതലായ പദ്ധതികളുടെ തുടക്കമായാണ് സര്‍വകലാശാലകളിലെ ഈ നടപടികള്‍. സര്‍ക്കാര്‍ വംശീയവാദികളുടെ പിന്തുണയോടെ നിരവധി കൊല്ലത്തേക്കുള്ള പദ്ധതി തയ്യാറാക്കി നടപ്പാക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ഇവിടത്തെ ബുദ്ധി ജീവികള്‍ വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു വശത്തും പുലികളുടെ ഹിറ്റ് ലിസ്റ്റ് മറുവശത്തു മായി ശ്രീലങ്കയിലെ ബുദ്ധിജീവികളെ നിസ്സഹായരാക്കിയിരിക്കുകയാണ്.

'ഈ ഈഴപ്പോരാട്ടത്തില്‍ ഫഹീമയുടെ വ്യക്തിപരമായ അനുഭവമെന്താണ്?

ഇവ വ്യക്തിപരമായ അനുഭവങ്ങളാണെന്ന് പറയാന്‍ വയ്യ. ഞാന്‍ 1998- 2000 കാലഘട്ടത്തില്‍ കിഴക്കാണ് താമസിച്ചിരുന്നത്. അപ്പോള്‍ അവിടെയും ഏറ്റുമുട്ടലുകള്‍ നടന്നുകൊണ്ടിരുന്നു. വയലുകളില്‍ ജോലിക്ക് പോയിരുന്ന മുസ്‌ലിങ്ങള്‍ കൊല ചെയ്യപ്പെട്ടിരുന്നു. ആ ശവശരീരങ്ങള്‍ ട്രാക്ടറുകളില്‍ കയറ്റിയാണ് ആശുപത്രികളിലേക്ക് കൊണ്ടുവന്നത്. മോര്‍ച്ചറിയില്ലാത്ത ആ ആശുപത്രിയില്‍ ആ ശവശരീരങ്ങള്‍ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന ചില സുഹൃത്തുക്കളെ കാണാന്‍ പോയപ്പോഴാണ് ഈ ദയനീയമായ കാഴ്ച ഞാന്‍ കണ്ടത്. രാത്രി അയല്‍ ഗ്രാമങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടക്കും. ആ സന്ദര്‍ഭങ്ങളില്‍ കൂട്ടുകാര്‍ എന്നെ പേടിപ്പിക്കും. ഞാന്‍ സിംഹള പ്രദേശത്ത് നിന്ന് അവിടേക്ക് പോയിരുന്നതിനാല്‍ പട്ടാളമെന്ന് കേട്ടാല്‍ എനിക്കത്ര ഭയമൊന്നുമില്ലായിരുന്നു. പരിശോധനാ കേന്ദ്രങ്ങളില്‍പ്പോലും എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഞങ്ങളുടെ ഭാഗത്ത് പട്ടാളത്തിന് ജനങ്ങള്‍ക്കിടയില്‍ മാന്യതയുണ്ടായിരുന്നു. എന്നാല്‍ പുലികളെയോര്‍ത്ത് ഭയന്നു. പുലികള്‍ എങ്ങനെയാണ് ജനങ്ങളെ കൊലപ്പെടുത്തുന്നതെന്ന് കൂട്ടുകാര്‍ പറഞ്ഞുകൊണ്ടിരുന്നു. വെടിയൊച്ചകള്‍ കേള്‍ക്കുമ്പോള്‍ ഞാനും കൊല ചെയ്യപ്പെടുമെന്ന ഭയപ്പാടോടെ പേടിച്ച് വിറച്ച് രാത്രി മുഴുവനും കഴിച്ചുകൂട്ടിയിട്ടുണ്ട്. എന്റെ തമിഴ് , മുസ്‌ലിം സുഹൃത്തുക്കളില്‍ ചിലരുടെ ജീവിതവും യുദ്ധംകാരണം വളരെ മോശമായി ബാധിക്കപ്പെട്ടിട്ടുണ്ട്.

'ഫഹീമയുടെ ചെറുപ്പകാലത്തെക്കുറിച്ച് പറയാമോ?

ഞാന്‍ വടക്കന്‍ പ്രവിശ്യയിലെ ഒരു സുന്ദരമായ കൊച്ചുഗ്രാമത്തില്‍ ജനിച്ച് അമ്മമ്മയോടൊപ്പമാണ് വളര്‍ന്നത്. ആ വീട്ടില്‍ ഞാനും അമ്മമ്മയും മാത്രമേയുണ്ടായിരുന്നുള്ളൂ. ഗ്രാമത്തില്‍ മറ്റ് കുട്ടികളില്‍നിന്ന് കുറച്ച് വ്യത്യസ്തമായാണ് ഞാന്‍ വളര്‍ത്തപ്പെട്ടത്. നല്ലവണ്ണം ശ്രദ്ധിക്കുന്ന കുടുംബ പശ്ചാത്തലത്തില്‍ വളരുന്ന കുട്ടികള്‍ക്കുള്ള പ്രശ്‌നങ്ങള്‍ എനിക്കുമുണ്ടായിരുന്നു. വളരെ സ്വതന്ത്രവും സന്തോഷകരവുമായ കുട്ടിക്കാലമാണ് അമ്മമ്മയുടെ നിഴലില്‍ എനിക്ക് ലഭിച്ചത്. രാത്രികളില്‍ അമ്മമ്മയുടെ ജീവിതത്തില്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെയും വാമൊഴി കഥകളും കേട്ടുകൊണ്ടാണ് ഞാന്‍ ഉറങ്ങുക. നല്ലതങ്ക കഥയുള്‍പ്പെടെ അമ്മമ്മ എനിക്ക് ധാരാളം കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്. ഞാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുമ്പോള്‍, ' ഇതൊക്കെ ആരെങ്കിലും പുസ്തകങ്ങളില്‍ എഴുതിവെച്ചിട്ടുണ്ടാവും- 'തേടി വായിക്ക് ' -എന്ന് അമ്മമ്മ പറയും. പിന്നീട് വലുതായപ്പോള്‍ ഞാന്‍ നല്ലതങ്ക വെബില്‍ വായിച്ചു. അമ്മമ്മ പറഞ്ഞു തന്നതില്‍ കൂടുതലായി ഒരു വിവരവും എനിക്കതില്‍ നിന്ന് ലഭിച്ചില്ല.

മഴക്കാലത്ത് പുറത്ത് കളിക്കാന്‍ പറ്റില്ല. അതിനാല്‍ അമ്മമ്മയുടെ അനുവാദത്തോടെ അമ്മയുടെ പുസ്തകങ്ങളെടുത്ത് വായിക്കും. അവ ഇരുന്നപോലെ വെക്കണമെന്ന ആജ്ഞ കൃത്യമായി പാലിക്കണം. എന്നാലും അവയെടുത്ത് വായിക്കാനുള്ള എന്റെ ആഗ്രഹം കൂടുകയായിരുന്നു.
ഞാന്‍ ജീവിച്ചിരുന്നത് സിംഹള പ്രദേശത്തായിരുന്നു. വായിക്കുന്ന പത്രം, വീട്ടിന് പുറത്തുള്ളവരുമായി സംസാരിക്കുന്ന ഭാഷ അങ്ങനെയെല്ലാം സിംഹളമായിരുന്നു. വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരെയുള്ള ലൈബ്രറിയില്‍ നിന്ന് തമിഴ് പുസ്തകങ്ങളെടുത്ത് വായിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ഞാന്‍ കവിതയെഴുതാന്‍ തുടങ്ങിയത്. കവിത എന്നിലേക്ക് താനേ വരികയായിരുന്നു. ആരും എന്നെ എഴുതാന്‍ പ്രേരിപ്പിച്ചില്ല. ഞാന്‍ സ്വയമങ്ങ് എഴുതാന്‍ തുടങ്ങി. പത്ത് വയസ്സുവരെ നാട്ടിലെ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് 15 വയസ്സ് വരെ നഗരത്തിലെ സ്‌കൂളില്‍ പഠിച്ചു. പിന്നീട് സയന്‍സില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കാനുള്ള പള്ളിക്കൂടമൊന്നും ഞങ്ങളുടെ സ്ഥലത്തില്ലാത്ത തിനാല്‍ പുറത്ത് പോയി പഠിക്കേണ്ടി വന്നു. അമ്മമ്മയെ പിരിയുന്നതും എനിക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷനും അധ്യാപികയുടെ ജോലിയും ഒരുമിച്ച് ലഭിച്ചപ്പോള്‍ സര്‍വകലാശാലയില്‍ ചേര്‍ന്നാല്‍ നാട്ടില്‍ നിന്ന് സ്ഥിരമായി പിരിഞ്ഞിരിക്കേണ്ടിവരുമല്ലോ എന്ന് കരുതി അധ്യാപികയായി ജോലിക്ക് ചേര്‍ന്നു. ഇപ്പോള്‍ സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെ ജീവിക്കുകയും ചെയ്യുന്നു.

സിംഹള ഭൂരിപക്ഷമുള്ള ഒരു പ്രദേശത്താണ് എന്റെ നാട്. ഇവിടെ എഴുതാനുള്ള സാഹചര്യമൊന്നുമില്ല. തമിഴ് പുസ്തകങ്ങളോ മാസികകളോ ഇവിടെ കിട്ടില്ല. അവ ഞാന്‍ പുറത്തെവിടെയെങ്കിലും നിന്ന് സമ്പാദിക്കണം. എന്റെ കവിതകളാണ് എനിക്ക് സുഹൃത്തുക്കളെ സമ്പാദിച്ച് തന്നത്. ഇതുവരെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ലാത്തവരാണ് എന്റെ സുഹൃത്തുക്കളിലധികവും.

'ശ്രീലങ്കന്‍ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥിതിയെന്താണ്?

പള്ളിക്കൂടങ്ങളെ എടുത്തു നോക്കിയാല്‍ എല്ലാ രംഗത്തും ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളാണ്. ശ്രീലങ്കയില്‍ സ്ത്രീകള്‍ സ്വതന്ത്രമായാണ് ജീവിക്കുന്നത്. പെണ്ണടിമത്തവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ഇവിടെ അത്ര ഉയര്‍ന്ന നിലയിലില്ല. എന്നാലും അവികസിത രാജ്യങ്ങളിലെ പൊതുവായി ചില ദുരിതങ്ങള്‍ ഈ രാജ്യത്തെ സ്ത്രീകള്‍ക്കുമുണ്ട്. വരദക്ഷിണ പ്രശ്‌നം (സ്ത്രീധനം) വടക്കും അതിലേറെ കിഴക്കും കാണപ്പെടുന്നുണ്ടെങ്കിലും മറ്റ് പ്രദേശങ്ങളില്‍ അത്രയ്ക്കില്ല. ഭൂരിപക്ഷം സിംഹള സ്ത്രീകളും എന്തെങ്കിലും ജോലിയിലേര്‍പ്പെടുന്നുണ്ട്. ഒരുവിധം സാമ്പത്തിക സ്ഥിതിയുള്ള സ്ത്രീകളില്‍ ഭൂരിഭാഗവും വിവാഹശേഷം കുടുംബത്തിലേക്ക് ഒതുങ്ങുന്നു. ദരിദ്ര കടുംബങ്ങളിലെ സ്ത്രീകളും യുവതികളും വീട്ടിജോലിക്കാരായി വിദേശത്തേക്ക് പോകുന്നതിനാല്‍ അവരുടെ കുടുംബങ്ങള്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇങ്ങനെ പോകുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും സാമ്പത്തികമായി വലിയ നേട്ടമൊന്നുമുണ്ടാക്കുന്നില്ല. മാത്രമല്ല ഭര്‍ത്താവ് കുട്ടികള്‍ എന്നിവരുമായുള്ള അവരുടെ ബന്ധം തകര്‍ന്ന് പോവുകയാണ് പതിവ്. ഇങ്ങനെ വീട് വിട്ട് പോകുന്ന അമ്മമാരുടെ കുട്ടികളുടെ ഭാവി നശിച്ച് പോകുന്നു. അത്തരം കുട്ടികള്‍ പള്ളിക്കൂടങ്ങളിലും അതിന് ശേഷം അവരെത്തിച്ചേരുന്ന ഇടങ്ങളിലും പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. തങ്ങളുടെ കുടുംബ സമാധാനം നഷ്ടപ്പെട്ടവരായിട്ടാണ് ഈ സ്ത്രീകള്‍ ജീവിക്കേണ്ടി വരുന്നത്. പെണ്ണുങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വന്നാല്‍ ഈ പ്രശ്‌നത്തിന് മാറ്റമുണ്ടാകും. അവരുടെ ജീവിത നിലവാരവും കുടുംബ സമാധാനവും മെച്ചപ്പെടും.

'യുദ്ധം നടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ സ്ഥിതിയെന്താണ്?

യുദ്ധത്തില്‍ വിധവകളായ സ്ത്രീകളുടെ എണ്ണം വളരെ അധികമാണ്. സ്വന്തം കുട്ടികളോടെ ഇവര്‍ അനാ ഥരാക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തില്‍ തങ്ങളുടെ മാതാപിതാക്കളെ, സഹോദരന്മാരെ, ഭര്‍ത്താക്കന്മാരെയൊക്കെ നഷ്ടപ്പെട്ട കിഴക്ക് പ്രദേശത്തെ ഭൂരിപക്ഷം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളും വീട്ടുജോലിക്കാരായി മധ്യ കിഴക്ക് രാജ്യങ്ങളിലേക്ക് പോവുകയാണ്. യുദ്ധത്തില്‍ അംഗഭംഗം വന്നവരും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളും പറയാന്‍ കഴിയാത്തത്ര ദുരിതങ്ങള്‍ സഹിച്ച് ജീവിക്കുകയാണ്. ഇവരുടെ ദുരിതങ്ങളെ ലോകം ചെവി കൊ ള്ളുന്നില്ല. ഈ ദുരിതങ്ങള്‍ക്ക് കാരണക്കാരായ ഇരുവിഭാഗക്കാരും അവരുടെ ദുരിതങ്ങള്‍ക്കൊരു പരിഹാരം കാണാന്‍ തയ്യാറല്ല. പുരുഷന്മാര്‍ തങ്ങളുടെ അധികാരത്തിനും രാഷ്ട്രീയത്തിനും വേണ്ടി പോരാടിക്കൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നത് നിരപരാധികളായ സ്ത്രീകളാണ്.

'ഈ സാഹചര്യത്തെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ അത്ര മുന്നോട്ട് വരുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി രൂപവത്കരിച്ച ചില പ്രസ്ഥാനങ്ങള്‍ യുദ്ധത്തിനെതിരായി 'അണ്ണൈയാര്‍ മുന്നണി'യെപ്പോലെ ചില സംഘങ്ങളുണ്ടാക്കിയിരുന്നെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ അറിയാന്‍ കഴിയുന്നില്ല.


'ഈ സാഹചര്യത്തോട് എഴുത്തുകാര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

മഹീന്ദ അധികാരത്തില്‍ വരുന്നതിന് മുമ്പ് യുദ്ധത്തിനെതിരെ എഴുത്തുകാര്‍ പ്രതിഷേധിച്ചിരുന്നു. വെടി നിര്‍ത്തല്‍ കാലത്ത് സിംഹള എഴുത്തുകാര്‍ വടക്കുള്ള തമിഴ് എഴുത്തുകാരെ കൊളംബിലേക്ക് കൊണ്ടുവന്ന് ഒരു സമ്മേളനം നടത്തി. വടക്കിനും തെക്കിനുമിടയില്‍ അതായത് തമിഴിനും സിംഹളത്തിനുമിടയില്‍ ഒരു പാലം കെട്ടാന്‍ ശ്രമിച്ചു. ആ സന്ദര്‍ഭത്തില്‍ ജനതാ വിമുക്തി പെരുമുനയുടെ (ഖഢജ) നേതൃത്വത്തില്‍ വംശീയവാദികളുടെ ഒരു സംഘം, പുലികളെ കൊളംബിലേക്ക് ക്ഷണിച്ച് കൊണ്ടുവന്നിരിക്കുന്നുവെന്ന് പറഞ്ഞ് അവരെ ആക്രമിക്കാനായി സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് ഇരച്ച് കയറി. എങ്കിലും അവിടെയുണ്ടായിരുന്ന സിംഹള കലാകാരന്മാരും എഴു ത്തുകാരും ചേര്‍ന്ന് തമിഴ് എഴുത്തുകാരെ ഒരപകടവും സംഭവിക്കാതെ രക്ഷപ്പെടുത്തി. ഈ സംഭവത്തില്‍ തമിഴ് എ ഴുത്തുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ച് സിംഹള എഴുത്തുകാര്‍ക്കാണ് മര്‍ദനമേലേ്ക്കണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു നീക്കങ്ങളുമില്ല.

'LTTE' എങ്ങനെയാണ് സ്ത്രീകളെ പ്രസ്ഥാനത്തിലേക്ക് ചേര്‍ക്കുന്നത്?

ആദ്യകാലത്ത് പുരുഷന്മാരെപ്പോലെ സ്ത്രീകളും തങ്ങളുടെ താത്പര്യമനുസരിച്ചാണ് പ്രസ്ഥാനത്തില്‍ ചേര്‍ന്നിരുന്നത്. എന്നാല്‍ 2006 മുതല്‍ സ്ത്രീകളെയും പുരുഷന്മാരെയും ബലം പ്രയോഗിച്ചാണ് പ്രസ്ഥാനത്തില്‍ ചേര്‍ക്കുന്നത്. മാതാപിതാക്കളുടെ ഉറക്കെയുള്ള കരച്ചിലിന് നടുക്ക് നിന്നാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബലമായി പിടിച്ചു കൊണ്ടുപോകുന്നത്.

'LTTE'യില്‍ സ്ത്രീകളും കുട്ടികളും വഹിക്കുന്ന പങ്കിനെക്കുറിച്ചെന്താണ് കരുതുന്നത്?

സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്നത് യുദ്ധധര്‍മങ്ങളിലൊന്നാണ്. സംരക്ഷിക്കപ്പെടേണ്ട ഈ രണ്ട് വിഭാഗങ്ങളെയും പുലികള്‍ തങ്ങളുടെ പടയില്‍ ചേര്‍ക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നാണ് ഞാന്‍ കരുതുന്നത്. നിരപരാധികളായ ജനങ്ങള്‍ക്കെതിരെ നടന്ന പടുകൊലകളില്‍ സ്ത്രീ പോരാളികളും പങ്കെടുത്തുവെന്നറിഞ്ഞപ്പോള്‍ കടുത്ത വെറുപ്പാണ് തോന്നിയത്. ഇവര്‍ക്കെങ്ങനെയാണ് പച്ചകുഴന്തൈകളെ കൊല്ലാന്‍ കഴിഞ്ഞത്? അതിനായി അവരെ എത്ര ശക്തിയായി വംശീയവിദ്വേഷത്താല്‍ ബ്രെയിന്‍ വാഷ് ചെയ്തിരിക്കും? അതെല്ലാം ആലോചിച്ച് നോക്കുമ്പോള്‍ പ്രസ്ഥാനത്തോടുള്ള വെറുപ്പ് പലമടങ്ങാവുകയാണ്. കൊല്ലപ്പെടുന്ന പോരാളികളുടെ കൂട്ടത്തില്‍ പതിന്നാലും പതിനഞ്ചും വയസ്സുള്ള കുട്ടികളെ കാണുമ്പോള്‍ ഈ തലമുറയുടെ മേലുള്ള ശാപത്തെയോര്‍ത്ത് വിഷമിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക?

'ഈ യുദ്ധത്തില്‍ മുസ്‌ലിങ്ങളുടെ നില / നിലപാട് എന്താണ്?

സിംഹള വംശീയവാദികള്‍ എങ്ങനെ തമിഴ് ജനതയുടെ അവകാശങ്ങളെ അംഗീകരിക്കാതിരിക്കുന്നുവോ അതുപോലെ പുലികള്‍ മുസ്‌ലിം ജനങ്ങളുടെ അവകാശങ്ങളേയും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അതുപോലെ നിരപരാധി കളായ മുസ്‌ലിങ്ങളെ പടുകൊല ചെയ്യുന്നതും നിര്‍ത്താന്‍ തയ്യാറാകുന്നില്ല. ഈ നിലയില്‍ എല്ലാം മുസ്‌ലിങ്ങളും പുലികളെ ഒരു ഭീകരവാദ പ്രസ്ഥാനമായിട്ടാണ് കാണുന്നത്.

'ഈ തമിഴ് പോരാട്ടത്തില്‍ ഇന്ത്യയുടെ പങ്കെന്താണെന്നാണ് ഫഹീമ കരുതുന്നത്?

വംശീയ വിഭാഗീയതയെ ഉപയോഗപ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യ ആദ്യം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിനുശേഷം പോരാളി സംഘങ്ങള്‍ക്ക് പരിശീലനം നല്‍കി ആയുധം കൊടുത്ത് ശ്രീലങ്കയ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 1985 കാലഘട്ടത്തില്‍ സാ യുധ സംഘങ്ങള്‍ ചില പൊതു ആവശ്യങ്ങളെ മുന്‍ നിര്‍ത്തി അതിനുവേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ സംഘങ്ങളുടെ ഐക്യം തങ്ങള്‍ക്കൊരു ഭീഷണിയായി കരുതിയതിനാല്‍ അവര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ചെയ്തു തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിമ്പു ചര്‍ച്ചകള്‍ക്ക് ഇന്ത്യ ഏര്‍പ്പാട് ചെയ്തത്. ഈ ചര്‍ച്ചകള്‍ക്കിടയില്‍ ചില സംഘങ്ങള്‍ ഇന്ത്യയുടെ ചതിവലയില്‍ കുടുങ്ങി. അതിനാല്‍ പ്രസ്ഥാനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഐക്യം തകര്‍ന്നു. ഇങ്ങനെ സ്ഥിതി ഇന്ത്യക്ക് അനുകൂലമായപ്പോള്‍ വീണ്ടും ചില ചര്‍ച്ചകള്‍ നടന്നു. ഈ പശ്ചാത്തലത്തിലാണ് രാജീവ് - ജെ ആര്‍ ജെയവര്‍ദ്ധന കരാര്‍ ഒപ്പു വെക്കപ്പെടുന്നത്.

എന്നാല്‍ ശ്രീലങ്കയ്ക്ക് വേണ്ടി വിരിച്ച ചതിവലയില്‍ ഇന്ത്യ തന്നെ കരുങ്ങി. പട്ടാളത്തെ ശ്രീലങ്കയിലേക്കയച്ച് ഇന്ത്യ സ്വന്തം മുഖത്ത് കരിവാരിത്തേച്ചു. രാഷ്ട്രീയ പരിചയംകുറഞ്ഞ രാജീവ് ഗാന്ധി ഇതില്‍ ചെന്ന് കുടുങ്ങി.

പിന്നീടും ഇന്ത്യ തങ്ങളുടെ സ്വന്തം ലാഭത്തിനായി ശ്രീലങ്കന്‍ രാഷ്ട്രീയക്കളത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ പരിശീലിപ്പിച്ച് ആയുധം നല്‍കി പോരാട്ടം തുടങ്ങിയ ഒരു പ്രസ്ഥാനത്തിനെതിരായി ഇപ്പോള്‍ പ്രവര്‍ത്തിക്കു ന്നു. ഇപ്പോള്‍ അത് ശ്രീലങ്കന്‍ സര്‍ക്കാരിനോട് ചേര്‍ന്ന് ആ പ്രസ്ഥാനത്തെ പൂര്‍ണമായും നശിപ്പിക്കാനായി ഇറങ്ങിയിരിക്കുകയാണ്. തങ്ങള്‍ക്ക് ഏതാണ് പ്രയോജനപ്പെടുകയെന്ന് നോക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുകയല്ലാതെ ഇന്ത്യ ഒരിക്കലും തമിഴ് ജനങ്ങളെക്കുറിച്ചോ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ വിഷമിച്ചതായി അറിയില്ല. ആദ്യകാലത്ത് അമേരിക്ക ഇറാക്കിലെ സദ്ദാമിന് ആയുധങ്ങള്‍ നല്‍കി ഇറാനെതിരായി പോരാടാന്‍ സഹായിച്ചതിനുശേഷം പിന്നെ അതേ സദ്ദാമിനെ കൊന്നൊടുക്കിയത് പോലെയാണ് ഇന്ത്യാഗവണ്‍മെന്റ് ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ പ്രവര്‍ത്തിക്കുന്നത്.

'ഇന്ത്യ ഏത് തരത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് ഫഹീമ ആഗ്രഹിക്കുന്നത്?

ഇന്ത്യ ഇതുവരേയും ശ്രീലങ്കന്‍ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇവിടെയുള്ള സിംഹള വംശീയ സ ര്‍ക്കാരില്‍ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അതു തന്നെയാണ് അവിടത്തെ സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം ആരു പറഞ്ഞാലും കേള്‍ക്കാള്‍ വിസമ്മതിക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യ പറഞ്ഞാല്‍ കേള്‍ക്കാന്‍ പോകുന്നുമില്ല. ഇന്ത്യ മറ്റ് രാജ്യങ്ങളോട് ചേര്‍ന്ന് വംശീയപ്രശ്‌നം ശരിയായി പരിഹരിക്കുന്നതിനായി ജനങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ഒരു പദ്ധതി മുന്നോട്ട് വെക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. ശ്രീലങ്കന്‍ സര്‍ക്കാരിനെയും വംശീയവാദികളായ ബുദ്ധപീഠങ്ങളെയും തളയ്ക്കാന്‍ ശക്തിയുള്ള ഒരു ശക്തിക്ക് മാത്രമേ പ്രശ്‌ന പരിഹാരങ്ങള്‍ മുന്നോട്ട് വെക്കാനും അത് നടപ്പാക്കാനും സാധിക്കുകയുള്ളൂ.

ഫഹീമ എഴുതിയ രണ്ട് കവിതകള്‍ ചുവടെ:


മഹീന്ദരിന്‍ തിരിച്ചുവരവ്

വെറിയേറിയ നീചന്‍
അപരാധിയായ് നീ....

നിന്റെ അഴുക്ക് ചാലുകളില്‍
വളരുന്ന
പന്നിക്കൂട്ടത്തെ
മാധ്യമത്തോട്ടത്തിലേക്ക്
അഴിച്ചുവിട്ട്
മഹാരാജാവിന്റെ കഴുത്ത്
ഞെരിച്ച
കൈകളിലെ വിയര്‍പ്പ് വറ്റും
മുമ്പേ.....
ലസന്തായുടെ രക്തത്തില്‍
നിന്ന്
ജീവനെടുത്ത്
നിന്ന് കിതയ്ക്കുന്നവനേ....

വെറിയേറിയ നീചനെന്നല്ലാതെ
വേറെന്തു പേരാണ് നിനക്ക്?

സ്വര്‍ഗ ദ്വീപിന്റെ അത്ഭുതകിരീടം
നിര്‍ഭാഗ്യവശാല്‍ നിന്റെ
തലയില്‍ വന്നുവീണ നിമിഷം
എല്ലാത്തിനും സ്ഥാനഭ്രംശം
സംഭവിച്ചു
മനുഷ്യാവകാശങ്ങള്‍
പടുകുഴിയിലേക്കും
കാട്ടാളന്‍ സിംഹാസനത്തിലേക്കും

നിന്റെ രാഷ്ട്രീയം
സഹിക്കാന്‍ കഴിയാത്ത
ദുര്‍ഗന്ധവുമായി
തെരുവിലേക്കിറങ്ങിയിരിക്കുന്നു
ഐശ്വര്യം നിറഞ്ഞ ഒരു
ദേശത്തിന്റെ ആത്മാവ്
ഉപേക്ഷിക്കപ്പെട്ട പാഴ് നിലത്തില്‍
പുതഞ്ഞു കിടന്ന് കരയുന്നു

കസോവയ്ക്ക് വേണ്ടി
കാരുണ്യമപേക്ഷിക്കുന്ന
നീ
വന്നിയിലേക്ക് അയച്ച കാവല്‍ ദൈവങ്ങള്‍
ചിതറി കിടക്കുന്ന
ശവശരീരങ്ങളുടെ മുകളിലും
ഛിന്നഭിന്നമായിപ്പോയ കുഞ്ഞുങ്ങളുടെ
ജീവിതത്തിന്മേലും
കയറി നടക്കുന്നത് കണ്ട്
ദിനംതോറും ഭ്രാന്ത് പിടിക്കുന്നു..
രക്തവും മാംസവും തിന്നുകൊണ്ട്
ജനങ്ങളുപേക്ഷിച്ച് പോയ
ഗ്രാമങ്ങളില്‍
നാവ് പുറത്തേക്കിട്ട്
അലയുകയാണ്
നിന്റെ മനുഷ്യാവകാശ
പ്രവര്‍ത്തനങ്ങള്‍

ബോധിവൃക്ഷങ്ങളില്‍ കെട്ടിയിട്ടിരുന്ന
പിശാചുക്കളെയെല്ലാം
കെട്ടഴിച്ച് വിട്ടുകൊണ്ടാണ്
മഹീന്ദരിന്‍ തിരിച്ചു വരവ്

വെയില്‍

വെട്ടിയിറക്കപ്പെട്ട മരം
വിട്ട് തന്ന സ്ഥലത്തേക്ക്
തിരക്കിട്ട്
ഇറങ്ങിക്കൊണ്ടിരിക്കുകയാണ്
വെയില്‍

സാവകാശത്തോടെ നിലത്തിരുന്ന്
താടിയനക്കിക്കൊണ്ടിരിക്കുന്ന
വയസ്സന്‍ മൃഗത്തെ
കാലത്തൊരു ദിശയിലും
വൈകീട്ട് മറ്റൊരു ദിശയിലും
ഇടം മാറ്റിയിരുത്തുകയാണ്
ഏതോ ഒരു നിഴല്‍

വേനല്‍ക്കാല പറവകളെ
ഒരു ദേശത്തില്‍ നിന്ന് മറ്റൊരു
ദേശത്തേക്ക്
കൂട്ടിക്കൊണ്ടുപോകുന്ന വെയില്‍
ആകാശത്ത്
പകുത്തുവെച്ചിരിക്കുന്ന
പയനപ്പാതകളിലൂടെ
ഭൂപടങ്ങളുടെ
സഹായമൊന്നുമില്ലാതെ തന്നെ
അവയെ വീണ്ടും
കൂട്ടിക്കൊണ്ടുവരുന്നു.

മാളികവാതിലുകള്‍ക്ക് പുറത്ത്
സംശയിച്ച് നില്‍ക്കുന്ന വെയില്‍
പാവപ്പെട്ടവരുടെ മുറ്റങ്ങളിലേക്ക്
ചുറുചുറുക്കോടെ ഓടിച്ചെല്ലുന്നു

തായ് ദേശത്ത് അനാഥയാക്കപ്പെട്ട
മകള്‍
അഭയം അന്വേഷിച്ച്
പോകുമ്പോള്‍
വെയില്‍ നിഴലുകളെ ഉപേക്ഷിച്ച്
അവളുടെ പിറകെയെത്തുന്നു.

കണ്ണീര്‍ വറ്റാത്ത ഈ ദ്വീപില്‍
അസ്വസ്ഥമായ മനസ്സോടെ
കിടക്കുകയാണ് വെയില്‍
ഈര്‍പ്പത്തെ മാത്രം വലിച്ചെടുത്ത്
രക്തക്കറകളെ അതുപോലെ വിട്ട് ....

വെയില്‍ മറഞ്ഞപ്പോള്‍
കൊടുങ്കാട്
കൂന്തലഴിച്ചിട്ടപോലെ
തെരുവ് മുഴുവന്‍ അലയാന്‍ തുടങ്ങി
പതുങ്ങിയിരുന്ന മൃഗങ്ങളെയെല്ലാം
തന്നോടൊപ്പം വിളിച്ചുകൊണ്ട്.



MathrubhumiMatrimonial