
കരളലിഞ്ഞു; കാരുണ്യം പകുത്തുനല്‍കാന്‍ മാത്യു
Posted on: 07 Nov 2013

കരള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കൊച്ചി അമൃത ആസ്പത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഡെല്‍ന എന്ന ആറുവയസ്സുകാരിക്കാണ്, തനിക്ക് ലഭിച്ച സാമ്പത്തികസഹായത്തില്‍ ഒരുപങ്ക് നല്‍കാന്‍ മാത്യു ഒരുങ്ങുന്നത്. കീരിത്തോട് പുന്നയ്ക്ക കാവുങ്കല്‍ ബിനോയിയുടെ മകളാണ് ഡെല്‍ന.
ആഗസ്ത് 13ന് അമൃത ആസ്പത്രിയില്‍ ഡോ. സുധീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഭാര്യ രജനിയുടെ കരള്‍ മാത്യുവിന് പിടിപ്പിച്ചത്. 20 ലക്ഷത്തിലേറെ രൂപ ചെലവായി. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും വിവിധ സ്ഥാപനങ്ങളുടെയും സംഭാവനയായി 35 ലക്ഷത്തിലധികം രൂപ ലഭിച്ചു.
തന്റെ ചികിത്സയ്ക്കും മറ്റു ചെലവുകള്‍ക്കുംശേഷം ബാക്കിവന്ന പത്തുലക്ഷം രൂപയില്‍നിന്ന് ഒരുപങ്ക് ഡെല്‍നയ്ക്ക് നല്‍കണമെന്ന ആഗ്രഹത്തിലാണ് മാത്യു. സ്വന്തമായി ഒരു വീടുപോലുമില്ലാതെ വാടകവീട്ടില്‍ കഴിയുകയാണ് അദ്ദേഹം കുടുംബവും.
മെഡിക്കല്‍ റപ്രസന്‍േററ്റീവായിരുന്ന മാത്യുവിന്റെ ശരീരം മെലിയുന്നതായിരുന്നു രോഗലക്ഷണം. കണ്ണിന് മഞ്ഞനിറവും വന്നു. തൊടുപുഴയിലെ സ്വകാര്യ ലാബില്‍ പരിശോധിച്ചു. എറണാകുളം പി.വി.എസ്. ആസ്പത്രിയില്‍ എത്തിയപ്പോഴാണ്, പതിനായിരത്തില്‍ ഒരാള്‍ക്കുമാത്രം കാണുന്ന കരള്‍ ചുരുങ്ങുന്ന രോഗമാണെന്നും കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്യണമെന്നും അറിയുന്നത്.
ഭാര്യ രജനി കരള്‍ പകുത്തുനല്‍കാന്‍ തയ്യാറായി. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഭാര്യയ്ക്കുകൂടി എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞുങ്ങള്‍ അനാഥമാകുമെന്ന പേടിയുണ്ടായിരുന്നു മാത്യുവിന്. അപ്പോഴാണ് സ്വാതികൃഷ്ണയുടെ വിളിവന്നത്. കരള്‍ശസ്ത്രക്രിയ കഴിഞ്ഞ പിറവം സ്വദേശിയായ വിദ്യാര്‍ഥിനി. ആ കുട്ടി ധൈര്യംനല്‍കിയതോടെ മാത്യുവും തീരുമാനമെടുത്തു, ശസ്ത്രക്രിയ നടത്താം.
എന്നാല്‍ ഇതിനുവേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുമ്പോള്‍ കാഞ്ഞിരമറ്റം സാന്ത്വനം റസിഡന്‍റ്‌സ് അസോസിയേഷന്‍ പിന്തുണയുമായി മുന്നോട്ടുവന്നു.
ഫേസ്ബുക്കിലൂടെ രോഗവിവരം അറിഞ്ഞ ബാല്യകാല സഹപാഠികള്‍പോലും സഹായവുമായെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മൂന്നു ലക്ഷവും കാരുണ്യ ഭാഗ്യക്കുറിഫണ്ടില്‍നിന്ന് രണ്ടുലക്ഷവും ലഭിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ് 13-ാം ദിവസം ആസ്പത്രിവിട്ട മാത്യു രണ്ടരമാസം എറണാകുളത്ത് വീടെടുത്ത് താമസിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം വില കൂടിയ മരുന്നുകള്‍ ആവശ്യമാണ്. ദാതാവിന്റെ കരള്‍ അനുയോജ്യമാണോയെന്നറിയാനുള്ള പരിശോധനയ്ക്ക് 1.20 ലക്ഷം രൂപ ചെലവായി. അവയവദാനത്തിന് ആളുകള്‍ തയ്യാറാകുന്നുണ്ടെങ്കിലും ഈ പരിശോധനയ്ക്ക് ഇത്രവലിയ തുക കണ്ടെത്തേണ്ടിവരുന്നത് വലിയ തിരിച്ചടിയാകുന്നതായി മാത്യു പറയുന്നു.
അഞ്ചുസെന്‍റ് ഭൂമിയില്‍ സ്വന്തമായി കൊച്ചുവീടാണ് ഇവരുടെ വലിയ സ്വപ്നം. കാഞ്ഞിരമറ്റം കാഡ്‌സ് ഓപ്പണ്‍ മാര്‍ക്കറ്റിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന സ്വന്തം തയ്യല്‍ക്കട, ചികിത്സാ ആവശ്യത്തിനായി വളരെക്കാലം അടച്ചിടേണ്ടിവന്നതിനാല്‍ ഇനിയുള്ള പ്രവര്‍ത്തനം എങ്ങനെയാകുമെന്ന ആശങ്കയിലാണ് രജനി.
ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഇരുവര്‍ക്കും ആയാസകരമായ ജോലി ചെയ്യാനുമാകില്ല. എന്നാലും ഡെല്‍നയെ സഹായിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
പ്ലസ്ടു വിദ്യാര്‍ഥിനി മെല്‍വിനും ഒമ്പതാം ക്ലാസ്സുകാരന്‍ എബിനുമാണ് ഇവരുടെ മക്കള്‍.
