NagaraPazhama

കടല്‍ കടന്നെത്തിയ മെറ്റല്‍

Posted on: 02 Nov 2013

അഡ്വ. ടി.ബി. സെലുരാജ്‌



റസലുവാശാന്റെ ചായക്കടയില്‍നിന്നാണ് ഗ്രാമത്തില്‍ ആ വാര്‍ത്ത പരന്നത്. ഗ്രാമത്തിലെ ഏക ചെമ്മണ്‍പാത ടാറിടാന്‍ പോകുന്നു. ആ പാത ഗ്രാമത്തിന്റെ രക്തധമനിയായിരുന്നു. 'നായര് പിടിച്ച പുലിവാലി'ന്റെയും 'കണ്ടംബെച്ച കോട്ടി'ന്റെയും നോട്ടീസുകള്‍ ചെണ്ടക്കൊട്ടിനോടൊപ്പം ഗ്രാമത്തിലെത്തിച്ച പാത. അര്‍ത്തുങ്കല്‍ കടലോരത്തുനിന്ന് തോളിലെ കാവുകൊട്ടകളില്‍ പിടയ്ക്കുന്ന ചാളകളുമായി മൊയ്തീന്‍ മാപ്പിള ഓടിയെത്തുന്ന പാത. വല്ലപ്പോഴും കടന്നുവരുന്ന 'അംബാസിഡര്‍' ആയിരുന്നു ആ പാതയിലെ ഏക ആഡംബരം. ആ പാതയാണ് ടാറിടാന്‍ പോകുന്നുവെന്ന് വേലുവാശാന്‍ അറിയിക്കുന്നത്.

ആദ്യം വന്നത് മെറ്റല്‍ നിറച്ച ലോറികളായിരുന്നു. ചുവന്ന നാട്ടുപാതയ്ക്കരികില്‍ അവിടവിടെയായി മെറ്റല്‍ കൂനകള്‍ തീര്‍ത്തുകൊണ്ട് ആവശ്യത്തിലധികം ഒച്ചപ്പാടോടെ അവ കടന്നുപോയി. മെറ്റല്‍ എന്ന വസ്തു ഞങ്ങള്‍ ആദ്യം കാണുകയായിരുന്നു. അങ്ങുകിഴക്ക് കോട്ടയത്തുനിന്നാണ് അവ എത്തിക്കുന്നതെന്ന് വേലുവാശാന്‍ പറഞ്ഞുതന്നു. പിന്നീടെത്തിയത് ടാര്‍ വീപ്പകള്‍. ഒന്നുരണ്ടുദിവസം കഴിഞ്ഞാണ് പണിക്കാരെത്തിയത്. തലയില്‍ തുണികെട്ടിയ, ബ്ലൗസിനുപകരം നീളന്‍കുപ്പായമിട്ട, കാലില്‍ ചാക്കുതുണി ചുറ്റിയ കുറച്ച് സ്ത്രീകള്‍. വംശംനിന്നുപോയ ഏതോ പറവകളെ അനുസ്മരിപ്പിച്ചു ഇക്കൂട്ടര്‍. ചുരുങ്ങിയ നേരംകൊണ്ടുതന്നെ ഉരുകിയ ടാറിന്റെ തീഷ്ണഗന്ധം ഗ്രാമത്തില്‍ പടര്‍ന്നു. വടക്കേതിലെ മുത്തശ്ശി മുറ്റത്തേക്ക് നീട്ടിത്തുപ്പി ഉറക്കെ പറഞ്ഞത്രേ: ''അശ്രീകരം... ഫൂ...'' മെറ്റല്‍കൂനകള്‍ അപ്രത്യക്ഷമാക്കിക്കൊണ്ട് റോഡുപണി പുരോഗമിച്ചു. ആ പണി വീടിന്റെ മുന്നിലെത്തുന്ന ദിവസം കാത്തിരിപ്പായി ഞാന്‍.

അന്നേദിവസം ഒരു വയറുവേദന അഭിനയിച്ചുകൊണ്ട് സ്‌കൂളില്‍ പോകാതിരുന്നത് ഓര്‍മയുണ്ട്. റോഡ്‌റോളര്‍ എന്ന മഹാത്ഭുതത്തെ നേരിട്ട് കാണുന്നതും അന്നായിരുന്നു. റോഡ്‌റോളറിന്റെ ഡ്രൈവറെ ആദരവോടെയാണ് നോക്കിക്കണ്ടിരുന്നത്. അയാള്‍ക്കും പണിക്കാര്‍ക്കും തറവാട്ടിലായിരുന്നു ഊണ്. അല്പം ഗമയോടെയാണ് ഞാനീ വിവരം സ്‌കൂളില്‍ വിളമ്പിയത്. മെറ്റല്‍ നേരിട്ട് കാണാനിടയാക്കിയ ഈ റോഡുപണിയെക്കുറിച്ച് ഇത്രയും എഴുതാനൊരു കാരണമുണ്ട്. എന്റെ മുന്നിലിരിക്കുന്ന രേഖകള്‍ യൂറോപ്യന്‍രാജ്യങ്ങളില്‍നിന്ന് മലബാറിലെ റോഡുപണിക്ക് മെറ്റല്‍ ഇറക്കിയതിന്റെ സൂചനകള്‍ തരുന്നു. അതിങ്ങനെ:

1850-കളിലാണ് റോഡുകള്‍ മെറ്റലിടാനുള്ള പണികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇന്നത്തെപ്പോലെ കരിങ്കല്‍ ക്വാറികളൊന്നും വ്യാപകമല്ലാതിരുന്ന അക്കാലത്ത് മെറ്റല്‍ അത്രയൊന്നും സുലഭമായിരുന്നില്ല. റോഡ് പണിക്കായി മെറ്റല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കപ്പല്‍മാര്‍ഗം എത്തിച്ചിരുന്നു. ഇതധികവും തെക്കന്‍ മലബാറിലേക്കായിരുന്നു. പ്രത്യേകിച്ചും കൊച്ചിയിലെ റോഡുപണിക്ക്. രണ്ട് എഴുത്തുകളിലൂടെ മെറ്റല്‍ കടല്‍ കടന്നെത്തിയ വസ്തുതയിലേക്ക് നമ്മള്‍ എത്തിച്ചേരുകയാണ്.

1855 നവംബര്‍ മാസം 29-ന് കൊച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ കള്ളിന്‍, മലബാര്‍ കളക്ടറായിരുന്ന ക്ലര്‍ക്കിനെഴുതിയ കത്തുതന്നെ ആദ്യം നോക്കാം: ''കൊച്ചിയിലെ റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വിശദമായ ഒരു എസ്റ്റിമേറ്റ്‌വേണമെന്നാവശ്യപ്പെട്ടിരുന്നുവല്ലോ. എന്നാല്‍, കൊച്ചിയിലെ ഫിസ്‌കല്‍ (സര്‍ക്കാര്‍പദവി) എന്നെ അറിയിക്കുന്നത് കൊച്ചിയില്‍ മെറ്റല്‍ കിട്ടുവാന്‍ വിഷമം നേരിടുന്നതിനാല്‍ എസ്റ്റിമേറ്റ് ഉടനെ തയ്യാറാക്കാന്‍ കഴിയില്ലെന്നാണ്. നിലവിലുള്ള റോഡുകള്‍ വീതി കൂട്ടുന്നതിനും മെറ്റലിന്റെ ഈ ദൗര്‍ലഭ്യം ഇടയാക്കുന്നു. കൊച്ചിയില്‍നിന്ന് 30 മൈല്‍ ദൂരെയാണ് ഇപ്പോള്‍ കരിങ്കല്‍ക്വാറിയുള്ളത്.

കൊച്ചിയില്‍ കരിങ്കല്‍ മെറ്റലുമായി ധാരാളം കപ്പലുകള്‍ വരാറുണ്ടെന്നും നാം ഇടയ്ക്കിടെ മെറ്റലുകള്‍ ഇവരില്‍നിന്ന് മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കണമെന്നുമാണ് ഫിസ്‌കല്‍ അറിയിക്കുന്നത്. മഴക്കാല ആരംഭത്തിന് മുന്നോടിയായി കപ്പലുകളില്‍നിന്ന് കരിങ്കല്‍ മെറ്റലുകള്‍ വാങ്ങിക്കൂട്ടുകയും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയുമാണ് വേണ്ടത്. ഇരുപത് അടി വീതിയിലും പത്ത് ഇഞ്ച് ആഴത്തിലുമാണ് നാം റോഡുകളില്‍ മെറ്റലുകളുപയോഗിക്കുന്നത്. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍നിന്ന് 100 ടണ്‍ മെറ്റല്‍ കൊണ്ടുവരാന്‍ നമുക്ക് 66 ഉറുപ്പിക ചെലവുവരും. പുഴയില്‍ നങ്കൂരമിടുന്നവയില്‍നിന്നാണെങ്കില്‍ 30 ഉറുപ്പികയോളം 100 ടണ്‍ മെറ്റലിന് വേണ്ടിവരും. ഞാന്‍ തീര്‍ച്ചയായും ഫിസ്‌കലിന്റെ ഉപദേശത്തെ ശക്തിയായി പിന്താങ്ങുന്നു. കൊച്ചിയിലെ റോഡുപണിക്ക് കപ്പലില്‍ വരുന്ന മെറ്റലാണ് ഉപകാരപ്രദം. ഇത് ആദായകരവുമാണ്. ഇതിനായി താങ്കള്‍ അനുവാദം തരുന്നപക്ഷം കപ്പലധികാരികളെ ഉടനടി സമീപിച്ച് മെറ്റല്‍ ഇറക്കുമതി ചെയ്യുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതാണ്. ഇപ്പോള്‍ റോഡുകളുടെ പണി പുരോഗമിക്കുന്നുണ്ടെന്ന് അറിയിക്കട്ടെ.''

1856 ആഗസ്ത് 12-ന് കൊച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മലബാര്‍ കളക്ടര്‍ ക്ലര്‍ക്കിനയച്ച മറ്റൊരെഴുത്ത് ഇങ്ങനെ: ''കഴിഞ്ഞ മാസം 29-ന് അയച്ച എഴുത്ത് കൈപ്പറ്റി. റോഡുപണിക്കായുള്ള മെറ്റല്‍ വാങ്ങിക്കുന്നതിനായി 500 രൂപ അനുവദിച്ചിരിക്കുന്നതായി അറിഞ്ഞതില്‍ സന്തോഷിക്കുന്നു. കൊച്ചിയിലെ റോഡുകളുടെ പണി തുടങ്ങുന്നതിനായി അയച്ചുതന്ന പണം ശരിയായ രീതിയില്‍തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പുതരുന്നു. എന്നുമാത്രമല്ല, റോഡുനിര്‍മാണത്തെക്കുറിച്ച് അപ്പോഴപ്പോള്‍തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതായിരിക്കും.

കഴിഞ്ഞ ഫിബ്രവരിമാസം അനുവദിക്കപ്പെട്ട 150 ഉറുപ്പിക റോഡുപണിക്കായി എന്തുകൊണ്ട് ചെലവാക്കിയില്ല എന്ന ചോദ്യം താങ്കളുടെ കത്തിലെ രണ്ടാമത്തെ ഖണ്ഡികയില്‍ കണ്ടു.
താങ്കള്‍ അനുവദിക്കപ്പെട്ട 150 ഉറുപ്പിക കിട്ടിയപ്പോഴേക്കും മണ്‍സൂണ്‍ ആരംഭിച്ചിരുന്നു. അതിനാല്‍ റോഡുപണി ഉദ്ദേശിച്ചപോലെ തുടങ്ങാനായില്ല. എന്നുമാത്രമല്ല, കപ്പലുകള്‍ വരവ് നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാലും റോഡുപണിക്ക് വേണ്ട മെറ്റല്‍ വളരെ വില കുറഞ്ഞ രീതിയില്‍ ഇംഗ്ലണ്ടില്‍നിന്നുമെത്തിയ രണ്ടു കപ്പലുകളില്‍നിന്ന് ഞാന്‍ വാങ്ങിക്കുകയുണ്ടായി. മണ്‍സൂണ്‍ അവസാനിച്ചുകഴിഞ്ഞാല്‍ നമുക്ക് ഈ മെറ്റലുപയോഗിച്ച് റോഡുപണി വീണ്ടും തുടങ്ങാം. മലബാറിലെ റോഡുപണിക്ക് ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവരുന്ന മെറ്റലാണ് ഏറ്റവും നല്ലത് എന്നാണെന്റെ അഭിപ്രായം.

ഇംഗ്ലണ്ടില്‍നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും മെറ്റലുകളുമായി കപ്പല്‍ കൊച്ചി തുറമുഖത്ത് അടുക്കാറുണ്ട്. ഈ റോഡുപണിക്ക് അവരില്‍നിന്നുള്ള മെറ്റലാണ് നാം ഉപയോഗിക്കേണ്ടത്. പക്ഷേ, നാം ശ്രദ്ധിക്കേണ്ടത് കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പുതന്നെ ഇവ സ്വരൂപിക്കണമെന്നതാണ്. കാലവര്‍ഷം തുടങ്ങിയാല്‍ കൊച്ചി തുറമുഖത്ത് കപ്പലുകള്‍ അടുക്കാറില്ല. എന്നുമാത്രമല്ല, മഴക്കാലത്ത് നാം പണിയുമായി മുന്നോട്ടു പോകാറില്ലല്ലോ.

താങ്കള്‍ അയച്ചുതന്ന പണത്തില്‍നിന്ന് നഗരത്തിലെ പാലങ്ങളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍കൂടി നടത്തുവാന്‍ അനുവാദമുണ്ടോ എന്നറിയിക്കുക. അറിയിപ്പുകിട്ടിയാല്‍ മാത്രമേ അത്തരം പണികള്‍ക്ക് ഞാന്‍ തുനിഞ്ഞിറങ്ങുകയുള്ളൂ എന്ന് ഞാന്‍ അറിയിക്കട്ടെ.''
മലബാറിലെ റോഡുപണികള്‍ക്കായി കടല്‍ കടന്നും മെറ്റല്‍ എത്തിയിരുന്നെന്ന് മനസ്സിലായല്ലോ. ഇന്നിപ്പോള്‍ ക്വാറികള്‍ കേരളത്തില്‍ വ്യാപകമാണ്. ഭരണവര്‍ഗത്തിലെ ഉന്നതര്‍ക്കുപോലും ബിനാമിയായി ക്വാറികളുണ്ടെന്ന് പത്രവാര്‍ത്തകള്‍.




MathrubhumiMatrimonial