NagaraPazhama

സിമന്റ് വന്ന വഴി

Posted on: 19 Sep 2013

അഡ്വ.ടി.ബി.സെലുരാജ്‌





ആലപ്പുഴ ജില്ലയില്‍ കരിങ്കല്‍ ക്വാറികളോ ചെങ്കല്‍ ക്വാറികളോ ഇല്ല. കായലും കടലും ഞങ്ങള്‍ക്ക് സമ്മാനിച്ചത് ചൊരിമണല്‍ മാത്രം. ഞങ്ങളുടെ ഗ്രാമങ്ങളില്‍ അതുകൊണ്ടുതന്നെ ആരും സിമന്റ് പടവ് നടത്തിയിരുന്നില്ല. പാവങ്ങള്‍ ഓലകൊണ്ടും സമ്പന്നര്‍ തടികൊണ്ടുമാണ് ചുമരുകള്‍ കെട്ടിപ്പൊക്കിയിരുന്നത്. 'വിളഞ്ഞവിത്ത്' എന്നൊരു അപഖ്യാതി എനിക്ക് നേടിത്തന്നതും ഈ സിമന്റിന്റെ അഭാവംതന്നെ.

ആ കഥയിങ്ങനെ: മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായം. കോഴിക്കോട്ടുനിന്ന് ഒരവധിക്കാലത്ത് നാട്ടിലെത്തിയതായിരുന്നു ഞാന്‍. ഒരല്പം സംഭാരം വാങ്ങാനായാണ് കുട്ടിയായ എന്നെ അടുത്ത ബന്ധുവീട്ടിലേക്കയച്ചത്. കുട്ടിച്ചിറ എന്ന കമിലിച്ചേച്ചിയുടെ ആ തറവാട് ഒരു നാലുകെട്ടായിരുന്നു. ചുമരുകളെല്ലാം മരംതന്നെ. ചുമരില്‍ അവിടവിടയായി പിച്ചളയില്‍ തീര്‍ത്ത നര്‍ത്തകികളുടെ രൂപം. സംഭാരത്തിനുള്ള പാത്രം കമിലിച്ചേച്ചിയെ ഏല്‍പ്പിച്ച് ഞാന്‍ കാത്തിരിപ്പായി. സമയം കളയാനായി ഞാനാ നൃത്തരൂപങ്ങളെ സാകൂതം വീക്ഷിച്ചു. എന്നുമാത്രമല്ല, ആ രൂപങ്ങളെ പതുക്കെ തലോടുകയും ചെയ്തു. പ്രത്യേകിച്ചും, നിമേ്‌നാന്നതങ്ങളെ. ഒരു ബാലമനസ്സിന്റെ കൗതുകം മാത്രമേ ആ തലോടലിനുണ്ടായിരുന്നുള്ളൂ. ഉറക്കെയുള്ള പൊട്ടിച്ചിരിയാണ് എന്നില്‍ പരിസരബോധമുണ്ടാക്കിയത്.

സംഭാരപ്പാത്രം വെച്ചുനീട്ടിക്കൊണ്ട് കമിലിച്ചേച്ചി ഇങ്ങനെ മൊഴിഞ്ഞു. ''എടാ വിളഞ്ഞ വിത്തേ, ഇത്തിരിപ്പൊടിയേ ആയിട്ടുള്ളൂ. അതിനുമുമ്പേ കൈയിലിരിപ്പ് ഇതാണല്ല്യോ''. മാനഹാനിയും മാനനഷ്ടവും കൊണ്ട് തലകുനിച്ചുനിന്നപ്പോഴും എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്ന് മനസ്സിലായില്ല. ''ഞാനങ്ങോട്ട് വരണ്ണ്ട്, നിന്റെ അമ്മാമയോട് ഞാനിത് പറേണ്ണ്ട്'' എന്നുള്ള ഭീഷണിയോടെ അവരെന്നെ യാത്രയാക്കി. എനിക്കെങ്ങനെയെങ്കിലും കോഴിക്കോട്ടേക്ക് മടങ്ങിയാല്‍ മതിയെന്നായി. അവരെന്താണ് മുത്തശ്ശിയോട് പറഞ്ഞൊപ്പിക്കുക എന്നതായി എന്റെ പേടി. പിന്നീടൊരിക്കലും ഒരു വാസ്തുശില്പത്തെയും ഞാന്‍ താലോലിച്ചിട്ടില്ല. സിമന്റുകൊണ്ട് ആ വീട് പണിതീര്‍ത്തിരുന്നെങ്കില്‍ എനിക്കാ പ്രായത്തില്‍ വിളഞ്ഞവിത്തെന്ന അപഖ്യാതി നേരിടേണ്ടിവരില്ലായിരുന്നു.

എന്റെ മുന്നിലിരിക്കുന്ന രേഖകള്‍ മലബാറില്‍ സിമന്റ് എത്തിയ കഥ പറയുന്നു. അതിങ്ങനെ:

ആദ്യകാലങ്ങളില്‍ നാം സിമന്റുപയോഗിച്ചിരുന്നില്ല. കുമ്മായച്ചാന്തും ശര്‍ക്കരപ്പാനിയും കലര്‍ന്ന മിശ്രിതംകൊണ്ട് മനോഹരമായ കെട്ടിടങ്ങള്‍ നാം പണിതുയര്‍ത്തി. ഋതുഭേദങ്ങള്‍ക്ക് അവയ്‌ക്കൊരു പോറലുമേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വെള്ളത്തിനടിയിലെ നിര്‍മാണങ്ങള്‍ക്ക് ഈ ചാന്ത് മിശ്രിതം വലിയ പ്രയോജനം ചെയ്തില്ല. 1796-ലാണ് ഇംഗ്ലണ്ടിലെ ജെയിംസ് പാര്‍ക്കര്‍ എന്ന പുരോഹിതന്‍ ഇന്നത്തെ സിമന്റിന്റെ ആദ്യരൂപം കണ്ടുപിടിക്കുന്നത്. 'റോമന്‍ സിമന്റ്' എന്ന പേരിലാണിത് വിപണിയിലെത്തിയത്. തുടര്‍ന്ന് പലരും ഇദ്ദേഹത്തിന്റെ നിര്‍മാണമാതൃക പിന്തുടര്‍ന്നു. മലബാറില്‍ ഇത്തരം സിമന്റുപയോഗിക്കണമെന്ന് സെവന്‍ത് ഡിവിഷന്‍ സിവില്‍ എന്‍ജിനീയറായ ലഡ്‌ലോവ് മലബാര്‍ കളക്ടറെ അറിയിച്ചുവെന്ന് മാത്രമല്ല, സിമന്റ് നിര്‍മാണത്തിന്റെ ഒരു നിര്‍മാണക്കുറിപ്പും അദ്ദേഹം അയച്ചുകൊടുത്തു. ഒന്നുരണ്ട് എഴുത്തുകളിലൂടെ സിമന്റ് വന്ന വഴിയുടെ ആദ്യകാല ചരിത്രം വെളിവാക്കുകയാണിവിടെ.

1854 ഏപ്രില്‍ ഒന്നിന് സെവന്‍ത് ഡിവിഷന്‍ ചീഫ് എന്‍ജിനീയര്‍ മലബാര്‍ കളക്ടര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച മെമ്മോ ഇങ്ങനെ: ''എല്ലാ നിര്‍മാണപ്രവൃത്തികള്‍ക്കും അത്യന്താപേക്ഷിതമാണ് വാട്ടര്‍ സിമന്റ് എന്ന പുതിയ വസ്തു. പ്രത്യേകിച്ചും വെള്ളത്തിനടിയില്‍ നിര്‍മിക്കുന്ന പാലങ്ങളുടെ കാലുകള്‍ക്കും മറ്റും. ചീഫ് എന്‍ജിനീയറായ ലഡ്‌ലോവ് ഈ വസ്തുവിന്റെ നിര്‍മാണക്കുറിപ്പ് രണ്ടുവര്‍ഷം മുമ്പ് അയച്ചുതന്നതാണെങ്കിലും നാമിതുവരെയായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നതാണ് ഖേദകരമായ വസ്തുത. ഈ വസ്തു വെള്ളത്തിലായാലും കരയിലായാലും വേഗം സെറ്റാവുന്നതും ദൃഢതയേറിയതുമാണ്. മലബാറിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നാം ഈ വസ്തുവിനെ പരിചയപ്പെടുത്തുന്നത് വളരെയേറെ ഗുണംചെയ്യും. വായുകടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിച്ചാല്‍ വളരെക്കാലത്തേക്ക് ഇവ കേടുകൂടാതിരിക്കും. അനവധി അണക്കെട്ടുകളും കൊട്ടാരങ്ങളും ഇവിടെയുണ്ടാക്കിയിട്ടുള്ളത് സിമന്റില്ലാതെയാണെന്നുള്ള വസ്തുത എന്നെ അത്ഭുതപ്പെടുത്തുന്നു എന്നത് ഞാന്‍ മറച്ചുവെക്കുന്നില്ല. എന്നാല്‍, ഈ പുതിയ സിമന്റ് എന്ന വസ്തു ഉപയോഗിക്കുകയാണെങ്കില്‍ കുമ്മായച്ചാന്തിനെക്കാള്‍ ഈട് ലഭിക്കും എന്നുമാത്രമേ ഞാന്‍ പറയുന്നുള്ളൂ.

പുരാതനമായ ജലസേചനസൗകര്യങ്ങളെ നാം പുനര്‍നിര്‍മിക്കുമ്പോള്‍ മൂന്നില്‍ രണ്ടുഭാഗവും വേഗം ജീര്‍ണിക്കുന്നതായി കണ്ടുവരുന്നു. നാം ഉപയോഗിക്കുന്നത് കുമ്മായവും ശര്‍ക്കരപ്പാനിയുമായതിനാലാണ് ഇത് സംഭവിക്കുന്നത്. സിമന്റ് എന്ന പുതിയ വസ്തുവാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇങ്ങനെ അതിവേഗം കേടുവരികയില്ല. മദ്രാസിലെ ചീഫ് എന്‍ജിനീയറായ കേണല്‍ ഗരാര്‍ഡ് സിമന്റ് എന്ന വസ്തു മദ്രാസ് പ്രസിഡന്‍സിയില്‍തന്നെ ഉദ്പാദിപ്പിക്കുന്നുണ്ട്. ഇത് നമ്മുടെ നാട്ടിലെ - ഇംഗ്ലണ്ടിലെ - ജെയിംസ് പാര്‍ക്കറുടെ റോമന്‍ സിമന്റിനോട് കിടപിടിക്കുന്നതാണ്. ഇതെവിടെയുണ്ടാക്കിയാലും ചേര്‍ക്കേണ്ട മണലിന്റെ അളവ് ഒന്നുതന്നെയാണ്. ഉപയോഗിക്കുന്ന രീതിയിലും വ്യത്യാസമില്ല. മലബാറില്‍ പറ്റിയൊരു സ്ഥലം കണ്ടുപിടിക്കുക. ഒരൊറ്റ ഡിപ്പോ ഉണ്ടാകുന്നതാണ് നല്ലത്. നിര്‍മാണസ്ഥലത്തേക്ക് സിമന്റ് എത്തിക്കാന്‍ ചെലവുണ്ടാകരുതെന്നുമാത്രം. ഇതുണ്ടാക്കുക എളുപ്പമല്ല. പലപ്പോഴും 'ട്രയല്‍ മേക്കിങ്' വേണ്ടിവരും.

സിംഗപ്പൂരിലെ തടവുപുള്ളികള്‍ക്ക് നല്ലൊരു സിമന്റുത്പാദനശാലയുണ്ട്. സ്ത്രീകളായ തടവുകാരാണ് ഇതില്‍ കൂടുതലായി ഏര്‍പ്പെട്ടിരിക്കുന്നത്. റോയല്‍ എന്‍ജിനീയറുടെ ആസ്ഥാനമായ ചാത്തം എന്ന സ്ഥലത്തെ ഉദ്യോഗസ്ഥരാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഇവിടുത്തെ പുഴകളിലെ വേലിയേറ്റപ്രദേശങ്ങളില്‍നിന്ന് കിട്ടുന്ന 'ബ്ലൂ ക്ലേ' ഇതിനായി ഉപയോഗിക്കുന്നു. പൊടിക്കാനുള്ള യന്ത്രവും ഉണക്കാനുള്ള ഫാനിങ് മെഷീനും ബെയ്ക്കിങ് മെഷീനും ഈ തടവുകാര്‍തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. നമ്മുടെ ഗവര്‍ണര്‍ ജനറല്‍ ഈയിടെ ഈ നിര്‍മാണശാല സന്ദര്‍ശിക്കുകയുണ്ടായി. വേണ്ടുവോളം പ്രശംസ ഈ സ്ഥാപനത്തിനുമേല്‍ അദ്ദേഹം ചൊരിയുകയും ചെയ്തു. ഇവരിത് കയറ്റിയയയ്ക്കുന്നുമുണ്ട്. ഒരു കടല്‍ഭിത്തിയുടെ നിര്‍മാണം അദ്ദേഹം നേരില്‍ കാണുകയും ചെയ്തു. എന്തുകൊണ്ടും ഈ ഹൈഡ്രോളിക് സിമന്റ് മേന്മയേറിയതുതന്നെ.

സിംഗപ്പൂരിലെ ഈ നിര്‍മാണശാലയെക്കുറിച്ച് ഞാന്‍ വാചാലനായത് ഒരു ഉദാഹരണത്തിനുവേണ്ടി മാത്രം. മലബാറിലും നമുക്കിത് ഉത്പാദിപ്പിക്കാന്‍ കഴിയും. 1837-ല്‍ കൊച്ചിയില്‍ വേലിയേറ്റസമയത്ത് തിരകള്‍ പുഴയിലേക്ക് കയറി കടന്നാക്രമണം ചെയ്യുന്നത് ഞാന്‍ നേരില്‍ കാണുകയുണ്ടായി. ഇപ്പോഴാണെങ്കില്‍ ഈ പുതിയ വസ്തുവായ സിമന്റുകൊണ്ടിത് തടയാന്‍ കഴിയുമായിരുന്നു. മലബാറില്‍ സിമന്റുത്പാദനത്തിനൊരു സ്ഥലം കണ്ടെത്തിയാല്‍ ആറു മാസംകൊണ്ടുതന്നെ ഉത്പാദനം തുടങ്ങാന്‍ കഴിയും. ബുദ്ധിമാനായ ഒരു യൂറോപ്യന്‍ ഓവര്‍സിയറെ നാം ഇതിലേക്കായി നിയമിക്കേണ്ടിയിരിക്കുന്നു. ശമ്പളത്തിന്റെ കാര്യത്തില്‍ പിശുക്കുകാണിക്കേണ്ട കാര്യമില്ല. കാരണം ഇതുകൊണ്ടുള്ള ഗുണം എത്രയോ വലുതാണ്. അടുത്ത മീറ്റിങ്ങില്‍ത്തന്നെ ബോര്‍ഡ് ഓഫ് റവന്യൂ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടതാണ്.''

ഇനി നമുക്ക് രണ്ട് വര്‍ഷം മുമ്പ് ലഡ്‌ലോവ് കളക്ടര്‍ കനോലിക്ക് അയച്ചുതന്ന നിര്‍മാണക്കുറിപ്പ് ഒന്ന് പരിശോധിക്കാം. 1852 ഡിസംബര്‍ മാസം 9-ാം തീയതിയാണ് ഈ കുറിപ്പ് അയച്ചതായി കാണുന്നത്. ''മൃദുലമായ ചുണ്ണാമ്പുകല്ലുകളോ ചാക്കോ മലബാറില്‍ ലഭ്യമല്ലാത്തതിനാല്‍ കക്കത്തോടുതന്നെ ഉപയോഗിക്കാം. കക്കത്തോട് നല്ലതുപോലെ ചൂടാക്കിയതിനുശേഷം അതില്‍ ആവശ്യത്തിന് വെള്ളമൊഴിക്കുക. 4:1 എന്ന തോതില്‍ ഇതിനോട് കളിമണ്ണ് ചേര്‍ക്കുക. നല്ലവണ്ണം ഇളക്കിയതിനുശേഷം ഉണക്കിയെടുക്കുക. വെള്ളം ചേര്‍ത്ത് ഇളക്കിയതിനുശേഷം ഒരു പെയ്സ്റ്റാക്കുക. ഉണക്കി കഷണങ്ങളാക്കി മുറിച്ചെടുത്ത് ചൂളയിലിട്ട് ചൂടാക്കുക. ഇതിനെ വീണ്ടും പൊടിച്ചെടുക്കുക. അപ്പോളിത് നല്ലൊരു ഹൈഡ്രോളിക് സിമന്റായി. എനിക്കാകെ പേടിയുള്ളത് ഇതിന്റെ ചെലവാണ്.''

21-ാം നൂറ്റാണ്ടില്‍ സിമന്റ് നമുക്കേറെ പരിചിതമാണ്. പാമ്പന്‍ പാലത്തിന്റെ ഉറപ്പ് സാക്ഷ്യപ്പെടുത്തുന്ന സിമന്റുകള്‍. വിവിധ രൂപത്തിലും ഭാവത്തിലുമുള്ള പാക്കറ്റുകളില്‍ ഇപ്പോളിത് സുലഭമാണ്.

seluraj@yahoo.com




MathrubhumiMatrimonial