
കേരളത്തില്‍ എട്ട് മാസത്തിനിടെ ചരിഞ്ഞത് 36 ആനകള്‍
Posted on: 31 Aug 2013
കെ ആര്‍ പ്രഹ്ലാദന്‍

ജനവരി മുതല്‍ ആഗസ്ത് വരെ കേരളത്തില്‍ ചരിഞ്ഞത് 36 ആനകള്‍. ഇതില്‍ 29 എണ്ണം സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള നാട്ടാനകളും ഏഴ് എണ്ണം വനംവകുപ്പ് പരിപാലിച്ചുപോന്നതുമാണ്. ഞെട്ടിപ്പിക്കുന്ന മരണപരമ്പര ഉണ്ടായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അന്വേഷണമോ മറ്റു നടപടികളോ ഇല്ല. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും നല്‍കിയ കണക്കാണിത്. ഇതു സംബന്ധിച്ച രേഖകള്‍ വനം വിജിലന്‍സിന് കൈമാറിയെങ്കിലും അവിടെയും ഒന്നും ഉണ്ടായിട്ടില്ല. ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ കണക്കും മരണസംഖ്യ ശരിവയ്ക്കുന്നു
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട് , പത്തനംതിട്ട എന്നിവിടങ്ങളില്‍ മൂന്ന് വീതം ആനകള്‍ ചരിഞ്ഞു. എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍. , മലപ്പുറം , വയനാട് എന്നിവിടങ്ങളില്‍ രണ്ട് വീതം ആനകള്‍ക്ക് ജീവന്‍ നഷ്ടമായി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളില്‍ ഒരോ ആന ചരിഞ്ഞു.
വനം വകുപ്പിന്റെ സംരക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് ആനകളില്‍ രണ്ടെണ്ണം കോടനാട്ടും നാലെണ്ണം തിരുവനന്തപുരത്തും ഒരെണ്ണം മുത്തങ്ങയിലുമാണ് ചരിഞ്ഞത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം 269 ആനകള്‍ ചരിഞ്ഞിട്ടുണ്ട്. ഇതെല്ലാം 40 വയസ്സില്‍താഴെയുള്ളവയാണ്. മരണകാരണങ്ങളില്‍ കൂടുതലും എരണ്ടക്കെട്ടാണ്. പരിക്കും ക്ഷയരോഗവും ചിലതിന് വിനയായി.
90 ശതമാനം ആനകളുടേയും ദേഹത്ത് മാരകമായ പരിക്കുകള്‍ കാണാനായി. ആനകള്‍ നേരിടുന്ന പീഡനത്തിന് ഉദാഹരണമാണിതെന്ന് മൃഗസ്‌നേഹികള്‍ പറയുന്നു. കഴിഞ്ഞ കടുത്ത വേനലില്‍ ആനകളെ പരിപാലിക്കുന്നതില്‍ വന്ന ഗുരുതര വീഴ്ചയാണ് മരണസംഖ്യ കൂട്ടിയതെന്ന് ആനചികില്‍സകനായ ഡോ. ടി. എസ്. രാജീവ് പറഞ്ഞു.
