
തലതിരിഞ്ഞൊരുപദേശം
Posted on: 22 Aug 2013
അഡ്വ. ടി.ബി. സെലുരാജ്

വിക്ടോറിയന്‍ വാസ്തുഭംഗിയുടെ ചാരുത വിളിച്ചറിയിക്കുന്നൊരു കെട്ടിടമുണ്ടായിരുന്നു നമുക്ക്. കോഴിക്കോട് നഗരമധ്യത്തില്‍ത്തന്നെ തലയുയര്‍ത്തി നിന്ന പ്രൗഢഗംഭീരമായൊരു കെട്ടിടം - നമ്മുടെ ഹുസൂര്‍ കച്ചേരി. പക്ഷേ, നാമത് പൊളിച്ചുകളഞ്ഞു; മുപ്പതു വെള്ളിക്കാശിനുവേണ്ടി. അങ്ങനെ നമ്മള്‍ വരുംതലമുറയോട് ഒരു പാതകം ചെയ്തു. ചരിത്രസ്‌നേഹികളായ ഒരുകൂട്ടം മനുഷ്യര്‍ ഇതിനെതിരെ നീതിന്യായാസനങ്ങളെ സമീപിച്ചിരുന്നു. ധനികരുടെ വിരുന്നുസത്കാര വേളകളില്‍ മട്ടുപ്പാവില്‍നിന്നുയരുന്ന പ്രാവുകളുടെ ചിറകടിശബ്ദം അവര്‍ ശ്രദ്ധിക്കാറില്ലല്ലോ? അത്തരമൊരു ചിറകടിശബ്ദം മാത്രമായി ആ ചരിത്രസ്‌നേഹികളുടെ പ്രയത്‌നം.
ഏതാനും ചില വ്യക്തികള്‍ക്ക് ഗുണമുണ്ടാക്കിക്കൊണ്ട് ആ വില്പനയും നടന്നു. അങ്ങനെ അമൂല്യമായ ആ ചരിത്രസമ്പത്ത് നാമാവശേഷമായി. ആരാണീ പാതകത്തിനുപദേശം കൊടുത്തത്? ഏതു ഭരണാധികാരിയാണ് ഈ ഉപദേശം സ്വീകരിച്ചത്? ബധിരകര്‍ണങ്ങളിലേക്കെത്തുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ഭരണാധികാരികള്‍ ഏതു രാഷ്ട്രീയക്കാരായാലും ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരായിരിക്കണം. നല്ലതും ചീത്തയും വിവേചനബുദ്ധിയോടെ അവര്‍ തിരിച്ചറിയണം. ഇത്രയുമെഴുതാന്‍ കാരണമുണ്ട്. ചരിത്രപ്രാധാന്യമുള്ള കോട്ടകള്‍ പൊളിക്കണമെന്നും അതിലെ വെട്ടുകല്ലുകളുപയോഗിച്ച് പാലം പണിയണമെന്നും മലബാര്‍ കളക്ടറായിരുന്ന കനോലിയെ ഒരു സബ് കളക്ടര്‍ ഉപദേശിച്ചിരുന്നു. എന്നാല്‍, ചരിത്രസ്മൃതികളുണര്‍ത്തുന്ന കോട്ടകള്‍ തുടച്ചുമാറ്റാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ ആ സന്മനസ്സുകാരണമാണ് ഇന്ന് നാം കോട്ടകളെ കാണുന്നതും അടുത്തറിയുന്നതും.
1854-ലാണ് പാലക്കാട് സബ് കളക്ടറായിരുന്ന നോക്‌സ് മലബാര്‍ കളക്ടറായിരുന്ന കനോലിയോട് പാലക്കാട്‌കോട്ട പൊളിച്ച് അതിലെ കല്ലുകള്‍കൊണ്ട് പാലങ്ങള്‍ പണിയണമെന്നുപദേശിച്ചത്. അന്ന് കനോലി ഈ ഉപദേശം ചെവിക്കൊണ്ടിരുന്നെങ്കില്‍ നമുക്കിന്ന് പാലക്കാട് കോട്ട മാത്രമല്ല, ബേക്കല്‍ കോട്ടയും കണ്ണൂര്‍ കോട്ടയും തലശ്ശേരി കോട്ടയുമൊക്കെ നഷ്ടപ്പെടുമായിരുന്നു. നമ്മുടെ ഭാഗ്യത്തിന് അതുണ്ടായില്ല. പഴയത് എന്ന ലേബലൊട്ടിക്കുന്ന പല നിര്‍മിതികളും സത്യത്തില്‍ ചരിത്രം പറയുന്ന സ്മാരകശിലകളാണെന്നോര്‍ക്കുക. അമൂല്യമായ നിധിസമ്പത്താണിത്. ഇനി നമുക്ക് ആ രേഖകളിലൂടെത്തന്നെ കടന്നുപോകാം.
1854 ഒക്ടോബര്‍ 23-നാണ് പാലക്കാട് സബ് കളക്ടറായിരുന്ന നോക്‌സ് മലബാര്‍ കളക്ടറായിരുന്ന കനോലിക്ക് ഇങ്ങനെയൊരു ആവശ്യമുന്നയിച്ച് കത്തെഴുതിക്കാണുന്നത്. ''മലബാറില്‍ മണ്‍സൂണ്‍ അവസാനിക്കാന്‍ പോവുകയാണല്ലോ. മരാമത്ത് പണികള്‍ക്ക് ഏറ്റവും അനുയോജ്യമാണ് വരുംനാളുകള്‍. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചില നിര്‍മാണപ്രവര്‍ത്തനങ്ങളെ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞാനാഗ്രഹിക്കുന്നു. പാലക്കാട് സബ് ഡിവിഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണീ പ്രവര്‍ത്തനങ്ങള്‍. നമ്മുടെ കച്ചവടരംഗത്തെ ഈ പ്രവര്‍ത്തനങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുമെന്ന് ഓര്‍മിപ്പിക്കട്ടെ. ഒന്നാമതായി തൃശ്ശൂര്‍ വഴി കൊച്ചിയുമായി പാലക്കാടിനെ ബന്ധിപ്പിക്കുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം സര്‍വേ നടത്തിയിരുന്നുവെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. രണ്ടാമതായി പാലക്കാടിനെ റെയില്‍വേസ്റ്റേഷനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. നമ്മുടെ എന്‍ജിനീയേഴ്‌സ് ഈ വിഷയത്തിന്റെ പ്രാധാന്യം തീരേ മനസ്സിലാക്കിക്കാണുന്നില്ല. പാലക്കാട്-തൃശ്ശൂര്‍ വഴിയില്‍ നാം ആദ്യമുണ്ടാക്കേണ്ടത് റെയില്‍വേസ്റ്റേഷനുമായി പാലക്കാടിനെ ബന്ധിപ്പിക്കുന്ന പാലമാണ്. ഇത് നമുക്ക് വളരെ ചെലവുകുറഞ്ഞ രീതിയിലുണ്ടാക്കാന്‍ കഴിയും; പാലക്കാട് കോട്ട പൊളിച്ചെടുക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയാണെങ്കില്‍. ഈ കോട്ടയില്‍ ഒരുലക്ഷത്തി അമ്പതിനായിരം ക്യുബിക് ഫീറ്റ് കല്ലുകളുണ്ട്. ഇതിന് അമ്പതിനായിരം ഉറുപ്പിക വില വരും. പാലം പണിയേണ്ട സ്ഥലത്തേക്ക് ഒന്നൊന്നര മൈല്‍ ദൂരം മാത്രമേയുള്ളൂ. ഒരു ട്രാംവേയോ പാലമോ ഉണ്ടാക്കിയാല്‍ വളരെ ചെലവുകുറഞ്ഞ രീതിയില്‍ത്തന്നെ ഈ കല്ലുകളെ കോട്ടയില്‍നിന്ന് പണിസ്ഥലത്തെത്തിക്കാം. ഈ കോട്ട നിലനില്‍ക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും നമുക്കില്ല. പീരങ്കി സൈന്യവുമായി എത്തുന്ന ശത്രുവിനെ ഒരുദിവസംപോലും ഈ കോട്ടയ്ക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയില്ല. ഇപ്പോഴത്തെ നമ്മുടെ സൈന്യബലം വളരെ കുറവായതിനാല്‍ ദീര്‍ഘകാലത്തേക്ക് നമുക്കാരോടുംതന്നെ ഏറ്റുമുട്ടാന്‍ കഴിയുകയില്ല. അതിനാല്‍ കോട്ടയ്ക്കുള്ളില്‍ അഭയംപ്രാപിച്ചാല്‍ പട്ടിണിയല്ലാതെ മറ്റൊരു നേട്ടവും നമുക്കുണ്ടാകാന്‍ പോകുന്നില്ല. താങ്കള്‍ക്ക് വേണമെങ്കില്‍ ഈ കോട്ടയുടെ യുദ്ധപ്രാധാന്യത്തെക്കുറിച്ച് ഒരു വിദഗ്ധനോട് ആലോചിക്കാം. ഞാനിത്രയുമെഴുതുന്നത് സര്‍ക്കാറിന് ഗുണമുണ്ടാകാന്‍വേണ്ടി മാത്രമാണ്. പാലങ്ങള്‍ക്കാവശ്യമുള്ള കല്ല് പുറമേനിന്ന് വിലകൊടുത്ത് വാങ്ങിക്കുകയാണെങ്കില്‍ പാലം നിര്‍മാണം വളരെ ചെലവേറിയതാകും. കോട്ടയുടെ കല്ലുകളാണ് നാമെടുക്കുന്നതെങ്കില്‍ കല്ലുകള്‍ക്കായി ഉപയോഗിക്കേണ്ടിവരുന്ന പണം മറ്റാവശ്യങ്ങള്‍ക്കായി നമുക്കുപയോഗിക്കാം. ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. കൊച്ചി അങ്ങാടിയില്‍ നമ്മുടെ സാന്നിധ്യം എത്രയും പെട്ടെന്ന് അറിയിച്ചിരിക്കണം. ഇതിനായി പാലക്കാട്ടുനിന്ന് തൃശ്ശൂര്‍ വഴി കൊച്ചിയിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചേ മതിയാകൂ. റെയില്‍വേ പണി തുടങ്ങിയാല്‍ മലബാറില്‍ തൊഴിലാളികള്‍ക്കുള്ള വേതനനിരക്ക് കൂടുമെന്നത് നാം മുന്‍കൂട്ടി കണ്ടറിഞ്ഞിരിക്കണം. അതിനാല്‍ റെയില്‍വേ പണിക്ക് മുമ്പുതന്നെ നമുക്ക് പാലക്കാട്ടുനിന്ന് തൃശ്ശൂര്‍ വഴി കൊച്ചിയിലേക്ക് റോഡുണ്ടാക്കിയേ മതിയാകൂ. അതിനായി കോട്ടയിലെ കല്ലുകള്‍ ഉപയോഗിക്കുക.''
അടുത്ത മാസം 15-ന് നോക്‌സ് വീണ്ടും കനോലിയെ ഇങ്ങനെ ഓര്‍മിപ്പിക്കുന്നതായി കാണാം. ''പാലക്കാട് കോട്ട പൊളിച്ച് കല്ലുകള്‍ രണ്ടു പാലങ്ങളുണ്ടാക്കാനായി ഉപയോഗിക്കണമെന്ന് ഞാനെഴുതിയിരുന്നല്ലോ. സതേണ്‍ ഡിവിഷന്റെ കമാന്‍ഡിങ് ഓഫീസറായ ജനറല്‍ ക്ലെയ്‌വ്‌ലാന്റ് ഇപ്പോള്‍ സ്ഥലത്തുണ്ട്. പാലക്കാട് കോട്ടയുടെ മിലിട്ടറി പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ആരായുന്നതില്‍ വൈകരുതെന്നാണ് എനിക്ക് പറയാനുള്ളത്. അല്ലാത്തപക്ഷം ഉയര്‍ന്ന വിലയ്ക്ക് നാം ചെങ്കല്ല് വാങ്ങേണ്ടിവരും. പാലംപണിക്ക് ഇതുമൂലം വളരെയേറെ പണം ചെലവാകുമെന്ന് ഒരിക്കല്‍ക്കൂടിഓര്‍മിപ്പിക്കട്ടെ.''
ഈ രണ്ട് കത്തുകള്‍ കിട്ടിയപ്പോള്‍ മലബാര്‍ കളക്ടറായ കനോലി മിലിട്ടറിയുടെ ഏഴാം ഡിവിഷന്റെ ക്യാപ്റ്റനായ ഫ്രാന്‍സിസിനോട് ഈ വിഷയത്തെക്കുറിച്ച് പഠിച്ച് തനിക്കൊരു റിപ്പോര്‍ട്ട് തരണമെന്ന് ആവശ്യപ്പെട്ടു. ക്യാപ്റ്റന്‍ ഫ്രാന്‍സിസ് ഈ വിഷയത്തെക്കുറിച്ച് പഠിക്കുകയും കനോലിക്ക് ഇങ്ങനെയൊരു റിപ്പോര്‍ട്ട് കൊടുത്തതായും കാണുന്നു. ''സര്‍, നോക്‌സിന്റെ പാലക്കാട് കോട്ട പൊളിക്കണമെന്നും അതിന്റെ കല്ലുകള്‍ പാലംപണിക്കായി ഉപയോഗിക്കണമെന്നുമുള്ള അഭിപ്രായത്തോട് എനിക്ക് യാതൊരു യോജിപ്പുമില്ല. ഈ കോട്ടയ്ക്ക് ഒരു സൈന്യത്തിന്റെ പടക്കോപ്പുകളെയും ഒരു റെജിമെന്റിന്റെ പടനീക്കത്തെയും സംരക്ഷിക്കാനും നയിക്കാനും കഴിയും. ശത്രുവിന്റെ ഒരു വലിയ പടനീക്കത്തെ കോട്ടയ്ക്ക് തടുക്കുവാന്‍ കഴിയില്ലെങ്കിലും ഒരു ചെറുസൈന്യത്തിന്റെ പടനീക്കത്തെ തടുക്കാന്‍ ഈ കോട്ടയ്ക്ക് കഴിയും. നാട്ടുകാരുടെ പെട്ടെന്നുള്ള കലാപങ്ങളുണ്ടാവുകയാണെങ്കില്‍ പാലക്കാട് കോട്ടയ്ക്ക് പല രീതിയിലും നമ്മെ സഹായിക്കാന്‍ കഴിയും. അതിനാല്‍ പാലക്കാട് കോട്ട യാതൊരു വിധത്തിലും ഗുണംചെയ്യില്ലെന്ന നോക്‌സിന്റെ അഭിപ്രായത്തോട് എനിക്ക് ഒരുവിധത്തിലും യോജിക്കാന്‍ കഴിയില്ല. പാലക്കാടിനെ തൃശ്ശൂര്‍ വഴി കൊച്ചിയുമായി ബന്ധിപ്പിക്കണമെന്നുള്ള നോക്‌സിന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നുണ്ട്. പക്ഷേ, പാലക്കാട് കോട്ടയുടെ കല്ലുകള്‍കൊണ്ടുതന്നെ വേണം പാലങ്ങള്‍ കെട്ടുവാനെന്ന നിര്‍ദേശത്തോട് എനിക്ക് യോജിപ്പില്ല. കോട്ടകള്‍ സംരക്ഷിക്കേണ്ടതുതന്നെയാണ്.''
1854 നവംബര്‍ 25-ന് ഈ എഴുത്ത് എഴുതിയതായാണ് കാണുന്നത്. ക്യാപ്റ്റന്റെ അഭിപ്രായം അറിഞ്ഞ കനോലി സബ് കളക്ടറോട് കോട്ടകള്‍ പൊളിക്കരുതെന്ന് നിര്‍ദേശിച്ചു.
