NagaraPazhama

കൈക്കോട്ടുപുരാണം

Posted on: 08 Aug 2013

അഡ്വ. ടി.ബി. സെലുരാജ്‌




കൈക്കോട്ട്' എന്ന പണിയായുധം നമുക്കൊക്കെ സുപരിചിതമാണല്ലോ. മണ്ണുകോരാനും കിളയ്ക്കാനും ഉപയോഗിക്കുന്ന നിരുപദ്രവകാരിയായ ഒരു പണിയായുധം. പരാന്നഭോജികളെ വിശേഷിപ്പിക്കാനും കൈക്കോട്ടെന്ന പേരുതന്നെയാണ് സഹൃദയരായ മലബാറുകാര്‍ ഉപയോഗിക്കുന്നത്.

ഇത്തരം കൈക്കോട്ടുകള്‍ സമൂഹത്തില്‍ എല്ലാ രംഗത്തുമുണ്ട് ; പ്രത്യേകിച്ച് സിനിമയിലും സാഹിത്യത്തിലും. ബുദ്ധിജീവി എന്ന നാട്യമുള്ള ഇക്കൂട്ടരെ വേഗം തിരിച്ചറിയാം. മുടി നീട്ടിവളര്‍ത്താനും ബുള്‍ഗാന്‍ താടി വെക്കാനും ഇക്കൂട്ടര്‍ മറക്കാറില്ല. കൈയിലൊരു തോള്‍സഞ്ചിയും സാധാരണയായി ഇവര്‍ കൊണ്ടുനടക്കും. 'ആംഗിള്‍', 'ഫ്രെയിം' എന്നീ പദങ്ങളോടാണ് സിനിമാക്കാര്‍ക്ക് പ്രിയമെങ്കില്‍ 'ദസ്തയേവ്‌സ്‌കി' മുതലായ പേരുകളായിരിക്കും സാഹിത്യകാരന്മാര്‍ ഉപയോഗിക്കാറ്. ഒരു മേമ്പൊടിക്കായി ഇക്കൂട്ടര്‍ കവിതയുമുപയോഗിക്കാറുണ്ട്.

നഗരത്തിലെ ഒരുവിധം എല്ലാ ഹോട്ടലുകളിലും ഇക്കൂട്ടരെ നിങ്ങള്‍ക്ക് കണ്ടുമുട്ടാം. ഒരു 'ഹലോ' പ്രയോഗവുമായി നിങ്ങളുടെ മേശയ്ക്കരികെ ഇവരെത്തുന്നു. വലിയൊരു പരിചയമൊന്നും ഇതിനായി ഇവര്‍ക്കാവശ്യമില്ല. പിന്നെ, പാട്ടായി, കവിതയായി, കുടിക്കാനും കഴിക്കാനുമൊക്കെ ഈ സമയംകൊണ്ട് മൂപ്പര്‍ ഓര്‍ഡര്‍ ചെയ്തുകാണും. ബില്ലുമായി ബെയറര്‍ എത്തിയാല്‍ മൂപ്പര്‍ കൈകഴുകാനായി സ്ഥലംവിടുന്നു. നിങ്ങള്‍ ബില്‍ പേ ചെയ്തതിനുശേഷമേ ഇക്കൂട്ടര്‍ മടങ്ങിയെത്തൂ. കൈക്കോട്ടുകളെപ്പോലെ എല്ലാം തന്നിലേക്ക് വാരിവലിച്ച് അടുപ്പിക്കുന്ന ഇക്കൂട്ടരെ ആദ്യമായി ഇങ്ങനെ സംബോധന ചെയ്ത സഹൃദയനെ സമ്മതിക്കാതെ വയ്യ.
കേരളത്തില്‍ പലയിടങ്ങളിലും 'കൈക്കോട്ട്' എന്ന പണിയായുധമുണ്ട്. മലബാറിലെ കൈക്കോട്ട് തിരുവിതാംകൂറില്‍ പക്ഷേ, 'മണ്‍വെട്ടി'യാണ്. ആലപ്പുഴക്കാര്‍ക്കാവട്ടെ കൈക്കോട്ടിന്റെ മറ്റൊരവതാരമായ 'തൂമ്പ'യോടാണ് ഏറെ പ്രിയം. അതിപുരാതനകാലത്തും കൈക്കോട്ടുകള്‍ മലബാറുകാര്‍ ഉപയോഗിച്ചുവന്നു. പ്രാദേശികമായി കൊല്ലന്റെ ആലയില്‍നിന്നാണ് ഇവ നിര്‍മിച്ചുവന്നിരുന്നത്. ബ്രിട്ടീഷുകാര്‍ മലബാറിന്റെ ഭരണം കൈയാളിയ
തോടുകൂടി നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിച്ചു. പാലങ്ങളും റെയില്‍വേയും നിര്‍മിക്കാന്‍ തുടങ്ങിയതോടുകൂടിയാണ് കൈക്കോട്ടിന്റെ 'വര' തെളിഞ്ഞത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൈക്കോട്ടുകള്‍ അത്യാവശ്യമാണല്ലോ. എന്നാല്‍, ഇവര്‍ക്കാവശ്യമായ കൈക്കോട്ടുകള്‍ ഉത്പാദിപ്പിക്കുന്നതിന് പ്രാദേശിക കൊല്ലന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ കൈക്കോട്ടു നിര്‍മാണം ബ്രിട്ടീഷുകാരുടെ ആയുധശാലയിലേക്ക് മാറ്റി. എന്നാല്‍, ഇംഗ്ലണ്ടിലെ യന്ത്രശാലകളില്‍നിന്ന് ഇവ വലിയതോതില്‍ ഉത്പാദിപ്പിച്ച് ഇന്ത്യയിലേക്കെത്തിച്ചുകൂടേ എന്നായി ബ്രിട്ടീഷ് സര്‍ക്കാറിന്റെ ചിന്ത. ഇതിനായി ബ്രിട്ടീഷ് ഇന്ത്യയിലെ പ്രദേശങ്ങളില്‍നിന്ന് നിലവിലുള്ള കൈക്കോട്ടുകളുടെ മാതൃകകള്‍ ശേഖരിച്ച് കപ്പല്‍വഴി ഇംഗ്ലണ്ടിലേക്കയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇത്പ്രായോഗികമായ വിജയം കൈവരിച്ചില്ല. ഈ നടപടികള്‍ വ്യക്തമാക്കുന്ന ഏതാനും എഴുത്തുകളിലൂടെ നാം കടന്നുപോവുകയാണ്. വിയോജിപ്പുകളായിരുന്നു ഏറിയ കൂറും.

മിലിട്ടറി ബോര്‍ഡ് സെക്രട്ടറിക്ക് വെല്ലൂര്‍ ഫോര്‍ട്ട് അഡ്ജുടെന്റിന് 1856 മാര്‍ച്ച് 15-ന് എഴുതിയ കത്ത് നോക്കുക. ''നാട്ടുകാരുടെ കൈയിലെ ഏറ്റവും ഗുണപ്രദമായ ഒരായുധമായ കൈക്കോട്ടിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം ചോദിച്ചുകൊണ്ട് താങ്കള്‍ എഴുതിയ കത്ത് കിട്ടി. കഴിഞ്ഞ 20 വര്‍ഷമായി വെല്ലൂരും പരിസരത്തുമുള്ള റോഡുകളുടെ പണിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇംഗ്ലണ്ടിലെ പാറ്റേണിലെ കൈക്കോട്ടാണ് ഞാനുപയോഗിക്കുന്നത്. അരോഗ ദൃഢഗാത്രരായ തടവുപുള്ളികള്‍ ഈ കൈക്കോട്ടുകള്‍ അനായാസമായി കൈകാര്യംചെയ്തുവരുന്നു. എന്നാല്‍, ഇക്കൂട്ടരെത്തന്നെ മണ്ണ് കുഴിക്കുന്നതിനും വാരുന്നതിനുമായി ഉപയോഗിക്കുമ്പോള്‍ ആയുധശാലയിലുണ്ടാക്കിയ കൈക്കോട്ടുകളാണ് ഉപയോഗിക്കാറ്. ആയുധശാലയില്‍ കൈക്കോട്ട് നിര്‍മാണത്തിന് എനിക്ക് സമ്മതം തന്നത് മേജര്‍ പ്ലെയ്‌സാണെന്ന് നന്ദിയോടെ ഞാന്‍ സ്മരിക്കട്ടെ. ഈ കൈക്കോട്ടുകള്‍ വളരെ ഗുണംചെയ്യുന്നു. ഒന്നാമതായി ഇത് വളരെ കനംകുറഞ്ഞതാണ്. എന്നാല്‍, ഇംഗ്ലണ്ടിലെ കൈക്കോട്ടില്‍ മണ്ണുകോരിയാല്‍ അതിന്റെ സിംഹഭാഗവും താഴേക്കുതന്നെ വീണുപോകുന്നു. അതിനാല്‍ കൃഷിക്കാര്‍ക്ക് ഏറ്റവും ഉചിതം നമ്മുടെ ആയുധശാലയിലുണ്ടാക്കുന്ന കൈക്കോട്ടുകളാണ്. അണക്കെട്ട് നിര്‍മാണത്തിനും ആയുധശാലയിലെ കൈക്കോട്ടുകള്‍തന്നെയാണ് ഉചിതം. എന്നാല്‍, സേലത്ത് ലഭ്യമാകുന്ന നാടന്‍ കൈക്കോട്ടുകള്‍ വളരെ പരിതാപകരമാണ്. അത് റോഡുപണിക്ക് തീരെ കൊള്ളുകയില്ല. നമ്മുടെ ആയുധശാലയില്‍ ഞാനുണ്ടാക്കുന്ന പിക്കാസുകള്‍ യൂറോപ്പിലെ പിക്കാസുകളേക്കാള്‍ ഉയര്‍ന്ന മേന്മയുള്ളതാണ്. യൂറോപ്പിലെ പിക്കാസുകള്‍ അതിവേഗം ഒടിഞ്ഞുപോകുന്നു. അതിനാല്‍ എന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ആയുധശാലയിലുണ്ടാക്കുന്ന കൈക്കോട്ടുകളും പിക്കാസുകളുമാണ് ഏറ്റവും ഉത്തമം. അതിനാല്‍ ഇംഗ്ലണ്ടില്‍നിന്ന് കൈക്കോട്ടുകള്‍ വരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല.''

മിലിട്ടറി ബോര്‍ഡില്‍നിന്നും മിലിട്ടറി സെക്രട്ടറിക്ക് 1856 ജൂണ്‍ 10-ന് കിട്ടിയ എഴുത്തുകൂടി നമുക്ക് നോക്കാം. ''സര്‍, മദ്രാസ് പ്രസിഡന്‍സിയിലെ വിവിധ ജില്ലകളില്‍ സാധാരണ ജനങ്ങളുപയോഗിക്കുന്ന നല്ല കൈക്കോട്ടുകളുടെ മാതൃകകള്‍ അയച്ചുതരണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടിരുന്നുവല്ലോ. മദ്രാസില്‍നിന്ന് ഇവ ഇംഗ്ലണ്ടിലെ നിര്‍മാണശാലകള്‍ക്ക് മാതൃകയായി അയച്ചുകൊടുക്കുമെന്നും ഗുണമേന്മ ഒട്ടുംകുറയാതെ അവിടെ ഇവ നിര്‍മിച്ച് ഇന്ത്യയിലേക്കയയ്ക്കുമെന്നും താങ്കളറിയിച്ചിരുന്നുവല്ലോ. താങ്കളുടെ ഈ അറിയിപ്പ് കിട്ടിയ ഉടനെത്തന്നെ ഒട്ടും സമയം നഷ്ടപ്പെടുത്താതെ എല്ലാ ജില്ലകളില്‍നിന്നും കളക്ടര്‍മാരുടെയും ജഡ്ജിമാരുടെയും സഹായത്തോടെ നാടന്‍ കൈക്കോട്ടുകളുടെ മാതൃകകള്‍ ഞാന്‍ ശേഖരിക്കുകയും പ്രിന്‍സിപ്പല്‍ കമ്മീഷണറി ഓഫ് ഓര്‍ഡിനന്‍സിനോട് അവ എത്രയും പെട്ടെന്ന് കടല്‍മാര്‍ഗം ഇംഗ്ലണ്ടിലേക്കയയ്ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. നാടന്‍ കൈക്കോട്ടുകളുടെ മാതൃകകളോടൊപ്പം നമ്മുടെ ആയുധശാലയിലുണ്ടാക്കുന്ന കൈക്കോട്ടുകളുടെ മാതൃകയും ഇതോടൊപ്പം ഞാനയച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഇവ നിര്‍മിച്ചുവരുമ്പോള്‍ എന്ത് വിലയാകുമെന്ന് കാണിച്ചാല്‍ ഇപ്പോള്‍തന്നെ ഒരായിരം കൈക്കോട്ടുകള്‍ക്ക് ഞാന്‍ ഓര്‍ഡര്‍ തരാമായിരുന്നു. ഇവിടെയുള്ളതിനേക്കാള്‍ വിലകുറച്ച് ഇംഗ്ലണ്ടില്‍ നിര്‍മിക്കുന്ന കൈക്കോട്ടുകള്‍ വില്‍ക്കുവാന്‍ കഴിയുമെങ്കില്‍ ഒരു സംശയവുമില്ല, ഇന്നാട്ടുകാര്‍ അവയെ സ്വീകരിക്കുകതന്നെ ചെയ്യും. ഇംഗ്ലണ്ടിലെ ആയുധശാലയില്‍വെച്ച് കൈക്കോട്ടുകള്‍ നിര്‍മിക്കണമെന്ന് നാം തീരുമാനിച്ചത് 1855 മെയ് 2-ന് എടുത്ത തീരുമാനപ്രകാരമാണല്ലോ. എന്നാല്‍, ഈ പ്രസിഡന്‍സിയിലെ ജില്ലകളില്‍ വ്യത്യസ്ത രീതിയിലുള്ള കൈക്കോട്ടുകളാണ് നിലവിലുള്ളത്. അതിനാല്‍ ഇങ്ങനെ വ്യത്യസ്തമായിത്തന്നെ ഇംഗ്ലണ്ടില്‍വെച്ചും ഇവ ഉണ്ടാക്കേണ്ടിവരും. അത് ബുദ്ധിമുട്ടായിത്തീരുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. അതിനാല്‍ നമ്മുടെ ഇന്ത്യയിലുള്ള ആയുധശാലകളില്‍വെച്ച് ഇവ ഉണ്ടാക്കുന്നതല്ലേ നല്ലത്. ഇപ്പോള്‍ നമുക്ക് ആയുധശാലയിലെ കൈക്കോട്ടിന് എട്ടണ എന്ന തോതില്‍ വില്‍ക്കുവാന്‍ കഴിയുന്നുണ്ട്. ഇവിടെ തൊഴിലാളികള്‍ക്ക് വേതനം കുറവാണെന്നോര്‍ക്കുമല്ലോ. ഈ ചുരുങ്ങിയ വിലയ്ക്ക് കടല്‍ കടന്നെത്തുന്ന കൈക്കോട്ടുകളെ നമുക്ക് വില്‍ക്കുവാന്‍ കഴിയുമോ എന്നതുകൂടി ചിന്തിക്കുക.''

എന്നാല്‍, കടല്‍ കടന്നെത്തിയ ഈ കൈക്കോട്ടുകള്‍ക്ക് ഇന്ത്യന്‍ ജനതയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ആയുധശാലകളില്‍വെച്ചുണ്ടാക്കുന്ന കൈക്കോട്ടുകള്‍ക്കാണ് പ്രചാരം കിട്ടിയത്.



MathrubhumiMatrimonial