
അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത പുതിയ റിക്കോര്‍ഡില്‍
Posted on: 11 May 2013

ഭൂമിക്ക് അനുദിനം ചൂടേറുന്നുവെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ചുകൊണ്ട്, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത പുതിയ ഉയരത്തിലെത്തി. ഹാവായിലെ മൗന ലോവ നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ വിവരമനുസരിച്ച് ഇപ്പോള്‍ ദിവസവും ശരാശരി അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡ് നില 400 പിപിഎമ്മിന് മുകളിലാണ്.
ഇതിന് മുമ്പ് ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത 400 പിപിഎമ്മില്‍ കൂടുതലായിരുന്നത്, ഭൂമിയില്‍ ആധുനിക നരവംശം ഉടലെടുക്കുന്നതിന് മുമ്പായിരുന്നു - 50 ലക്ഷം വര്‍ഷം മുമ്പ്.
പെട്രോളും ഡിസലും കല്‍ക്കരിയും പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഏറിവരുന്ന ഉപയോഗമാണ്, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സയിഡ് ( CO2 ) വാതകം കൂടുതലായി വ്യാപിക്കാന്‍ മുഖ്യകാരണം. ആഗോളതാപനത്തിന്റെ കാര്യത്തില്‍ പ്രധാന പ്രതിയാണ് കാര്‍ബണ്‍ ഡയോക്‌സയിഡ്. ഈ പശ്ചാത്തലത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ ലോകരാഷ്ട്രങ്ങളോട് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.
![]() |
മൗന ലോവ നിരീക്ഷണകേന്ദ്രം |
യു.എസിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന് ( നോവ - NOAA ) കീഴിലാണ്, ഹാവായിലെ ഒരു അഗ്നിപര്‍വതത്തില്‍, സമുദ്രനിരപ്പില്‍ നിന്ന് 11,000 അടി ഉയരത്തില്‍ മൗന ലോവ നിരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
അവിടെ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത രേഖപ്പെടുന്നത് ആരംഭിച്ച 1958 ല്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ നില 315 പിപിഎം ആയിരുന്നു. (പത്തുലക്ഷം വായൂതന്മാത്രയെടുത്താല്‍ അതില്‍ കാര്‍ബണ്‍ ഡയോക്‌സയിഡ് തന്മാത്രകളുടെ എണ്ണം 315 എന്നാണ് 315 പിപിഎം (പാര്‍ട്ട്‌സ് പെര്‍ മില്യണ്‍) എന്നാല്‍ അര്‍ഥം).
കഴിഞ്ഞ മെയ് ഒന്‍പതിന് മൗന ലോവയില്‍ രേഖപ്പെടുത്തിയ അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത ആദ്യമായി 400 പിപിഎം കടന്നതായി നോവയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 400.03 പിപിഎം ആണ് അന്ന് രേഖപ്പെടുത്തിയത്.
മൗന ലോവ നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തുന്ന അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ അളവ് സൂചിപ്പിക്കുന്ന ഗ്രാഫിന് 'കീലിങ് കര്‍വ്' ( Keeling Curve ) എന്നാണ് പേര്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഈ ഗ്രാഫില്‍ രേഖപ്പെടുത്തിയ വിവരമാണ്, ആഗോളതാപനത്തിനുള്ള പ്രധാന തെളിവ്.
![]() |
കീലിങ് കര്‍വ് |
യു.എസിലെ സ്‌ക്രിപ്പ്‌സ് ഇന്‍സ്റ്റിട്ടൂഷന്‍ ഓഫ് ഓഷ്യാനോഗ്രാഫിയിലെ ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ് കീലിങ് ആണ് മൗന ലോവയിലെ നിരീക്ഷണ കേന്ദ്രത്തില്‍ അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ അളവെടുക്കല്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ 'കീലിങ് കര്‍വ്' അറിയപ്പെടുന്നു.
വ്യവസായിക വിപ്ലവത്തിന്റെ വരവോടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിച്ചതാണ്, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ അളവ് ഏറാനിടയാക്കിയത്. വ്യവസായിക വിപ്ലവത്തിന് മുമ്പ് ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത 280 പിപിഎം മാത്രമായിരുന്നു.
