
ടിബറ്റന്‍ പീഠഭൂമി ഉരുകുന്നു
Posted on: 26 Mar 2013

ബെയ്ജിങ്: ടിബറ്റിലെ 90 ശതമാനം മഞ്ഞുപാളികളും ഉരുകിക്കൊണ്ടിരിക്കുകയാണെന്നും 2030-തോടെ ഇവയില്‍ ചിലത് ഉരുകിത്തീര്‍ന്നേക്കാമെന്നും ചൈനീസ് ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ആണ് ഇതിന് പ്രധാന കാരണമെന്ന് ചൈനീസ് സയന്‍സ് അക്കാദമിയിലെ ടിബറ്റന്‍ പീഠഭൂമി ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന്‍ യാവോ താന്‍ഡോങ് അവകാശപ്പെട്ടു.
സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തിലായി അഞ്ചുലക്ഷം ചതുരശ്ര കി.മീ വ്യാപിച്ചുകിടക്കുന്ന ടിബറ്റന്‍ പീഠഭൂമി 'ലോകത്തിന്റെ മേല്‍ക്കൂര' എന്നാണ് അറിയപ്പെടുന്നത്. ആര്‍ട്ടിക്, അന്‍റാര്‍ട്ടിക് ധ്രുവങ്ങള്‍ കൂടാതെ വലിയ മഞ്ഞുപാളികള്‍ കാണുന്നിടമെന്ന നിലയില്‍ 'മൂന്നാംധ്രുവം' എന്ന അപരനാമവും ഇതിനുണ്ട്. അതിനാല്‍, ആഗോളതാപനം പീഠഭൂമിയെ എങ്ങനെ ബാധിക്കുന്നുവെന്നത് ശാസ്ത്രജ്ഞരുടെ പഠനവിഷയമാണ്.

പീഠഭൂമിയെ ഗുരുതരമായി ബാധിക്കുന്ന മാലിന്യങ്ങളില്‍ ഭൂരിഭാഗവും ദക്ഷിണേഷ്യയിലെ വ്യവസായങ്ങളുത്പാദിപ്പിക്കുന്ന ചാരമാണെന്നും ഇന്ത്യന്‍ മണ്‍സൂണാണ് ഇവയെ പീഠഭൂമിയിലെത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യവസായിക അവശിഷ്ടമായ ചാരം, മുമ്പ് കരുതിയിരുന്നതിലും അധികമായി ആഗോളതാപനത്തിനിടയാക്കുന്നുവെന്ന് അടുത്തിടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.
