കൊല്ലത്തോട് അവഗണന; ഗണേഷ്‌കുമാര്‍ പ്രതിഷേധിച്ചു

Posted on: 21 Feb 2009


തിരുവനന്തപുരം: ബജറ്റില്‍ തെക്കന്‍ജില്ലകളോട് പ്രത്യേകിച്ച് കൊല്ലത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് പ്രസംഗം സമാപിക്കാറായപ്പോഴാണ് ഗണേഷ്‌കുമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റത്. മലബാര്‍ പാക്കേജടക്കം ഉത്തരകേരളത്തിന് കാര്യമായ പരിഗണന കിട്ടിയപ്പോള്‍ തന്നെ ഗണേഷ്‌കുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തെക്കന്‍ ജില്ലകള്‍ക്ക് വിഹിതം കുറവാണെന്ന് വന്നതോടെ അദ്ദേഹം എഴുന്നേറ്റ് ബഹളംവെച്ചു. കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ ബജറ്റ് പ്രസംഗത്തിന്റെ അവസാനഭാഗത്ത് ഉണ്ടായിരുന്നു. മന്ത്രി ഇത് വായിച്ചതോടെ കേരളത്തോട് കേന്ദ്രം വിവേചനം കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തുന്നവര്‍ കേരളത്തെ ഒന്നായി കാണാത്തതെന്താണെന്ന് ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.
ഇതിനെതിരെ ഭരണപക്ഷാംഗങ്ങളും എഴുന്നേറ്റു. ഇതോടെ 'തൃശ്ശൂരിനിപ്പുറം കേരളമില്ലേ' എന്ന് ഗണേഷ്‌കുമാര്‍ വിളിച്ചുചോദിച്ചു. ഈ ബഹളത്തിനിടയില്‍ അദ്ദേഹം സഭ വിടുകയും ചെയ്തു.



MathrubhumiMatrimonial