വിധവകള്‍ക്കും വികലാംഗര്‍ക്കും പെന്‍ഷന്‍ പദ്ധതി

Posted on: 17 Feb 2009


ന്യൂഡല്‍ഹി:വിധവകള്‍ക്കും വികാലാംഗര്‍ക്കുമായി പുതിയ രണ്ടു പെന്‍ഷന്‍പദ്ധതികള്‍ ഇക്കൊല്ലം നടപ്പാക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നാല്പതിനും 64 നുമിടയില്‍ പ്രായമുള്ള വിധവകള്‍ക്ക് മാസംതോറും 200 രൂപ പെന്‍ഷന്‍ നല്‍കുന്ന 'ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതിയും ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതിയുമാണിവ. ഗുരുതരമായ അംഗവൈകല്യമുള്ളവര്‍ക്കായിരിക്കും വികലാംഗ പെന്‍ഷന്‍ നല്‍കുക.
ചെറുപ്രായത്തില്‍ തന്നെ വിധവകളാകുന്നവരുടെ ശാക്തീകരണത്തിന് പ്രോത്‌സാഹന പരിപാടികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 18 നും 40 നും ഇടയില്‍ പ്രായമുള്ളവരെ ഉദ്ദേശിച്ചാണിത്. അവര്‍ക്ക് ഐ.ടി.ഐ.കളിലും വനിതാ ഐ.ടി.ഐ.കളിലും മേഖലാ ഐ.ടി.ഐ.കളിലും പ്രവേശനത്തിന് മുന്‍ഗണന നല്‍കും. പരിശീലനച്ചെലവ് സര്‍ക്കാര്‍ വഹിക്കും. മാസം 500 രൂപയുടെ സ്റ്റൈപെന്‍ഡും അനുവദിക്കും.
2007 നവംബര്‍ മുതല്‍ പരിഷ്‌കരിച്ചു നടപ്പാക്കുന്ന 'ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി' ഇതുവരെ 1.46 കോടി ആളുകള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ അടുത്തകാലത്തായി വളര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ 29 ലക്ഷം സ്വാശ്രയ സംഘങ്ങളാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ''രാഷ്ട്രീയ മഹിളാ കോഷ്''ന്റെ പ്രവര്‍ത്തനമൂലധനം വര്‍ധിപ്പിക്കും.

ഗ്രാമീണ മേഖലയിലെ ഭൂരഹിതര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാറുകളുുെട സഹായത്തോടെ 2007 ഒക്‌ടോബറില്‍ തുടങ്ങിയ '' ആം ആദ്മി ഭീമ യോജന''യില്‍ 60.32 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരണ, വൈകല്യ ഇന്‍ഷുറന്‍സ് സ്‌കീമാണിത്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കായി 2007 ല്‍ ആരംഭിച്ച 'രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന' 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കുന്നുണ്ട്.




MathrubhumiMatrimonial