barack obama

ഏറ്റവും മികച്ചത് വരാനിരിക്കുന്നു -ഒബാമ

Posted on: 08 Nov 2012


ഷിക്കാഗോ: ഏറ്റവും മികച്ചത് വരാനിരിക്കുന്നു... അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവില്‍ ഷിക്കാഗോയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിജയാഹ്ലാദം പങ്കുവെക്കുന്നതിനിടെ ബരാക് ഒബാമ പറഞ്ഞു. ഭാര്യ മിഷേലിനും മക്കള്‍ക്കുമൊപ്പം കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമെന്ന് ഒബാമ വ്യക്തമാക്കിയത്.

നാല് വര്‍ഷം മുമ്പ് ഇതുപോലൊരു ചടങ്ങില്‍ 'പ്രതീക്ഷ', 'മാറ്റം' എന്നീ വാക്കുകളായിരുന്നു ഒബാമ രാജ്യത്തിന് നല്‍കിയ സന്ദേശം. 'മുമ്പെങ്ങുമില്ലാത്ത തരത്തില്‍ അമേരിക്കയെക്കുറിച്ച് എനിക്ക് ഇപ്പോള്‍ പ്രതീക്ഷയുണ്ട്. നിങ്ങള്‍ ആ പ്രതീക്ഷ നിലനിര്‍ത്തണം' - ആഹ്ലാദാരവങ്ങള്‍ക്കിടെ അനുയായികളോട് ഒബാമ പറഞ്ഞു. വിജയമുറപ്പാക്കിയപ്പോള്‍തന്നെ തന്റെ സ്ഥാനലബ്ദിക്കുകാരണം ജനങ്ങളാണെന്നും അവരോട് നന്ദിയുള്ളവനാണെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ നമുക്ക് മുന്നിലുള്ള പാത കഠിനമാണെന്നും യാത്ര ദീര്‍ഘമാണെന്നും ജനങ്ങള്‍ തന്നെ ഓര്‍മപ്പെടുത്തി. വരുംദിനങ്ങളില്‍ മുന്‍ മസാച്ചുസെറ്റ്‌സ് ഗവര്‍ണര്‍ കൂടിയായ മിറ്റ് റോംനിയോടൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ കഠിനമായി യുദ്ധം ചെയ്തിട്ടുണ്ട്. അത് രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടും അതിന്റെ നല്ല ഭാവിക്കുവേണ്ടിയും മാത്രമാണ്. കഠിനമായ പ്രചാരണത്തിന് റോംനിയെയും ഭാര്യ പോള്‍ റിയാനെയും താന്‍ അഭിനന്ദിക്കുന്നതായും ഒബാമ പറഞ്ഞു.



സന്തോഷം പങ്കുവെക്കുമ്പോഴും രാജ്യം നേരിടുന്ന പ്രതിസന്ധിയെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു ഒബാമയുടെ പ്രസംഗത്തിന്റെ അവസാന ഭാഗം. വരുംദിനങ്ങളില്‍ യു.എസ്സിനെ മുന്നോട്ടു നയിക്കാന്‍ കഠിനമായ അനുരഞ്ജനങ്ങള്‍ വേണ്ടിവരും. രാജ്യത്തിന്റെ ധനക്കമ്മി, നികുതി, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ റിപ്പബ്ലിക്കന്‍ സാമാജികരുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തോല്‍വി സമ്മതിച്ചതായി വ്യക്തമാക്കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി ഒബാമയെ വിളിച്ച് അദ്ദേഹത്തിനും കുടുംബത്തിനും അഭിനന്ദനമറിയിച്ചതായി വ്യക്തമാക്കി. മഹത്തായ വെല്ലുവിളികളുടെ സമയമാണിത്. രാജ്യത്തെ നയിക്കുന്നതില്‍ ഒബാമ വിജയിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നതായും റോംനി പറഞ്ഞു. വ്യാഴാഴ്ച ഒബാമ വാഷിങ്ടണിലേക്ക് പോകും.



MathrubhumiMatrimonial