തൊഴിലാളി വര്‍ഗത്തിന്റെ ആചാര്യന്‍

Posted on: 19 Jan 2009


കൊച്ചി: തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ആചാര്യന്‍- കഴിഞ്ഞ ദിവസം അന്തരിച്ച ഇ. ബാലാനന്ദനെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കേണ്ടിവന്നാല്‍ ഈ വാക്യം കടമെടുക്കാം.

ബാലാനന്ദന്റെ ബയോഡാറ്റയില്‍ മുന്‍തൂക്കം കഠിനാധ്വാനം എന്ന വാക്കിനാണ്. കള്ളുഷാപ്പ് തൊഴിലാളിയില്‍നിന്നു തുടങ്ങി പിന്നീട് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായി മാറിയതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥകളേറെയുണ്ട്. കൊല്ലം ശക്തികുളങ്ങര എരുവപ്പെട്ടില്‍ രാമന്റെയും ഈശ്വരിയുടെയും മൂത്തമകനായിട്ടാണ് ബാലാനന്ദന്റെ ജനനം. ജീവിതപ്രാരബ്ധങ്ങള്‍ 14-ാം വയസ്സില്‍ ബാലാനന്ദനെ കള്ളുഷാപ്പുജോലിക്കാരനാക്കി. കരുനാഗപ്പള്ളിയിലെതന്നെ ഒരു കള്ളുഷാപ്പിലായിരുന്നു ഇത്. പിന്നീടാണ് ജോലിതേടി എറണാകുളത്ത് കളമശ്ശേരിയിലെത്തുന്നത്.

1943ല്‍ ആലുവയിലെ ഇന്ത്യന്‍ അലുമിനിയം കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലിക്കുകയറി. ഒരു കനേഡിയന്‍ സായിപ്പിന്റെ കമ്പനിയായിരുന്നു. ഇംഗ്ലീഷിലുള്ള മികവ് സായിപ്പിന്റെ പ്രത്യേക ഇഷ്ടത്തിനിടയാക്കി. ഇതിനിടയാണ് യൂണിയന്‍ രംഗത്ത് ഹരിഃശ്രീ കുറിക്കുന്നത്.

ആലപ്പുഴയില്‍ നിന്നെത്തിയ യൂണിയന്‍ നേതാക്കളായ എന്‍.കെ. മാധവനും കെ.സി. മാത്യുവിനും ഒപ്പമായിരുന്നു യൂണിയന്‍ പ്രവര്‍ത്തനം. കമ്പനിയിലെ ആദ്യ യൂണിയന്‍ നേതാവായിരുന്നു ബാലാനന്ദന്‍. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബാലാനന്ദനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിടല്‍ വന്‍ കോളിളക്കം തന്നെ ഉണ്ടാക്കി. പോലീസിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥശ്രമങ്ങളെത്തുടര്‍ന്ന് ബാലാനന്ദനെ ജോലിയിലേക്ക് തിരിച്ചെടുത്തു.അപ്പോഴേക്കും പുന്നപ്ര-വയലാര്‍ സമരത്തിന്റെ അലയൊലികള്‍ ശക്തമായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ പേരില്‍ ബാലാനന്ദന് ജോലി നഷ്ടപ്പെട്ടു. സമരത്തിന്റെ രഹസ്യയോഗം നടന്നുകൊണ്ടിരിക്കെ പോലീസ് വീടുവളഞ്ഞു. പോലീസിന്റെ കയ്യില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബാലാനന്ദന്‍ ബാംഗ്ലൂരിലേക്ക് പോയി. പിന്നെ മൈസൂരിലെ ഭദ്രാവതിയില്‍ ഒളിവുജീവിതം. ഇതിനിടെ ചായക്കടക്കാരന്‍ ജോസഫിന്റെ വേഷവും ഒരു മരക്കച്ചവടക്കാരന്റെ വീട്ടിലെ കണക്കെഴുത്തുകാരന്റെ വേഷവും പവര്‍‌സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ ഹെല്‍പ്പറുടെ വേഷവുമെല്ലാം അണിഞ്ഞു. അപ്പോഴേക്കും കേരളത്തില്‍നിന്ന് ബാലാനന്ദനെത്തേടി പാര്‍ട്ടിയുടെ വിളിയെത്തി. പിന്നീട് കാലടിയിലായിരുന്നു ഒളിവുവാസം.

ഒളിവില്‍ പോയതിനുശേഷമാണ് താന്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനായതെന്ന് ബാലാനന്ദന്‍ പറയാറുണ്ടായിരുന്നു. പുന്നപ്ര-വയലാര്‍ ഗൂഢാലോചനയുടെ പേരിലാണ് ബാലാനന്ദന് ഏറ്റവും കടുത്ത പോലീസ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പുന്നപ്ര-വയലാര്‍ ദിനാചരണത്തിന്റെ ഭാഗമായി കൊടി ഉയര്‍ത്തിയതിനായിരുന്നു ഇത്. കെട്ടിടത്തിന്റെ മൂല ഓട് തകര്‍ത്ത് പട്ടികയിലാണ് രാത്രി കൊടി നാട്ടിയത്. പിറ്റേന്ന് പോലീസിന്റെ വക ക്രൂരമര്‍ദനമായിരുന്നു. അടിയേറ്റ് ബാലാനന്ദന്‍ മരിച്ചെന്ന് വരെ അന്ന് സഹതടവുകാര്‍ കരുതി. ഒളിവുജീവിതത്തിനും ജയില്‍വാസത്തിനും ശേഷം ബാലാനന്ദന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമായി. 1967ല്‍ എറണാകുളത്തെ വടക്കേക്കരയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പദവികള്‍ തന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ലെന്ന് ബാലാനന്ദന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. 'സി.പി.എം. അഖിലേന്ത്യാ പാര്‍ട്ടിയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഏതുതലത്തില്‍ പ്രവര്‍ത്തിക്കാനും ഞാന്‍ ഒരുക്കമാണ്.' സ്ഥാനമോഹികള്‍ക്കിടയിലെ വേറിട്ട സാന്നിധ്യമായി ആ വാക്കുകള്‍ ഇന്നും മുഴങ്ങുന്നു.




MathrubhumiMatrimonial