
'സ്‌പിരിറ്റി'നെതിരെ ജോഷിയുടെ പോരാട്ടം
Posted on: 14 Jul 2012

മദ്യപാനമെന്ന മഹാവിപത്തിന്റെ ദൂഷ്യഫലങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ നേരിട്ടറിഞ്ഞ ജോഷി കാട്ടൂക്കാരന്‍ മദ്യത്തിനെതിരെ പോരാടാന്‍ ജീവിതം മാറ്റിവെച്ചിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തോളം ബാറില്‍ മദ്യം വിളമ്പിയിരുന്ന ജോഷി ഈ ജോലി വേണ്ടെന്നുവച്ച് കുടി നിര്‍ത്തിയാണ് ഈ പ്രവര്‍ത്തനം തുടങ്ങിയത്. ജോഷിയുടെ കയ്യില്‍ അകപ്പെടുന്നവരെ ഒരുതവണ ജോഷി സഹായിക്കും, കുടി നിര്‍ത്താന്‍ തയ്യാറാണെങ്കില്‍. അടിച്ചു പൂസായി ലക്കുകെട്ടെന്നു തോന്നി അപകടാവസ്ഥ മണക്കുന്നവര്‍ക്കും ജോഷിയെ വിളിക്കാം. കുടിയനെയും അയാള്‍ വന്ന വാഹനത്തെയും ഭദ്രമായി വീട്ടിലെത്തിക്കും, ഒരു പൈസ ചെലവില്ലാതെ. ഒരിക്കല്‍ തന്റെ കയ്യിലകപ്പെട്ടവരെ ഈ ദുശ്ശീലത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ പല വഴികളും ജോഷി ചൂണ്ടിക്കാണിക്കും; സഹായിക്കും. പിന്നെ പറയും-'ഞാനും നിങ്ങളെപ്പോലെയൊക്കെ തന്നെയായിരുന്നു. ആരു പറഞ്ഞു കുടി നിര്‍ത്താന്‍ പറ്റില്ലെന്ന്?'
മദ്യം റിമൂവിങ് വെല്‍ഫെയര്‍ അസോസിയേഷന്‍- ഇതാണ് കുടിയന്മാര്‍ക്കുവേണ്ടി ജോഷിയുടെ നേതൃത്വത്തിലുള്ള സംഘടനയുടെ പേര്.
തന്റെയും പിതാവിന്റെയും ജീവിതാനുഭവങ്ങളാണ് മദ്യപാനികളുടെ വിടുതലിനുവേണ്ടിയുള്ള പ്രവര്‍ത്തന വഴികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരണയായത്. ബാറിലെ ജോലിക്കിടയില്‍ നേരില്‍ കണ്ട രണ്ട് ദുരന്തങ്ങളും മനസ്സില്‍ മാനസാന്തരത്തിന്റെ വിത്തു പാകി. പെരിന്തല്‍മണ്ണയിലെ ബാറിലായിരുന്ന കാലത്ത് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മദ്യപിക്കാനെത്തുമായിരുന്നു. മാന്യമായി മദ്യപിച്ചു പോകുമായിരുന്നു അയാള്‍. വൈകാതെ മുഴുകുടിയനായി. മദ്യപാനം ജോലിയെയും ബാധിച്ചു. പിന്നീട് അയാളെ വീട്ടുകാര്‍ തല്ലിക്കൊന്ന വാര്‍ത്തയാണ് കേള്‍ക്കാനായത്.
പിന്നീട് അങ്കമാലിയിലെ ബാറിലായിരുന്നപ്പോഴായിരുന്നു മറ്റൊരു ദുരന്തത്തിന് സാക്ഷിയായത്. സ്ഥിരമായി മദ്യപിക്കാനെത്തുന്നവര്‍ വെയിറ്റര്‍മാരുമായി ചങ്ങാത്തം കൂടുക പതിവാണ്. ഇതുപോലെയെത്തിയ രണ്ടുപേര്‍ ബാറില്‍ നിന്നിറങ്ങി കൈവീശി കാണിച്ച് ഗുഡ്‌നൈറ്റ് പറഞ്ഞ് നടന്നത് ദേശീയപാതയിലെ ലോറിക്ക് മുന്നിലേക്കായിരുന്നു. സംഭവസ്ഥലത്തേക്ക് ഓടിച്ചെന്ന ജോഷിക്ക് ചതഞ്ഞരഞ്ഞ മൃതദേഹങ്ങളോടാണ് ശുഭരാത്രി പറയേണ്ടിവന്നത്.
മദ്യപാനം നിര്‍ത്താന്‍ ജോഷി ഒരു ചികിത്സയും നടത്തിയില്ല. എങ്ങും പോയതുമില്ല. പിന്നീട് സ്വന്തം കടയുടെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കിയിട്ടു.
'മദ്യപര്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ കള്ളുകുടിച്ച് സുബോധമില്ലാതെ കിടക്കുകയാണോ. നിങ്ങളെയും വാഹനത്തെയും സുരക്ഷിതമായി ഇന്ന് വീട്ടിലെത്തിക്കാം. നാളെ മുതല്‍ ഈ സഹായം ആവശ്യപ്പെടരുത്. ഒപ്പം നിങ്ങളുടെ മദ്യപാനവും നിര്‍ത്തണം'- ഫോണ്‍ നമ്പര്‍ സഹിതം എഴുതിയിട്ട വാചകങ്ങള്‍ പതിവായി വരുന്നവരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഒരിക്കല്‍ സുഹൃത്തായ ഫെബി ഈ അഭ്യര്‍ത്ഥന അതേപടി ഇന്റര്‍നെറ്റില്‍ ഇട്ടു. അതോടെ ഗള്‍ഫിലും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുപോലും വിളികളെത്തി. ഒട്ടേറെ പ്രവാസി മലയാളികള്‍ പിന്തുണയറിയിച്ചു.
സംഘടനയുടെ ചെയര്‍മാനായ ജോഷിയെ കൂടാതെ അബി, ബിജു കോമ്പാറക്കാരന്‍, ജോസഫ്, അഡ്വ. സോളി ജോസഫ്, പി.കെ. സുരേഷ്, ജോര്‍ജ് കൂള എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു. തന്റെ കണ്ടെത്തലില്‍ മദ്യാസക്തി വിട്ടൊഴിഞ്ഞവര്‍ ധാരാളം പേരില്ലെങ്കിലും ചിലരുണ്ട്. അവരെ ഇടയ്‌ക്കൊക്കെ കണ്ടു മുട്ടുമ്പോഴുള്ള ആനന്ദമാണ് യഥാര്‍ത്ഥ മനഃസുഖമെന്ന് ജോഷി പറയുന്നു. ജോഷിയുടെ ഫോണ്‍ നമ്പര്‍: 9846222093, 7736363841.
