
ജീവിതത്തിനും മരണത്തിനുമിടയില്‍
Posted on: 30 Nov 2008

മുംബൈ ഹോസ്പിറ്റലിലെ കിടക്കയില്‍ മനക്കരുത്തോടെ തന്നെയാണ് രമേശ് ഹോട്ടല്‍ താജ്മഹലില്‍ താന്‍ അനുഭവിച്ച ഭീകരാന്തരീക്ഷം വിവരിച്ചത്. 'അലിസിയ' എന്ന ആഡംബരകപ്പലിലാണ് കപ്പലുടമ ആന്‍ട്രിയാസുമൊത്ത് രമേശ് ചൊവ്വാഴ്ച മുംബൈയിലെത്തുന്നത്. വ്യാപാരആവശ്യത്തിന് മുംബൈയിലെ ചില വ്യവസായികളുമായി ചര്‍ച്ച ചെയ്ത് വ്യാഴാഴ്ച തിരിച്ചുപോകുകയായിരുന്നു ലക്ഷ്യം.
ബുധനാഴ്ച രാത്രി 9.10ന് ആണ് ഞങ്ങള്‍ താജിലെ ലോബിയിലുള്ള 'മസാലക്രാഫ്റ്റ്' എന്ന റസ്റ്റോറന്റിലെത്തുന്നത്. കുറച്ചുകഴിഞ്ഞപ്പോഴാണ് പുറത്ത് പടക്കം പൊട്ടുന്നതുപോലെ ശബ്ദം കേട്ടുതുടങ്ങിയത്. ആരെയെങ്കിലും പോലീസുകാര്‍ ഓടിക്കുന്നതായിരിക്കുമെന്ന് ഞാന്‍ ബോസിനോട് പറഞ്ഞു. പക്ഷേ, കാര്യങ്ങള്‍ അവിടെ നിന്നില്ല. അല്പനേരം നിലച്ച വെടിയൊച്ച പിന്നെ കേട്ടത് ഞങ്ങളുടെ റസ്റ്റോറന്റിന് പുറത്താണ്. പരക്കെ വെടിശബ്ദം. ഞങ്ങള്‍ മേശയ്ക്കടിയിലേക്ക് ഇരുന്നു. ഏകദേശം 80ലധികം പേരുണ്ടായിരുന്നു ഞങ്ങള്‍. എല്ലാവരും അടുക്കളയിലേക്ക് നീങ്ങി. ഇവിടെ സുരക്ഷിതമല്ലെന്നറിയിച്ചുകൊണ്ട് ഞങ്ങളെ എല്ലാവരേയും ഒരു വലിയ ഹാളിലേക്ക് മാറ്റി. രഹസ്യചേംബര്‍ ആണിതെന്നും ഇവിടെ ഭീകരര്‍ പെട്ടെന്ന് വരില്ലെന്നുമായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ അവിടെ കഴിഞ്ഞു. മുകളില്‍ കെട്ടിടം കത്തുന്നതിന്റെ വെളിച്ചം ഞങ്ങള്‍ക്കു കാണാമായിരുന്നു.
പക്ഷേ, പുറത്തിറങ്ങാന്‍ പറ്റിയില്ല. സമയം ഏകദേശം പുലര്‍ച്ചെ നാലുമണിയായിക്കാണും. ഞങ്ങള്‍ ലൈറ്റുകളൊക്കെ കെടുത്തിയാണിരുന്നത്. ബോസ് ഈ വിവരങ്ങള്‍ ബി.ബി.സി.യുമായി സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് ഞങ്ങളുടെ ചേംബറിന്റെ പുറത്തുനിന്നും തുരുതുരാ വെടി വന്നത്. അവര്‍ രണ്ടു പേരുണ്ടായിരുന്നു. 30വയസിലധികം പ്രായമില്ലാത്ത ടീഷര്‍ട്ട് ധരിച്ച ഒരു പയ്യനെ മാത്രമാണ് എനിക്കു കാണാന്‍ കഴിഞ്ഞത്. ബോസിനെ തറയില്‍ തള്ളിയിട്ട് ഞാന്‍ അദ്ദേഹത്തിന്റെ പുറത്തുകിടന്നു. എല്ലാം ഞൊടിയിടയില്‍. പ്രതീക്ഷിക്കാതെയായിരുന്നു ആക്രമണം. ബോസ് ബി.ബി.സി.യുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന ബ്ലാക്ക്‌ബെറിയിലെ (മൊബൈല്‍ഫോണ്‍) വെളിച്ചം കണ്ട് അതു ലക്ഷ്യം വെച്ചാണ് അവര്‍ വെടിവെച്ചത്. അദ്ദേഹം തത്ക്ഷണം മരിച്ചു. എന്റെ പുറത്തുനിന്നു രക്തം വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു. അത് കണ്ട് കൂടെയുണ്ടായിരുന്നവരൊക്കെ പേടിച്ചു. രാവിലെ ഒന്‍പത് മണിക്കുശേഷമാണ് കമാന്‍േറാകള്‍എത്തിയത്. എല്ലാവരോടും കൈപൊക്കാന്‍ ആവശ്യപ്പെട്ടു.
ആയുധങ്ങള്‍ ആരുടെ പക്കലും ഇല്ലെന്നു ഉറപ്പുവരുത്തിയശേഷം അനുഗമിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. മുകളില്‍നിന്നും ഞങ്ങള്‍ പുറത്തിറങ്ങിയതും തുരുതുരാ വെടി. ഭീകരര്‍ ഇനി ഞങ്ങളെയാണ് ലക്ഷ്യംവെക്കുകയെന്നും നിങ്ങളെയല്ലെന്നും പേടിക്കാതെ പുറത്തേക്കു വരണമെന്നും കമാന്‍േറാകള്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും അനുസരിക്കുകയായിരുന്നു. എല്ലാ മുറിയുടെ വാതില്‍ക്കലും കമാന്‍േറാകള്‍ കാവല്‍ നിന്നിരുന്നു. അവിടെനിന്നു നേരേ ജെ.ജെ.ആസ്പത്രിയില്‍''-രമേശ് തന്റെ അനുഭവം വിവരിച്ചു.
രമേശിന്റെ തോളില്‍ രണ്ടു വെടിയുണ്ടകളാണ് പതിച്ചത്. ഒന്നു തോളില്‍ തട്ടി തെറിച്ചുപോയി. രണ്ടാമത്തേത് ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി. ജെ.ജെ.ആസ്പത്രിയില്‍ ശസ്ത്രക്രിയയ്ക്കുശേഷം മുംബൈ ഹോസ്പിറ്റലിലേക്കു മാറ്റുകയായിരുന്നു.
അഞ്ചുവര്‍ഷമായി ലിവാറിസ് യാച്ച്‌സില്‍ ക്രൂയിസ് ഡയറക്ടറായി ജോലി നോക്കുന്ന രമേശിനെ ശുശ്രൂഷിക്കാന്‍ ഭാര്യ ജയശ്രീ നാട്ടില്‍നിന്നുമെത്തിയിട്ടുണ്ട്. മൂന്നു ദിവസം കഴിഞ്ഞാല്‍ ആസ്പത്രി വിടാം. പിന്നെ നാട്ടിലേക്ക്. അവിടെനിന്നും മാലദ്വീപിലേക്ക്-അതാണ് രമേശിന്റെ പദ്ധതി.
