താജിനെ നിത്യസ്മാരകമാക്കും -കൃഷ്ണകുമാര്‍

Posted on: 30 Nov 2008

എന്‍. ശ്രീജിത്ത്‌



മുംബൈ: താജ് ഹോട്ടലിനെ ഭീകരതയ്‌ക്കെതിരായ നിത്യസ്മാരകമാക്കി പടുത്തുയര്‍ത്തുമെന്നും അതിന്റെ പൈതൃക പദവി വീണ്ടെടുക്കുമെന്നും ഇന്ത്യന്‍ ഹോട്ടല്‍സ് വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാര്‍ പറഞ്ഞു.
ഞങ്ങളുടെ ജീവനക്കാരില്‍ പതിനഞ്ചു പേര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ് -കൃഷ്ണകുമാര്‍ പറഞ്ഞു.
താജിനു നേരെ ആക്രമണം നടന്നത് ഇന്ത്യയുടെ സാമ്പത്തിക അസ്തിവാരം തകര്‍ക്കുക എന്ന ഭീകര പദ്ധതിയുടെ ഭാഗമായാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ വിദേശ നാണ്യവിനിമയ സ്ഥാപന മേധാവികളും മറ്റും വന്ന് താമസിക്കുന്നത് താജ്മഹല്‍, ഒബ്‌റോയ് പോലുള്ള ഹോട്ടലുകളിലാണ്. ഈ ഹോട്ടലുകള്‍ തകര്‍ക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. അങ്ങനെ ഇന്ത്യയിലേക്കുള്ള പണം ഒഴുക്ക് തടയാന്‍ കഴിയുമെന്ന പദ്ധതിയാണ് പാളിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.ഭീകരാക്രമണത്തില്‍ കനത്ത നാശനഷ്ടം വന്ന താജ് ഹോട്ടലിനെ പഴയ പ്രൗഢിയിലേക്ക് എത്തിക്കാന്‍ പത്തുമാസത്തോളം എടുക്കും. പൈതൃകവിഭാഗം പഴയ അവസ്ഥയില്‍ കൊണ്ടുവരികയാണ് ആദ്യം ചെയ്യുക. ഹോട്ടലിന് ഭീകരാക്രമണത്തില്‍ എത്ര നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് കണക്കാക്കിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.താജ് ഹോട്ടലില്‍ ഭീകരാക്രമണം നടന്ന ബുധനാഴ്ച രാത്രി കൃഷ്ണകുമാര്‍ ഹോട്ടലില്‍ എത്തിയിരുന്നു. ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ താമസിക്കാന്‍ വീടു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വീട് ലഭിക്കാന്‍ താമസിച്ചതാണ് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഭീകരാക്രമണത്തില്‍ കൊല്ലപ്പെടാന്‍ കാരണമായത് -കൃഷ്ണകുമാര്‍ പറഞ്ഞു.




MathrubhumiMatrimonial