പ്രണബിന്‍േറത് സങ്കുചിതദേശസ്നേഹമെന്ന് പാകിസ്താന്‍

Posted on: 29 Nov 2008


അജ്മീര്‍: മുംബൈയിലെ തീവ്രവാദആക്രമണത്തിനു പിന്നില്‍ പാകിസ്താനിലെ ചിലരാണെന്ന വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്താന്‍ രൂക്ഷമായി പ്രതികരിച്ചു.

മുഖര്‍ജിയുടെ പ്രസ്താവന സങ്കുചിതമായ രാജ്യസ്നേഹമാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി കുറ്റപ്പെടുത്തി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

''തീവ്രവാദപ്രശ്‌നത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ഇത് പൊതുവായ പ്രശ്‌നമാണ്. പൊതുശത്രുവിനെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്'' -ഖുറേഷി പറഞ്ഞു.

തന്റെ ആരോപണം സംബന്ധിച്ച മറ്റു വിവരങ്ങള്‍ നല്കാന്‍ പ്രണബ് മുഖര്‍ജി തയ്യാറായില്ല. തെളിവ് ഇപ്പോള്‍ നല്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

അതേസമയം, പാകിസ്താനിലേയും ഇന്ത്യയിലേയും രഹസ്യാന്വേഷണവിഭാഗം തലവന്മാര്‍ തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം ഏര്‍പ്പെടുത്തണമെന്ന് പാകിസ്താന്‍ നിര്‍ദേശിച്ചു. രഹസ്യവിവരം പരസ്​പരം കൈമാറാന്‍ കൃത്യമായ ഇടവേളകളില്‍ യോഗം ചേരണമെന്നും പാകിസ്താന്‍ നിര്‍ദേശിച്ചു.

പാകിസ്താനില്‍നിന്ന് ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ആക്രമണം നടത്താന്‍ അനുവദിക്കില്ലെന്ന് പാകിസ്താന്‍ ഉറപ്പു നല്കിയതായി പ്രണബ് മുഖര്‍ജി അറിയിച്ചു.

അതിനിടെ, പാകിസ്താന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരി, പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി എന്നിവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ടെലിഫോണില്‍ വിളിച്ച് തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ചു.

പാകിസ്താനും തീവ്രവാദത്തിന്റെ ഇരയാണെന്നും ഈ ശാപത്തിനെതിരെ ഒരുമിച്ച് നില്ക്കണമെന്നും ഗീലാനി പറഞ്ഞു.





MathrubhumiMatrimonial