
മുംബൈ: മുംബൈയില്‍ ബുധനാഴ്ച ആരംഭിച്ച ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം അഞ്ചായി. ബുധനാഴ്ച സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ തിരുവനന്തപുരം സ്വദേശി അനീഷ് പ്രഭുവും അച്ഛന്‍ മുരുകനുമാണ് മരിച്ചത്. ഇരുവരും ഭീകരാക്രമണത്തില്‍ മരിച്ച വിവരം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ഇവരുടെ മൃതദേഹങ്ങള്‍ ജെ.ജെ. ഹോസ്പിറ്റലിലും കെ.ഇ.എം. ഹോസ്പിറ്റലിലുമാണുള്ളത്. താജ്മഹലില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച എന്‍.എസ്.ജി. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനാണ് കൊല്ലപ്പെട്ട അഞ്ചാമത്തെ മലയാളി.
എസ്.ബി.ഐ. അസിസ്റ്റന്റ് ജനറല്‍ മാനേജരായ പാലക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍, താജ് ഹോട്ടല്‍ ഫുഡ് ആന്‍ഡ് ബിവറേജസ് മാനേജര്‍ ആലുവ സ്വദേശി വര്‍ഗീസ് തോമസ് എന്നിവര്‍ വ്യാഴാഴ്ച താജ് ഹോട്ടലില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.