
അവിട്ടംതിരുനാള്‍ ഗ്രന്ഥശാലയിലെ അമൂല്യസമ്പത്ത്
Posted on: 14 Jan 2012
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

ഗ്രന്ഥശാലയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസ് ശേഖരം
വായനയും എഴുത്തും കമ്പ്യൂട്ടറിനും ഇന്റര്‍നെറ്റിനും വഴിമാറിയ ഇക്കാലത്ത് അനന്തപുരിയില്‍ അറിവിന്റെ അക്ഷയഖനികളായി പരിലസിക്കുന്ന മൂന്ന് ഗ്രന്ഥശാലകളുണ്ട്. അതില്‍ പ്രധാനം സ്വാതിതിരുനാള്‍ മഹാരാജാവ് 'ഗ്രന്ഥപ്പുര' അല്ലെങ്കില്‍ ഗ്രന്ഥാലയമായി ആരംഭിച്ച് പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട പബ്ലിക് ലൈബ്രറി (സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി) യാണ്. അത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മഹാസ്ഥാപനമാണ്.
രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട പേരിലറിയപ്പെടുന്നതാണ് വഞ്ചിയൂരിലെ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാലയും കുര്യാത്തിയിലെ അവിട്ടം തിരുനാള്‍ ഗ്രന്ഥശാലയും. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ നാമധേയത്തിലുള്ള വഞ്ചിയൂരിലെ വായനശാല 1914-ല്‍ കേശവപിള്ള എന്ന യുവാവ് ഇരുപത്തിയഞ്ച് പുസ്തകങ്ങളോടെ തന്റെ വീട്ടില്‍ ആരംഭിച്ച സ്ഥാപനമാണ്. ക്രമേണ അത് വളര്‍ന്നു. പുസ്തകങ്ങള്‍ക്കുവേണ്ടി ഭിക്ഷയാചിക്കാന്‍ അല്പകാലത്തേക്ക് സന്ന്യാസിയായി മാറിയ അദ്ദേഹം പില്‍ക്കാലത്ത് 'വായനശാല കേശവപിള്ള' എന്ന് അറിയപ്പെട്ടു. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അനന്തിരവന്‍, ഉണ്ണിയായിരിക്കുമ്പോള്‍തന്നെ ലോകത്തോട് വിടപറഞ്ഞ അവിട്ടം തിരുനാ (കേണല്‍ ഗോദവര്‍മരാജയുടെയും കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയുടെയും മകന്‍)ളിന്റെ ഓര്‍മയ്ക്കായിട്ടാണ് കുര്യാത്തി ലൈബ്രറിക്ക് ആ പേര് നല്‍കിയിരിക്കുന്നത്.
ഈ മൂന്ന് ലൈബ്രറികള്‍ക്കും അതിന്റേതായ വ്യക്തിത്വമുണ്ട്. വെറും പുസ്തകലോകത്ത് മാത്രമല്ല, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയില്‍ രാജഭരണകാലത്ത് ആരംഭിച്ച ഇവയുടെ പ്രവര്‍ത്തനം ഇന്നും അഭംഗുരം തുടരുന്നു. കേരളത്തിന്റെ ഗതകാലം അറിയാനും പഠിക്കാനും ഈ മൂന്ന് വിജ്ഞാനകേന്ദ്രങ്ങളെ ആര്‍ക്കും ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ വിജ്ഞാനദാഹികളുടെയും ഗവേഷകരുടെയും തീര്‍ഥാടന കേന്ദ്രങ്ങളായി ഇവ മാറിക്കൊണ്ടിരിക്കുന്നു.
പബ്ലിക് ലൈബ്രറിയില്‍ സ്വാതിതിരുനാളിന്റെ കാലം മുതലേയുള്ള എത്രയോ പുസ്തകങ്ങളുണ്ട്. അവയില്‍ പലതും അപൂര്‍വമായതും കല്ലച്ചില്‍ അച്ചടിച്ചതുമാണ്. അവിടെയുള്ള പുസ്തകങ്ങളില്‍ പഴക്കം ചെന്നത് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെപ്പറ്റി 1569-ല്‍ അച്ചടിച്ച ഇംഗ്ലീഷ് പുസ്തകമാണ്. ഫ്രഞ്ചില്‍നിന്നും തര്‍ജമ ചെയ്തിട്ടുള്ള ഈ പുസ്തകം അച്ചടി കണ്ടുപിടിച്ച് ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷം പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് ഓര്‍ക്കണം.
ശ്രീചിത്തിര വായനശാലയില്‍, മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിയുടെ ആദ്യകാല പതിപ്പുകള്‍ ഏറെയുണ്ട്. അതുപോലെ നൂറ്റാണ്ട് പിന്നിട്ട എത്രയോ ഗ്രന്ഥങ്ങള്‍ അവിടെ ഉണ്ട്. ഈ രണ്ട് സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമായി കുര്യാത്തി അവിട്ടം തിരുനാള്‍ ഗ്രന്ഥശാലയിലുള്ള അമൂല്യസമ്പത്ത് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന വിശ്വോത്തര ഗ്രന്ഥത്തിന്റെ പന്ത്രണ്ട് വാള്യങ്ങളാണ്. 1678 മുതല്‍ 1703 വരെ ആംസ്റ്റര്‍ ഡാമില്‍നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യപ്രതികള്‍ കൈവശമുള്ള ലോകത്തെ ചുരുക്കം ചില വായനശാലകളിലൊന്നാണ് അവിട്ടംതിരുനാള്‍. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്നതിന്റെ അര്‍ഥം 'കേരള ഉദ്യാനം' എന്നാണ്.
മലയാള അക്ഷരങ്ങള്‍ ആദ്യം അച്ചടിയില്‍ പതിഞ്ഞ പുസ്തകം കൂടിയാണിത്. ലത്തിന്‍ ഭാഷയിലാണ് പുസ്തകം രചിച്ചിട്ടുള്ളത്. 12 വാള്യങ്ങളിലുംകൂടി കേരളത്തിലെ 740 സസ്യങ്ങളേയും വൃക്ഷങ്ങളേയും കുറിച്ച് വിവരണങ്ങളും 794 ചിത്രങ്ങളുമുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ലത്തീന്‍, അറബി, സംസ്‌കൃതം, മലയാളം എന്നീ ഭാഷകളില്‍ പേര് എഴുതിയിട്ടുണ്ട്. ചെമ്പ് തകിടില്‍ കൊത്തിയുണ്ടാക്കിയ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. സസ്യശാസ്ത്രരംഗത്ത് ഇന്നും ആധികാരിക ഗ്രന്ഥമായി നിലനില്‍ക്കുന്ന ഈ മഹത്ത് ഉദ്യമത്തിന് നേതൃത്വം കൊടുത്തത് കൊച്ചിയിലെ ഡച്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനി ഗവര്‍ണര്‍ ആയിരുന്ന വാന്റീഡ് ആയിരുന്നു. രംഗഭട്ട്, വിനായക ഭട്ട്, അപ്പുഭട്ട് എന്നീ മൂന്ന് ഗൗഡ സാരസ്വത ബ്രാഹ്മണരും 'മാത്തൂസ്' എന്ന കാര്‍മലൈറ്റ് സന്ന്യാസിയും സഹായികളായിരുന്നു. എന്നാല്‍, ചെടികള്‍ പരിശോധിച്ച് അതിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചേര്‍ത്തലയിലെ ഇട്ടി അച്യുതന്‍ എന്ന വൈദ്യനായിരുന്നു എന്നതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്നാണ് ഈ അമൂല്യപുസ്തകം അവിട്ടം തിരുനാള്‍ ഗ്രന്ഥശാലയ്ക്ക് ലഭിച്ചത്. ഇത് സംരക്ഷിക്കാന്‍ 'മാതൃഭൂമി' ഗ്രന്ഥശാലയ്ക്ക് സഹായം നല്‍കി. ഇന്ന് 'ഹോര്‍ത്തൂസ് മലബാറിക്കൂസി'ന്റെ ഇംഗ്ലീഷ് പരിഭാഷയും മലയാള പരിഭാഷയും ഉണ്ടെങ്കിലും മൂലകൃതിയുടെ ആദ്യപ്രതി കാണാന്‍ ധാരാളം സന്ദര്‍ശകര്‍ അവിട്ടംതിരുനാളില്‍ എത്തുന്നുണ്ട്.
അനേകം അപൂര്‍വ ഗ്രന്ഥങ്ങളുള്ള ശ്രീ അവിട്ടംതിരുനാള്‍ ഗ്രന്ഥശാല ജനവരി 26ന് സപ്തതി ആഘോഷിക്കുന്നു. വാധ്യാര്‍ കൃഷ്ണപിള്ള, കല്ലിയില്‍ വേലായുധന്‍പിള്ള എന്നീ മഹത് വ്യക്തികളുടെ നേതൃത്വത്തില്‍ 1934-ല്‍ ആരംഭിച്ച വായനശാല ഇന്നത്തെ രൂപത്തിലുള്ള ഗ്രന്ഥശാലയായതും ഈ പേര് നല്‍കിയതും 1940ല്‍ ആണ്. ആ വര്‍ഷം ജൂണ്‍ 30ന് ഗ്രന്ഥശാലയുടെ ഉദ്ഘാടനം പുതുപ്പള്ളി കൃഷ്ണപിള്ള നിര്‍വഹിച്ചു.
