
കുഷ്ഠരോഗം തടയാന്‍ 'ആദ്യയുദ്ധം' അനന്തപുരിയില്‍ നിന്നും
Posted on: 14 Jan 2012
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

ഊളമ്പാറയിലെ കുഷ്ഠരോഗാസ്പത്രി
കുഷ്ഠരോഗം തുടച്ചുമാറ്റാതെ വിശ്രമമില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി രണ്ടുദിവസം മുന്‍പ് ആഹ്വാനം ചെയ്തു. കുഷ്ഠരോഗനിവാരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തലസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അവര്‍. കുഷ്ഠരോഗം ഇന്ത്യയില്‍ കുറവുള്ളത് കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഈ രംഗത്ത് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നടത്തിയിട്ടുള്ള സേവനമാണ് രോഗം ഇത്രയും കുറവുവരാന്‍ കാരണമെന്നത് പലര്‍ക്കും അറിയില്ല. കുഷ്ഠരോഗം എന്നാല്‍ ഭയപ്പെടുകയും ബന്ധുക്കള്‍പോലും അവരെ ആട്ടി ഓടിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ദൈവകോപം കൊണ്ടാണ് രോഗം ഉണ്ടാകുന്നതെന്നും അത്തരക്കാര്‍ പാപികളാണെന്നും കരുതിയിരുന്ന കാലം. ഇവിടെ മാത്രമല്ല പരിഷ്‌കാരങ്ങളും പരിവര്‍ത്തനങ്ങളും ആദ്യം വന്ന യൂറോപ്പില്‍പ്പോലും കുഷ്ഠരോഗികളോട് സമൂഹം ദയകാട്ടിയില്ല. അവര്‍ വഴിനടക്കുമ്പോള്‍ മറ്റുള്ളവരെ അറിയിക്കാന്‍ പ്രത്യേകമണി നല്‍കിയിരുന്നു. പ്രധാന പൊതുനിരത്തുകളില്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കേരളത്തില്‍ ഡെച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ രോഗത്തിനെതിരെ ആദ്യം രംഗത്തിറങ്ങിയത്. കൊച്ചിയില്‍ അവര്‍ ചികിത്സയ്ക്കുവേണ്ടി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇതിനുവേണ്ടി അന്ന് ലഭിച്ചിരുന്ന പരിമിതമായ മരുന്നുകളെല്ലാം ഉപയോഗിച്ച് അവര്‍ രോഗികളെ ശുശ്രൂഷിച്ചു. ഡച്ചുകാര്‍ക്കുശേഷം ഇംഗ്ലീഷുകാരുടെ കൊടിക്കീഴില്‍ കേരളം വന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൈവന്നു. എന്നിരുന്നാലും ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങിയത് പിന്നീടാണ്.
തിരുവിതാംകൂറില്‍ കുഷ്ഠരോഗികള്‍ക്ക് മാത്രമായി ചെറിയ ഒരാസ്പത്രി തുടങ്ങിയത് ആലപ്പുഴയില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റി (സി.എം.എസ്.) ആണ്. ഇതിന് ശ്രീമൂലംതിരുനാള്‍ മഹാരാജാവ് ഗ്രാന്റ് അനുവദിച്ചു. ഇത്തരത്തില്‍ വിപുലമായ സ്ഥാപനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേണമെന്ന മഹാരാജാവിന്റെ ദൃഢനിശ്ചയമാണ് തിരുവനന്തപുരത്ത് ഊളമ്പാറയില്‍ കുഷ്ഠരോഗാസ്പത്രി തുടങ്ങാന്‍ കാരണമായത്. ഈ കേന്ദ്രം 1896 ല്‍ തുറന്നതോടെ സംസ്ഥാനത്തെ വിവിധ ആസ്പത്രികളിലുണ്ടായിരുന്ന 78 രോഗികളെ ഇവിടേയ്ക്ക് മാറ്റി.
ചുരുങ്ങിയ കാലംകൊണ്ട് ഊളംപാറയിലെ കുഷ്ഠരോഗാസ്പത്രിയിലെ അംഗസംഖ്യ 168 ആയി. ഇതില്‍ രോഗം ഭേദമായ 63 പേരെ ആസ്പത്രിയില്‍ നിന്നും വിട്ടു. ഇതോടെയാണ് കുഷ്ഠരോഗം ചികിത്സിച്ചാല്‍ മാറുമെന്ന ബോധം ചെറിയതോതിലെങ്കിലും ജനങ്ങളില്‍ ഉണ്ടായത്. ആസ്പത്രിയുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ കുഷ്ഠരോഗം ബാധിച്ച് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പാവപ്പെട്ട രോഗികളെ സര്‍ക്കാര്‍ ചെലവില്‍ ചികിത്സിക്കുമെന്നും അത്തരക്കാര്‍ ധര്‍മ്മത്തിനായി കടകമ്പോളങ്ങളിലും തെരുവുകളിലും വീടുകളിലും അലഞ്ഞുതിരിഞ്ഞു നടക്കാന്‍ പാടില്ലെന്നും ദിവാന്റെ ഉത്തരവുണ്ടായി. 1906 ല്‍കുഷ്ഠരോഗികളെ സംബന്ധിച്ച് നിയമങ്ങളിലുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇതിന്‍ പ്രകാരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുഷ്ഠരോഗികളെ പോലീസ് സഹായത്തോടെ ഊളമ്പാറ ആസ്പത്രിയില്‍ എത്തിക്കാന്‍ നടപടി ഉണ്ടായി. കുഷ്ഠരോഗികള്‍ ഉണ്ടെന്ന വിവരം സാനിട്ടറി ഇന്‍സ്‌പെക്ടര്‍മാരെ അറിയിക്കേണ്ട ചുമതലയും പോലീസിനായി. ഊളമ്പാറയിലെ കുഷ്ഠരോഗികള്‍ക്കുള്ള ചുമതല ദര്‍ബാര്‍ ഡിവിഷന്‍, ചീഫ് സെക്രട്ടറി, സാനിട്ടറി കമ്മീഷണര്‍ എന്നിവര്‍ അടങ്ങുന്ന സഭയ്ക്ക് നല്‍കി. കുഷ്ഠരോഗികളെ വീടുകളില്‍ താമസിപ്പിക്കുന്നത് നിയമവിരുദ്ധമായി മാറി. ഇതിന്റെയെല്ലാം ഫലമായി ആസ്പത്രിയിലെ രോഗികളുടെ എണ്ണം കൂടി. ഇന്ത്യയിലെ ഏറ്റവും നല്ല കുഷ്ഠരോഗാസ്പത്രിയാണ് തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ലെപ്രസി മിഷന്റെ ഇന്ത്യയിലെയും കിഴക്കന്‍ രാജ്യങ്ങളുടെയും ചാര്‍ജ് വഹിച്ചിരുന്ന ഓര്‍ഗനൈസിങ് സെക്രട്ടറി ടി.എ. ബയ്‌ലി രേഖപ്പെടുത്തിയിട്ടുണ്ട്.
കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് നൂറനാട്ട് കോളനി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം അവിടെ നൂറ്റിനാല്പതേക്കറോളം സ്ഥലത്ത് സ്ഥാപിച്ച കേന്ദ്രത്തിലേക്ക് 1934 ആഗസ്തില്‍ ഊളമ്പാറയിലെ കുഷ്ഠരോഗാസ്പത്രി മാറ്റിസ്ഥാപിച്ചു. മുമ്പ് കുഷ്ഠരോഗാസ്പത്രി ആയിരുന്ന സ്ഥലത്താണ് ഇപ്പോള്‍ എസ്.എ.പി. കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
