NagaraPazhama

പുത്തന്‍ചന്തയിലും ബാര്‍ട്ടണ്‍ഹില്ലിലും പുത്തന്‍കെട്ടിടങ്ങള്‍

Posted on: 14 Jan 2012

മലയന്‍കീഴ് ഗോപാലകൃഷ്ണന്‍



പുത്തന്‍ചന്തയുടെയും ബാര്‍ട്ടണ്‍ ഹില്ലിന്റെയും മുഖച്ഛായ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. വെള്ളയമ്പലം മുതല്‍ ആയുര്‍വേദ കോളേജ് ജങ്ഷന്‍ വരെ വിസ്തൃതമായ പ്രദേശമാണ് ഒരുകാലത്തെ പുത്തന്‍ചന്ത. എന്നാല്‍ പട്ടാളം തമ്പടിച്ച സ്ഥലം എന്ന അര്‍ഥത്തില്‍ 'പാളയം' ഉണ്ടായതോടെ പുത്തല്‍ചന്തയുടെ പേര് മുങ്ങിപ്പോയി. എങ്കിലും സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നസ്ഥലം മുതല്‍ അങ്ങോട്ട് പുത്തന്‍ചന്ത എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു. പക്ഷേ പുളിമൂടും ആയുര്‍വേദ കോളേജും സ്റ്റാച്യുവും സ്‌പെന്‍സര്‍ ജങ്ഷനും വന്നതോടെ പുത്തന്‍ചന്തയുടെ പേര് അധികം കേള്‍ക്കാതായി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുന്നുകുഴിയുടെ ഭാഗമാണ് ബാര്‍ട്ടണ്‍ഹില്‍. തേക്കുംമൂട്, തമ്പുരാന്‍മുക്ക്, വരമ്പശ്ശേരി, പാക്കാട്ടുവിള എന്നീ പേരുകളോടൊപ്പം കുന്നുകുഴി എന്ന പേര് ഇന്നും ശക്തമായി നില്‍ക്കുന്നു.അനന്തപുരിയില്‍ മാറ്റങ്ങള്‍ക്ക് ആദ്യം സാക്ഷ്യം വഹിച്ച രണ്ട് പ്രദേശങ്ങളാണ് ബാര്‍ട്ടണ്‍ഹില്ലും പുത്തന്‍ചന്തയും. സെക്രട്ടേറിയറ്റ് അഥവാ ഹജൂര്‍കച്ചേരി പണിതതാണ് പുത്തന്‍കച്ചേരിയിലെ പ്രധാന മാറ്റം. അത് പണിത പ്രശസ്ത ബ്രിട്ടീഷ് എന്‍ജിനീയര്‍ ആദ്യം താമസിച്ച കുന്നാണ് പിന്നീട് 'ബാര്‍ട്ടണ്‍ഹില്‍' ആയത്. ഇപ്പോള്‍ ബാര്‍ട്ടണ്‍ ഹില്ലില്‍ പുതിയ കെട്ടിടം നിര്‍മിച്ചത് അവിടത്തെ എന്‍ജിനീയറിങ് കോളേജിനാണ്. കോടികള്‍ ചെലവഴിച്ച ആ കെട്ടിടം കഴിഞ്ഞ മാസം ഒരുമന്ത്രി ഉദ്ഘാടനം ചെയ്തു. അതുപോലെ സെക്രട്ടേറിയറ്റിന്റെ പുതിയ കെട്ടിടത്തിനുവേണ്ടി അനക്‌സിന് സമീപം കൊട്ടും കുരവയുമായി തറക്കല്ലിട്ടു. അതിന്റെ പണി ഇനി നടക്കാന്‍ പോകുന്നതേയുള്ളൂ.

എന്നാല്‍ ബാര്‍ട്ടണ്‍ഹില്ലില്‍ നിര്‍മിച്ച കെട്ടിടത്തിനും സെക്രട്ടേറിയറ്റിനുവേണ്ടി പണി തുടങ്ങാന്‍ പോകുന്ന കെട്ടിടത്തിനും സ്വീകരിച്ചിരിക്കുന്ന വാസ്തുശില്പശൈലി സര്‍ക്കാരിന്റെ പതിവ് രീതിയാണെന്നത് ഖേദകരമാണ്.

തീപ്പെട്ടിക്കൂടുപോലെയുള്ള സിമന്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കുന്ന സര്‍ക്കാര്‍ ശൈലി വര്‍ഷങ്ങളായി തുടരുന്നു. കേരളത്തിന്റെ വാസ്തുശില്പരീതി എത്രയോ മഹത്തരമാണെന്ന് യൂറോപ്യന്മാര്‍ തെളിയിച്ചിട്ടുണ്ട്. ആ രീതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ വിദഗ്ദ്ധന്മാര്‍ ഇല്ലേ? ഒരു നിശ്ചിത തുകയ്ക്കുമേല്‍ ചെലവഴിക്കുന്ന കെട്ടിടങ്ങള്‍ കേരള വാസ്തുശില്പരീതിയിലായിരിക്കുമെന്ന് ദശാബ്ദങ്ങള്‍ക്കുമുമ്പ് തദ്ദേശ-സ്വയംഭരണ മന്ത്രിയായിരുന്ന ആര്‍.എസ്. ഉണ്ണി പ്രഖ്യാപിച്ചിരുന്നു.
ഇതെല്ലാം പരിശോധിക്കാന്‍ ഒരു ആര്‍ട്ട് കമ്മീഷനും അദ്ദേഹത്തിന്റെ കാലത്ത് രൂപവത്കരിച്ചിരുന്നു. എന്നാല്‍ അതിനുശേഷമാണ് വികാസ്ഭവന്‍, നിയമസഭാ മന്ദിരം തുടങ്ങി എത്രയോ കെട്ടിടങ്ങള്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചത്. പക്ഷേ, യൂറോപ്യന്‍ രീതിയില്‍ രാജഭരണകാലത്ത് നിര്‍മിച്ച സെക്രട്ടേറിയറ്റ് മന്ദിരം, കേരള വാസ്തുരീതിയിലുള്ള നേപ്പിയര്‍ മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, റസിഡന്‍സി, പി.എം.ജി. ഓഫീസ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവയെപ്പോലെ നഗരത്തില്‍ എത്തുന്നവരെ ആകര്‍ഷിക്കുന്ന എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍കഴിയുമോ?

അനന്തപുരിയില്‍ ആദ്യത്തെ മനോഹരമായ കെട്ടിടം നിര്‍മിച്ചത് സ്വാതിതിരുനാളിന്റെ അമ്മ റാണി ഗൗരിലക്ഷ്മിബായി (1810-1815) ആണ്. തിരുവനന്തപുരം വലിയ കൊട്ടാരത്തിലും ശ്രീപാദത്തും ഓരോ കൊട്ടാരം കൂടി നിര്‍മിക്കാന്‍ അവര്‍ റസിഡന്റിനോട് അഭ്യര്‍ഥിക്കുന്നതും ബ്രിട്ടീഷ് എന്‍ജിനീയറുടെ സേവനം വിട്ടുകിട്ടണമെന്ന് അഭ്യര്‍ഥിക്കുന്നതുമായ കത്ത് പുരാരേഖ വകുപ്പിലുണ്ട്. അത്തരത്തില്‍ യൂറോപ്യന്‍-കേരളീയ വാസ്തുശില്പ സംയുക്തശൈലിയില്‍ തീര്‍ത്ത മന്ദിരമാണ് ശ്രീപാദം കൊട്ടാരം. അതിനകത്തുള്ള ചെറിയ കൊട്ടാരങ്ങള്‍ മുമ്പ് നിര്‍മിച്ചതാണ്.

ശ്രീപാദം കൊട്ടാരത്തിന്റെ പ്രധാനഭാഗം ഇന്ന് സംസ്ഥാന പുരാവസ്തുവിന്റെയും കുറച്ചുഭാഗം ഫോര്‍ട്ട് പോസ്റ്റ്ഓഫീസിന്റെയും വകയാണ്. ഈ കൊട്ടാരം വിലയ്ക്കുവാങ്ങാന്‍ ചില ശക്തികള്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ അനന്തപുരി വാസികള്‍ മറന്നുപോയിട്ടില്ല. ഭാഗ്യത്തിന് പിന്നീട് സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അത് വിലയ്ക്കുവാങ്ങി. കോട്ടയ്ക്കകത്തുള്ള എത്രയോ പഴയ മനോഹരമായ മന്ദിരങ്ങള്‍ ഇതിനകം തകര്‍ത്തെറിഞ്ഞ് സിമന്റ് കൂടാരങ്ങള്‍ കെട്ടിഉയര്‍ത്തി. വെട്ടിമുറിച്ച കോട്ടയ്ക്ക് സമീപമുള്ള വലിയ കച്ചേരി ഓഫീസും, പഴയ കണ്ടുകൃഷി ഓഫീസും പിന്നീട് ഫോര്‍ട്ട് പോലീസ് സ്റ്റേഷനായ കെട്ടിടവും, പെണ്‍പള്ളിക്കൂടം (ഇപ്പോഴത്തെ കെ. എസ്. ആര്‍. ടി. സി. ഓഫീസ്) തുടങ്ങിയ എത്രയോ മനോഹരമായ മന്ദിരങ്ങള്‍ ഓര്‍മകളായി മാറി. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് അനേകം പുതിയ മന്ദിരങ്ങള്‍ അനന്തപുരിയില്‍ ഉണ്ടായത്.

ദിവാന്‍ സര്‍. ടി. മാധവറാവു, പൊതുമരാമത്ത് വകുപ്പ് പുനഃസംഘടിപ്പിച്ച് വില്യം ബാര്‍ട്ടനെ ചീഫ് എന്‍ജിനീയറാക്കി. അദ്ദേഹമാണ് ജനറല്‍ ആസ്പത്രി, യൂണിവേഴ്‌സിറ്റി കോളേജ്, സെക്രട്ടേറിയറ്റ് എന്നിവയ്ക്ക് വാസ്തുശില്പഭംഗിയുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചത്. വില്യം ബാര്‍ട്ടന്‍ ആരംഭംകുറിച്ചതും പിന്നീട് പൂര്‍ത്തിയാക്കിയതുമായ മനോഹരമായ മന്ദിരമാണ് ഇന്നത്തെ പി. എം. ജി. ഓഫീസ്. അതിനകത്തുള്ള മനോഹരമായ പല കെട്ടിടങ്ങളും ഇന്നും ആളുകള്‍ക്ക് കൗതുക കാഴ്ചയാണ്. 1865 ഡിസംബര്‍ 7ന് ആണ് ആയില്യം തിരുനാള്‍ മഹാരാജാവ് ഹജൂര്‍കച്ചേരി അല്ലെങ്കില്‍ സെക്രട്ടേറിയറ്റിന് തറക്കല്ലിട്ടത്.

1869 ആഗസ്ത് 23ന് അത് ഉദ്ഘാടനം ചെയ്തു. ഒന്‍പതുലക്ഷം രൂപയായിരുന്നു ചെലവ്. തെക്കും വടക്കും ഭാഗങ്ങളിലും കെട്ടിടങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം നിര്‍മിച്ചതാണ്. അതിന് പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ രൂപഭംഗി ഉണ്ടെങ്കിലും തനി സിമന്റ് കൂടാരങ്ങള്‍ തന്നെയാണെന്ന് അതിനകത്ത് കയറുമ്പോള്‍ അറിയാം. എങ്കിലും രൂപഭംഗി എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വസിക്കാം. ഇപ്പോള്‍ പുതിയതായി നിര്‍മിക്കുന്ന ഒരു കെട്ടിടത്തിനും ഇന്ന വാസ്തുശില്പരീതിയില്‍ വേണമെന്ന് സര്‍ക്കാരിന് ഒരു നിര്‍ബന്ധവും ഇല്ല. എങ്ങനെയെങ്കിലും അടിച്ചുകൂട്ടി കെട്ടിടം ഉണ്ടാക്കുക എന്ന് മാത്രമേയുള്ളൂ. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വികൃതിമന്ദിരങ്ങളുടെ കൂടാരമായിരിക്കും തിരുവനന്തപുരം.



MathrubhumiMatrimonial