NagaraPazhama

സര്‍ക്കാര്‍ജോലിക്ക് എഴുത്തുപരീക്ഷ നിര്‍ബന്ധമാക്കിയത് സര്‍ ടി.മാധവറാവു

Posted on: 14 Jan 2012

മലയന്‍കീഴ് ഗോപാലകൃഷ്ണന്‍



കാലത്തിന്റെ കണക്കുപുസ്തകത്തില്‍ ഒരുവര്‍ഷംകൂടി ആരംഭിച്ചു. 2010-ലെ നഷ്ടങ്ങള്‍ ഏറെയാണ്. അതില്‍ അപരിഹാര്യമായത് മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ നഷ്ടമാണ്. ഇനി അനന്തപുരിയില്‍ കരുണാകരന്‍ എന്ന രാഷ്ട്രീയഭീഷ്മാചാര്യന്‍ ഇല്ല. ഡിസംബര്‍ 23ന് അന്തരിച്ച,

അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് മുന്‍പില്‍ ദര്‍ബാര്‍ ഹാളില്‍ ആദരാഞ്ജലികളര്‍പ്പിച്ച് കടന്നുപോയ പഴമക്കാരുടെ മനസ്സില്‍ രാഷ്ട്രീയ കേരളത്തിലെ ഇന്നലെകളുടെ എത്രയോ ഓര്‍മകളാണ് അലയടിച്ചിട്ടുള്ളത്.

പട്ടംതാണുപിള്ള, സി.എച്ച്. മുഹമ്മദ്‌കോയ, സി.അച്യുതമേനോന്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാര്‍, പി.കെ.വാസുദേവന്‍ നായര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുടെയെല്ലാം അന്ത്യയാത്ര ഈ മഹാനഗരത്തിലൂടെയായിരുന്നു.
* * *
പുതുവര്‍ഷം പിറന്നിട്ടും പബ്ലിക് സര്‍വീസ് കമ്മീഷനെ ചതിച്ച് വ്യാജജോലി സമ്പാദിച്ചവരുടെ വാര്‍ത്തകള്‍ സജീവമായി തുടരുന്നു. ഒരുപക്ഷേ, പോയവര്‍ഷത്തില്‍ ലക്ഷക്കണക്കിന് യുവാക്കളുടെ ഹൃദയത്തില്‍ ഇടിത്തീസൃഷ്ടിച്ച വലിയ സംഭവം ഈ വ്യാജജോലി സമ്പാദനമായിരുന്നുവെന്ന് പറയാം. യുവാക്കളുടെ പ്രതീക്ഷയും വിശ്വാസവുമാണ് ഇത് തകര്‍ത്തിക്കളഞ്ഞത്. ന്യൂനതകള്‍ ഉണ്ടെങ്കിലും കേരളത്തിലെ യുവാക്കളുടെ വിശ്വാസവും പ്രതീക്ഷയും പബ്ലിക് സര്‍വീസ് കമ്മീഷനിലാണ്. ഇതും മറികടന്ന് കുറുക്കുവഴിയിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റാമെന്നാണ് ഒരുപിടി കുബുദ്ധികള്‍ ഇപ്പോള്‍ തെളിയിച്ചത്.

സര്‍ക്കാര്‍ സര്‍വീസില്‍ ബന്ധുക്കളെയും സ്വന്തക്കാരെയും മാത്രം കുത്തിനിറയ്ക്കുന്ന ഒരു കാലഘട്ടം മുന്‍പുണ്ടായിരുന്നു. രാജകീയ സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗങ്ങളെല്ലാം രാജാവോ, രാജകുടുംബാംഗങ്ങളോ, ബ്രിട്ടീഷ് ഉദ്യോഗസ്ഥരോ നിശ്ചയിക്കുന്നവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. താഴെയുള്ള ജോലികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നല്‍കി. ഉദ്യോഗസ്ഥരുടെ പ്രീതി സമ്പാദിച്ചാല്‍ ചെറിയ ജോലികള്‍ക്കൊന്നും എഴുത്തും വായനയുംപോലും പ്രശ്‌നമായിരുന്നില്ല. 1857-ലെ ആദ്യത്തെ സ്വാതന്ത്ര്യസമരവും അതേത്തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് എല്ലാ മേഖലകളിലും പുതിയ മാറ്റം ഉണ്ടായത്. ഇതോടെ സമര്‍ഥന്‍മാരും ദീര്‍ഘവീക്ഷണമുള്ളവരും നാട്ടുരാജ്യങ്ങളില്‍ ദിവാന്മാരായി വന്നു.
അതിലൊരാളായിരുന്നു തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ ടി. മാധവറാവു. വിദ്യാഭ്യാസം, സാമൂഹികം, ഭരണം തുടങ്ങിയ രംഗത്തെല്ലാം അദ്ദേഹം തിരുവിതാംകൂറിന് നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയില്ല. സര്‍ ടി. മാധവറാവു (1858-1872) ആണ് ആദ്യമായി രാജകീയ ഉദ്യോഗങ്ങള്‍ക്ക് യോഗ്യത വേണമെന്ന് നിശ്ചയിച്ചത്. ഒരുകണക്കിന് പറഞ്ഞാല്‍ ഇന്നത്തെ പബ്ലിക് സര്‍വീസ് കമ്മീഷന്റെ തുടക്കക്കാരന്‍ അദ്ദേഹമാണെന്ന് പറയാം. പ്യൂണ്‍ ജോലിക്ക് മുകളിലുള്ള ഏത് ഉദ്യോഗത്തിനും പൊതു പരീക്ഷ വിജയിക്കണമെന്ന് നിര്‍ബന്ധമാക്കിയ മാധവറാവു തിരുവിതാംകൂര്‍ രാജകീയ സര്‍വീസിനെ കാര്യക്ഷമമാക്കാന്‍ തുടക്കംകുറിച്ചു.

മാധവറാവു അന്ന് നേരിട്ട പ്രധാന പ്രശ്‌നം യോഗ്യതയുള്ളവരെ കിട്ടാനില്ലാത്തതാണ്. അതിനുവേണ്ടി ധാരാളം സ്‌കൂളുകളും രാജകീയ കോളേജുകളും തുടങ്ങി. പക്ഷെ യോഗ്യത സമ്പാദിച്ചെത്തിയവരില്‍ കൂടുതലും പരദേശബ്രാഹ്മണരായിരുന്നു. 1860-ല്‍ മുപ്പത് രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള നിയമവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് നിയമപരീക്ഷ നിര്‍ബന്ധമാക്കി. 1864-ല്‍ എന്‍ജിനീയറിങ് വകുപ്പ് ജോലിക്ക് മത്സര പരീക്ഷ ഏര്‍പ്പെടുത്തി. 1872 ലെ റെഗുലേഷനില്‍ ഉദ്യോഗങ്ങള്‍ക്കുള്ള പരീക്ഷായോഗ്യതകള്‍ വ്യവസ്ഥചെയ്തു.

സര്‍ക്കാര്‍ ജോലി യുവാക്കള്‍ക്ക് ആകര്‍ഷകമാക്കിമാറ്റി. അതിനുവേണ്ടി അവര്‍ തിരുവനന്തപുരത്തുമാത്രമല്ല മദ്രാസിലും മറ്റ് സ്ഥലങ്ങളിലും പോയി പഠിച്ചു. തിരുവിതാംകൂറില്‍ ബിരുദധാരികളും ബിരുദാനന്തരബിരുദധാരികളും നൂറുകണക്കിനുണ്ടായി. എന്നാല്‍ രാജകീയ സര്‍വീസ് അപ്പോഴും കൈയടക്കിയിരുന്നത് പരദേശബ്രാഹ്മണരായിരുന്നു. യോഗ്യതയുള്ളവരെ രാജകീയ സര്‍വീസില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ സംഘടിച്ചു. അത് തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു. ഇതാണ് പ്രശസ്തമായ 'മലയാളി മെമ്മോറിയല്‍' സമര്‍പ്പണം. രാജകീയ സര്‍വീസില്‍ യോഗ്യതയുള്ള മലയാളികളെ നിയമിക്കണമെന്നാവശ്യപ്പെട്ട് 1891-ല്‍ പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ച നിവേദനമാണ് മലയാളി മെമ്മോറിയല്‍. മലയാളക്കരയിലെ ജനകീയ വിപ്ലവത്തിന്റെ തുടക്കമായിരുന്നു ഇത്.

ഇതുസംബന്ധിച്ച് വാദങ്ങളും എതിര്‍ വാദങ്ങളും തുടര്‍ന്നു. കാലം പിന്നെയും മുന്നോട്ടുപോയി. 1932-ല്‍ തിരുവിതാംകൂറിലെ 'നിവര്‍ത്തന പ്രക്ഷോഭണ' (നിവര്‍ത്തനം എന്നതിന് ബഹിഷ്‌കരണം എന്നേ അര്‍ഥം ഉള്ളു.) ത്തെ തുടര്‍ന്നാണ് ആദ്യമായി പബ്ലിക് സര്‍വീസ് കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. എന്‍.വി. ജോസഫും സി.കേശവനുമായിരുന്നു നിവര്‍ത്തന പ്രക്ഷോഭത്തിന്റെ നേതാക്കള്‍. അവരുടെ ആവശ്യങ്ങളിലൊന്ന് ഈഴവ-ക്രിസ്ത്യന്‍-മുസ്‌ലിം സമുദായങ്ങള്‍ക്കുവേണ്ടി ഉദ്യോഗങ്ങളില്‍ ന്യായമായ സംവരണം ലഭിക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ നിയമിക്കണമെന്നായിരുന്നു. 1931 ഡിസംബറില്‍ സര്‍ക്കാര്‍ 'ദി ട്രാവന്‍കൂര്‍ പബ്ലിക് സര്‍വീസ് റിക്രൂട്ട്‌മെന്റ് കമ്മിറ്റി'യെ നിയമിച്ചു. മുന്‍ സര്‍ക്കാര്‍ വക്കീല്‍ സുബ്ബയ്യര്‍ ചെയര്‍മാനായി 11 അംഗ കമ്മിറ്റിയായിരുന്നു അത്. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിലവില്‍ വന്നത്. ഡോ. ജി.ഡി. നോക് ആയിരുന്നു ആദ്യത്തെ പബ്ലിക് സര്‍വീസ് കമ്മീഷണര്‍.



MathrubhumiMatrimonial