obama

മാറ്റത്തിന്റെ ആള്‍രൂപം

Posted on: 06 Nov 2008

എം.കെ. ഭദ്രകുമാര്‍ (മുന്‍ ഇന്ത്യന്‍ അംബാസഡര്‍)



പണ്ടുകാലത്ത് ഏതോ വിചിത്രമായ കാരണങ്ങളാല്‍ ഈഴവസ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലായിരുന്നു എന്ന് അമ്മ പറഞ്ഞുതന്നപ്പോള്‍ കുഞ്ഞായിരുന്ന എനിക്ക് അര്‍ഥം മനസ്സിലായിരുന്നില്ല. തന്നെപ്പോലെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പുവിജയവാര്‍ത്ത അറിഞ്ഞ് റവറന്റ് ജസ്സി ജാക്‌സന്റെ മനോഹരനയനങ്ങള്‍ നിറഞ്ഞുതുളുമ്പി നീര്‍ച്ചാലായി ഒഴുകുന്നതുകാണുമ്പോള്‍ ഇന്ന് എനിക്ക് അര്‍ഥം മനസ്സിലാകുന്നു.

ഒരു വെള്ളക്കാരിയെ താത്പര്യപൂര്‍വം നോക്കിയാല്‍പോലും ഒരു കറുത്തവര്‍ഗക്കാരന്‍ മരക്കൊമ്പില്‍ തൂങ്ങിനില്ക്കുമായിരുന്ന അവസ്ഥ വെറും അമ്പതുവര്‍ഷം മുമ്പുവരെ നിലനിന്നിരുന്നു എന്ന വസ്തുത ജാക്‌സണ്‍ ഓര്‍ത്തിട്ടുണ്ടാകും.

പൗരാവകാശസമരത്തിന്റെ നീണ്ട ചരിത്രമുള്ള അമേരിക്കയില്‍ വംശീയവിദ്വേഷം എത്രമാത്രം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. ഒബാമയുടെ വിജയംകൊണ്ടുമാത്രം അത് ഇല്ലാതാകില്ല. അമേരിക്ക ഇപ്പോഴും വംശീയസമസ്യകളില്‍ ചൂഴ്ന്നുനില്ക്കുന്നു.

കറുത്തവര്‍ഗക്കാരനാണെങ്കിലും പരസ്​പരം വിഘടിച്ചുനില്ക്കുന്ന ജനതയെ ഒന്നിപ്പിക്കാന്‍ കഴിവുള്ള ഒരു രാഷ്ട്രീയക്കാരന്‍ എന്ന് വിശ്വസനീയമായ രീതിയില്‍ പ്രതിച്ഛായ സൃഷ്ടിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഒബാമയ്ക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത് എന്ന് ജാക്‌സണ് അറിയാം. ഇരുത്തംവന്ന രാഷ്ട്രീയക്കാരനും മുന്‍ സെനറ്ററുമാണ് ജാക്‌സണ്‍. ഒബാമയുടെ വിജയം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയക്കാരെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.

വാഗ്ദത്തമാറ്റത്തിന്റെ ആള്‍രൂപമായി ഒരു രാഷ്ട്രീയക്കാരന്‍ മാറുന്ന അപൂര്‍വനിമിഷം ഉണ്ടാകാം. ജനാഭിലാഷം പാകപ്പെടുത്തുന്നതിലാണ് ആ രാഷ്ട്രീയക്കാരന്റെ സാമര്‍ഥ്യം. സമയം പാകമാകുമ്പോള്‍ ജാതിയോ മതമോ വംശമോ വിഷയമാകില്ല. അവ അപ്രസക്തമാകുന്നു.

കെനിയയിലെ ആട്ടിടയനായിരുന്ന ഒരു മുസ്‌ലിമിന്റെയും നിരീശ്വരവാദിയായ കര്‍ഷകകുടുംബാംഗമായ ഒരു വെള്ളക്കാരിയുടെയും മകനും ബുദ്ധിമാനും സ്വതന്ത്രചിന്താഗതിക്കാരനുമായ ഒരു കറുത്ത വര്‍ഗക്കാരന്‍ എങ്ങനെ ഇത്തരമൊരു ഉജ്ജ്വലവിജയം നേടി എന്നതിന് മറ്റൊരു വിശദീകരണവുമില്ല.

ഒബാമ ഒരു മഹാതാരമാണെങ്കില്‍ അതിനുകാരണം അദ്ദേഹം ഒരു ബഹുമുഖപ്രതിഭയാണ് എന്നതാണ്. ജനാധിപത്യവിരുദ്ധമായ സമ്മര്‍ദങ്ങള്‍ക്കു നടുവില്‍ നില്ക്കുന്ന ഒരു പ്രായോഗികവാദിയായ രാഷ്ട്രീയക്കാരനാണ് ഒബാമ. വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളും വന്‍കിട ബിസിനസ് സ്ഥാപനങ്ങളും ഒബാമയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ഉദാരമായി സംഭാവനചെയ്തു. അശക്തരെന്ന് സ്വയം വിശ്വസിച്ച ഒരു ജനതയെ ഉത്തേജിപ്പിക്കാനുള്ള കഴിവ് അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

വളരെ ബുദ്ധിശാലിയാണ് ഒബാമ. പക്ഷേ, ദന്തഗോപുരവാസിയായ ബുദ്ധിജീവിയല്ല. തന്നെ പിന്തുണയ്ക്കുന്നവരെ ഉത്തേജിപ്പിക്കാനും ആളുകളുമായി ബന്ധം സ്ഥാപിക്കാനുമുള്ള അത്ഭുതകരമായ കഴിവും അദ്ദേഹത്തിനുണ്ട്; ഒപ്പം ആത്മനിയന്ത്രണവും.

എന്നിരുന്നാലും തനിക്കു മുമ്പിലുണ്ടായിരുന്ന പ്രതിബന്ധങ്ങളെ അദ്ദേഹം എങ്ങനെ തരണംചെയ്തുവെന്നതിന് ഇവയൊന്നും മതിയായ വിശദീകരണമാകുന്നില്ല. ഒരു വര്‍ഷം മുമ്പ് ജനസമ്മതിയില്‍ അദ്ദേഹം ഹില്ലാരി ക്ലിന്റണെക്കാള്‍ 33 പോയന്റിന് പിന്നിലായിരുന്നു. ഒരു മാസം മുമ്പ് ജോണ്‍ മക്‌കെയിനോട് ഒപ്പത്തിനൊപ്പമായിരുന്നു.

സമ്പൂര്‍ണമായും പുറത്തുള്ളയാള്‍ എന്നതാണ് അദ്ദേഹത്തിന്റെ വിജയത്തിലെ വൈരുധ്യം. ഹില്ലാരിയെയോ ജോണ്‍ മക്‌കെയിനെയോപോലെ ഭരണകൂടബന്ധംകൊണ്ട് കളങ്കപ്പെട്ടിട്ടില്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മടുപ്പും മാറ്റത്തിനുള്ള ആഗ്രഹവും മൂര്‍ച്ഛിച്ച അവസരത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

ഭരണകൂടത്തിന്റെ സംരക്ഷണം അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചിരുന്നില്ല. ഏറ്റവും താഴെത്തട്ടില്‍നിന്നാണ് അദ്ദേഹം ആരംഭിച്ചത്. ഈ വസ്തുത ജനങ്ങളെ ഏറെ ആകര്‍ഷിച്ചു. മുതിര്‍ന്ന, പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒബാമയുടെ മുഖം പുതുമ നിറഞ്ഞതായി. ജോര്‍ജ്ബുഷിന്റെ വിനാശകരമായ ഭരണത്തിന്റെ ഒടുവിലാണ് ഈ തിരഞ്ഞെടുപ്പ് എന്നത് ഒബാമയുടെ ഭാഗ്യമായി.

ചുരുക്കിപ്പറഞ്ഞാല്‍, ചരിത്രത്തിന്റെ ശരിയായ വശത്തായിരുന്നു ഒബാമയുടെ നില്പ്. ജോര്‍ജ്ബുഷിന്റെ പ്രതിരൂപമായി ജോണ്‍ മക്‌കെയിനെ ഒബാമ അവതരിപ്പിച്ചപ്പോള്‍ ജനങ്ങളുടെ തീരുമാനം അദ്ദേഹത്തിന് അനുകൂലമായി.

ഭാഗ്യം അനുഗ്രഹിച്ച രാഷ്ട്രീയക്കാരനാണ് ഒബാമയെന്ന് ഇനിയും തോന്നാം. പക്ഷേ, അതൊരു തെറ്റിദ്ധാരണയാണ്. അദ്ദേഹത്തിന്റെ നേതൃഗുണങ്ങളില്‍ ആര്‍ക്കും സംശയം വേണ്ട. ഒബാമ ആത്യന്തികമായി ഒരു മഹാനായ മനുഷ്യനാണ് എന്ന വസ്തുത അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പായ 'എന്റെ അച്ഛന്റെ സ്വപ്നം' വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. വലിയ മോഹങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്, ഹാര്‍വാര്‍ഡില്‍ നിയമവിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഓര്‍മക്കുറിപ്പ് എഴുതിയത്. ഏതു സമര്‍ഥനായ രാഷ്ട്രീയക്കാരനും തുറന്നു സമ്മതിക്കാന്‍ മടിക്കുന്ന തീവ്രമായ വികാരങ്ങളാല്‍ പൂരിതമാണ് ആ പുസ്തകം.

മനുഷ്യത്വപരമായ കാരുണ്യത്തിന്റെ അക്ഷയഉറവിടമായാണ് ഒബാമയെ നമുക്ക് അനുഭവപ്പെടുക. പറയാവുന്നതും പറയാന്‍ കഴിയാത്തതുമായ ഇല്ലായ്മകളും ദുഃഖങ്ങളും കഷ്ടതകളും ആഴത്തില്‍ അനുഭവിച്ചയാള്‍ക്കുമാത്രം പ്രകടിപ്പിക്കാവുന്ന കാരുണ്യമാണ് ഒബാമയില്‍ കാണാനാവുന്നത്. എല്ലാ ഓര്‍മകളും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. തന്നെ ഉപേക്ഷിച്ചുപോയ അച്ഛന് മാപ്പു നല്‍കിയിരിക്കുന്നു. മുതിര്‍ന്നശേഷം ഒരിക്കല്‍ കണ്ടിട്ടുള്ള അമ്മയെയും ആഴത്തില്‍ സ്നേഹത്തോടെ ഓര്‍മിച്ചിരിക്കുന്നു.

സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ആഴമേറിയ വിശ്വാസങ്ങളുള്ള വ്യക്തിയാണ് ഒബാമ. 'നിര്‍ഭയമായ പ്രതീക്ഷ' എന്ന പുസ്തകം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയെ നയിക്കാന്‍ സര്‍വഥാ യോഗ്യനാണ് ഒബാമ. അമേരിക്കന്‍ സ്വപ്നത്തില്‍ ഒബാമ വിശ്വസിക്കുന്നു. കൂടാതെ, അമേരിക്ക ഒരു മഹത്തായ രാജ്യമാണെന്ന് അദ്ദേഹം കരുതുന്നു. ബുഷ് കാലഘട്ടത്തില്‍ വേറിട്ട അമേരിക്കയാണ് ഒബാമയുടേത്.

മാറ്റത്തിനുള്ള അമേരിക്കയുടെ ആഗ്രഹത്തിന്റെയും ഒബാമയുടെ ഉജ്ജ്വല രാഷ്ട്രീയവ്യക്തിത്വത്തിന്റെയും സമ്മേളനമാണ് തിരഞ്ഞെടുപ്പുദിവസം കണ്ടത്. 1980ല്‍ റൊണാള്‍ഡ് റീഗനോടെ ആരംഭിച്ച 'യാഥാസ്ഥിതിക കാലഘട്ടം' അവസാനിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ നെടുന്തൂണുകളായ വിപണിയിലുള്ള അന്ധമായ വിശ്വാസം, വ്യാപനക്രമ സിദ്ധാന്തം (ജവിര്ാമറഹ്ൃ ഠസവ്ിള്‍ ), ചെറിയ ഗവണ്മെന്റ് എന്നിവ തകര്‍ന്നു. ഇടപെടുന്ന സര്‍ക്കാര്‍, സാമൂഹികനീതി, സ്വത്തിന്റെ ന്യായപൂര്‍ണമായ വിതരണം, ദുര്‍ബലര്‍ക്ക് സാമൂഹികസുരക്ഷ തുടങ്ങിയ ആവശ്യങ്ങളിലേക്ക് പെന്‍ഡുലം നീങ്ങിയിരിക്കുന്നു.

ദേശസുരക്ഷയെന്ന അടിത്തറയിലാണ് റിപ്പബ്ലിക്കന്‍ തത്ത്വശാസ്ത്രം പടുത്തുയര്‍ത്തിയിരിക്കുന്നത്. അത് ഏകപക്ഷീയ സൈനികാക്രമണം എന്ന ബുഷ്തന്ത്രമായി മാറിക്കഴിഞ്ഞു. ലോകം അമേരിക്കയെ എങ്ങനെ കാണുന്നു എന്നത് തന്റെ ഏതൊരു മുന്‍ഗാമിയെക്കാളും തിരിച്ചറിയാന്‍ കഴിയുക ഒബാമയ്ക്കാണ്. ലോകം അമേരിക്കയെ എങ്ങനെ വീക്ഷിക്കുന്നു എന്ന് തിരിച്ചറിയാത്ത ബുഷിന്റെ നേര്‍ വിപരീതം.

ഒബാമയുടെ വിജയത്തിന് വഴിയൊരുക്കിയ റിപ്പബ്ലിക്കന്‍ പ്രത്യയശാസ്ത്രത്തിന്റെ തകര്‍ച്ചയെക്കുറിച്ച് പറയേണ്ടത് ആവശ്യമാണ്. യാഥാസ്ഥിതിക സാമൂഹികമൂല്യങ്ങളുടെ തകര്‍ച്ചയാണ് ഇത്. സാറാപേലിനെ കൊണ്ടുവന്ന് ഒരു 'സാംസ്‌കാരികയുദ്ധം' നടത്തുന്നത് ഉജ്ജ്വലമായ ആശയമാണെന്ന് മക്‌കെയിന്‍ കരുതി. പക്ഷേ, തന്റെ ധാരണ തെറ്റായിരുന്നു എന്ന് അദ്ദേഹം വൈകിയാണ് തിരിച്ചറിഞ്ഞത്. സാമൂഹികപ്രശ്‌നങ്ങളില്‍ എതിരാളികളെ കരിവാരിത്തേച്ചുവരികയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി. സാറാ പേലിനും ഈ തന്ത്രം പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. വംശീയ കാര്‍ഡ് അവര്‍ പുറത്തെടുത്തതോടെ തന്ത്രം തിരിച്ചടിച്ചു. യുവജനങ്ങള്‍ക്ക് ഇത്തരം കടുത്ത സാമൂഹികവിശ്വാസങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുമെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ അമേരിക്ക തയ്യാറെടുക്കുകയാണ്.

പക്ഷേ, പ്രസിഡന്റ് പദവിയില്‍ അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തികനില കൈകാര്യം ചെയ്യുന്നതായിരിക്കും. വെല്ലുവിളികള്‍ പലതാണ്. പ്രധാനപ്പെട്ട കാര്യം സാമ്പത്തികമാന്ദ്യമാണ്. ആളുകള്‍ പണം ചെലവഴിക്കുന്നില്ല. വീടുകള്‍ക്ക് വിലയിടിയുന്നു. വായ്പയെടുക്കാന്‍ കഴിയാത്തതുകാരണം കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയുന്നില്ല. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. പലിശനിരക്ക് ഒരു ശതമാനമായി താണു.

ദേഷ്യവും ഭയവുംകൊണ്ട് കലുഷിതമാണ് ജനമനസ്സ്. ആത്മവിശ്വാസം ഒബാമയ്ക്ക് ഏറെ പുറത്തെടുക്കേണ്ടിവരും. തീര്‍ച്ചയായും അമേരിക്കന്‍ സാമ്പത്തികനില ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറും. തന്റെ ഭരണകാലത്തുതന്നെ അത് സാധ്യമാക്കുക എന്നതാണ് ഒബാമ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി.

സമ്പദ്‌വ്യവസ്ഥയിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് ഏറ്റവും പ്രധാനം. വന്‍ കടത്തിലാണ് അമേരിക്ക ജീവിക്കുന്നത് എന്നതാണ് അടിസ്ഥാനപ്രശ്‌നം. സാമ്പത്തിക കമ്മിയും കറന്റ് അക്കൗണ്ടിലെ കുറവും ഇക്കാര്യം വെളിപ്പെടുത്തുന്നു. ആളുകളുടെ സമ്പാദ്യം വട്ടപ്പൂജ്യമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 70 ശതമാനവും നിക്ഷേപിക്കുന്നതിനു പകരം ചെലവഴിക്കുകയാണ്. വ്യക്തികളും രാജ്യവും ഒരേ രീതിയില്‍ കടംവാങ്ങിയുള്ള ജീവിതമാണ് നയിക്കുന്നത്.

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്തിനും ജനത്തിനും നിത്യജീവിതത്തിനു കടം വാങ്ങണമെന്ന അവസ്ഥ വിരോധാഭാസം നിറഞ്ഞതാണ്. തകര്‍ച്ചയുടെ സമയമെത്തിക്കഴിഞ്ഞു. ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ക്കുമുമ്പില്‍ അമേരിക്ക വന്‍ കടക്കാരനായിക്കഴിഞ്ഞു. അമേരിക്കയ്ക്ക് കടം നല്‍കുന്നവര്‍ക്കാകട്ടെ ഭൂമി, കെട്ടിടങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ മുതല്‍മുടക്കാന്‍ അസുലഭസന്ദര്‍ഭമാണ് കൈവന്നിരിക്കുന്നത്. ചൈന അമേരിക്കയെ വിലയ്ക്കു വാങ്ങുന്ന അവസ്ഥ, ലോകത്തിനു മുന്നില്‍ അമേരിക്കയുടെ നില വളരെ പരുങ്ങലിലാക്കും.

എന്നാലും അമേരിക്കയ്ക്ക് വന്‍തോതില്‍ പണം ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ച്ചയിലാണ്. വിദ്യാഭ്യാസരംഗം മറ്റു രാജ്യങ്ങള്‍ക്കു പിന്നിലാകുമെന്ന അവസ്ഥയിലാണ്. ആരോഗ്യരംഗം ഉടച്ചുവാര്‍ക്കണം. പകുതിയോളം അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. ജനസംഖ്യാവിസേ്ഫാടനമുണ്ടായ '60-കളിലെ കുഞ്ഞുങ്ങള്‍ ഇന്ന് പെന്‍ഷന്‍കാരാണ്. അതുകൊണ്ട് സാമൂഹികസുരക്ഷ മെച്ചപ്പെടുത്തണം. സാമൂഹികാസമത്വം വലിയ തോതിലുണ്ട്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 21 ശതമാനം കേവലം ഒരു ശതമാനം വരുന്ന ആള്‍ക്കാരിലാണ്. ജനസംഖ്യയുടെ 50 ശതമാനത്തിന് മൊത്തം സമ്പത്തിന്റെ 13 ശതമാനം മാത്രമേ കൈവശമുള്ളൂ. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു മുമ്പില്‍ വഴിയടഞ്ഞിരിക്കുകയാണ്. മൊത്തത്തിലുള്ള ഒരു മാറ്റം അനിവാര്യമാണ്.

ഈ ധൂര്‍ത്തിനിടയിലും അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ വലുതും ശക്തവുമാണ്. രാജ്യത്തിന് സുസ്ഥിരമായ ഭാവിയുണ്ടാക്കലാണ് പ്രധാനപ്രശ്‌നം. പ്രശ്‌നകലുഷിതമായ കാലഘട്ടത്തില്‍ അമേരിക്കയെ നയിക്കുക എന്നതാണ് ഒബാമയ്ക്കു മുന്നിലുള്ള വെല്ലുവിളി. ഭൗതികസമ്പത്തുകള്‍ പരിമിതമാണെന്ന് ജനതയ്ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടിവരും. ദേശീയതലത്തിലും കുടുംബതലത്തിലും മിച്ചം പിടിക്കണമെന്ന് അദ്ദേഹത്തിന് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കേണ്ടിവരും. രാഷ്ട്രീയതലത്തില്‍ മൈന്‍പാടത്തുകൂടിയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. അവസ്ഥ മാറ്റിയെടുക്കാന്‍, ''എന്റെ കൈയില്‍ മന്ത്രവടിയൊന്നുമില്ലെ''ന്ന തന്റെ വാദം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിവരും. നയങ്ങള്‍ക്ക് ഫലം കാണാന്‍ സ്വാഭാവികമായും സമയമെടുക്കും.

വന്‍ വെല്ലുവിളികള്‍ വിജയകരമായി നേരിടുമ്പോഴാണ് മഹാന്മാരായ രാഷ്ട്രതന്ത്രജ്ഞര്‍ ചരിത്രപുരുഷന്മാരായി മാറുന്നത്. ഒബാമയുടെ മുന്‍ഗാമികളായ ജോര്‍ജ് വാഷിങ്ടണ്‍, എബ്രഹാം ലിങ്കണ്‍, ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ് എന്നിവരുടെ കാര്യത്തിലും ഇതായിരുന്നു സത്യം. എന്റെ അഭിപ്രായത്തില്‍ ഈ മഹാന്മാരുടെ പട്ടികയില്‍ ഒബാമയും ചേരാനുള്ള സാധ്യത 51 ശതമാനമാണ്. ജസ്സി ജാക്‌സണും ഇതേ വിശ്വാസമാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ കണ്ണീര്‍ത്തുള്ളികള്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നു.



MathrubhumiMatrimonial