obama

വാലസ് നേരത്തേ പറഞ്ഞു

Posted on: 05 Nov 2008

ടി.എസ്. കാര്‍ത്തികേയന്‍



കോഴിക്കോട്: യു.എസ്. പ്രസിഡന്റിനെ കഥാപാത്രമാക്കി കാക്കത്തൊള്ളായിരം സിനിമകളും നോവലുകളുമൊക്കെ പടച്ചവര്‍ ഓവല്‍ ഓഫീസിലെ കസേരയില്‍ ഒരു കറുത്തവന്‍ ഇരിക്കാനുള്ള സാധ്യത കണ്ടില്ല; 1963ല്‍ ഇര്‍വിങ് വാലസ് എന്ന ജനപ്രിയ സാഹിത്യകാരന്‍ തന്റെ 'ദ മാന്‍' (അധിപന്‍) എന്ന കൃതിയിലൂടെ അത്തരമൊരു സന്ദര്‍ഭം സൃഷ്ടിക്കുന്നതുവരെ. മുന്‍നിരസാഹിത്യകാരന്മാര്‍ക്കൊന്നും ഭാവന ചെയ്യാന്‍ കഴിയാതിരുന്ന ഈ വിപ്ലവകരമായ ആശയം അവതരിപ്പിച്ച വാലസിന്റെ കൃതിക്ക് ബരാക് ഒബാമയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തിയേറുകയാണ്.
ഒബാമയുടേതില്‍നിന്നു വ്യത്യസ്തമായി ആകസ്മികതകളിലൂടെയാണ് സെനറ്റര്‍ ഡഗ്ലസ് ഡില്‍മന്‍ എന്ന വാലസിന്റെ കറുത്തവര്‍ഗക്കാരനായ നായകന്‍ പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്. 1947-ലെ അമേരിക്കന്‍ പ്രസിഡന്റിന്റെ പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ ആനുകൂല്യമാണ് അതിന് ഡില്‍മനെ സഹായിക്കുന്നത്. ഈ അവസ്ഥ നോവലിസ്റ്റ് സാധിച്ചെടുക്കുന്നത് മൂന്നു കഥാപാത്രങ്ങളെ 'കൊലപ്പെടുത്തി'ക്കൊണ്ടാണ്. ആദ്യം സ്വാഭാവികമരണത്തിലൂടെ വൈസ് പ്രസിഡന്റിന്റെ അന്ത്യം. തുടര്‍ന്ന് ജര്‍മനിയിലെ അപകടത്തില്‍ പ്രസിഡന്റും സ്​പീക്കറും മരിക്കുന്നു. ഈ മൂന്നുപേരുടെയും അഭാവത്തില്‍ 'പ്രസിഡന്റ് പ്രൊ-ടെംപറെ ഓഫ് ദ സെനറ്റ്' എന്ന പദവിയിലിരിക്കുന്നയാളാണ് ഭരണഘടനപ്രകാരം പ്രസിഡന്റാകേണ്ടത്. അങ്ങനെ ആ സ്ഥാനം വഹിക്കുന്ന സെനറ്റര്‍ ഡില്‍മന് നറുക്ക് വീഴുന്നു.
പ്രസിഡന്റിന്റെ കസേര പൊള്ളുന്ന ഇരിപ്പിടമാണെന്ന് ഡില്‍മന്‍ തിരിച്ചറിയുകയാണ് പിന്നീടുള്ള നാളുകളില്‍. ഭരണം കറുത്ത വര്‍ഗക്കാരുടെ പിടിയിലമരുമോ എന്ന ഭീതിയുള്ള വൈറ്റ്ഹൗസിലെ വെള്ളക്കാരായ ഉപജാപകവൃന്ദം അദൃശ്യമായ ചരടുകളാല്‍ എപ്പോഴും അയാളെ വരിഞ്ഞുമുറുക്കുന്നു.
ഇര്‍വിങ് വാലസ് മനക്കണ്ണില്‍ കണ്ടത് 45 വര്‍ഷത്തിനുശേഷം ഒബാമയിലൂടെ യാഥാര്‍ഥ്യമാവുകയാണ്. പക്ഷേ, അതുകാണാന്‍ വാലസില്ല. 1990-ല്‍ 74-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. 'ദ മാന്‍' 1972-ല്‍ ചലച്ചിത്രമായി. ഇപ്പോള്‍ അപൂര്‍വമായി മാത്രം കിട്ടുന്ന ഈ നോവലിന്റെ കോപ്പി കോഴിക്കോട്ടെ അഡ്വ. വിക്ടര്‍ ആന്റണി നൂണാണ് 'മാതൃഭൂമി'യിലെത്തിച്ചുതന്നത്.



MathrubhumiMatrimonial