
മുന്നില്‍ വെല്ലുവിളികള്‍
Posted on: 05 Nov 2008
ഡോ. കൃഷ്ണകിഷോര്‍

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുകയും ഭവന വായ്പാ പ്രതിസന്ധി പരിഹരിക്കുകയും ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക മാര്‍ഗങ്ങളാകും ഒബാമയ്ക്ക് നടപ്പാക്കേണ്ടിവരിക. ഓഹരി വിപണിക്ക് ആത്മവിശ്വാസം പകരാനുള്ള നടപടികള്‍ രൂപപ്പെടുത്തുന്നതിനാകും ആദ്യ ഊന്നല്‍.
2010-ഓടെ ഇറാഖിലെ അമേരിക്കന്‍ സൈനികരെ മുഴുവന്‍ പിന്‍വലിക്കുമെന്നായിരുന്നു ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. രാഷ്ട്രീയമായി ഇത് ബുദ്ധിപരമായ നീക്കമാവില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ഇറാഖിലെ യു.എസ്. സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാകും ഒബാമ നടപടിയെടുക്കുക. ഇറാനോടു സ്വീകരിക്കേണ്ട സമീപനവും ഒബാമയുടെ ആദ്യ പരിഗണനയില്‍ വരും.
ഒബാമയുടെ വന്‍ വിജയത്തിന്റെ പ്രധാന കാരണക്കാരായ യുവാക്കളും ഇടത്തരക്കാരും കുടിയേറ്റ വിഭാഗവും പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.ജോര്‍ജ് ബുഷിന്റെ എട്ട് വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ അമേരിക്ക പല രാജ്യങ്ങളുടെയും വിരോധം പിടിച്ചുവാങ്ങി. പ്രത്യേകിച്ചും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ. ഈ രാജ്യങ്ങളുമായി സൗഹൃദം പുനഃസ്ഥാപിക്കുകയെന്നതും ഒബാമയ്ക്ക് മുന്നിലെ വെല്ലുവിളിതന്നെ.
കടം വര്‍ധിപ്പിക്കാതെ അമേരിക്കയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കുക, സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കാനും പുതിയ ജോലികള്‍ സൃഷ്ടിക്കാനും നികുതികള്‍ കുറയ്ക്കുക, ലോകത്തിന്റെ മുമ്പില്‍ അമേരിക്കയുടെ ആത്മവിശ്വാസം ഉയര്‍ത്തുക, രാജ്യത്ത് വിഭജിച്ചു കിടക്കുന്ന പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കുക, ഇറാഖ്, അഫ്ഗാനിസ്താന്‍ യുദ്ധങ്ങളില്‍ പുതിയ തീരുമാനമെടുക്കുക എന്നിവയാണ് ഒബാമയ്ക്ക് മുന്നിലെ പ്രധാനപ്പെട്ട അഞ്ച് വെല്ലുവിളികള്‍.
അമേരിക്കയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ ഒബാമയ്ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമാണ്. സഹകരണത്തിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളെ ഒബാമയുടെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ഒരു കൊല്ലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഏറ്റുമുട്ടിയ ഒബാമയ്ക്ക് അവരുമായി വീണ്ടും സൗഹൃദം സ്ഥാപിക്കേണ്ടതും അനിവാര്യം തന്നെ.
