
ആദ്യത്തെ പ്രായപൂര്‍ത്തി വോട്ടവകാശ വിളംബരം അനന്തപുരിയില്‍നിന്ന്
Posted on: 10 Dec 2011
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

1947 ആഗസ്ത് 14-ാം തീയതി അര്‍ധരാത്രി ഇന്ത്യ സ്വതന്ത്രയായി. ഈ സമയത്ത് ഭക്തിവിലാസത്തില്‍ (ഇന്നത്തെ ആകാശവാണി) ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ ചികിത്സയിലായിരുന്നു. ജൂലായ് 25ന് ആണ് അദ്ദേഹത്തിന് സ്വാതിതിരുനാള്‍ സംഗീത അക്കാഡമിയില്‍വെച്ച് വെട്ടേറ്റത്. ഇതിന്റെ പേരില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പല നേതാക്കളും അറസ്റ്റിലായി.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുമോ അതോ സ്വതന്ത്ര രാജ്യമായി നില്‍ക്കുമോ എന്ന ഉത്കണ്ഠ പിന്നീടും എല്ലാവരിലും ഉയര്‍ന്നിരുന്നു. എന്നാല്‍ ഭക്തിവിലാസത്തില്‍ ചികിത്സയിലായിരുന്ന സര്‍ സി.പി. ജീവനക്കാരുടെ സഹായത്തോടെ വലിയൊരു രേഖ തയ്യാറാക്കുകയായിരുന്നു. ഇത് ആദ്യം എന്താണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ. ആര്‍.കേശവന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സര്‍ സി.പി. തയ്യാറാക്കിയത് തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള സമ്മതപത്രമായിരുന്നുവെന്ന് ഡോക്ടര്‍ അടക്കം എല്ലാവര്‍ക്കും പിന്നീട് മനസ്സിലായി. ജൂലായ് 31ന് തിരുവിതാംകൂറില്‍ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ രാജകീയ സര്‍ക്കാര്‍ പിന്‍വലിച്ചു. ആഗസ്ത് 12ന് ഘോഷയാത്രകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധങ്ങളും പിന്‍വലിച്ചു. 13-ാം തീയതി ഇന്ത്യന്‍ യൂണിയനില്‍ ചേരുവാനുള്ള സംയോജന കരാറില്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഒപ്പുവെച്ചതോടെ 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന വാദം എന്നെന്നേക്കുമായി അവസാനിച്ചു.
1947 ആഗസ്ത് 14-ാം തീയതി അര്‍ധരാത്രി ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നത് കാണാന്‍ ജനലക്ഷങ്ങള്‍ ന്യൂഡല്‍ഹിയില്‍ തടിച്ചുകൂടിയിരുന്നു. ഇന്ത്യയൊട്ടാകെയും വിദേശത്തും ആഹ്ലാദത്തിമിര്‍പ്പിന്റെയും ദേശാഭിമാനത്തിന്റെയും നിമിഷങ്ങളായിരുന്നു അത്.
ചരിത്രമുഹൂര്‍ത്തം കാത്ത് തിരുവനന്തപുരത്തും ജനം കാത്തുനില്‍ക്കുകയായിരുന്നു. രാത്രി 10.40ന് ന്യൂഡല്‍ഹിയിലെ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ ഹാളില്‍ ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സുചേതാകൃപലാനിയുടെ വന്ദേമാതരത്തോടെയാണ് ആരംഭിച്ചത്. അധ്യക്ഷപ്രസംഗം കഴിഞ്ഞ ഉടന്‍ ജവഹര്‍ലാല്‍നെഹ്രു ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്എണീറ്റു.
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്‌റോയി ലൂയിമൗണ്ട് ബാറ്റനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ജനറലാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി. അതിനുശേഷം മിസ്സിസ് ഹംസമേത്ത ഡോ. രാജേന്ദ്രപ്രസാദിന് സ്വതന്ത്ര്യ ഇന്ത്യയ്ക്കുവേണ്ടി രൂപകല്പനചെയ്ത ത്രിവര്‍ണപതാക സമ്മാനിച്ചു. അപ്പോള്‍ സമയം പന്ത്രണ്ടായി. ഇന്ത്യയിലെങ്ങും ആഹ്ലാദപ്രകടനം. പടക്കംപൊട്ടലും ആര്‍പ്പുവിളിയും വാദ്യഘോഷങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമായി. അനന്തപുരിയിലും ഘോഷയാത്രയും പടക്കംപൊട്ടിക്കലും നടന്നു. പിറ്റേന്നത്തെ പ്രഭാതം സ്വതന്ത്ര ഇന്ത്യയുടേതാണ്.
ആഗസ്ത് 19 അനന്തപുരിക്ക് മറക്കാന്‍ കഴിയാത്ത ദിനമായിരുന്നു. അന്നാണ് തിരുവിതാംകൂറിലെ അവസാനത്തെ റസിഡന്റും എഡ്വേര്‍ഡും ഭാര്യയും ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യരും ഈ നഗരത്തോട് വിടപറഞ്ഞത്. സര്‍. സി. പിക്ക് പകരം പി. ജി. എന്‍. ഉണ്ണിത്താന്‍ ഒഫിഷ്യേറ്റിങ് ദിവാനായി. 1947 സപ്തംബര്‍ നാലിന് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഉത്തരവാദിത്വ ഭരണം അനുവദിച്ചുകൊണ്ടും ഇതിനുവേണ്ടി ഒരു ഭരണഘടന എഴുതിയുണ്ടാക്കാന്‍ റിഫോംസ് കമ്മിറ്റി രൂപവത്കരിക്കാനും വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുമുള്ള വിളംബരം പുറപ്പെടുവിച്ചു. ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് വിളംബരം ആയിരുന്നു ഇത്. വിളംബരത്തിന്റെ പൂര്‍ണരൂപം ഇതാണ്.
''പ്രജാഭിലാഷങ്ങള്‍ പൂര്‍ണമായി സാധിച്ചുകൊടുക്കുകയും നമ്മുടെ പ്രജാസമസ്തത്തിന്റെ ക്ഷേമം പുരോഗമിപ്പിക്കുകയും ചെയ്യുക എന്നുള്ള നമ്മുടെ നിശ്ചയത്തിന് അനുസൃതമായി സാധിക്കുമെന്നിടത്തോളം വിപുലമായ സമ്മതിദാനാവകാശം - അത്പ്രായപൂര്‍ത്തി സമ്മതിദാനാവകാശം- പ്രധാന ലക്ഷണമായുള്ള 1122 ലെ ഭരണഘടന ആക്ട് നാം നിര്‍മിച്ചിരിക്കകൊണ്ടും;നമ്മുടെ അവകാശങ്ങള്‍ക്കും പരമാധികാരത്തിനും ബാധകമാകാതെ ഉത്തരവാദ ഭരണം സ്ഥാപിക്കണമെന്നുള്ള ഉദ്ദേശ്യം മുന്‍നിര്‍ത്തി 1122 ലെ ഭരണഘടന ആക്ട്‌നവീകരിക്കണമെന്ന് മേല്‍പ്പറഞ്ഞ നയത്തിനനുസൃതമായി നാം അഭിഷ്ടിക്കുന്നതുകൊണ്ടും; നാം ഇപ്പോള്‍ ആജ്ഞാപിക്കുന്നതെന്തെന്നാല്‍ പ്രായപൂര്‍ത്തി സമ്മതിദാനാവകാശത്തിന്റെ അധിഷ്ഠാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രതിനിധി സമിതി സംഘടിപ്പിക്കുകയും മേല്‍പ്പറഞ്ഞ പ്രകാരമുള്ള ഉത്തരവാദ ഭരണം സ്ഥാപിക്കണമെന്നുമുള്ള ഉദ്ദേശ്യം മുന്‍നിര്‍ത്തി പ്രസ്തുത ഭരണാഘടനാ ആക്ട് നവീകരിക്കുകയോ ദേഭപ്പെടുത്തുകയോ ചെയ്യുന്ന കാര്യം അവര്‍ ആലോചിച്ച് അതിന്റെ നക്കല്‍ തയ്യാറാക്കി നമുക്ക് സമര്‍പ്പിക്കുകയും ചെയ്യണം. നമ്മുടെ കൊട്ടാരവും നമ്മുടെ രാജകുടുംബവും സംബന്ധിച്ചതും ദേവസ്വവും ഹൈന്ദവമത സ്ഥാപന സ്വത്തുക്കളും സംബന്ധിച്ചതുമായ കാര്യങ്ങള്‍ ഉദ്ദിഷ്ടമായ നിയമഭേദഗതിയില്‍ നിന്നു ഒഴിവാക്കേണ്ടതാണ്.
നമ്മുടെ ഗവണ്‍മെന്റ് ഈ വിളംബരം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ നടത്തുകയും ആവശ്യമുള്ള ചട്ടങ്ങള്‍ നിര്‍മിക്കുകയും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യേണ്ടതാണ്.
പ്രസ്തുത പ്രതിനിധി സമിതി 1948 ജനവരി 1-ാം തീയതി ഉച്ചയ്ക്ക് തുല്യമായ 1123 ധനുമാസം 17-ാം തീയതിക്കപ്പുറമല്ലാതെ ഒരു തീയതിയില്‍ സംഘടിപ്പിക്കുകയും സമ്മേളിക്കുകയും ചെയ്യണമെന്നാണ് നമ്മുടെ അഭിലാഷം. അതിനുള്ള ശരിയായ തീയതി നമ്മുടെ ഗവര്‍മ്മെന്റ്, ഗവര്‍മ്മെന്റ് ഗസറ്റില്‍ പരസ്യം ചെയ്യുന്നതാണ്. സയിന്‍ മാനുവല്‍
