
ചിതറാല്‍ ജൈന സ്മാരകങ്ങള്‍
Posted on: 30 Oct 2008
പി.ആര്‍.പ്രശാന്ത്

ഈ കുന്നിന്റെ നല്ലൊരു ഭാഗവും ഇപ്പൊള്‍ ആര്‍ക്കിയോളജിക്കല്‍ സര്വെ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ഈ സ്ഥലം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും, ചരിത്രകുതുകികള്‍ക്കും വിപുലമായ സൗകര്യങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വലിയ പാറക്കെട്ടുകള്‍ നിറഞ്ഞതാണ് ചിതറാല്‍ കുന്ന്. കുന്നിന്റെ മുകള്‍ഭാഗം വരേക്കും കരിങ്കല്ലു പാകിയ വഴിയുണ്ട്. വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന വഴിയുടെ ഇരുവശവും നാനാതരത്തില്‍ പെട്ട ചെടികളും, ബദാം, സപ്പോട്ട തുടങ്ങിയ മരങ്ങളും വച്ചുപിടിപ്പിച്ചിരിക്കുന്നു. ഇടക്കിടക്കു വിശ്രമിക്കാനുള്ള കല്‍ബഞ്ചുകളും, പൂന്തോട്ടങ്ങളും സഞ്ചാരികള്‍ക്കു കയറ്റം കയറുമ്പോഴുള്ള ക്ഷീണം ലഘൂകരിക്കാന് ഉതകുമെന്നതു തീര്‍ച്ചയാണ്. വലിയ പാറക്കെട്ടുകള്‍ പൊട്ടിച്ചാണ് കുന്നിലേക്കുള്ള വഴിയില്‍ പാകിയിരിക്കുന്നത്. ഇങ്ങനെ പൊട്ടിച്ചെടുത്ത പാറക്കെട്ടുകള്‍ ഞങ്ങള്‍ വഴിയില്‍ കണ്ടു. സമയം രാവിലെ 9 മണിയേ ആയിരുന്നുള്ളൂവെങ്കിലും വെയിലിനു നല്ല ചൂട് അനുഭവപ്പെട്ടു. വഴിയുടെ ഇരുവശത്തേക്കു നോക്കിയാലും പ്രകൃതി രമണീയമായ കാഴ്ചകളാണ് ഉള്ളത്. കഠിനമായ വെയിലേറ്റു ഞങ്ങള്‍ ശരിക്കും തളര്‍ന്നു പോയിരുന്നു. പക്ഷെ മുകളില്‍ ചെന്നപ്പോള്‍ ആ തളര്‍ച്ചയെല്ലാം എങ്ങോ പോയ്മറഞ്ഞു. അത്ര മനോഹരമാണ് അവിടം. വലിയ രണ്ടു പാറകള്‍ക്കരികെ നില്‍ക്കുന്ന പേരാല്‍ മരത്തിന്റെ തണലില്‍ കല്‍ബഞ്ചുകള്‍ ക്രമീകരിച്ചിരിക്കുനു. ഇതു ക്ഷീണിച്ച യാത്രികര്‍ക്കു ശരിക്കും അനുഗ്രഹമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞങ്ങള്‍ കാഴ്ചകള്‍ കാണാന് ഇറങ്ങി. വലിയ രണ്ടു പാറകള്‍ക്കിടയിലൂടെ നടന്നു വേണം പാറക്കെട്ടുകളുടെ അപ്പുറത്തെത്താന്. ഈ വഴിയുടെ ആദ്യഭാഗത്തു കല്ലുകൊണ്ടുള്ള ഒരു കവാടം ഉണ്ട്. ഈ കവാടം കടന്ന്, പാറകളുടെ വിടവിലൂടെ നടന്ന് ഞങ്ങള്‍ അപ്പുറത്തെത്തി. ഇതില്‍ ഒരു പാറയുടെ മുകളില്‍ പണി പൂര്‍ത്തിയാവാത്ത ഒരു ചെറിയ മണ്ഡപം ഉണ്ട്. ഞങ്ങള്‍ ഈ വിടവിലൂടെ അപ്പുറത്തു കടന്നു. മുന്വിധികളെ തകര്‍ക്കുന്ന ഒരു കാഴ്ചയായിരുന്നു അപ്പുറത്തു കണ്ടത്.

ക്ഷേത്രത്തിന്റെ തറക്കു എകദേശം 67 അടി ഉയരം വരും? പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നതു കൊത്തുപണികളോടു കൂടിയ, കരിങ്കല്ലു തൂണുകള്‍ ഉള്ള ഒരു വരാന്തയിലേക്കാണ്. ഈ വരാന്തയില്‍ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വാതില്‍. പ്രധാന വാതില്‍ തുറക്കുന്നതു ഒരു ഹാളിലേക്കാണ്. ഈ ഹാളിലും കരിങ്കല്ലു കൊണ്ടുള്ള തൂണുകളില്‍ കൊത്തുപണികള്‍ ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്ന 3 ഗര്‍ഭ ഗൃഹങ്ങളുടെ വാതിലുകള്‍ തുറക്കുന്നതു ഈ ഹാളിലേക്കാണ്. ഹാളിനകത്തേക്കു കയറാനുള്ള വാതില്‍ അടച്ചിരുന്നതിനാല്‍ ഉള്ളില്‍ കയറി കാണാം എന്നുള്ള ഞങ്ങളുടെ മോഹം വെറുതെയായി. ഏങ്കിലും ജനാല വഴി കുറച്ചെങ്കിലും കാഴ്ച്ചകള്‍ കണ്ടു മനസ്സിലാക്കാന് കഴിഞ്ഞു.

ഒരു പ്രതലം കിട്ടിയാല്‍ അവിടെ വൃത്തികേടുകള്‍ എഴുതുക എന്ന ഇന്ത്യക്കാരന്റെ സ്വഭാവത്തിന് ഈ സ്ഥലവും വിഭിന്നമല്ല. ഇത്രയും മനോഹരമായ പാറപ്പുറത്തും, പരിസരങ്ങളിലും ഓട്ടുകഷണങ്ങള്‍ കൊണ്ടും മറ്റും വരച്ചു വൃത്തികേടാക്കാന് മുന്പു ഇവിടെ വന്ന സഞ്ചാരികള്‍ കാണിച്ച വ്യഗ്രത പരമപുഛത്തോടെയും, വേദനയൊടേയും മാത്രമേ ഓര്‍ക്കാനാകൂ. ക്ഷേത്രത്തിനകത്തു മഹാവീരന്, പരസ്വനാദ്, പദ്മാവതി ദേവി എന്നിവര്‍ക്കായി 3 ഗര്‍ഭഗൃഹങ്ങളാണ് ഉള്ളത്. 1913 ല്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാള്‍ പദ്മാവതി ദേവിയെ മാറ്റി ഭഗവതിയെ കുടിയിരുത്തി. അന്നു മുതല്‍ ഈ സ്ഥലം ഭക്തരുടെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്. കഷ്ടപ്പെട്ടു കുന്നു കയറിവന്ന് ദേവിക്കു നിവേദ്യം അര്‍പ്പിച്ചു സംതൃപ്തിയടയാന് വന്ന കുറച്ചു ഭക്തരെയും ഞങ്ങള്‍ അവിടെ കണ്ടു.
ജൈനന്മാരുടെ, പ്രതേകിച്ചും ദിഗംബരന്മാരുടെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് തിരുച്ചരണാത്തുപള്ളി. പണ്ടുകാലത്തു ജൈനന്മാരുടെ പാഠശാലയായ ഇവിടെ ആണ്‌പെണ് വ്യത്യാസമില്ലാതെ വിദ്യാഭ്യാസം നടത്തിയിരുന്നതായി അറിയാന് കഴിഞ്ഞു. തമിഴ് നാടിന്റെ ഈ ഭാഗത്തു ജൈന സ്വാധീനം ഉണ്ടാവാന് കാരണം ജൈന രാജാവ് മഹേന്ദ്ര വര്‍മന് (610640 എഡി ) ആണെന്ന് കരുതപ്പെടുന്നു.
ചരിത്രത്തിന് മൂകസാക്ഷിയായ ഈ ചെറിയ കുന്നിനും പലതും പറയാനുണ്ട്. പക്ഷെ നമ്മള്‍ കാതോര്‍ക്കണമെന്നു മാത്രം. കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചതിനു ശേഷം 10:30 ഓടെ ഞങ്ങള്‍ തിരിച്ചു പോന്നു. എന്തായാലും, സഞ്ചാരികള്‍ക്ക്, പ്രത്യേകിച്ചും ചരിത്രത്തിലേക്ക് ഒരു മടങ്ങിപോക്ക് ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഒരു സ്ഥലമാണു ചിതറാല്‍.
ഇവിടേക്കു വരുന്ന സഞ്ചാരികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
സ്വന്തം വാഹനത്തില്‍ വരുന്നതാണ് നല്ലത്. വെള്ളം ധാരാളം കൊണ്ടുവരണം. കുന്നിന്റെ മുകളിലെ വെള്ളം കുടിക്കാന് യോഗ്യമല്ല. കൂടുതല്‍ സമയം ചിലവഴിക്കാന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ലഘുഭക്ഷണം കരുതുന്നത് നന്നായിരിക്കും. അതിരാവിലെയൊ വൈകിട്ടൊ ആണ് യാത്രയ്ക്കൂ അഭികാമ്യം, പ്രത്യേകിച്ചും ഫോട്ടോ എടുക്കാന് ആഗ്രഹിക്കുന്നവര്‍ക്ക്, നല്ല ലൈറ്റിങ് കിട്ടും. ചുമരില്‍ വൃത്തികേടുകള്‍ എഴുതാതിരിക്കുക. പുരാതനമായ ഇത്തരം സ്മാരകങ്ങളെ ബഹുമാനിക്കുക.മദ്യപാനവും പുകവലിയും നിര്‍ബന്ധമായും ഒഴിവാക്കുക. കാരണം ഇത്, അതിനു പറ്റിയ സ്ഥലമല്ല എന്നതു തന്നെ.
