
ഹജൂര്‍ കച്ചേരിയില്‍ പങ്കപിടിക്കാനും അയിത്തമുണ്ടായിരുന്ന കാലം
Posted on: 29 Nov 2011

ഇങ്ങനെയിരിക്കുമ്പോഴാണ് ഒരു വിശേഷദിവസം മാമൂല്‍പ്രിയനായ ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതും പത്രങ്ങളില്‍ വാര്‍ത്തയായതുമായ സംഭവം ഉണ്ടായത്. മുണ്ടും നേരിയതും ധരിച്ച് ചന്ദനം പൂശിയെത്തിയ ഉദ്യോഗസ്ഥന്റെ പങ്ക പ്രവര്‍ത്തിപ്പിക്കുന്നത് കീഴ്ജാതിയില്‍പ്പെട്ട ജീവനക്കാരനാണെന്ന് അറിഞ്ഞ് അദ്ദേഹം അട്ടഹസിച്ച് പുറത്തേക്ക് ഇറങ്ങി ഓടി. ഈ സംഭവം സെക്രട്ടേറിയറ്റില്‍ കോളിളക്കം സൃഷ്ടിച്ചു.
ജാതിയുടെ പേരില്‍ ഇങ്ങനെ മനുഷ്യരെ തരംതിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് സെക്രട്ടേറിയറ്റില്‍തന്നെ കുറെപ്പേര്‍ വാദിച്ചു. എന്നാല്‍ മാമൂലുകള്‍ അനുസരിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് മറ്റൊരു വിഭാഗം വാദം ഉന്നയിച്ചു. ചില പത്രങ്ങള്‍ ഈ സംഭവം വാര്‍ത്തയാക്കി. 'ദാസന്‍' എന്ന പത്രം ഇതിനെ പ്രചാരണ ആയുധമാക്കി.
ഹജൂര്‍ കച്ചേരിയിലും 'കല്പാത്തി' എന്നപേരില്‍ അവര്‍ മുഖപ്രസംഗം എഴുതി. അടുത്തദിവസം കാലത്ത് തിരുവനന്തപുരത്ത് 'ദാസന്‍' പത്രമോഫീസില്‍ ഒരു ആജാനുബാഹു എത്തി. പത്രാധിപരെ അഭിനന്ദിക്കാന്‍ എത്തിയത് അധഃസ്ഥിത നേതാവ് അയ്യന്‍കാളിയായിരുന്നു. തന്റെ സമുദായം അനുഭവിക്കുന്ന മുനഷ്യത്വരഹിതമായ ആചാരങ്ങള്‍ക്കും ജാതിയുടെ പേരില്‍ നടക്കുന്ന തിന്മകള്‍ക്കും എതിരെ പോരാടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കാനായിരുന്നു അയ്യന്‍കാളിയുടെ വരവ്. ഒരുകാലത്ത് തെക്കന്‍ കേരളത്തില്‍ അധഃസ്ഥിതരെ സംഘടിപ്പിച്ച് അവരെ മുഖ്യധാരയിലെത്തിക്കാന്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച അയ്യന്‍കാളി കേരളചരിത്രത്തിലെ അവിസ്മരണീയനായ വ്യക്തിയാണ്. രാജാക്കന്മാരുടെയും ദിവാന്മാരുടെയും എന്നുമാത്രമല്ല, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെപോലും പ്രശംസയ്ക്ക് പാത്രമായ അയ്യന്‍കാളിയുടെ എഴുപതാം ചരമവാര്‍ഷികം രണ്ടുദിവസം മുമ്പാണ് കടന്നുപോയത്.
ഇന്ത്യന്‍ നവോത്ഥാനത്തിന്റെ രണ്ടാം അമരക്കാരനായ സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയം' എന്ന് ഈ നാടിനെ വിശേഷിപ്പിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ മനസ്സില്‍ തറഞ്ഞ ആഴത്തിലുള്ള ദുഃഖസംഭവങ്ങളാണ്. അയിത്തത്തിന്റെയും പൗരോഹിത്യത്തിന്റെയും വിളനിലമായിരുന്ന ഉത്തരേന്ത്യന്‍ നാട്ടുരാജ്യങ്ങള്‍ കടന്നാണ് വിവേകാനന്ദന്‍ കേരളത്തിലെത്തിയത്. എന്നാല്‍ ഇവിടത്തെ സംഭവങ്ങള്‍ അതിനെക്കാള്‍ ഭയാനകമാണെന്ന് അദ്ദേഹത്തിന് തോന്നി. പാലക്കാട് മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച വിവേകാനന്ദന്‍ പലതും കണ്ടു. തന്റെ മനസ്സിലുണ്ടാക്കിയ വികാരങ്ങളെപ്പറ്റി പിന്നീട് അദ്ദേഹം എഴുതിയിട്ടുമുണ്ട്. അമേരിക്കയിലെ ചിക്കാഗോ പ്രസംഗം വഴി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിട്ടും മലയാളക്കരയില്‍ കണ്ട ദയനീയ രംഗങ്ങള്‍ അദ്ദേഹത്തിന് മറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതിന്റെ തെളിവാണ് അവിടെനിന്നും ശിഷ്യന്മാര്‍ക്ക് അയച്ച കത്തുകള്‍ . അത്ര പരിതാപകരമായിരുന്നു അന്നത്തെ ഇവിടത്തെ സാമൂഹ്യ വ്യവസ്ഥ. അത് തകര്‍ക്കാനും മനുഷ്യനെ ജാതിയുടെ പേരില്‍ അകറ്റിനിര്‍ത്തിയ സ്ഥിതി അവസാനിപ്പിക്കാനും പിന്നീട് നടന്ന സമരങ്ങള്‍ കേരള ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളാണ്. അതിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്നു അയ്യന്‍കാളി. വില്ലുവണ്ടിയിലൂടെ പൊതുവഴിയില്‍ സഞ്ചരിച്ചും തന്റെ സമുദായത്തിലെ കുട്ടികള്‍ക്ക് മറ്റുള്ളവരെപ്പോലെ സ്‌കൂള്‍പ്രവേശനത്തിനുവേണ്ടി കലാപം നടത്തിയും കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തിയും അടിമത്വത്തിന്റെ അടയാളമായ കല്ലുമാല പൊട്ടിക്കല്‍ സമരം സംഘടിപ്പിച്ചും ശ്രീമൂലം പ്രജാസഭയില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തിയും അയ്യന്‍കാളി കേരള ചരിത്രത്തില്‍ സ്ഥാനം നേടി. തന്റെ സമുദായത്തിലെ ഒരംഗം ബി.എ. പാസായതുകണ്ടശേഷം മരിക്കണമെന്നാണ് ആഗ്രഹമെന്ന് ഒരിക്കല്‍ അദ്ദേഹം മഹാത്മാഗാന്ധിയോട് പറയുകയുണ്ടായി. കേരളത്തെ 'ഭ്രാന്താലയ'ത്തില്‍ നിന്നും മോചിപ്പിക്കാന്‍ രംഗത്ത് ഇറങ്ങിയ ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും ഡോ. പല്പുവിന്റെയു മെല്ലാം സമകാലികനും സഹപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. കാലത്തിനനുസരിച്ച് സമരങ്ങള്‍ സംഘടിപ്പിക്കാനും അധികാരികളെ ബോധവത്കരിച്ച് നിയമംവഴി അധഃസ്ഥിതവര്‍ഗത്തിന് ഗുണകരമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും അയ്യന്‍കാളിക്ക് അറിയാമായിരുന്നു. കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിനുവേണ്ടി ഉയര്‍ന്ന സമരങ്ങളില്‍ മന്നത്ത് പദ്മനാഭനും ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയ്ക്കും ടി.കെ. മാധവനുമൊപ്പം നില്‍ക്കാനും അവരെ സഹായിക്കാനും അയ്യന്‍കാളിക്ക് കഴിഞ്ഞു.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടയ്ക്കുള്ളില്‍ ഒരുകാലത്ത് അയിത്തജാതിക്കാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. പിന്നീട് ഈ നിയമം മാറ്റിയെങ്കിലും ക്ഷേത്രത്തിലെ മുറജപകാലത്ത് നിരോധനം തുടര്‍ന്നു. ഈ കാലത്ത് അയിത്തജാതിയില്‍പ്പെട്ട ഒരു വക്കീല്‍ കോട്ടയ്ക്കകത്ത് കോടതിയില്‍ കയറിയതും ജഡ്ജി ക്ഷുഭിതനായതുമായ സംഭവമാണ് മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് വഴിതെളിച്ചത്. ക്ഷേത്രവഴികള്‍ സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കാനായിരുന്നു ആ സമരം. എന്നാല്‍ ഈ സമരങ്ങളുടെയെല്ലാം അവസാനം എത്തിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശനവിളംബരത്തിലായിരുന്നു. 'ആധുനിക യുഗത്തിലെ അത്ഭുത'മെന്ന് ഗാന്ധിജി വിശേഷിപ്പിച്ച ആ വിളംബരത്തിന്റെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ഗാന്ധിജി 1937 ജനവരിയില്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അയ്യന്‍കാളിയെ വെങ്ങാനൂരിലും എത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. കേരള ചരിത്രത്തില്‍ നിലനിന്നിരുന്ന കറുത്തിരുണ്ട ഒരു ഭൂതകാലത്തിന്റെ ഓര്‍മകളുണര്‍ത്തിക്കൊണ്ടാണ് അയ്യന്‍കാളിയുടെ എഴുപതാം ചരമവാര്‍ഷികം കടന്നുപോയത്.
