
റസിഡന്റിന്റെ നേര്‍ച്ചയും ഗവര്‍ണര്‍ ജനറലിന്റെ ശകാരവും
Posted on: 16 Nov 2011

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് നേര്‍ച്ച നല്‍കിയതുംഅതേ സമയം അവിടെ ബ്രാഹ്മണര്‍ക്ക് നിത്യവും ഭക്ഷണം നല്‍കുന്ന നടപടിയെ ആക്ഷേപിച്ചതുമായ രണ്ട് സംഭവങ്ങളുണ്ട്. രണ്ട് ഇംഗ്ലീഷ് ഉന്നത ഉദ്യോഗസ്ഥന്മാരാണ് ആക്ഷേപം ചെരിഞ്ഞത്. അത് റസിഡന്റ് കേണല്‍ മണ്‍ട്രോയും ഗവര്‍ണര്‍ ജനറല്‍ കഴ്‌സണ്‍പ്രഭുവും ആയിരുന്നു. അതേസമയം ശ്രീപദ്മനാഭസ്വാമിയോട് വിശ്വാസം പുലര്‍ത്തിയിരുന്ന ധാരാളം ഇംഗ്ലീഷ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ദിവാന്മാരായിട്ടുണ്ട്. അവരെല്ലാം മറ്റുള്ളവരെ പോലെ ഈ ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഒരു കോട്ടവും വരുത്തിയിട്ടില്ലെന്നു മാത്രമല്ല വികസനത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്തവരാണ്.
ആകെ കൂടി നോക്കിയാല്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് പദ്മനാഭസ്വാമി ക്ഷേത്രം. ശ്രീപദ്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിന് മുമ്പില്‍ കൊണ്ടുപോകുന്ന പച്ചക്കൊടി കര്‍ണാട്ടിക് നവാബിന്റേതാണ്. അദ്ദേഹം നല്‍കിയ 'മന്നേ സുല്‍ത്താന്‍ മഹാരാജാരാമരാജ ബഹദൂര്‍ ഷംഷേര്‍ജംഗ്' എന്ന ബിരുദം കാര്‍ത്തികതിരുനാള്‍ (ധര്‍മ്മരാജാവ്) മുതല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവു വരെ ഉപയോഗിച്ചുവന്നു. കര്‍ണാടിക് നവാബിന് അധികാരം നഷ്ടപ്പെട്ടിട്ടും അത് ഉപേക്ഷിച്ചില്ല. അതുപോലെ മുമ്പ് കിഴക്കേകോട്ട വാതിലില്‍ മഹാരാജാവ് സ്ഥലത്തുണ്ടെന്നറിയിക്കാന്‍ 'നൗബത്' മേളം നടത്തിയിരുന്നത് പഴമക്കാര്‍ മറന്നിട്ടില്ല. ആ മേളം നല്‍കിയത് കര്‍ണാട്ടിക് നവാബ് ആണ്. ആറാട്ടുദിവസം കടലില്‍ രാജാവിന്റെയും പൂജാരിമാരുടെയും സംരക്ഷണം ഉറപ്പുവരുത്തിയിരുന്നത് ക്രിസ്തീയ സമുദായത്തില്‍പ്പെട്ട മുക്കുവരായിരുന്നു. ഇതെല്ലാം മതസൗഹാര്‍ദ്ദത്തെ ആണ് വിളംബരം ചെയ്യുന്നത്.
വേലുത്തമ്പിയുടെ കലാപത്തിനും ബാലരാമവര്‍മ്മ മഹാരാജാവിന്റെ മരണത്തിനുംശേഷം തിരുവിതാംകൂറില്‍ ഭരണത്തിനുവേണ്ടി അവകാശത്തര്‍ക്കം ഉണ്ടായി. ഈ സമയത്ത് ഭരണതന്ത്രജ്ഞനും ദീര്‍ഘദര്‍ശിയുമായ കേണല്‍ മണ്‍റോ ആയിരുന്നു ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ തിരുവിതാംകൂര്‍ റസിഡന്റ്. അദ്ദേഹം ഇടപെട്ട് റാണി ഗൗരിലക്ഷ്മീഭായിയെ ഭരണാധികാരിയാക്കി. അവര്‍ ഗര്‍ഭിണിയായപ്പോള്‍ അത് ആണ്‍കുട്ടിയാകാന്‍ തിരുവിതാംകൂര്‍വാസികള്‍ പ്രാര്‍ഥനാ നിരതരായി. ഇതില്‍ റസിഡന്റ് മണ്‍റോയും പങ്കെടുത്തു. ആണ്‍കുട്ടി ആണെങ്കില്‍ മാത്രമേ അടുത്ത രാജാവാക്കാന്‍ കഴിയൂവെന്ന് മണ്‍റോയ്ക്ക് അറിയാമായിരുന്നു. അദ്ദേഹം ശ്രീപദ്മനാഭന് സ്വര്‍ണക്കുടവും രത്‌നങ്ങള്‍ പതിച്ച മാലയും നേര്‍ന്നു. എല്ലാവരുടേയും പ്രാര്‍ഥനപോലെ ലക്ഷ്മീഭായി 1813-ല്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അതാണ് സ്വാതിതിരുനാള്‍ രാജകുമാരന്‍. റസിഡന്റ് മണ്‍റോ ശ്രീപദ്മനാഭനോടുള്ള വാക്കുപാലിച്ചു. അദ്ദേഹം സ്വര്‍ണം പൂശിയ മുത്തുക്കുടയും രത്‌നമാലകളും കുതിരയുടെ പുറത്തുവെച്ച് ക്ഷേത്രത്തിലേക്ക് അയച്ചുവെന്നാണ് പറയുന്നത്. ഇന്ന് ക്ഷേത്രത്തിലെ ശീവേലിക്ക് ഈ മുത്തുക്കുട ഉപയോഗിക്കുന്നുണ്ട്. ശ്രീമൂലം തിരുനാള്‍ (1885-1924) നാടുഭരിക്കുമ്പോഴാണ് ഗവര്‍ണര്‍ ജനറല്‍ കഴ്‌സണ്‍ പ്രഭു തിരുവനന്തപുരത്ത് വന്നത്. ഒരു ഗവര്‍ണര്‍ ജനറലോ വൈസ്രോയിയോ ആദ്യമായിട്ടാണ് അനന്തപുരി സന്ദര്‍ശിക്കുന്നത്. ശക്തനായ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം പ്രശസ്തനാണ്. എന്നാല്‍ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനെ ഭിന്നിപ്പിക്കാനും ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും അകറ്റാനും പല കുതന്ത്രങ്ങളും അദ്ദേഹം പ്രയോഗിച്ചു. 1900 ജനവരിയിലായിരുന്നു കഴ്‌സണ്‍പ്രഭുവിന്റെ തിരുവിതാംകൂര്‍ സന്ദര്‍ശനം. വള്ളക്കടവില്‍ നിന്നും ശ്രീമൂലം തിരുനാള്‍ മഹാരാജാവ് അദ്ദേഹത്തെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര കോട്ടയ്ക്കകത്തും കിഴക്കേകോട്ടവഴിയുമാണ് കടന്നുപോയത്. ശ്രീമൂലം തിരുനാളും കഴ്‌സണ്‍ പ്രഭുവും ഒരേ കുതിരവണ്ടിയിലാണ് സഞ്ചരിച്ചിരുന്നത്. കിഴക്കേനടയിലുള്ള പ്രധാന റോഡിലെത്തിയപ്പോള്‍ ശ്രീമൂലംതിരുനാള്‍ എണീറ്റ് ശ്രീപദ്മനാഭസ്വാമിയെ വണങ്ങി. അത് എന്താണെന്ന് കഴ്‌സണ്‍ പ്രഭു ചോദിച്ചു. തന്റെ കുടുംബദേവതയായ ശ്രീപദ്മനാഭനെയാണ് താന്‍ വന്ദിച്ചതെന്ന് ശ്രീമൂലംതിരുനാള്‍ മറുപടി നല്‍കി. ഇവിടെയാണോ ബ്രാഹ്മണര്‍ക്ക് എന്നും സൗജന്യഭക്ഷണം നല്‍കുന്നത് എന്ന് കഴ്‌സണ്‍പ്രഭുവിന്റെ ആക്ഷേപസ്വരത്തിലുള്ള വാക്കുകള്‍ ശ്രീമൂലത്തെ ക്ഷോഭിപ്പിച്ചു.
എന്നാല്‍ ദേഷ്യം ഉള്ളിലൊതുക്കി അദ്ദേഹം വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്നും ഇറങ്ങിയ രാജാവ് തൊട്ടുപുറകിലുള്ള തന്റെ വാഹനത്തില്‍ തിരിച്ചുപോയ രംഗം കണ്ട് കഴ്‌സണ്‍പ്രഭുവിന്റെ മുഖം കറുത്തു. ''തന്റെ പദ്മനാഭസ്വാമിയെ ഗവര്‍ണര്‍ ജനറല്‍ ആക്ഷേപിച്ചുവെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും'' ശ്രീമൂലം വാശിപിടിച്ചതായും പിന്നീട് ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാര്‍ മാധ്യസ്ഥം വഹിച്ച് കഴ്‌സണ്‍പ്രഭു മാപ്പുചോദിച്ചുകൊണ്ട് കത്ത് എഴുതിയശേഷമേ പരിപാടികളില്‍ രാജാവ് പങ്കെടുത്തുവെന്നുമാണ് പഴമക്കാര്‍ പറയുന്നത്. ഇങ്ങനെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് എത്രയെത്ര കഥകള്‍ പഴമക്കാര്‍ക്ക് പറയാനുണ്ടാകും.
