അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി; പ്രവചനസാഫല്യവുമായി മൈക്കിള്‍

Posted on: 13 Oct 2008


കട്ടപ്പന:
'സിദ്ധരുടെ ഗണത്തിലേയ്ക്കിവളെയുമുയര്‍ത്തുവാന്‍
പത്രോസിന്റെ സിംഹാസനം കനിഞ്ഞിടട്ടെ'
വിശുദ്ധര്‍ തന്നഭാവത്താല്‍ കരയുന്ന ഭാരതാംബേ!
തുടച്ചിടുമിവള്‍ നിന്റെ ചുടുകണ്ണീര്‍!!


അല്‍ഫോന്‍സാമ്മയെക്കുറിച്ച് 61 വര്‍ഷം മുമ്പ് താന്‍ രചിച്ച ഖണ്ഡകാവ്യത്തിലെ വരികള്‍ യാഥാര്‍ത്ഥ്യമായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അയ്യപ്പന്‍കോവില്‍ തോണിത്തടി വള്ളനാമറ്റം മൈക്കിള്‍. 1946 ല്‍ അല്‍ഫോന്‍സാമ്മയുടെ മരണശേഷം 1947ലാണ് പാലാ കടനാട് സ്വദേശിയായിരുന്ന മൈക്കിള്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ച് 'സഹനമാധുര്യം', അഥവാ ബ:അലേ്പാന്‍സാമ്മ' എന്ന പേരില്‍ ഖണ്ഡകാവ്യം രചിച്ചത്. ഒരുപക്ഷേ, അല്‍ഫോന്‍സാമ്മയെക്കുറിച്ച് പ്രസിദ്ധീകരിച്ച ആദ്യരചനയും ഇതാകാനാണ് സാധ്യത.

1947 ല്‍ തന്റെ 21ാം വയസ്സിലുണ്ടായ അത്ഭുതത്തെ തുടര്‍ന്നാണ് മൈക്കിള്‍ 'സഹനമാധുര്യം' രചിച്ചത്. കുട്ടിക്കാലം മുതലുണ്ടായിരുന്ന വയറുവേദന അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തിയപ്പോള്‍ മുതല്‍ സുഖപ്പെട്ടതിനെ തുടര്‍ന്നാണ് അല്‍ഫോന്‍സാമ്മയുടെ മഹത്വം മൈക്കിള്‍ തിരിച്ചറിഞ്ഞത്. പാലാഭാഗത്തുള്ള മിക്ക പള്ളികളിലെയും തിരുനാളില്‍ കൂട്ടുകാര്‍ക്കൊപ്പം പങ്കെടുക്കാന്‍ പോകാറുണ്ടായിരുന്ന മൈക്കിള്‍ ഭരണങ്ങാനത്തും 194647 ല്‍ തിരുനാളിനെത്തി.

കബറിടത്തിലെത്തിയപ്പോള്‍ തന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി ഉണ്ടാകുകയും തുടര്‍ന്ന് ഒരിക്കലും വയറുവേദന ഉണ്ടായില്ലെന്നുമാണ് മൈക്കിള്‍ സാക്ഷ്യപ്പെടുത്തുന്നത്. സുഹൃത്തായ കടനാട് എലിപ്പുലിക്കാട്ട് എം.റ്റി. തോമസാണ് ഖണ്ഡകാവ്യം രചിക്കാന്‍ പ്രോത്സാഹനം നല്‍കിയത്. 1947 ല്‍ തന്നെ രണ്ടുമാസത്തിനുള്ളില്‍ രചന പൂര്‍ത്തിയാക്കി. ഇതിനായി ഭരണങ്ങാനത്തും മറ്റും പലതവണ സഞ്ചരിച്ചാണ് അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്.

1947ല്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ സഭ തുടങ്ങാത്തതിനാല്‍ ഇതിന്റെ പ്രസിദ്ധീകരണത്തിന് സഭയുടെ സഹായം ലഭിച്ചില്ല. എന്നാല്‍ ഇത് ഏതുവിധേനയും പ്രസിദ്ധീകരിക്കണമെന്ന മൈക്കിളിന്റെ ആഗ്രഹത്തെതുടര്‍ന്ന് എലിപ്പുലിക്കാട്ട് എം.റ്റി.തോമസ് തന്നെ പ്രസാധകനാകുകയും 1947 ല്‍ കോട്ടയത്തുനിന്നുള്ള വി.ജി.പ്രസ്സില്‍ 1000 കോപ്പി അച്ചടിക്കുകയുമായിരുന്നു. 4 ഭാഗങ്ങളായി 32 പേജുകളിലായാണ് ഈ ഖണ്ഡകാവ്യം അച്ചടിച്ചിരിക്കുന്നത്.

െ്രെകസ്തവ പ്രസിദ്ധീകരണങ്ങളായ കര്‍മ്മലകുസുമം, സത്യദീപം, തിരുഹൃദയദൂതന്‍, ചെറുപുഷ്പം മധ്യസ്ഥന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അന്ന് മൈക്കിള്‍ എഴുതിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ക്ഷാമത്തെ തുടര്‍ന്നാണ് കടനാടുനിന്നും 1949 കാലത്ത് മൈക്കിള്‍ അയ്യപ്പന്‍കോവിലിലെത്തിയത്.

1959 മുതല്‍ അയ്യപ്പന്‍കോവിലില്‍ സ്ഥിരതാമസമാക്കിയ മൈക്കിള്‍ 1961 ലെയും 64 ലെയുമെല്ലാം കുടിയിറക്ക് പ്രക്ഷോഭങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു. കഴിഞ്ഞ ആഴ്ചയിലും ഭരണങ്ങാനത്തെത്തി പ്രാര്‍ത്ഥിച്ച മൈക്കിള്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത് ജീവിച്ചിരിക്കെ കാണാന്‍ സാധിച്ചതിന്റെ ആത്മസംതൃപ്തിയിലുമാണിപ്പോള്‍.






MathrubhumiMatrimonial