ലില്ലിക്കുട്ടിക്ക് നിധിപോലെ തൂവാലയും സ്വര്‍ണമാലയും

Posted on: 12 Oct 2008


മങ്കൊമ്പ്: അല്‍ഫോന്‍സാമ്മ നല്‍കിയ സ്വര്‍ണമാലയും കൈകൊണ്ട് നെയ്തുനല്‍കിയ തൂവാലയും നിധിപോലെ സൂക്ഷിക്കുകയാണ് കുട്ടനാട്ടിലെ കൈനടിയിലെ പുത്തന്‍പുരയ്ക്കല്‍ ലില്ലിക്കുട്ടി.

കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകനായ പി.ജെ.എബ്രഹാമിന്റെ ഭാര്യ 78 കാരിയായ ലില്ലിക്കുട്ടി ഭരണങ്ങാനം പ്ലാസ്‌നാ കാരുപ്പറമ്പില്‍ കുടുംബാംഗമാണ്. കാരുപ്പറമ്പില്‍ വീടുമായി അല്‍ഫോന്‍സാമ്മയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ലില്ലിക്കുട്ടിയുടെ മുത്തശ്ശിയുടെ അനുജത്തി സിസ്റ്റര്‍ ക്ലാരമ്മ ഭരണങ്ങാനം മഠത്തിലെ മദര്‍ സുപ്പീരിയറായിരുന്നപ്പോഴാണ് അല്‍ഫോന്‍സാമ്മ മഠത്തില്‍ എത്തുന്നത്. കൂടാതെ അല്‍ഫോന്‍സാമ്മ വളര്‍ന്ന മാതൃസഹോദരിയുടെ മുരിക്കല്‍ കുടുംബവുമായി ലില്ലിക്കുട്ടിയുടെ വല്ല്യമ്മവഴി ബന്ധമുണ്ട്.

പലഹാരങ്ങളും മറ്റുമായി ലില്ലിക്കുട്ടി അല്‍ഫോന്‍സാമ്മയെ കാണുവാന്‍ ക്ലാരമഠത്തില്‍ പോവുമായിരുന്നു. 56 വര്‍ഷംമുമ്പ് കന്യാസ്ത്രീപട്ടം സ്വീകരിക്കുന്നതിന് മുന്‍പ് അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന സ്വര്‍ണമാലയാണ് ലില്ലിക്കുട്ടിക്ക് നല്‍കിയത്. കൈകൊണ്ട് തുന്നിയ തൂവാലയും സമ്മാനിച്ചു. മഠത്തിലെ പൂന്തോട്ടത്തില്‍നിന്ന് ഡെയ്‌സി റോസിന്റെയും ലില്ലിയുടെയും ജമന്തിയുടെയും തൈകളും ലില്ലിക്കുട്ടിക്ക് കിട്ടി. ഇവ ഭര്‍തൃവീടായ പുത്തന്‍പുരയ്ക്കല്‍ വീട്ടുവളപ്പില്‍ വെച്ചു പിടിപ്പിച്ചിരുന്നു.

1980 ല്‍ ഇടതുകാലിന് തളര്‍ച്ചവന്നപ്പോള്‍ അല്‍ഫോന്‍സാമ്മ നല്‍കിയ തൂവാല എടുത്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ രോഗം ഭേദമായതായി ലില്ലിക്കുട്ടി പറയുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ ലില്ലിക്കുട്ടി വത്തിക്കാനില്‍ പോവാന്‍ തയ്യാറായതാണ്. അടുത്ത ഒരു ബന്ധുവിന്റെ ആകസ്മിക നിര്യാണംമൂലം സാധിച്ചില്ല. ഞായറാഴ്ച ഭരണങ്ങാനത്ത് നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ കുടുംബസമേതം പങ്കെടുക്കും. ലില്ലിക്കുട്ടിയുടെ സഹോദരി മറിയാമ്മയ്ക്കും അല്‍ഫോന്‍സാമ്മ സ്വര്‍ണമാല സമ്മാനിച്ചിട്ടുണ്ട്.




MathrubhumiMatrimonial