navarathri 2010

ഉപാസനയുടെ കാലം

Posted on: 29 Sep 2011

ആചാര്യ എം.ആര്‍. രാജേഷ്‌



നവരാത്രിയുടെ ആദ്യ മൂന്നുദിവസങ്ങളില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗയെയും തുടര്‍ന്നുവരുന്ന മൂന്നുദിവസങ്ങളില്‍ ഐശ്വര്യരൂപിയായ മഹാലക്ഷ്മിയെയും ഒടുവിലത്തെ മൂന്നുദിവസങ്ങളില്‍ ജ്ഞാന സ്വരൂപിണിയായ മഹാ സരസ്വതിയെയുമാണ് ഉപാസിക്കുന്നത്. ദുര്‍ഗ, മഹാലക്ഷ്മി, മഹാ സരസ്വതി എന്ന ത്രിത്വത്തിന്റെ രഹസ്യമെന്താണെന്നറിഞ്ഞാലേ നവരാത്രി ഉത്സവത്തിന്റെ ലക്ഷ്യം മനസ്സിലാവുകയുള്ളൂ. ഏതൊരു വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും കൃത്യമായ മൂന്ന് ലോകങ്ങളുണ്ട്. വ്യക്തിയുമായി ബന്ധപ്പെട്ട് ഒരു കര്‍മപ്രപഞ്ചമുണ്ട്. സൂക്ഷ്മമായ ഒരു മാനസിക പ്രപഞ്ചവും വ്യക്തിക്കുണ്ട്. ലോകവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു വാക്പ്രപഞ്ചവും വ്യക്തിക്കുണ്ടെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും മനസ്സിലാകും.

ഇങ്ങനെ വ്യക്തിയുടെ കര്‍മപ്രപഞ്ചത്തെ കൂടുതല്‍ ഉന്മേഷഭരിതവും സമ്മര്‍ദമില്ലാത്തതുമായ തലത്തിലേക്ക് കൊണ്ടുപോകുന്ന ദേവതയാണ് ദുര്‍ഗ. ഏതൊരു വ്യക്തിയുടെയും ഐശ്വര്യത്തിന്റെ ആദ്യലോകം മാനസികതലമാണ്. ആധ്യാത്മികവും ഭൗതികവുമായ വികാസത്തിന് മാനസികലോകത്താണ് ആദ്യമാറ്റം വരേണ്ടത്. അതിനാല്‍ സൂക്ഷ്മമായ ആ മാനസികതലത്തിലുണ്ടാകുന്ന അഷ്ട ഐശ്വര്യങ്ങളുടെ പ്രതീകമാണ് മഹാലക്ഷ്മി. അതേപോലെ ലോകവുമായി ബന്ധപ്പെടുകയും ലോകത്തിലെ തന്റെ ജീവിതം കൂടുതല്‍ ശോഭനീയമാക്കുകയും ചെയ്യുന്നതിന് ഒരു വ്യക്തിക്ക് അവശ്യം വേണ്ടത് വാക്പ്രപഞ്ചമാണ്. ഈ വാക് പ്രപഞ്ചത്തിന്റെ അധിദേവതയാണ് മഹാ സരസ്വതി. ഇങ്ങനെ ഒരു വ്യക്തിയുടെ കര്‍മപ്രപഞ്ചം, മാനസിക പ്രപഞ്ചം, വാക്പ്രപഞ്ചം എന്നിവ സമഗ്രമായി പരിഷ്‌കരിക്കുന്നതിന് വേണ്ടിയാണ് നവരാത്രികാലത്ത് ആദ്യത്തെ മൂന്നുദിനം ദുര്‍ഗയെയും രണ്ടാമത്തെ മൂന്നുദിവസം മഹാലക്ഷ്മിയെയും അവസാനത്തെ മൂന്നുദിവസം മഹാ സരസ്വതിയെയും ഉപാസിക്കണമെന്ന സമ്പ്രദായം കൊണ്ടുവന്നത്.

വ്യക്തിയുടെ ക്രമികമായ വികാസം കോശകോശാന്തരങ്ങളില്‍ സംഭവിക്കുമ്പോഴാണ് ഈ മൂന്നുതലങ്ങളിലും വിജയമുണ്ടാകുന്നത്. ജീവിതവിജയം കൈവരിക്കാന്‍ കര്‍മപ്രപഞ്ചത്തെയും മാനസിക പ്രപഞ്ചത്തെയും വാക്പ്രപഞ്ചത്തെയും ഓരോ വ്യക്തിയും സാധനയിലൂടെ നവീകരിക്കേണ്ടതുണ്ടെന്ന് നവരാത്രി നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇവിടെ വ്യക്തിയുടെ കര്‍മ-മാനസിക-വാക് പ്രപഞ്ചങ്ങളുടെ വികാസത്തിന്, അവ നമ്മുടെ കോശകോശാന്തരങ്ങളില്‍ വരുത്തുന്ന പരിണാമങ്ങള്‍ക്ക് കൃത്യമായ ഒരു അനുഷ്ഠാനത്തെ മുന്നോട്ടുവെക്കുകയാണ് ഋഷിമാര്‍. ദുര്‍ഗ-മഹാലക്ഷ്മി-മഹാസരസ്വതി, ഗുരുസങ്കല്പം, മഹാഗണപതി തത്ത്വം എന്നിവയൊക്കെ ഈ ഉപാസനയില്‍ കടന്നുവരികയും ചെയ്യും. അവയെക്കുറിച്ച് നമുക്ക് അടുത്ത നാളുകളില്‍ ചര്‍ച്ച ചെയ്യാം.



MathrubhumiMatrimonial