
നവമിയുടെയും വിജയദശമിയുടെയും വേദരഹസ്യം
Posted on: 08 Oct 2008
ഡോ. എം.ആര്‍. രാജേഷ്

യജുര്‍വേദത്തിലെ 14-ാം അധ്യായത്തിലുള്ള ഋതു സൂക്തത്തിലെ 16, 17 മന്ത്രങ്ങളില്‍ ശരദൃതുവിന്റെ പ്രത്യേകതകളും ആ സമയത്തു കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ശരദൃതുവില്‍ പത്തു നേട്ടങ്ങള്‍ നാം കൈവരിക്കണമെന്ന് 17-ാമത്തെ യജുര്‍വേദമന്ത്രം പറയുന്നുണ്ട്. അതില്‍ പത്താമത്തേത് ജ്ഞാനമാണെന്നു കാണുമ്പോഴാണ് വിദ്യാരംഭത്തിന്റെ വൈദികരഹസ്യം വെളിപ്പെടുക.
എന്റെ ആയുസ്സിന് രക്ഷ നല്‍കിയാലും എന്നാണ് ഒന്നാമത്തെ പ്രാര്‍ഥന. പ്രാര്‍ഥനയോടൊപ്പം ആയുര്‍രക്ഷയ്ക്കായി സാധകന്‍ പ്രവര്‍ത്തിക്കുകയും വേണം. ആയുസ്സ് ഔഷധവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ശരത്കാലത്ത് ആയുര്‍രക്ഷയ്ക്കായി ഔഷധസേവനം നല്ലതാണ്.
രണ്ടാമതായി എന്റെ പ്രാണന് രക്ഷ നല്‍കിയാലും. മൂന്നാമതായി അപാനശക്തിയുടെ രക്ഷ നല്‍കിയാലും. രോഗനിരാകരണ ശക്തിയാണ് അപാനന്‍. നാലാമതായി വ്യാനന്റെ രക്ഷ ചെയ്താലും. എന്റെ ശരീരം മുഴുവന്‍ വ്യാപിച്ചിട്ടുള്ള വ്യാനന്റെ രക്ഷ ശരീരത്തില്‍ ഉപാസനയുടെ ശക്തി വര്‍ധിപ്പിക്കും. അഞ്ചാമതായി എന്റെ കണ്ണുകളെ രക്ഷിച്ചാലും. കാഴ്ചശക്തി ഒരിക്കലും വികൃതമാകാതിരിക്കട്ടെ. കേവലം കണ്ണുകള്‍ മാത്രമല്ല ഇവിടെ വിവക്ഷ. മറിച്ച് എന്റെ കാഴ്ചപ്പാട് (്ുറാ്്ക്ഷ) നന്നാവട്ടെ എന്നാണ് പ്രാര്‍ഥന. കാഴ്ചപ്പാട് പോസിറ്റീവ് ആയാല്‍ സര്‍വതും നന്നാവും. ആറാമതായി ചെവികള്‍ക്ക് ശക്തിയുണ്ടാകട്ടെ. അഭദ്രമായതൊന്നും കേള്‍ക്കാനിടവരാതിരിക്കട്ടെ. സ്തുതിക്കും നിന്ദയ്ക്കും ചെവികൊടുക്കാന്‍ അവസരമുണ്ടാകാതിരിക്കട്ടെ. ഏഴാമതായി എന്റെ വാക്കിന് സന്തോഷം പകരാനുള്ള ശക്തിയുണ്ടാകട്ടെ. കഠിനവാക്കിനാല്‍ ആരെയും വേദനിപ്പിക്കാതിരിക്കട്ടെ. എട്ടാമതായി എന്റെ മനസ്സിന് ശക്തി നല്‍കിയാലും. ഒന്‍പതാമതായി ആത്മശക്തി ലഭിക്കട്ടെ. ഈശ്വരനെ ഒരിക്കലും വിസ്മരിക്കാതിരിക്കട്ടെ. പത്താമതായി എനിക്ക് ജ്യോതിസ്സിനെ നല്‍കിയാലും. ജ്ഞാനജ്യോതിസ്സിനെ നല്‍കിയാലും. അതിലൂടെ ഞാന്‍ അങ്ങയെ ദര്‍ശിക്കട്ടെ- ഇതാണ് യജുര്‍വേദമന്ത്രത്തിന്റെ സാരം. ഇവിടെ ശരത്കാലത്ത് എന്തുകൊണ്ട് 10 ദിവസം തിരഞ്ഞെടുത്തുവെന്നതിന്റെ ഉത്തരമുണ്ട്. 10-ാം ദിവസം ജ്ഞാനത്തിന്റെ ദിനമാണ്. 10-ാം ആവശ്യം ജ്ഞാനത്തിനുള്ളതാണ്. വിജയദശമിനാളില്‍ ജ്ഞാനത്തിന്റെ ആരംഭം കുറിക്കുന്നതിനായി തിരഞ്ഞെടുത്തതും അതുകൊണ്ടുതന്നെ.
ഇനി നമുക്ക് വിജയദശമിയെക്കുറിച്ച് വേദത്തില്‍ എന്തുപറയുന്നുവെന്നു നോക്കാം. വിജയദശമി വരുന്നത് ശരത്പൂര്‍ണിമയിലാണ്. 'ശരച്ചന്ദ്രന്‍' എന്നൊരു പ്രയോഗംതന്നെയുണ്ടല്ലോ. വര്‍ഷത്തിനുശേഷം തെളിഞ്ഞ ആകാശത്ത് കൂടുതല്‍ ശോഭയോടെ ചന്ദ്രന്‍ പ്രകാശിക്കുന്നു. ചന്ദ്രന്‍ മനസ്സിനെ സ്വാധീനിക്കുന്നതാണെന്ന് വേദത്തില്‍ പറയുന്നു. ഘുൃമി (ചന്ദ്രന്‍) എന്ന പദത്തിന് ഘുൃമറഹര (ഭ്രാന്തന്‍) എന്ന വാക്കുമായുള്ള ബന്ധം ശബ്ദോത്പത്തി ശാസ്ത്രത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. ശരത്പൂര്‍ണിമ സാധനയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കാന്‍ പര്യാപ്തമാണ്.
ശരത്കാലത്ത് ആസുരിക ഗുണങ്ങളെ തകര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണെന്നു 16-ാമത്തെ മന്ത്രത്തിലുണ്ട്. യഥാര്‍ഥത്തില്‍ ഈ മന്ത്രത്തില്‍നിന്നായിരിക്കാം ഒരുപക്ഷേ, വിജയദശമി എന്ന സങ്കല്പം തന്നെ ഉണ്ടായത്. മന്ത്രത്തിന്റെ സാരം എഴുതാം. ശരത്കാലത്ത് രണ്ടു മാസങ്ങളായ ഇഷയും ഊര്‍ജവും കടന്നുവരുന്നു. അതായത് ആശ്വിന മാസവും കാര്‍ത്തിക മാസവും. ഇവ രണ്ടും യുദ്ധത്തെയും വിജയത്തെയും കുറിക്കുന്ന മാസങ്ങളാണ്. ആശ്വിനമാസത്തില്‍ രാജ്യരക്ഷക്കാരായ പടയാളികള്‍ യുദ്ധസജ്ജരായി അശ്വാരൂഢന്മാരാകുന്നു. അതേപോലെ തപസ്വികളായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ക്കുമേല്‍ തിന്മകളെ അമര്‍ച്ചചെയ്യാന്‍ പാകത്തില്‍ സജ്ജരായിരിക്കുന്നു. ഇവിടെ കുതിരകള്‍ ഇന്ദ്രിയങ്ങളാണ്. അശ്വാരൂഢരാകുന്നതാകട്ടെ നാം ഓരോരുത്തരും. ശത്രുക്കളോ ലോഭ, മോഹ, മദ, മാത്സര്യങ്ങളും.
കാര്‍ത്തിക എന്നതിന് കൃന്തന എന്ന പദവുമായി ബന്ധമുണ്ട്. ശത്രുക്കളെ ഭേദിച്ച് ഛേദിച്ച് ബലവാനും പരാക്രമശാലിയും ആവുക. അങ്ങനെ ആശ്വിന-കാര്‍ത്തിക മാസങ്ങളില്‍ ശക്തി സമ്പാദിച്ച് ശാരദനാകുക. വിദ്യകൊണ്ട് വിനയാന്വിതനാകുക. അതാണ് ശരദൃതുവിന്റെ പ്രത്യേകത. ശത്രുക്കളെ, അതായത് ഇന്ദ്രിയങ്ങളെ ദുര്‍ബലമാക്കുന്നവയെ ഇടിച്ചുപൊളിച്ചു കളയുക. ശരത്കാലത്ത് ഇലപൊഴിയുന്നതുപോലെ സര്‍വതിന്മകളെയും പൊഴിച്ചുകളയുക. നിയമാനുസാരേണ ജീവിത യാത്ര ചെയ്യുമ്പോള്‍ ഈശ്വരനെ ഹൃദയത്തില്‍ ആലിംഗനം ചെയ്യാന്‍ കഴിയുന്നു. അപ്പോള്‍ സാധകന്റെ ശരീരവും മസ്തിഷ്‌കവും ശക്തിയുള്ളവയാകും. അതിനായി ജലവും ഓഷധികളും ഉപയോഗിക്കണം. അമ്മ അഞ്ചുവയസ്സുവരെയും അച്ഛന്‍ എട്ടുവയസ്സുവരെയും ആചാര്യന്‍ 25 വയസ്സുവരെയും വിദ്യ ഉപദേശിച്ച് നമ്മെ ഔന്നത്യത്തിലേക്ക് നയിക്കും. അങ്ങനെ ശ്രേഷ്ഠനായി ശാരദനാകാനുള്ളതാണ് ശരത്കാല നവരാത്രി. ശരീരത്തെയും ബുദ്ധിയെയും ഒരേപോലെ സാധനകൊണ്ട് ശക്തമാക്കാന്‍ പറ്റിയ സമയം. അങ്ങനെ തിന്മകളെ മുഴുവന്‍ ഇലപൊഴിച്ചുകളയുന്നതുപോലെ കളഞ്ഞ് നന്മയുടെ ആനന്ദവര്‍ഷം കൈവരിക്കാന്‍ പാകത്തില്‍ തയ്യാറാവുക. അത്തരം വ്യക്തി ഇന്ദ്രനെപ്പോലെയാണ്. എല്ലാ ദേവതകളും ആ സാധകനില്‍ സമാവേശിച്ച് മഹാദേവനോടൊത്തു ചേരുന്നു. മഹാദേവന്റെ രസങ്ങള്‍ അംഗ അംഗങ്ങളില്‍ നിറഞ്ഞു കവിഞ്ഞ് അംഗിരസായി, ശക്തിശാലിയായി, അചലനായി, ധ്രുവനായി വിജയസോപാനത്തിലേക്ക് കടന്നുവരാനുള്ളതാണ് വിജയദശമി. ഇതാണ് യജുര്‍വേദം 14-ാം അധ്യായത്തില്‍ 16-ാം മന്ത്രത്തിലെ വിജയദശമി രഹസ്യം.

