goodnews head

ജീവകാരുണ്യപ്രവര്‍ത്തനത്തിന് പണം തേടി ഗാനമേളയുമായി യുവാക്കള്‍

Posted on: 07 Nov 2007


നരിക്കുനി: ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പണത്തിന് 11 അംഗസംഘം അങ്ങാടികള്‍ തോറും ഗാനമേള അവതരിപ്പിച്ച് ശ്രദ്ധനേടുന്നു.
കറ്റോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഓര്‍ക്കസ്ട്ര ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചികിത്സാ സഹായം കണ്ടെത്തുന്നതിന് ഗാനമേളയുമായി എത്തുന്നത്. വാടകയ്‌ക്കെടുത്ത ജീപ്പിലാണ് കൂലിത്തൊഴിലാളികളായ സംഘം ആള്‍ക്കൂട്ടം അന്വേഷിച്ചിറങ്ങുന്നത്. 2007 ഏപ്രില്‍ നാലിന് രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. നെഹ്രു യുവകേന്ദ്രയിലും സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ടീം ലീഡര്‍ ഹരിദാസ്, ഷീജ, ഷൈലജ ചെറുക്കാട്, മുരളി കൊളത്തൂര്‍, മധു പുല്ലാളൂര്‍, ഷൈജു പ്രകാശന്‍ നന്മണ്ട, കനകരാജ്, ലീജേഷ് നരിക്കുനി, ഗോകുല്‍ദാസ്, ജിതേഷ് എന്നിവരാണ് അംഗങ്ങള്‍. ജീപ്പ് ഡ്രൈവര്‍ മധുവാണ് ശബ്ദം നിയന്ത്രിക്കുന്നത്. എല്ലാ ദിവസവും പരിപാടി അവതരിപ്പിക്കുണ്ടെങ്കിലും തൊഴില്‍ അവധിയുള്ള രണ്ടോ മൂന്നോ പേരാണ് ഒരു ദിവസം പാടാന്‍ പോകുന്നത്. ഒരു പ്രദേശത്തെ അങ്ങാടിയിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും പ്രദേശത്തെ ഗായകരെക്കൂടി പങ്കെടുപ്പിച്ചാണ് പരിപാടി വിജയിപ്പിക്കുന്നത്. പിന്നീട് ആറ് മാസം കഴിഞ്ഞാണ് വീണ്ടും അവിടെ പരിപാടി അവതരിപ്പിക്കുന്നത്.

നരിക്കുനി തൊണ്ട്യപ്പാറയില്‍ ശ്രീലക്ഷ്മി, പന്നിക്കോട്ടൂര്‍ വലിയപറമ്പത്ത് ഗോപീകൃഷ്‌ന, കായെണ്ണ പഞ്ചായത്തിലെ പാറക്കോട്ടില്‍ സബീന(3) എന്നീ കുട്ടികള്‍ക്ക് സഹായവും ബാലുശ്ശേരി സാമൂഹിക സേവനകേന്ദ്രത്തില്‍ രോഗികള്‍ക്ക് പാല്‍വിതരണവും പുന്നശ്ശേരി ബാലാശ്രമത്തില്‍ എല്ലാ മാസവും 16ന് ഭക്ഷണവിതരണവും എയഡ്‌സ് രോഗ ബോധവത്കരണവും ജീവന്‍ രക്ഷാ പ്രവര്‍ത്തനവും ആറുമാസത്തിനുള്ളില്‍ നടത്തിയിട്ടുണ്ട്. അടുത്ത ലക്ഷ്യം പേരാമ്പ്രയിലെയും നരിക്കുനിയിലെയും കോടഞ്ചേരിയിലെയും കുഞ്ഞുങ്ങള്‍ക്കാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ചികിത്സാ സഹായം നല്‍കുന്നത്. ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍:9388490163, 9846216709, 9495409630.

 

 




MathrubhumiMatrimonial