githadharsanam

ഗീതാദര്‍ശനം - 723

Posted on: 21 Feb 2011

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


'അച്യുത'ന് 'ഒരിക്കലും നാശമില്ലാത്തവന്‍', 'ഒരു വീഴ്ചയും പറ്റാത്തവന്‍', 'ഭക്തരെ ഉയര്‍ത്തുന്നവന്‍' എന്നെല്ലാമാണ് അര്‍ഥം. സന്ദര്‍ഭോചിതമാണ് ഈ സംബോധന.
കൃതജ്ഞതയാണ് അര്‍ജുനന്റെ വാക്കുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരിക്കലും നാശമില്ലാത്ത ആ മഹാപ്രസാദം അനുഭവിക്കാനായല്ലോ. ഒരിക്കലും പിഴയ്ക്കാത്ത വിദ്യ ഉപദേശിച്ചു കിട്ടുകയും ചെയ്തു. അങ്ങനെ ഭക്തനായ ശിഷ്യന് അപൂര്‍വമായ ഔല്‍ക്കൃഷ്ട്യം കൈവന്നിരിക്കുന്നു.
എന്താണ് ഈ ഔല്‍ക്കൃഷ്ട്യത്തിന്റെ ലക്ഷണങ്ങള്‍? അജ്ഞാനം നീങ്ങി. അതുകൊണ്ട് വിഭ്രമം അകന്നു. പ്രപഞ്ചസത്ത കണ്ടുകിട്ടി. അതായത്, ശരിയായ അവബോധം തെളിഞ്ഞു. അത് അറിവില്ലായ്മകളാല്‍ മൂടപ്പെട്ടു കിടപ്പായിരുന്നു. തിമിരപ്പാട കീറിയാലെന്ന പോലെ ഉള്‍ക്കണ്ണിന് കാഴ്ച കിട്ടി. അറിവിന്റെ പോരായ്മയില്‍നിന്നു കിളിര്‍ക്കുന്ന കളകളായ സംശയങ്ങള്‍ ഇനി ഒരു ഇടര്‍ച്ചയും പതര്‍ച്ചയും വരുത്തില്ല. അന്തഃകരണം ആരോഗ്യവും ഓജസ്സും ഉള്ളതായി. ഇനി ഈ അറിവിന്റെ വെളിച്ചത്തില്‍ നിശ്ചയബുദ്ധിയോടെ കര്‍മരംഗത്ത് പെരുമാറുകയേ വേണ്ടൂ. വരദാനമായി കിട്ടിയ ഉപദേശം ഇനിയങ്ങോട്ട് ജീവിതത്തില്‍അപ്പടി അനുസരിക്കുകതന്നെ.
ശോകസംവിഗ്‌നമാനസനായി, സംശയഗ്രസ്തനായി, അവശനും കര്‍മവിമുഖനുമായി ഒന്നാമധ്യായത്തില്‍ കണ്ട അര്‍ജുനനെ ഈ അര്‍ജുനനുമായി താരതമ്യം ചെയ്യാവുന്നതാണ്. മരിച്ചവനും ഉയിര്‍ത്തവനും തമ്മിലുള്ള അന്തരം കാണാം. ഭാവം മാറി, സ്വരം മാറി, ആഭിമുഖ്യം മാറി. ക്ഷുദ്രമായ ഹൃദയദൗര്‍ബല്യം അപ്പാടെ നീങ്ങി.
ഇവിടെ ഗീതോപദേശം തീരുന്നു. ഇനിയുള്ള ആറ് ശ്ലോകങ്ങള്‍ സഞ്ജയന്റെ, അഥവാ ഇത് വള്ളിപുള്ളി വിടാതെ ചെവിക്കൊള്ളാനിടയായ ഒരാളുടെ, എന്നുവെച്ചാല്‍ നമ്മുടെയൊക്കെ, അദ്ഭുതാഹ്ലാദങ്ങളോടെയുള്ള പ്രതികരണമാണ്.
ഗീതാജ്ഞാനം ലഭിച്ചതോടെ അര്‍ജുനന്‍ പരമപദപ്രാപ്തി അഥവാ ആത്മസാരൂപ്യം നേടുന്നില്ല എന്ന കാര്യം നേരത്തേ പറഞ്ഞു. അതു നേടാന്‍ എല്ലാംകൊണ്ടും തയ്യാറാകുന്നേ ഉള്ളൂ. അവനവന്‍തന്നെ നേടേണ്ടതാണല്ലോ അത്. ഒരു ഗുരുവിനും ദാനം നല്‍കാനാവില്ല.
(തുടരും)



MathrubhumiMatrimonial